A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

സുൽത്താന്റെ സന്നിധിയിൽ


 ബാല്യകാലത്തെനിക്ക് ചിത്രകഥകളിലെ വെറുമൊരു കഥാപാത്രമായിരുന്നു ടിപ്പു സുൽത്താൻ.കുട്ടി കഥകളിൽ നിന്നും വായന നോവലി ലേക്കും ചരിത്ര പുസ്തകങ്ങളിലേക്കും മാറിയപ്പോൾവീരപുരുഷനായി.പ0ന സ്വഭാവത്തിലുളള വായനയിലേക്ക് ഗതി മാറിയപ്പോൾ വിമർശനങ്ങളുടെ ശരശയ്യയിൽ കിടന്ന ചരിത്ര പുരുഷനായി.ഇന്ത്യയിലെ തങ്ങളുടെശക്തി പരീക്ഷണത്തിനുളള വേദിയായി ബ്രിട്ടീഷ് സാമ്രാജ്യം മൈസൂരുമായുളള യുദ്ദങ്ങളെ കരുതിയപ്പോൾ ഒന്നും രണ്ടും മൈസൂർ യുദ്ദങ്ങളിൽ ഇംഗ്ലീഷുകാരെ അടിയറവു പറയിച്ച ഹൈദറിന്റെയും ടിപ്പുവിന്റെയും തട്ടകമായ ശ്രീരംഗപട്ടണം സന്ദർശിക്കാനുളള ആഗ്രഹമായി. ബ്രിട്ടീഷ് ,മറാത്ത, നൈസാം എന്നീ മൂ ന്ന് സുശക്തമായ സൈനിക ശക്തികളോടും സ്വന്തം പാളയത്തിലെ ഒറ്റുകാരോടും ഒരേ സമയം പൊരുതി പ്രാണൻ വെടിയേണ്ടിവന്ന ആദ്യത്തേ ഇന്ത്യൻ രാജകുമാരനെ പറ്റി ഭഗവാൻ ഗിദ്വാനിയും പി.കെബാലകൃഷ്ണനും മുഹിബുൽ ഹസനും, കുറുപ്പ് സാറും പകർന്നു തന്ന ചിന്ത തലക്ക് പിടിച്ചപ്പോൾ നേരെ കുതിരപ്പുറത്തേറി (പൾസർ 150 ) വച്ച് പിടിച്ചു കസിനുമൊത്ത് ചരിത്രമുറങ്ങുന്ന , സുൽത്താന്റെ തട്ടകമായ ശ്രീരംഗപ്പട്ടണത്തിലേക്ക്...
നൂറ്റാണ്ടുകളുടെ കഥകളുറങ്ങുന്ന സുൽത്താൻ ബത്തേരി -മൈസൂർ ദേശീയ പാതയിലൂടെയുളള ബൈക്ക് യാത്ര. മുത്തങ്ങ ഫോറസ്റ്റ് കഴിഞ്ഞപ്പോൾ ലോകം മാറിയതായി തോന്നി. ആധുനികജീവിതത്തിന്റെ മുഖമുദ്രയായ തിരക്കുകളുo മറ്റും ന മുക്കിവിടെ കാണാൻ കഴിയില്ല. വിശാലമായി കിടക്കുന്ന ചെണ്ടുമല്ലി സൂര്യകാന്തി പൂപ്പാടങ്ങൾ .അലസമായി മേഞ്ഞു നടക്കുന്ന കാലിക്കൂട്ടങ്ങൾ കുടങ്ങളേറ്റി നടക്കുന്ന സ്ത്രീജനങ്ങൾ, കാളവണ്ടികൾ ആകെപ്പാടെ വായിച്ചു മറന്ന ഏതോ ചിത്രകഥയുടെ പശ്ചാത്തലമാണ് ഗുണ്ടിൽപേട്ട് എന്ന ഈ കന്നട ഗ്രാമത്തിന് .പാതയോരത്ത് മുറിച്ച് മാറ്റപ്പെട്ട തണൽ മരങ്ങളുടെ കൂറ്റൻകുറ്റികൾ കണ്ടാൽ ഒരു പക്ഷേ സുൽത്താന്റെ പടയോട്ടങ്ങൾക്ക് അവയും സാക്ഷ്യം വഹിച്ചിരുന്നതായി തോന്നും .( കണ്ടാലറിയാം ഒരു പാട് തലമുറകൾക്ക് അവ തണലേകി യിരുന്നെന്ന്)
