ഒരു കാലത്ത് കടലായിരുന്ന പ്രദേശം പിന്നീട് കരയായി രൂപാന്തരപ്പെട്ട് താമസയോഗ്യമാവും, മനുഷ്യർ തിങ്ങി നിറഞ്ഞ പ്രദേശം കാലക്രമേണ ഒരൊറ്റ മനുഷ്യരില്ലാതെ ജനവാസയോഗ്യമല്ലാതായി അനാഥമാകും. ഇങ്ങനെയുള്ള സ്ഥലമുള്ളത് യു എ യിൽ ആയിരിക്കും,കടലുകളായൊരുന്ന മലീഹ ഇന്ന് താമസയോഗ്യവും,മനുഷ്യവാസമുണ്ടായിരുന്ന ജസീറ അൽ ഹമ്ര അനാഥമാവുകയും ചെയ്തു.
ദുബായിൽ നിന്നും നൂറു കിലോമീറ്റർ ദൂരമുള്ള റാസൽ ഖൈമ ലക്ഷ്യം വെച്ച് യാത്ര പുറപ്പെട്ടു, ഗോസ്റ്റ് ടൗണിലേക്കാണു യാത്ര!! അതെ ജസീറ അൽ ഹമ്ര എന്ന സ്ഥലത്തിനു മറ്റൊരു പേരുകൂടിയുണ്ട് ഗോസ്റ്റ് ടൗൺ!!ഗൂഗിൾ മാപ്പിൽ ഗോസ്റ്റ് ടൗൺ എന്ന് കാണുന്നില്ല, സ്ഥലത്തിന്റെ പേരാണു കാണിക്കുന്നത് "അൽ ജസീറ അൽ ഹമ്ര (Al Jazirah Al Hamra)എന്നാണു കാണിക്കുക അതായത് ചുവന്ന തുരുത്ത് എന്ന് മലയാളത്തിൽ.
അൽ സബഹ്(Al zaba'aa) ഗോത്രം താമസിച്ച പ്രദേശമാണു ഇന്ന് ഗോസ്റ്റ് ടൗൺ എന്ന് അറിയപ്പെടുന്നത്.1970 വരെ ഗോത്രങ്ങൾ അവിടെ താമസമാക്കിയിരുന്നു.മീൻ പിടുത്തവും, മുത്ത് വാരലുമായിരുന്നു ഗോത്രങ്ങളുടെ തൊഴിലും വരുമാന മാർഗ്ഗവും. പ്രതാപത്തിലേക്ക് നീങ്ങിക്കൊണ്ടൊരുന്ന യു എ യി പിന്നീട് പൗരാണിക ഗോത്രങ്ങളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി യു എ യി രാഷ്ടപിതാവ് ഷൈഖ് സായിദ് ഗോത്രങ്ങളെ മൊത്തം അബുദാബിയിലേക്ക് മാറ്റി താമസിപ്പിക്കുകയായിരുന്നു.
അതോടെ വലിയ ഒരു പട്ടണം "ഗോസ്റ്റ് ടൗണായി"മാറി.
അൽ സബഹ്(Al zaba'aa) ഗോത്രം താമസിച്ച പ്രദേശമാണു ഇന്ന് ഗോസ്റ്റ് ടൗൺ എന്ന് അറിയപ്പെടുന്നത്.1970 വരെ ഗോത്രങ്ങൾ അവിടെ താമസമാക്കിയിരുന്നു.മീൻ പിടുത്തവും, മുത്ത് വാരലുമായിരുന്നു ഗോത്രങ്ങളുടെ തൊഴിലും വരുമാന മാർഗ്ഗവും. പ്രതാപത്തിലേക്ക് നീങ്ങിക്കൊണ്ടൊരുന്ന യു എ യി പിന്നീട് പൗരാണിക ഗോത്രങ്ങളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി യു എ യി രാഷ്ടപിതാവ് ഷൈഖ് സായിദ് ഗോത്രങ്ങളെ മൊത്തം അബുദാബിയിലേക്ക് മാറ്റി താമസിപ്പിക്കുകയായിരുന്നു.
അതോടെ വലിയ ഒരു പട്ടണം "ഗോസ്റ്റ് ടൗണായി"മാറി.
പ്രേതം, പിശാച്, ഭൂതം, റൂഹാനി തുടങ്ങിയവയുടെ താവളമാണു ഈ ടൗൺ എന്നാണു പൊതുവിലുള്ള സംസാരവും വിശ്വാസവും.അത്തരം ഭൂതാതി റൂഹാനി പ്രേതത്തിൽ വലിയ വിശ്വാസമില്ലാത്തത് കൊണ്ട് ഗോസ്റ്റ് ടൗണിനകത്ത് കയറി. യു എ യി ചല ചിത്ര സംവിധായികയായ നെയില അൽ ഖാജയും, ഹോളിവുഡ് സംവിധായകനായ ഹൂപ്പറും ചേർന്ന് നിർമ്മിച്ച "ദി ജിന്ന്" എന്ന സിനിമയിടെ ഇതിവൃത്തവും കഥയും ഈ ഗോസ്റ്റ് സിറ്റിയെ ചുറ്റിപ്പറ്റിയുള്ളതാണു.അതോടൊപ്പം എമിറാത്തികൾക്കിടയിലും വിദേശികൾക്കിടയിലും നിരവധി നിഗൂഡമായ പ്രേത/ജിന്ന് കഥകൾ ഈ ഗോസ്റ്റ് സിറ്റിയെ പറ്റി പ്രചരിച്ച് വരുന്നു.
