യക്ഷിക്കഥകളിലും പ്രേതസിനിമകളിലും ഭീകരതയുടെ പര്യായം പോലെ അവതരിപ്പിക്കപ്പെടുന്ന ജീവികളാണ് പൂച്ചകൾ .കറുത്തപൂച്ചകളുടെ ഇരുട്ടത്ത് തിളങ്ങുന്ന കണ്ണുകള്‍ ചിത്രീകരിക്കാതെ എന്ത് ഹൊറർ സിനിമ ? ഇങ്ങിനെ പൂച്ചകളെ പ്രേതങ്ങളുമായും ചെകുത്താനുമായും ബന്ധിപ്പിച്ചതിന് പിന്നിൽ ഒരു ചരിത്രമുണ്ട് .പാവം മൃഗങ്ങളെ മതവിശ്വാസവും അന്ധവിശ്വാസവും കൂട്ടിക്കലർത്തി ബലിയാടാക്കുന്ന ആ ചരിത്രമാണ് ഇവിടെ പറയുന്നത് .
ഏതാണ്ട് ബി.സി. 7500 നോടടുത്തെപ്പോഴോ ആണ് പൂച്ചകളും മനുഷ്യരുമായുള്ള ആത്മബന്ധം ആരംഭിക്കുന്നതത്രേ .കാർഷികവൃത്തിയിലേക്ക് തിരിഞ്ഞ മനുഷ്യനെ ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് എലികളായിരുന്നു .എലികളോട് പോരടിക്കാൻ പുരാതന മനുഷ്യന്‍ കണ്ട സൂത്രമായിരുന്നു എലികളുടെ ബദ്ധശത്രുവായ പൂച്ചകളുമായി ചങ്ങാത്തം കൂടുക എന്നത്. അങ്ങനെ പൂച്ചകൾ മനുഷ്യരുടെ വളർത്തുമൃഗങ്ങളായി മാറി .
പുരാതന ഈജിപ്തുകാർ പൂച്ചകളോടുള്ള ബഹുമാനം മൂലം മരിച്ചപൂച്ചയുടെ ശവം മമ്മിയാക്കി സൂക്ഷിച്ചിരുന്നു .പുരാതന ഇംഗ്ലീഷുകാരും സ്ക്കോട്ട്ലാന്റുകാരും ഭാഗ്യത്തിന്റെ ചിഹ്നമായിട്ടാണ് പൂച്ചകളെ കണ്ടിരുന്നത് .ചൈനാക്കാരും വൈക്കിംഗുകളുമെല്ലാം വലിയ പൂച്ചപ്രേമികളായിരുന്നു .ഗ്രീക്കുകാരാവട്ടെ വൃത്തിയുടെ പര്യായമായാണ് പൂച്ചയെ കണ്ടിരുന്നത് .അങ്ങനെ മാനിക്കപ്പെടുകയും സ്നേഹിക്കപ്പെടുകയും ചെയ്തിരുന്ന പൂച്ചകളുടെ കഷ്ടകാലം ആരംഭിക്കുന്നത് 13ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ ഗ്രിഗറി ഒൻപതാമൻ പോപ്പായി സ്ഥാനമേറ്റതോടെയാണ് .