ഉച്ചയോടടുത്ത്, മൈസൂർ നഗരത്തിൽ നിന്നും 13-14 കിലോമീറ്റർ ബാംഗ്ലൂർ റൂട്ടിലൂടെ പോയപ്പോൾ ശ്രീരംഗസ്വാമിയുടെ പേർ കേട്ടശ്രീ രംഗപ്പട്ടണമെത്തി.പാതക്കിരുവശവും പച്ചപ്പാർന്ന കൃഷിസ്ഥലങ്ങൾ നെല്ലും കരിമ്പുംമെല്ലാമുണ്ട്. ഒരു കാലത്ത് ഹൈദറിന്റെയും ടിപ്പുവിന്റെയും സൈന്യങ്ങളുടെ പെരുമ്പറക ളുടെയുംബ്യൂഗിളുകളുടെയും വിജയഭേരികൾ മുഴങ്ങിക്കേട്ട ഒരു പാട് പടയോട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച പരിസരങ്ങൾ കണ്ടപ്പോൾ വായിച്ചു തീർത്ത ചരിത്ര പുസ്തകങ്ങൾ മനസ്സിലേക്കു വന്നു..
കാവേരി നദി അവളുടെ കൈകൾക്കുള്ളിലാക്കി സംരക്ഷിച്ചു നിർത്തുന്ന ശ്രീരഗപ്പട്ടണ ദ്വീപും കോട്ടയും കണ്ടാലറിയാം അതിന്റെ സൈനികപരമായ ഭൂമി ശാസ്ത്രത്തിന്റെ പ്രാധാന്യം. കാല പ്രയാണത്തിൽ മണ്ണിടിഞ്ഞു നിറഞ്ഞു പോയ കിടങ്ങുകളുടെ ശേഷിപ്പുകൾ കോട്ട മതിലിനു പുറത്ത് അങ്ങിങ്ങായി കാണാം.വിജയനഗര സാമ്രാജ്യകാലത്തോളം പഴക്കം പറയപ്പെടുന്ന കോട്ട ഹൈദറലിയുടെയും പിന്നീട് ടിപ്പുവിന്റെയും മേൽനോട്ടത്തിൽ ബലപ്പെടുത്തിയിരുന്നു.കാവേരി നദി തരണം ചെയ്താൽ,കോട്ട മതിലിനരികിലായി വെളളം നിറക്കപ്പെട്ട വലിയ കിടങ്ങുകൾ, കനത്ത പുറം മതിലിനോട് ചേർന്ന് വളർത്തപ്പെട്ട മുൾക്കാടുകൾ, മതിലിന് മുകളിലായി ലക്ഷ്യം തേടി ക്കൊണ്ടിരിക്കുന്ന മൈസൂർ പീരങ്കികളും റോക്കറ്റുകളും. കോട്ടക്കുളളിലാണെങ്കിൽ ഫ്രഞ്ച് ഓഫീസർമാരുടെ മേൽനോട്ടത്തിൽ പരിശീലനം നൽകപ്പെട്ട ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ചതെന്ന് പറയാവുന്ന സൈന്യം. ഇതെല്ലാം തരണം ചെയ്ത് കോട്ട കീഴടക്കുവാൻ ടിപ്പു സുൽത്താൻ ഫത്തേഹ ലിഖാന്റെ മനസ്സറിയുന്ന ഒരു ഒറ്റുകാരന്റെ സഹായമില്ലാതെ ബ്രിട്ടീഷ് മറാത്ത നൈസാം ത്രികക്ഷി സഖ്യത്തിന് കഴിയുമായിരുന്നില്ലെന്ന് ചരിത്ര പുസ്തകങ്ങൾ നമുക്ക് പറഞ്ഞു തരുന്നു. 1799 മെയ് 4 ശ്രീരംഗപ്പട്ടണത്തിന്റെയും തന്റെ തന്നെയും അവസാന ദിവസമാകുമെ ന്ന് ടിപ്പു സ്വപ്നത്തിൽ പോലും കരുതി കാണില്ല. പക്ഷേ മിർസാദിഖ് എന്ന മൈസൂർ സൈന്യത്തിന്റെ ജനറൽ ചരിത്രത്തിൽ സമാനതകളില്ലാത്ത വഞ്ചക വേഷം കെട്ടിയാടിയപ്പോൾകൃഷ്ണാ തടവും അറബിക്കടലും പശ്ചിമഘട്ടവും അതിർത്തികളായുളള മൈസൂർ സാമ്രാജ്യത്തിന്റെ അധിപനായ ബ്രിട്ടീഷുകാർക്കെന്നും അജയ്യനായിരുന്ന ആ യോദ്ദാവിന്റെ അന്ത്യം കുറിക്കപ്പെട്ടു.
