21-ാം നൂറ്റാണ്ടിൽ ജീവിക്കുന്ന നമുക്ക് കാലാവസ്ഥയുടെ മാറ്റങ്ങൾ അറിയുക എന്നത് ഏറെ എളുപ്പമാണ്. ശാസ്ത്രവും സങ്കേതിക വിദ്യയും ഒക്കെ അതിൻറെ വളർച്ചയുടെ പാരമ്യതയിൽ എത്തി നിൽക്കുമ്പോൾ ഇത്തരം വിവരങ്ങൾ ഒന്നു രണ്ടു ക്ലിക്കുകളുടെ അകലത്തിലാണ് നമുക്കുള്ളത്. എന്നാൽ നൂറ്റാണ്ടുകള്‍ മുൻപത്തെ കാര്യം ആലോചിച്ചു നോക്കൂ... കാറ്റിന്റെയും മേഘങ്ങളുടെയും ഗതി മാറുന്നതും നക്ഷത്രങ്ങളുടെ സ്ഥാനവും മറ്റും വെച്ചായിരുന്നുവല്ലോ അന്ന് കാലാവസ്ഥ പ്രവചിച്ചിരുന്നത്..നൂറു വർഷങ്ങൾക്കു മുൻപ് ഒരു ക്ഷേത്രത്തിന്റെ ചുവരുകളിൽ കൂടുന്ന വെള്ളത്തുള്ളികളുടെ വലുപ്പം കണ്ട് കാലാവസ്ഥയും അക്കൊല്ലത്തെ മഴയും പ്രവചിക്കുന്ന ഒരു രീതി ഉണ്ടായിരുന്നു എന്നു പറഞ്ഞാൽ വിശ്വസിക്കാനാകുമോ?ഉത്തർപ്രദേശിലെ കാൺപൂരിന് സമീപം സ്ഥിതി ചെയ്യുന്ന മഴ ക്ഷേത്രത്തിന്റെ അമ്പരപ്പിക്കുന്ന വിശേഷങ്ങൾ!!
എവിടെയാണ് ഈ ക്ഷേത്രം:
ഉത്തർപ്രദേശിലെ കാൺപൂരിൽ നിന്നും 50 കിലോമീറ്റർ അകലെയുള്ള ബിത്താർഗാവോണ്‍ ബേഹട്ട എന്നു പേരായ നഗരത്തിലാണ് ഈ മഴ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ജഗനാഥ ക്ഷേത്രം എന്നാണ് ഇതിന്റെ യഥാർഥ നാമം. വരാൻ പോകുന്ന മഴക്കാലത്തെക്കുറിച്ചുള്ള 100 ശതമാനം കൃത്യമായ വിവരങ്ങൾ ഇവിടെ നിന്നും ലഭിക്കുമെന്നാണ് ഇവിടുള്ളവരുടെ വിശ്വാസം.
ക്ഷേത്രത്തിന്റെ ചുവരുകൾ മഴക്കാലം പ്രവചിക്കുമ്പോൾ.
ഒരു ക്ഷേത്രം എങ്ങനെയാണ് മഴ പ്രവചിക്കുന്നത് എന്നു ചിന്തിച്ചിട്ട് അത്ഭുതം തോന്നുന്നില്ലേ.... എന്നാൽ ഇവിടെയുള്ള ഗ്രാമീണർക്ക് ഇതൊക്കെ നിസാരമായ കാര്യമാണ്. ഗ്രാമത്തിൽ മഴ തുടങ്ങുന്നതിനു കൃത്യം 15 ദിവസങ്ങൾക്കു മുൻപായി ക്ഷേത്രത്തിന്റെ അകത്തെ ചുവരുകളിൽ ജലകണങ്ങൾ ഉരുണ്ടുകൂടു. ഈ ഉരുണ്ടുകൂടുന്ന ജലകണങ്ങളുടെ വലുപ്പവും ചുവരിൽ നിന്നും അത് താഴേക്ക് പതിക്കുന്നതിലെ വേഗതയും നോക്കിയാണ് ഇവിടെ മഴക്കാലവും മഴയുടെ ശക്തിയും പ്രവചിക്കുക. വലിയ ജലത്തുള്ളികൾ രൂപപ്പെട്ട് അതിവേഗത്തിൽ താഴേക്ക് പതിച്ചാൽ ആ വർഷം വലിയ തോതിൽ മഴ ലഭിക്കുമത്രെ. എന്നാൽ വളരെ ചെറിയ ജലകണങ്ങളാണ് ചുവരുകളിൽ കാണപ്പെടുന്നത് എങ്കിൽ മഴക്കാലം തീരെ ശക്തി കുറഞ്ഞത് ആയിരിക്കുകയും ചെയ്യുമത്രെ. നൂറ്റാണ്ടുകളായി ഇവിടുത്തെ ഗ്രാമീണർ ഇങ്ങനെയാണ് ഇവിടെ പെയ്യുന്ന മഴയുടെ വരവും ശക്തിയും അറിയുന്നതത്രെ.
