ടോട്ടൽ ഫുട്ബോളിന്റെ പിതാവെന്ന് അറിയപ്പെടുന്നത് യൊഹാൻ ക്രൈഫ് ആണ്. ടോട്ടൽ ഫുട്ബോളിനെ കുറിച്ചുള്ള ചർച്ചകളിലും എല്ലാം ഏറ്റവും അധികം മുഴങ്ങി കേൾക്കുന്നതും ക്രൈഫിന്റെ പേരാണ്. എന്നാൽ പലപ്പോളും മറന്നു പോകുന്ന ഒരു പേരാണ് റിനസ് മൈക്കൾസ്. എല്ലാ മേഖലയിലും അത് അങ്ങനെ ആണ്. കാണികൾക്ക് മുൻപിൽ നിന്ന് വിസ്മയ പ്രകടനം കാഴ്ച്ചവേക്കുമ്പോൾ കയ്യടി നേടിയിട്ടുള്ളത് അഭിനേതാക്കൾ ആണ്. അതിന്റെ സൃഷ്ടാക്കൾ പലപ്പോളും വിസ്മ്രിതിയിൽ ആണ്ടുപോയിട്ടുണ്ട്.
ടോട്ടൽ ഫുട്ബോളിന്റെ ചരിത്രം പരിശോധിച്ചാൽ 1900 കളുടെ തുടക്കത്തിൽ ഇംഗ്ലീഷ് കോച്ച് ആയ ജിമ്മി ഹോഗൻ ആണ് ടോട്ടൽ ഫുട്ബോളിന്റെ വിത്തുകൾ പാകിയത്. ഹോഗന്റെ തന്ത്രത്തെ പൊടി തട്ടി എടുത്തത് അയാക്സ് പരിശീലകനായ ജാക്ക് റെയ്നോൾഡ്സ് ആണ്. 1950 ഇന് മുന്പുള്ള അയാക്സും അൻപതുകലിലെ മാജിക് മഗ്യാറുകളും (ഹങ്കറി) ചെറിയ തോതിൽ പയറ്റിയ തന്ത്രമാണ് ടോട്ടൽ ഫുട്ബോൾ. അന്ന് ജാക്ക് റെയ്നോൾഡ്സിന്റെ അയാക്സ് ടീമിലെ കളിക്കാരനായിരുന്ന റിനസ് മൈക്കള്സ് അയാക്സിന്റെ പരിശീലകൻ ആയ ശേഷമാണ് ടോട്ടൽ ഫുട്ബോൾ അതിന്റെ പൂർണ രൂപത്തിൽ എത്തിയത്. അതെ കാലഘട്ടത്തിൽ തന്നെ അദ്ദേഹം ഹോളണ്ട് ടീമിന്റെ പരിശീലകനുമായി. മികച്ച ഒരുപറ്റം കളിക്കാർ ഉണ്ടായിരുന്നത് കൊണ്ട് തന്നെയാണ് ഇത്ര വിജയകരമായി തന്റെ പദ്ധതികൾ നടപ്പിലാക്കാൻ മൈക്കള്സിനു കഴിഞ്ഞതും. ക്രൈഫും നീസ്കെന്സും അടങ്ങിയ അയാക്സ് നിര തുടരെ തുടരെ മൂന്ന് യൂറോപ്പ്യൻ കിരീടങ്ങൾ ആംസ്റ്റർഡാമിൽ എത്തിച്ചു. ഇതിനു മുന്പ് ഡിസ്റെഫാനോയുടെയും പുഷ്കാസിന്റെയും റയൽ മാഡ്രിഡ് മാത്രം നേടിയ അപൂർവ നേട്ടം അയാക്സും സ്വന്തമാക്കി. പിന്നീട് ബാഴ്സയിലും നേട്ടങ്ങൾ ഉണ്ടാക്കാൻ മൈക്കള്സിനായി. 1974 ലോകകപ്പിൽ ഹോളണ്ട് അവരുടെ സർവശക്തിയും പുറത്തെടുത്തു. എതിർ ടീമിന് ഹോളണ്ട് കളിക്കാരെ മാർക്ക് ചെയ്യുക എന്നത് അസാധ്യമായിരുന്നു. കളിക്കാരുടെ പൊസിഷൻ മനസിലാക്കാൻ സാധികാതെ നട്ടം തിരിഞ്ഞു. എതിർ ടീമിന്റെ ഗോൾ മുഖത്തേക്ക് ഇരമ്പി ആർക്കുന്ന ഡച്ച് നിര ഫുട്ബോൾ കളിക്കളങ്ങളിലെ അതിമനോഹരമായ കാഴ്ചയായി കാണികളുടെ മനസ്സിൽ എന്നും നിറഞ്ഞു നിൽക്കും.