ടിപ്പു കീഴടക്കപ്പെട്ടാൽ മൈസൂരിന്റെ നവാബ് സ്ഥാനമായിരുന്നു മിർസാദിഖിന് നൽകപ്പെട്ട വാഗ്ദാനം. സൈന്യത്തിലെ തന്റെ വിശ്വസ്ഥരുമായി ചേർന്ന് മിർ സാദിഖ് തന്റെ ജോലികളെല്ലാം ഭംഗിയാക്കി .ശത്രുക്കളെ ഫലപ്രദമായി തടയാവുന്ന സ്ഥലങ്ങളിൽ നിന്നെല്ലാം സേനയെ പെട്ടെന്ന് പിൻവലിച്ച് ബ്രിട്ടീഷ് സഖ്യസൈന്യത്തെ ശ്രീരംഗപ്പട്ടണത്തിന്റെ പടിവാതിൽ ക്കൽ എത്തിക്കുന്നതിൽ അയാൾ വിജയിച്ചു.സംശയിച്ചവരെ രഹസ്യമായി വധിച്ചും സുൽത്താന്റെ കൽപ്പന പ്രകാരമാണ് പിൻമാറ്റമെന്നുമെല്ലാം തെറ്റിദ്ദരിപ്പിച്ചുo, കോട്ടയുടെ ദുർബലമായ വടക്ക് പടിഞ്ഞാറൻ ഭാഗത്ത് അക്രമണം കേന്ദ്രീകരിക്കാൻ ബ്രിട്ടിഷ് സൈന്യത്തിന് നിർദ്ദേശങ്ങർ നൽകി, അവിടെ വിളളലുകൾ സൃഷ്ടിച്ച് ശത്രു സൈന്യത്തെ കോട്ടക്കുള്ളിലേക്കുളള പ്രവേശനം സുഗമമാക്കുന്നതിനും മിർസാദിഖ്‌ പരിശ്രമിച്ചു.
1799 ഫെബ്രുവരി അവസാനത്തിലും ഏപ്രിൽ ആദ്യ ത്തിലുമായി തുടക്കം കുറിക്കപ്പെട്ട ശ്രീരംഗപ്പട്ടണ ഉപരോധംഗവർണ്ണർ ജനറൽവെല്ലസ്ലിയുടെ നേരിട്ടുളള മേൽനോട്ടത്തിലായിരുന്നു. അദ്ദേഹത്തിന്റെ സഹോദരനായ, പിന്നീട് നെപ്പോളിയനെ വാട്ടർ ലൂവിൽ പരാജയപ്പെടുത്തിയ ഡ്യൂക്ക് ഓഫ് വെല്ലിങ്ങ്ടൺ, ജനറൽ ഹാരിസ് മാസങ്ങളോളം ടിപ്പുവിന്റെ തടവിൽ കഴിയേണ്ടിവന്ന ജനറൽ ബയേഡ് തുടങ്ങിയ സൈനിക പ്രമുഖൻമാർക്ക് കീഴിൽ അന്നോളം ഇന്ത്യകണ്ടതിൽ വെച്ച് ഏറ്റവും കൂടുതൽ യൂറോപ്യൻ പട്ടാളക്കാർ അണിനിരന്ന മഹാസംരംഭത്തിൽ ഹൈദരാബാദ് നൈസാമിന്റെയും മറാത്തരുടെയും സേനകൾ കൂടി അണിനിരന്നിരുന്നു. ടിപ്പുവിന്റെ സൈനികനിലയുടെ രണ്ടിരട്ടിയോളം വരുമായിരുന്നു ഇത്.
