1970 ജനവരി രണ്ടിന് ഹുഗ്ലിയില്‍ ജനിച്ച ബുലാചൗധരിക്ക് ചെറുപ്പം മുതല്‍ തന്നെ വെള്ളത്തിലിറങ്ങാനായിരുന്നു കമ്പം. തറവാട്ടു വീട്ടിലെ ചെറിയ കുളത്തിലായിരുന്ന കുട്ടിയെ ഒടുവില്‍ അച്ഛന്‍ തന്നെയാണ് നീന്താന്‍ പഠിക്കാന്‍ വിട്ടത്. സ്‌കൂളില്‍ പോകാന്‍പോലും താല്‍പര്യം കാണിക്കാതിരുന്ന കുട്ടിയെ ഗംഗാ നദിക്കരയിലുള്ള ഛത്ര സ്വിമ്മിംഗ്പൂളിലെ സ്വിമ്മിംഗ് അക്കാദമിയിലേയ്ക്ക് വഴിതിരിച്ചു വിട്ടതും അച്ഛന്‍ തന്നെ. അതൊരു ലോകോത്തര നീന്തല്‍ താരത്തിന്റെ ഉദയമായിരുന്നു. അഞ്ചാം വയസ്സില്‍ നീന്തല്‍കുളത്തിലിറങ്ങിയ ബുലാചൗധരി ഇപ്പോഴും ദിവസേന എട്ടു മണിക്കൂറെങ്കിലും വെള്ളത്തില്‍ തന്നെ! ഒന്നുകില്‍ തറവാട്ടു വീട്ടിലെ കുളത്തില്‍, അല്ലെങ്കില്‍ ഗംഗാനദിയില്‍.''വെള്ളത്തിലാവുമ്പോള്‍ എനിക്കെന്തോ ഒരാശ്വാസമാണ്. നോക്കൂ, ഈ 34 വയസ്സിനിടയില്‍, മണിക്കൂറുകള്‍ കണക്കു കൂട്ടിയാല്‍ 16 വര്‍ഷമെങ്കിലും ഞാന്‍ വെള്ളത്തില്‍തന്നെയായിരുന്നിരിക്കണം. 14 മണിക്കൂര്‍ വരെ വെള്ളത്തിലിരുന്ന് പ്രാക്ടീസ് ചെയ്ത ദിവസങ്ങളുണ്ട്. രണ്ടു നേരത്തെ ഭക്ഷണം പലപ്പോഴും ഞാന്‍ നീന്തലിനിടയില്‍ തന്നെയാണ് കഴിച്ചുകൊണ്ടിരുന്നത്. വീട്ടിലിരിക്കുമ്പോഴോ കരയ്ക്കാവുമ്പോഴോ എനിക്ക് ആകെ വിമ്മിഷ്ടമാണ്. കരയില്‍ പിടിച്ചിട്ട മീനിനെപ്പോലെ എന്ന് പറയാറില്ലേ? അതാണ് എന്റെ സ്ഥിതി'', ബുലയുടെ വാക്കുകള്‍.ഏഴു കടലും അഞ്ചു വന്‍കരയും നീന്തിക്കയറിയ വനിത
ഒമ്പതാം വയസില്‍ ദേശീയ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ ആറു സ്വര്‍ണവുമായി കായികരംഗത്തേയ്ക്കു കടന്നുവന്ന ബുല 1993ല്‍ വിവാഹിതയാവുന്നതുവരെ നേട്ടങ്ങളുടെ നെറുകയിലായിരുന്നു. 12ാം വയസ്സില്‍ ഇന്ത്യയുടെ സീനിയര്‍ ടീമിലിടം കണ്ടെത്തിയ ബുല ആ വര്‍ഷംതന്നെ സ്വര്‍ണം നേടി. 1982 മുതല്‍ 92 വരെ 100 മീ, 200 മീ. ബട്ടര്‍ഫ്‌ളൈ ഇനത്തില്‍ എതിരില്ലാത്ത ജേതാവായിരുന്നു. രണ്ടു തവണയായി സാഫ് ഗെയിംസില്‍ നേടിയ പത്തു സ്വര്‍ണം ഒരു റിക്കാര്‍ഡായി ഇന്നും നില്‍ക്കുന്നു.അങ്ങിനെയിരിക്കയാണ് പുതുതായി എന്തെങ്കിലും ചെയ്യണമെന്ന മോഹം ജനിക്കുന്നത്. ടാറ്റാ സ്റ്റീലില്‍ ഉദ്യോഗസ്ഥയായിരുന്നു അക്കാലത്ത് ബുല. അവിടെ നിന്നുള്ള പ്രോത്സാഹനവും സാമ്പത്തിക സഹായവും കൊണ്ട് 1989ല്‍ ഇംഗ്ലീഷ് ചാനല്‍ നീന്തിക്കടന്നു. ദീര്‍ഘദൂര നീന്തലിലെ ആദ്യ ശ്രമമായിരുന്നു അത്. തുടക്കംതന്നെ വിജയിക്കാന്‍ കഴിഞ്ഞു എന്നത് ആത്മവിശ്വാസം കിട്ടി. നീന്തലിനോടുള്ള ഈ പ്രണയത്തിനിടയില്‍ നീന്തല്‍ക്കുളത്തില്‍ തന്നെ മറ്റൊരു പ്രണയവും തളിര്‍ത്തു തുടങ്ങിയിരുന്നു. അക്കാലത്തെ ദേശീയ നീന്തല്‍ ചാമ്പ്യനായ സഞ്ജീബ് ചക്രവര്‍ത്തി എന്ന ബംഗാളി യുവാവാണ് ബുലയുടെ ഹൃദയം കവര്‍ന്നത്.''മാസങ്ങളോളം ഞങ്ങള്‍ ഒരേ ക്യാമ്പിലായിരുന്നു. ബംഗാളില്‍ നിന്നുള്ള കുട്ടിയായതുകൊണ്ടാവാം എന്നെ നന്നായി ശ്രദ്ധിച്ചിരുന്നു സഞ്ജീബ്. അതാവാം ഒടുവില്‍ പ്രണയത്തിലും വിവാഹത്തിലും എത്തിയത്''- പ്രണയദിനങ്ങളെക്കുറിച്ച് ബുല ഓര്‍ക്കുന്നു.