പുരാതനമായ ഏതോ നാട്ടിൽ എത്തിയ ഫീലിംഗ്സായിരുന്നു.നൂറിൽ പരം വീടും, കടകളും, പള്ളിയും ലൈറ്റ് ഹൗസും അടങ്ങുന്ന ഒരു വലിയ പട്ടണം പ്രതാപം തകർന്ന് ആധുനികലോകത്ത് പൊട്ടിപൊളിഞ്ഞ് പഴയ തലയെടുപ്പോടെ അനാഥ പ്രേതമായി ഒരനക്കവുമില്ലാതെ പരന്ന് കിടക്കുന്നു.
പ്രതാപ കാലത്ത് ഈ സ്ഥലം "അൽ ഹമ്ര ദ്വീപായിരുന്നു" പക്ഷെ ഇന്ന് മണ്ണിട്ട് നികത്തി റാസൽ ഖൈമയിലെ പരന്ന പ്രദേശമായി മാറി.ഇന്നും അബുദാബിയിൽ നിന്നും യുവ തലമുറകൾ പണ്ട് പൂർവ്വീകർ താമസിച്ച വീടും പട്ടണവും കാണാൻ വരും.പ്രായമായവർ വന്ന് അവരുടെ ഭൂതകാലം അയവിറക്കും.
പതിറ്റാണ്ടുകൾക്ക് മുമ്പ് ഒരു ദ്വീപിൽ മുത്തുവാരിയും മീൻ പിടിച്ചും പ്രതാപത്തോട് ജീവിച്ചവരുടെ വീടുകളിലും ആ പ്രതാപം കാണാം. കടലിൽ നിന്നും വരുന്ന വലിയ കക്കയുടേയും, പവിഴപ്പുറ്റിന്റെ ഭാഗവും, കടലിൽ നിന്നും വാരിയ ചെളികൾ കൂട്ടിക്കുഴച്ച് ഭിത്തികളാക്കി മനോഹരമായ ശക്തിയുള്ള വീടുകളും കെട്ടിടങ്ങളും നിർമ്മിച്ചത്.
എല്ലാ വീടുകളും ഇടവഴികളും നടന്ന് കണ്ടു, നിരവധി ഇഴ ജന്തുക്കളുടെ താവളമാണിന്ന് ഈ സ്ഥലം.കയറി നിൽക്കാൻ പറ്റാവുന്ന ഒരു വലിയ മതിലിന്റെ മുകളിൽ കയറി പട്ടണം ഒന്ന് കണ്ണോടിച്ചു. പ്രതാപത്തിൽ ജീവിച്ച ഒരു ഗോത്രത്തിന്റെ പൈതൃക അവശേഷിപ്പ് ഇങ്ങനെ അനാഥമായി നശിക്കുന്നത് കാണുമ്പോൾ എന്തോ ഒരു വല്ലായ്മ തോന്നി.യു എ യി എന്ന രാജ്യം പിറവി എടുത്ത് പ്രതാപത്തിലേക്ക് നീങ്ങിയില്ലാ എങ്കിൽ ഇന്നും ഈ പട്ടണം ഗോത്ര തലവന്മാർ ഭരണം നടത്തുമായിരിക്കാം?
ഗോസ്റ്റ് സിറ്റി എന്ന് മുദ്രകുത്തി സാധാരണക്കാർ അകത്ത് കയറാൻ മടിക്കുന്ന ഭീകരത തളം കെട്ടി നിൽക്കുന്ന പുരാതനമായ പട്ടണത്തിൽ രണ്ട് മണിക്കൂറിനടുത്ത് സമയം ചിലവഴിച്ചു,ഓരോ വീട്ടിനകത്തും കയറി. ഓരോ വീട്ടിലും ആഴമേറിയ വീതിയില്ലാത്ത കിണറുകളുണ്ട്. ആ കാലത്ത് ദ്വീപിൽ കിണർ കുഴിച്ചാൽ ശുദ്ധമായ വെള്ളം ലഭിക്കുന്നുണ്ടായിരുന്നു എന്നതിന്റെ തെളിവാണു ഈ കിണറുകൾ. ഭൂമി കുലുക്കത്തിൽ തകർന്ന പോലെയുള്ള പട്ടണം ഒന്ന് കൂടി കണ്ണോടിച്ച് കണ്ടു ഗോസ്റ്റ് സിറ്റിയിൽ നിന്നും നേരെ പുറത്തേക്കിറങ്ങി....
മനുഷ്യർ സാമ്പത്തികമായി അഭിവൃദ്ധിനേടിയാൽ കാലങ്ങളോളം ജീവിച്ച നാടും നഗരവും പ്രേത തുല്യമാക്കി ആധുനികതയുടെ മടിത്തട്ടിലേക്ക് പോയി ചരിത്രമാക്കുന്ന ഉദാഹരണമാണു ഗോസ്റ്റ് സിറ്റി അഥവാ ജസീറ അൽ ഹമ്ര!!