ഇന്ത്യയിലെ ബ്രിട്ടീഷ് സാമ്രാജ്യത്വ വികസനത്തിന് പ്രധാന തടസ്സമായി നിലകൊണ്ട ടിപ്പുവിന്റെ മൈസൂറിനെ ആക്രമിച്ച് കീഴ്പ്പെടുത്തുക വേണ്ടിവന്നാൽ സുൽത്താനെ തന്നെയും നശിപ്പിക്കുക - ഇതായിരുന്നു വെല്ലസ്ലിയുടെ പ്രധാന ലക്ഷ്യം .ഇതിനായി വർഷങ്ങളായി ഒരുക്കൂട്ടിയ സന്നാഹങ്ങളെ കുറിച്ച് സുൽത്താൻ സംശയിക്കാതിരിക്കുന്നതിനായി ടിപ്പുവുമായി വളരെ സൗഹാർദ്ദപര മായി ഗവർണർ വർത്തിച്ചു പോന്നു. ഓർക്കാപ്പുറത്ത് ആഞ്ഞടിച്ച് വീഴ്ത്തുക എന്നതായിരുന്നു തന്ത്രം.ഇതിനായി വയനാടിന്റെ മേലുളള ടിപ്പുവിന്റെ അവകാശം വകവച്ചു കൊടുത്തു. മഹാ സൈനിക സംരംഭത്തെ കുറിച്ചുളള ഒരു സൂചനയും ടിപ്പുവിന് ലഭിക്കുകയുണ്ടായില്ല. അതു കൊണ്ടു തന്നെ വേണ്ട തയ്യാറെടുപ്പുകൾ നടത്താൻ സുൽത്താന് കഴിയാതെ പോയെന്ന് പറയപ്പെടുന്നു.
ശ്രീരംഗപട്ടണ ദ്വീപിൽ കയറിപ്പറ്റാനുളള ബ്രിട്ടീഷ് സൈന്യത്തിന്റെ നീക്കങ്ങൾ ഓരോന്നും സുൽത്താൻ നേരിട്ടു നയിച്ച മുന്നേറ്റങ്ങളാൽ ഫലപ്രദമായി തടയപ്പെട്ടു. ഇത്തരം സന്ദർഭങ്ങളിലൊന്നിൽ ബ്രിട്ടീഷ് സൈനിക അഹങ്കാരമായ വെല്ലസ്ലി ( ഡ്യൂക്ക് ഓഫ് വെല്ലിങ്ങ്ടൺ) പിടിക്കപ്പെടാതെ പോയത് ഭാഗ്യം ഒന്നു മാത്രം കൊണ്ടാണെന്ന് പിന്നീട് സഹപ്രവർത്തകൻ രേഖപ്പെടുത്തുകയുണ്ടായി. ആക്രമണത്തിനുളള അറിയിപ്പ് കിട്ടുന്നത് വരെ ശത്രുക്കൾ കാത്തിരുന്നു.1799 മെയ് 4ന് രാവിലെ 11 മണിയോടു കൂടി വിസ്കിയും ബിസ്കറ്റും കഴിച്ച് സഖ്യസേന ആക്രമണത്തിന് തയ്യാറെടുത്തു. സമൃദ്ദമായ ഉച്ചഭക്ഷണത്തിന് ശേഷം സൈനികർ ആലസ്യത്തിലാണ് കിടക്കുന്ന നട്ടുച്ചനേരത്ത് 1 മണിയോട് കൂടി ട്രഞ്ചുകളിൽ പതിയിരുന്ന സൈനികർ കോട്ട യിൽ സൃഷ്ടിക്കപ്പെട്ട വിളളലിൽ കൂടെ അകത്ത് പ്രവേശിച്ചു.