A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ഒഴുകുന്ന ഏദന്‍ !


മെസെപ്പെട്ടോമിയ എന്നാല്‍ നദികള്‍ക്കിടയിലെ പ്രദേശം എന്നാണ് അര്‍ഥം . യൂഫ്രെട്ടീസും ടൈഗ്രിസും ആണ് ആ നദികള്‍ . ഇവിടുത്തെ വരണ്ട, അര്‍ദ്ധമരുഭൂവില്‍ ഒരു വിചിത്ര സ്ഥലം ഒളിഞ്ഞിരുപ്പുണ്ട് ! അതാണ്‌ വിശാലമായ മെസെപ്പെട്ടോമിയന്‍ ചതുപ്പ് നിലങ്ങള്‍ ! കണ്ണെത്താ ദൂരത്തോളം വളര്‍ന്ന് നില്‍ക്കുന്ന കൂറ്റന്‍ പുല്‍ വര്‍ഗ്ഗങ്ങള്‍ .... അതിനിടയില്‍ ചെറിയ ചെറിയ ചെളി തുരുത്തുകള്‍ ...... ഇതിനിടയിലൂടെ വളഞ്ഞും തിരിഞ്ഞും ഒഴുകുന്ന ജലം .... അവിടെയും ഇവിടെയും നെല്‍കൃഷിയുടെ പച്ചപ്പ്‌ ...... വെള്ളത്തില്‍ ഓടിക്കളിക്കുന്ന ചെറുമീനുകള്‍ .... ചതുപ്പില്‍ മേഞ്ഞു നടക്കുന്ന പോത്തുകള്‍ ... ഇതാണ് ഈ വിചിത്ര ഭൂമിയുടെ ഏകദേശ ചിത്രം . അയ്യായിരം കൊല്ലങ്ങള്‍ക്ക് മുന്നേ സുമേറിയന്‍ ജനതയില്‍ ഒരു വിഭാഗം ഇവിടെ പാര്‍പ്പ്‌ ആരംഭിച്ചിരുന്നു . അവരുടെ പിന്‍ തലമുറയാണ് ഇന്ന് ഇവിടെ കാണുന്ന ചതുപ്പ് അറബികള്‍ (Marsh Arabs). പുല്ലുകളും ചെളിയും കെട്ടുപിണഞ്ഞു കിടക്കുന്ന ചെറുതുരുത്തുകളില്‍ ആണ് ഇവര്‍ തങ്ങളുടെ വിചിത്ര വീടുകള്‍ പണിയുന്നത് . ഏകദേശം ഇരുപതിനായിരത്തോളം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ ചതുപ്പ് നിലങ്ങളുടെ ഭൂരിഭാഗവും ദക്ഷിണ ഇറാക്കില്‍ ആണ് ഉള്ളത് . ബാക്കി ഭാഗം കുറെ ഇറാനിലും . വളരെ കുറച്ചു ഭാഗം കുവൈറ്റ് അതിര്‍ത്തിയിലും ഉണ്ട് .
ക്രിസ്തുവിനും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ് സുമേരിയന്‍ ജനത എങ്ങിനെയാണോ ഈ നീര്‍ വനങ്ങളില്‍ വീടുകള്‍ നിര്‍മ്മിച്ചിരുന്നത് അതേ രീതിയില്‍ തന്നെയാണ് ഇന്നത്തെ മാര്‍ഷ് അറബികളും തങ്ങളുടെ ഭവനങ്ങള്‍ നിര്‍മ്മിക്കുന്നത് എന്നതാണ് അതിശയകരം . മുധിഫ് (mudhif) എന്ന് വിളിക്കുന്ന ഇത്തരം ചതുപ്പ് വീടുകള്‍ പൂര്‍ണ്ണമായും ചതുപ്പില്‍ നിന്നും ലഭ്യമാകുന്ന ഉണങ്ങിയ പുല്ലുകളും , കണ്ടല്‍ ചെടികളും ചെറു കമ്പുകളും കൊണ്ടാണ് നിര്‍മ്മിക്കുന്നത് . ഇതിനായി ആണിയും തടിയും ഉള്‍പ്പടെ മറ്റൊരു "വിദേശ' വസ്തുക്കളും അവര്‍ ഉപയോഗിക്കാറില്ല . നമ്മുടെ മുളയോട് സാദൃശ്യമുള്ള Qasab എന്ന