1209ൽ പോപ്പ് ഇന്നസെന്റ് മൂന്നാമൻ തെക്കന്‍ ഫ്രാന്‍സിലെ അകത്തോലിക്കരായ കതാറുകൾക്കെതിരെ ദൈവവിരോധം(heresy)ആരോപിച്ചുകൊണ്ട് കുരിശുയുദ്ധം ആരംഭിച്ചു .കത്തോലിക്ക ആചാരഅനുഷ്ഠാനങ്ങൾ അനുസരിച്ചിരുന്നില്ലെങ്കിലും ക്രിസ്ത്യന്‍ വിശ്വാസികള്‍ തന്നെയായിരുന്നു കതാറുകൾ(Cathars).അവിശ്വാസികളെന്ന് കത്തോലിക്ക സഭ മുദ്രകുത്തപ്പെട്ട ഇവർക്കെതിരെ കുരിശുയുദ്ധത്തിന് നേതൃത്വം നല്‍കിയത് സൈമൺ ഡി മൊണ്ട്ഫോട് എന്നയാളായിരുന്നു .ഇദ്ദേഹം ഒരു വിശ്വാസിയേയും അവിശ്വാസിയേയും എങ്ങനെ തിരിച്ചറിയും എന്നൊരു കുനിഷ്ഠ് ചോദ്യം സഭ പ്രതിനിധിയോട് ഉന്നയിച്ചു . “Kill them all, for God knows His own" എന്നൊരു മറുപടിയാണ് സഭാപ്രതിനിധി അദ്ദേഹത്തിന് നല്കിയത് .യുദ്ധത്തിന്റെ ആദ്യദിനം തന്നെ 20,000ത്തോളം സ്ത്രീകളും കുഞ്ഞുങ്ങളും ഉൾപ്പെടെയുള്ള കതാറുകൾ കൊലചെയ്യപ്പെട്ടതായി പറയപ്പെടുന്നു .രണ്ടുദശകത്തോളം നീണ്ടു നിന്ന ഇൗ കുരിശുയുദ്ധം അബിജെൻസിയാൻ കുരിശുയുദ്ധം എന്നപേരില്‍ അറിയപ്പെടുന്നു .
പോപ് ഇന്നസെന്റ് മൂന്നാമന്റെ പിൻഗാമിയായെത്തിയത് ഗ്രിഗറി ഒൻപതാമൻ ആയിരുന്നു .അബിജെൻസിയാൻ കുരിശുയുദ്ധം കതാറുകൾ ഉൾപ്പെടെയുള്ള അകത്തോലിക്കരെ പൂര്‍ണമായും ഇല്ലായ്മ ചെയ്യുന്നതിൽ പരാജയപ്പെട്ടു എന്നു മനസ്സിലാക്കിയ ഗ്രിഗറി ഒൻപതാമൻ 1227 ൽ ഇൻക്വിസിഷൻ എന്ന കുപ്രസിദ്ധമായ ശിക്ഷാരീതി പ്രഖ്യാപിച്ചു .ഇതുപ്രകാരം അവിശ്വാസികളെന്ന് (heretics) വിവക്ഷിക്കപ്പെടുന്ന ആരേയും ഏതുവിധത്തിലും നിർമ്മാർജ്ജനം ചെയ്യാന്‍ പരിപൂർണ്ണമായ അധികാരം ഇൻക്വിസിറ്റന്മാർ എന്ന ഉദ്യോഗസ്ഥന്മാർക്ക് നല്‍കിയിരുന്നു .
കോൺട്രാഡ് ഒാഫ് മാർബർഗ് എന്നയാളായിരുന്നു ജർമ്മനിയിൽ ആദ്യമായി നിയമിക്കപ്പെട്ട ഇൻക്വിസിറ്റർ .ക്രൂരതയുടെ പര്യായമായിരുന്ന ഇയാള്‍ നിരവധി ആളുകളെ ജീവനോടെ കത്തിച്ചു .ഇങ്ങേരുടെ കഠിനശിക്ഷാരീതികൾ കണ്ട് വിഷമിച്ച ജർമ്മനിയിലെ ബിഷപ്പുമാർ പോലും ഇയാളെ മാറ്റുവാൻ പോപ്പിനോട് ആവശ്യപ്പെടുകയുണ്ടായി .ഇൻക്വിസിറ്റന്മാർ കൃത്യമായി വിശദമായി റിപ്പോര്‍ട്ട് പോപ്പിന് നല്കുമായിരുന്നു (ഇത് പൂര്‍ണമായും ശരിയല്ല എന്നൊരു വാദവും പിന്നീട് ഉയര്‍ന്നിട്ടുണ്ട് ).അത്തരത്തിൽ സാത്താൻ വിശ്വാസരീതി എന്ന് പ്രചരിപ്പിക്കപ്പെട്ട ഒരു വിശ്വാസസമ്പ്രദായം കോൺട്രാഡ് പോപ്പിന്റെ ശ്രദ്ധയിൽപെടുത്തി .ഇൗ വിശ്വാസം അനുഷ്ഠിച്ചിരുന്ന ഒരാള്‍ കുറ്റസമ്മതം നടത്തുകയും ഇതിന്റെ ആചാരഅനുഷ്ഠാനങ്ങളെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും കോൺട്രാഡിന് നല്‍കുകയും ചെയ്തുവത്രേ .താമസിയാതെ പോപ്പ് വോക്സ് ഇൻ റാമ (vox in rama ) എന്നപേരിൽ ഒരു ഇടയലേഖനം (papal bull) ഇറക്കി .അതിൽ ചെകുത്താൻ വിശ്വാസികളുടെ ആചാരാനുഷ്ഠാനങ്ങൾ വിശദമായി പറഞ്ഞിരുന്നു .