ഈ പരിസരങ്ങളെല്ലാം പരിധിക്കധീനമായിരുന്ന കനത്ത മൈസൂർ തോക്കുകൾ ഈ സമയം നിശബ്ദങ്ങളായിരുന്നു.കോട്ടക്കകത്ത് നിന്നും സൂചനകൾ ലഭിച്ച ശേഷമായിരുന്നു ഈ നീക്കം.സുൽത്താൻ ശത്രുക്കളുമായി സന്ധിയായെന്നും ആരും ആക്രമണത്തിന് മുതിരരുതെന്നും മിർസാദിഖ് സൈനികർക്ക് നിർദ്ദേശം നൽകുക മാത്രമല്ല സൈനികർക്കുളള മിർസാദിഖിന്റെയും കൂട്ടരുടെയും ശമ്പള വിതരണത്തിനായി ഈ സമയം തിരഞ്ഞെടുക്കുകയും ചെയ്തു .
ഈ നേരം ഉച്ചഭക്ഷണത്തിനിരുന്ന സുൽത്താൻ വിരങ്ങളറിഞ്ഞ് ലഭ്യമായ സൈനികരുമായിസ്ഥല ത്തെത്തി പ്രതിരോധ ശ്രമങ്ങൾ നടത്തി. കോട്ട മതിലിനു മുകളിൽ ആളൊഴിഞ്ഞുകിട്ടപ്പെട്ട മൈസൂറിന്റെ പീരങ്കികൾ സ്വന്തം സൈനികർക്ക് നേരെ തീതുപ്പി.മിർ സാദിഖിന്റെ ചതി മനസ്സിലാക്കിയ സുൽത്താൻ പരാജയം ഉറപ്പിച്ചിരുന്നു, ശത്രുക്കളിൽ പെട്ട നാല് സൈനികരെ അദ്ദേഹം വധിച്ചതായി പറയപ്പെടുന്നു.കവാടത്തിൽ വെച്ചുള്ളള ഏറ്റുമുട്ടലിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ അനുചരൻമാർ കോട്ടയുടെ ഉൾഭാഗത്തേക്ക് മാറ്റി. രഹസ്യ മാർഗ്ഗംവഴി രക്ഷപ്പെടാനുളള അവരുടെ അഭ്യർത്ഥന അദ്ദേഹം ചെവിക്കൊണ്ടില്ല. "സർക്കാരേ ഖുദാ ദാദ് " എന്ന അദ്ദേഹത്തിന്റെ ഉച്ചത്തിലുളള ആക്രോശം ഏറ്റുപിടിച്ചു കൊണ്ട് കുടെയുള്ളള പടയാളികൾ അദ്ദേഹത്തോടൊപ്പം മരണം വരെ പോരാടി.