എന്തായിരുന്നു ടോട്ടൽ ഫുട്ബോൾ എന്നതിന് ഉത്തരം ലളിതമാണ്. പൊസിഷൻ ഡിഫൈൻ ചെയ്യാത്ത ശൈലി. കളിക്കാർ മൊത്തത്തിൽ ഫ്രീ ആണ്. പൊസിഷൻ സാഹചര്യങ്ങൾക്ക് അനുസരിച്ച് അഡാപ്റ്റ് ചെയ്യുന്നതിലും ഉപരി അവർ മനപ്പൂർവം മാറി കൊണ്ടിരുന്നു. ആർക്കും എവിടെയും കളിക്കാം. ഗോളിക്ക് മാത്രമാണ് സ്ഥിരം ഒരു പൊസിഷൻ ഉള്ളു. ഡിഫൻഡർ മുന്നോട്ട് കയറുമ്പോൾ ആ സ്പെയ്സ് മധ്യനിരക്കാരൻ ഫിൽ ചെയ്യും. ഇത് ഇങ്ങനെ മാറിക്കൊണ്ടേ ഇരിക്കും. പരമാവധി ഗ്രൌണ്ടിലെ സ്പെയ്സ് ഉപയൊഗിക്കുക എന്നതായിരുന്നു തന്ത്രം. അറ്റാക്കിംഗ് ഫുട്ബോൾ ആയിരുന്നു അവർ കളിച്ചിരുന്നത്. പ്രധാനമായും വെഴ്സറ്റൈൽ ആയ കളിക്കാർ ആയിരുന്നു ഇത്തരത്തിൽ കളിക്കാൻ വേണ്ടിയിരുന്നത്. മികച്ച വേഗവും സ്റ്റാമിനയും അത്യാവശ്യമായിരുന്നു. ഇതിലെല്ലാം ഉപരിയായി ഡിഫൻസിനെയും അറ്റാക്കിനെയും സംയോജിപ്പിക്കാൻ മികച്ച ഒരു മധ്യനിരക്കാരനും വേണമായിരുന്നു. അത്തരത്തിൽ ഒരു കളിക്കാരൻ ആയിരുന്നു യൊഹാൻ ക്രൈഫ്. ഫോർവേഡ് ആയിരുന്നെങ്കിലും ഡച്ച് ടീമിന്റെ കടിഞ്ഞാണ്‍ ക്രൈഫിന്റെ കൈകളിൽ ആയിരുന്നു. കളിക്കാർക്ക് വേണ്ട നിർദേശങ്ങൾ ക്രൈഫ് നല്കി കൊണ്ടേ ഇരുന്നു. പ്രധാന ലക്‌ഷ്യം കളിയിൽ മാക്സിമം പൊസിഷൻ നിലനിർത്തുകയായിരുന്നു. കളിക്കാർ പരമാവധി അകലത്തിൽ നിലകൊണ്ട് പാസുകൾ സ്വീകരിച്ചു പോന്നു. മികച്ച പ്രെസ്സിങ്ങിലൂടെ നല്ല രീതിയിൽ പന്തിനെ പ്രതിരോധിക്കാനും അവർക്ക് കഴിഞ്ഞു. എതിരാളികൾക്ക് മാർക്കിംഗ് അസാധ്യമായി.
പ്രധാനമായും ടോട്ടൽ ഫുട്ബോൾ കൊണ്ടുവരാൻ കാരണം ഇറ്റലിയുടെ കാറ്റനാച്ചിയോ പ്രതിരോധ ശൈലി ആയിരുന്നു. കടുത്ത മറിക്കടക്കാൻ യൂറോപ്പ്യൻ ടീമുകളെല്ലാം കഷ്ടപെടുന്ന കാലത്താണ് ടോട്ടൽ ഫുട്ബോളുമായി മൈക്കല്സ് വരുന്നത്. കാറ്റനാച്ചിയോയെ മൊത്തത്തിൽ പൊളിച്ചടുക്കി ടോട്ടൽ ഫുട്ബോൾ. മൈക്കല്സിനു നേടാനാവാതെ പോയത് ലോകകപ്പ് മാത്രാണ്. പിന്നീട് ക്രൈഫ് കോച്ച് ആയപ്പോൾ ടോട്ടൽ ഫുട്ബാളിന്റെ പരിഷ്കൃത രൂപങ്ങൾ കൊണ്ട് വന്നു. പിന്നീട് സ്പാനിഷ് വിജയങ്ങൾക്ക് ചുക്കാൻ പിടിച്ച ടികി ടാക ടോട്ടൽ ഫുട്ബോളിന്റെ മറ്റൊരു രൂപമായിരുന്നു. പക്ഷെ 1980 നു ശേഷം ടോട്ടൽ ഫുട്ബോൾ അതിന്റെ പൂർണതയിൽ ലോകം കണ്ടിട്ടില്ല. ഇനി ടോട്ടൽ ഫുട്ബോൾ ഉപയോഗിച്ചിരുന്നെങ്കിലും അതിനെ മറികടക്കാനുള്ള തന്ത്രം എതിർ ടീമുകൾ സൃഷ്ടിച്ചിരിക്കും എന്നതും ഉറപ്പാണ്. 1999 ൽ 'കോച്ച് ഓഫ് ദി സെഞ്ച്വറി' ആയി ഫിഫ തെരഞ്ഞെടുത്തത് മൈക്കിൾസിനെ ആയിരുന്നു. 2005 മാർച്ച് മൂന്നാം തീയതി അദ്ദേഹം ലോകത്തോട് വിട പറഞ്ഞു.
https://en.m.wikipedia.org/wiki/Total_Football
https://en.m.wikipedia.org/wiki/Total_Football