ഒരു കത്തോലിക്കാ വിശ്വാസി ഇൗ ഗ്രൂപ്പിൽ ചേരുമ്പോൾ ആദ്യം ചെയ്യേണ്ടത് ഒരു വലിയ തവളയെ ചുംബിക്കുക എന്ന ചടങ്ങാണ് . തുടർന്ന് പ്രത്യക്ഷപ്പെടുന്ന മെലിഞ്ഞുവിളറിയ ഒരാളേയും ചുംബിക്കണം ഇതോടെ അയാളിൽ നിന്നും കത്തോലിക്കാ വിശ്വാസം അകന്നു പോകും . അതിനുശേഷം പുതിയ വിശ്വാസിക്കായി ഭക്ഷണം വിളമ്പും .ഭക്ഷണാനന്തരം പ്രത്യക്ഷപ്പെടുന്ന ഒരു കറുത്ത പൂച്ചയെ പുതുവിശ്വാസി ചുംബിക്കണം .അതിനുശേഷം അതേ പൂച്ചയുടെ പിൻഭാഗത്ത് ചൂംബിച്ചശേഷം പുതിയ വിശ്വാസത്തോട് കൂറ് പ്രഖ്യാപിക്കണം അതോടെ അവിടുത്തെ കത്തുന്ന മെഴുകുതിരികളെല്ലാം അണയ്ക്കും തുടർന്ന് സ്വവർഗഭോഗം നടക്കും.പിന്നീട് മെഴുകുതിരികളെല്ലാം വീണ്ടും തെളിയും അപ്പോള്‍ പകുതി പൂച്ചയും പകുതി മനുഷ്യനുമായ ഒരു രൂപം പ്രത്യക്ഷപ്പെടും അത് സാത്താൻ തന്നെയാണത്രേ .ഇൗ വിശ്വാസം അനുഷ്ഠിക്കുന്നവർ പകൽ സമയത്ത് കത്തോലിക്കരായി നടിക്കും .ഇങ്ങനെയൊക്കെയായിരുന്നു പോപ്പിന്റെ ഇടയലേഖനത്തിൽ സാത്താനിക് വിശ്വാസത്തെക്കുറിച്ച് പറഞ്ഞിരുന്നത്
.പൂച്ചകൾ ചെകുത്താന്റെ അവതാരമാണെന്ന് Vox in rama യിൽ പോപ്പ് സൂചിപ്പിച്ചതോടെ യൂറോപ്പിലെ ക്രിസ്ത്യാനികൾ പരിഭ്രാന്തിയിലായി .പൂച്ചയെ വളർത്തുന്നവരെ മറ്റുള്ളവര്‍ സംശയദൃഷ്ടിയോടെ വീക്ഷിക്കാൻ തുടങ്ങി .താമസിയാതെ പൂച്ചകളെ കൂട്ടം കൂട്ടമായി കൊന്നൊടുക്കാൻ യൂറോപ്യന്മാർ മത്സരിച്ചു .പൂച്ചകൾ ഇല്ലാതെ ആയതോടെ എലികൾ പെറ്റു പെരുകി പതിനാലാം നൂറ്റാണ്ടിലെ യൂറോപ്പിലെ കറുത്തഏടായ ബ്ളാക് ഡെത്തെന്നറിയപ്പെടുന്ന പ്ളേഗ് യൂറോപ്പിലാകമാനം പടർന്നത് ഇൗ എലികളിലൂടെയായിരുന്നു .ലക്ഷക്കണക്കിന് യൂറോപ്യന്മാരെയാണ് പ്ളേഗ് ഇല്ലാതെയാക്കിയത്