ടിപ്പുവിന്റെ പതനവും മൈസൂറിന്റെ നവാബ് സ്ഥാനവും സ്വപ്നം കണ്ട മിർസാദിഖിനെ മൈസൂർ ട്രൂപ്പിലെ സുൽത്താന്റെ ആരാധകനായ ശേഖർ എന്ന പടയാളി കഴുത്തിൽ കഠാര താഴ്ത്തി കൊലപ്പെടുത്തി. മാന്യമായ ശവസംസ്കാരം പോലും അയാൾക്ക് ലഭിക്കുകയുണ്ടായില്ല. മിർസാദിഖിന്റെ ജഡം പുറത്തെടുത്ത ജനക്കൂട്ടം ദിവസങ്ങളോളം അതിൽ ചെളിയും കല്ലും വാരിയെറിഞ്ഞെന്ന് പറയപ്പെടുന്നു. അവസാനം ഇംഗ്ലിഷുകാർ ഇടപെട്ടാണ് സംസ്കരിച്ചത് . ഇന്നും രാഷ്ട്രീയ വഞ്ചകന്റെ പര്യായമായി കർണ്ണാടകയിൽ മിർസാദിഖിന്റെ പേരാണുച്ചരിക്കപ്പെട്ടു പോരുന്നത് .മൈസൂറിന്റെ പതനത്തിന് ശേഷം നൈസാമിനും മറാത്തക്കുo ബ്രിട്ടീഷ് മേൽകോയ്മയിൽ കഴിയേണ്ടിവന്നു. ബ്രിട്ടീഷുകാർ നാടിന്റെ പൊതുശത്രുക്കളാണെന്നും അവർക്കെതിരെ മൈസൂറിനെ സഹായിച്ചില്ലെങ്കിലും നിക്ഷ്പക്ഷതയെങ്കിലും പാലിക്കണമെന്ന് ടിപ്പു പേഷ്വാക്കും നൈസാമിനും എഴുതിയിരുന്നു. എന്തുകൊണ്ടെന്നാൽ ഒറ്റക്ക് മൈസൂറിനെ ആക്രമിക്കാൻ ബ്രിട്ടീഷുകാർ തുനിയുകയില്ലെന്ന് അദ്ദേഹത്തിനുറപ്പായിരുന്നു.
ചേതനയറ്റ ടിപ്പുവിന്റെ ശരീരം പിറ്റെന്ന് സ്വന്തം പിതാവിന്റെ സമീപം അടക്കം ചെയ്യപ്പെട്ടു. ശവമഞ്ചവുമേന്തിയുളള വിലാപയാത്ര നീങ്ങി തുടങ്ങുമ്പോൾ ഇരു പാർശ്വങ്ങളിലും ജനം തടിച്ചുകൂടിയിരുന്നെന്നും അവരെല്ലാം കരയുകയായിരുന്നെന്നും ആ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ച ഇംഗ്ലീഷ് ഓഫീസർമാരെല്ലാം രേഖപ്പെടുത്തി.
ബൗറിങ്ങ് ഇങ്ങനെ പറഞ്ഞിരിക്കുന്നു - " ആ ശവകുടീരത്തിൽ നിൽക്കുമ്പോൾ, നന്നേ ദുർബലമായ ശബ്ദവീചികൾ വരെ ഉയർന്ന മേൽക്കൂരയിൽ തട്ടി അത്ഭുതകരമായ മുഴക്കത്തോടെ ശക്തമായി, അസ്പഷ്ടമായി താഴേക്കു പ്രതിധ്വനിക്കും' ആ സമയത്ത് യോദ്ദാ വി നെ പോലെ മരിച്ച നിർഭാഗ്യവാനായ ആ രാജകുമാരനെ പറ്റി നിമിഷ മാത്രമായ ഒരു സഹതാപം ഹൃദയത്തിൽ പുകഞ്ഞു പൊങ്ങുന്നത് തടയാൻ ആർക്കും സാദ്യമല്ല " .
ടിപ്പുവിന്റെ പാലസ് നിന്നിരുന്ന സ്ഥലo, അദ്ദേഹത്തിന്റെ ചേതനയറ്റ ശരീരം കണ്ടുകിട്ടിയ ഇടം, സമ്മർ പാലസ്, മാതാപിതാക്കൾക്കരികിലുളള അദ്ദേ ത്തിന്റെ ശവകുടീരം എല്ലാം സന്ദർശിച്ച ശേഷം അറിഞ്ഞതും അറിയപ്പെടാതിരുന്നതുമായ എത്രയോ ചരിത്ര മുഹൂർത്തങ്ങൾക്ക് മൂകസാക്ഷിയായ ശ്രീ രഗപ്പട്ടണ ദ്വീപിനോട് വൈകുന്നേരത്തോടെ ഞങ്ങൾ യാത്ര പറഞ്ഞു.