ഈസ്റ്റേണ്‍ റെയില്‍വെയില്‍ സ്‌പോര്‍ട്‌സ് ഓഫീസറാണ് സഞ്ജീബ് ഇപ്പോള്‍. അഞ്ചു വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു നീന്തല്‍താരങ്ങളുടെ വിവാഹം. വിവാഹശേഷവും നീന്തല്‍ തുടരാം എന്ന ഉറപ്പിലായിരുന്നു വിവാഹത്തിനിറങ്ങിയത്. ''ഒന്നോ രണ്ടോ വര്‍ഷം കഴിഞ്ഞാല്‍ നീന്തല്‍ പ്രേമം കഴിയും എന്നാണ് ഞാന്‍ കരുതിയത്. ഇതിപ്പോള്‍ പത്തു വര്‍ഷം കഴിഞ്ഞിട്ടും ഭ്രമം കൂടുന്നതേയുള്ളൂ. സദാസമയവും ഇപ്പോള്‍ വെള്ളത്തില്‍ തന്നെ''-ബുലയെ ഒന്നു കളിയാക്കിയ മട്ടില്‍ സഞ്ജീബ് പൊട്ടിച്ചിരിക്കുന്നു. ഏക മകന്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ സര്‍വ്വജിതും ചിരിയില്‍ പങ്കു ചേര്‍ന്നു.''1994ലായിരുന്നു എന്റെ പ്രസവം. ഒരു വര്‍ഷത്തിനുശേഷം സ്വിമ്മിംഗ്പൂളില്‍ എന്റെ പഴയ ഇനങ്ങളില്‍ മത്സരിക്കാനിറങ്ങി. പക്ഷേ മൂന്നാം സ്ഥാനത്തായിപ്പോയി. അതോടെ സ്വിമ്മിംഗ്പൂളിലെ ഹ്രസ്വദൂര നീന്തല്‍ ഞാന്‍ കൈവിട്ടു. അപ്പോഴാണ് പഴയ ഇംഗ്ലീഷ് ചാനലിലെ നീന്തല്‍ ഓര്‍മയിലെത്തിയത്. അതോടെ ഒരിക്കല്‍കൂടി ഇംഗ്ലീഷ് ചാനല്‍ മറികടക്കുക എന്നതായി ലക്ഷ്യം. അതിനുള്ള ഒരുക്കങ്ങളിലായി പിന്നീട്. 1999ല്‍ രണ്ടാംവട്ടവും ഇംഗ്ലീഷ് ചാനല്‍ നീന്തിക്കടന്നു. അതു കഴിഞ്ഞ് തിരിച്ചുവന്നപ്പോള്‍ നാട്ടില്‍ ലഭിച്ച സ്വീകരണം ഗംഭീരമായിരുന്നു. അതൊരു പ്രോത്സാഹനവും പ്രചോദനവുമായി. പിന്നെ ജിബ്രാള്‍ട്ടര്‍, കാതലീന, കൂക്ക് സ്ട്രീറ്റ് അങ്ങിനെ ഇതാ ഏഴു കടലും അഞ്ചു വന്‍കരയും നീന്തി വന്നിരിക്കുന്നു ഞാന്‍.''സ്വീകരണമുറിയിലെ കൂറ്റന്‍ ഷോകെയ്‌സില്‍ എണ്ണിയാല്‍ തീരാത്ത മെഡലുകള്‍. ''പക്ഷേ ഒരു ദുഃഖം എന്നെ അലട്ടുന്നു. 1986ലെ ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണം കൈയില്‍ നിന്ന് വഴുതിപ്പോവുകയായിരുന്നു. ഇനി അതിനൊന്നും അവസരവും ഇല്ല''-നിറഞ്ഞ ചിരിയില്‍ നൊമ്പരം ഒതുക്കുന്നു ബുല.
1990ല്‍ അര്‍ജുന അവാര്‍ഡ്,ഇന്ത്യാ ഗവര്‍മ്മെണ്ടിന്റെ 'ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡും 2008 പത്മശ്രീ അവാര്‍ഡ്‌നേടി, ഇപ്പോള്‍ വെസ്റ്റ് ബംഗാള്‍ മിട്നപ്പൂര്‍ എംഎല്‍എ ആ