വ്യത്യസ്ത രീതിയിലുള്ള നിർമ്മാണം
ഉത്തർപ്രദേശിന്റെ മറ്റൊരു ഭാഗത്തും കാണാത്ത രീതിയിലാണ് ഈ ജഗനാഥ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. അശോക ചക്രവർത്തിയുടെ കാലത്ത് നിർമ്മിക്കപ്പെട്ട സ്തൂപങ്ങളുടെ മാതൃകയിലാണ് ഈ ക്ഷേത്രമുള്ളത്. ക്ഷേത്രം സ്ഥിതി ചെയ്യുന്നതിനു സമീപത്തുള്ള ഗ്രാമങ്ങളിലെ കർഷകരാണ് ഇവിടെ കൂടുതലായും എത്തുന്നത്. ക്ഷേത്രത്തിനു പുറത്ത് വരിവരിയായി നിന്നു മഴയ്ക്കായി പ്രാർഥിച്ച ശേഷം ക്ഷേത്രത്തിന്റെ മേൽക്കൂരയിൽ ഉരുണ്ടുവരുന്ന ജലത്തുള്ളികളെ നോക്കുകയാണ് ചെയ്യാറുള്ളത്. ക്ഷേത്രത്തിന്റെ മേൽക്കൂരയിലെ മൂന്നാമത്തെ കല്ലിലാണ് ജലകണങ്ങൾ കാണുവാൻ സാധിക്കുക. അങ്ങനെയാണ് ഇവിടുള്ളവർക്ക് ആ വർഷം പെയ്യാൻ പോകുന്ന മഴയെപ്പറ്റി ഒരു ധാരണ ലഭിക്കുക.
കണ്ടെത്താൻ കഴിയാത്ത രഹസ്യം
ഇപ്പോൾ ഉത്തർ പ്രദേശ് പുരാവസ്തു വകുപ്പിന്റെ കീഴിൽ സംരക്ഷിക്കപ്പെടുന്ന ക്ഷേത്രത്തിൽ ശാസ്ത്രജ്‍ഞരും ഗവേഷകരും ഇതിനെക്കുറിച്ച് അറിയാൻ താല്പര്യം ഉള്ളവരും ഒക്കെ വന്ന് നോക്കിയിട്ടുണ്ടെങ്കിലും ഇത് എങ്ങനെ സംഭവിക്കുന്നു എന്നതിനെക്കുറിച്ച് ഒരു രൂപവും അവർക്ക് ലഭിച്ചിട്ടില്ല. എന്നാൽ അവർക്ക് ഇവിടെ ക്ഷേത്രം പ്രവചിക്കുന്ന കാലാവസ്ഥ കൃത്യമാണെന്ന് ബോധ്യപ്പെടുകയും ചെയ്തതാണ്. എന്തുതന്നെയായാലും ഇവിടുത്തെ ഗ്രാമീണർ നൂറു ശതമാനവും ക്ഷേത്രത്തിലെ കാലാവസ്ഥ പ്രവചനത്തിൽ വിശ്വസിക്കുകയും തങ്ങളുടെ കൃഷികളും അനുബന്ധ പരിപാടുകളും അതനുസരിച്ച് ക്രമീകരിക്കുകയും ചെയ്യുന്നു.
ക്ഷേത്രത്തിന്റെ വാസ്തുവിദ്യ
ഗോളാകൃതിയിൽ ഒരു ഗുഹയുടേതിന് സമാനമായ വാസ്തുവിദ്യയാണ് ഈ ക്ഷേത്രത്തിന്റേത്. ക്ഷേത്രത്തിന്റെ മുകളിലുള്ള താഴികക്കുടങ്ങൾ ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ്. രണ്ടു താഴിക്കകുടങ്ങളാണ് ഇവിടെയുള്ളത്.ഒന്നിന്റെ പിറകിലായാണ് അടുത്ത താഴികക്കുടമുള്ളത്. ക്ഷേത്രത്തിൽ ജഗനാഥൻ, സുഭദ്ര, ബാലഭദ്രർ എന്നിവരുടെ പ്രതിഷ്ഠകൾ കാണാൻ സാധിക്കും.
അടുത്തെങ്ങും വെള്ളമില്ല.
അടുത്തെങ്ങും വെള്ളമില്ല.
ക്ഷേത്രത്തിൻരെ ചുവരുകളിൽ എങ്ങനെ ജലത്തുള്ളികൾ വരുന്നു എന്നത് ഇവിടെയുള്ളവരെ സംബന്ധിച്ച് ഏറെ അതിശയിപ്പിക്കുന്ന ഒന്നാണ്. ക്ഷേത്രത്തിൻറെ സമീപത്തായി ജലസ്രോതസ്സുകള്‍ ഒന്നും തന്നെ കാണാൻ സാധിക്കില്ല.മഴ ക്ഷേത്രത്തിന്റെ പ്രവചനങ്ങൾ അനുസരിച്ചാണ് ഇതിനു ചുറ്റുമുള്ള 100 ഗ്രാമങ്ങളിലെ ആളുകൾ തങ്ങളുടെ കൃഷികളുടെ കാര്യം തീരുമാനിക്കുന്നത്. കൃഷ്ണ ജൻമാഷ്ടമിയാണ് ഇവിടുത്തെ ഏറ്റവും വലിയ ആഘോഷം. അന്നേ ദിവസം ഇവിടെ ഗ്രാമീണരുടെ നേതൃത്വത്തിൽ വലിയ ഘോഷയാത്രകൾ നടത്താറുണ്ട്.