കൂറ്റന്‍ പുല്ലാണ് (ഇതിനു ചിലപ്പോള്‍ ഏഴര മീറ്ററോളം നീളം വെയ്ക്കും ) മുധിഫ് വീട് നിര്‍മ്മിക്കുവാന്‍ ഏറ്റവും അധികം ഉപയോഗിക്കുന്നത് . ചുരുങ്ങിയത് മൂന്ന് ദിവസങ്ങള്‍കൊണ്ട് ഇവര്‍ക്ക് ഇത്തരം ഒരു ചെറിയ വീട് നിര്‍മ്മിക്കുവാന്‍ സാധിക്കും . വീട് നിര്‍മ്മിക്കുന്ന ചെറു തുരുത്തുകള്‍ tuhul എന്നോ kibasha എന്നോ dibin എന്നോ ആണ് അറിയപ്പെടുന്നത് . കണ്ടാല്‍ ഉറപ്പുള്ളത് എന്ന് തോന്നിക്കുമെങ്കിലും ഇത്തരം ദ്വീപുകള്‍ ചെറിയ രീതിയില്‍ അങ്ങോട്ടും ഇങ്ങോട്ടും ചലിക്കും . സ്വന്തം വീട് അയല്‍വാസിയുടെ വീടുമായി കൂട്ടിയിടിക്കാന്‍ സാധ്യത ഉള്ളതിനാല്‍ ചുറ്റും വാരികള്‍ സ്ഥാപിച്ച് ഉറപ്പിച്ച ശേഷമാണ് ഇവര്‍ നിര്‍മ്മാണം തുടങ്ങുക . ഇവരുടെ വീടുകള്‍ മാറ്റി സ്ഥാപിക്കാനും വളരെ എളുപ്പമാണ് . ചതുപ്പിലെ ജലവിതാനം ഉയരുമ്പോള്‍ ഇവര്‍ ശ്രദ്ധാപൂര്‍വ്വം ഈ വീടുകള്‍ അഴിച്ച് മറ്റൊരിടത്ത് കൊണ്ട് സ്ഥാപിക്കും . നല്ല രീതിയില്‍ നോക്കിയാല്‍ ഇരുപത്തി അഞ്ചു വര്ഷം വരെയും ഇത്തരം ഒരു വീട് ഉപയോഗിക്കാനാവും . അതിഥികള്‍ക്കും ഉന്നതര്‍ക്കും വേണ്ടി നിര്‍മ്മിക്കുന്ന വീടുകളെ raba എന്നാണ് വിളിയ്ക്കുന്നത് . ചതുപ്പിലൂടെ ഇവര്‍ സഞ്ചരിക്കുന്ന വള്ളങ്ങളെ mashoof അല്ലെങ്കില്‍ tarada എന്നാണ് പറയുന്നത് . പുല്ലുകള്‍ക്കിടയിലൂടെ തുഴയാന്‍ ബുദ്ധിമുട്ട് ആയതിനാല്‍ ആദ്യം രണ്ടോ മൂന്നോ പോത്തുകളെ ആ വഴി അഴിച്ചു വിടും . പോത്തുകള്‍ നീന്തി പുല്ലുകള്‍ മാറി വഴി ക്ലിയര്‍ അയാള്‍ പിറകെ വള്ളങ്ങളും പോകും !
ചതുപ്പില്‍ രക്തം കലര്‍ന്നപ്പോള്‍ !
--------------------------------------
Maʻdān (Arabic: معدان) എന്നറിയപ്പെടുന്ന ചതുപ്പ് അറബികള്‍ ഭൂരിഭാഗവും ഷിയാ മുസ്ലീമുകള്‍ ആണ് . വളരെ കുറച്ച് Mandaeans എന്നൊരു വിഭാഗവും ഇവരുടെ ഇടയില്‍ ഉണ്ട് ( മോശയെ വ്യാജപ്രവാചകനായും മോശ ഇസ്രായേലിന് പരിചയപ്പെടുത്തിയ ദൈവത്തെ പിശാചായും കണക്കുകൂട്ടുന്ന ഒരു ജ്ഞാനവാദ മതം ) . ചില സദാം വിരുദ്ധര്‍ ചതുപ്പിലെ മുധിഫ് വീടുകളില്‍ അഭയം പ്രാപിച്ചത് മദാന്‍ എന്ന ചതുപ്പ് നിവാസികളുടെ ആകമാന നാശത്തിനു വഴിവെച്ചു . സദാമിന്റെ പട്ടാളം പല തവണ ചതുപ്പ് ഗ്രാമങ്ങള്‍ റെയ്ഡ് ചെയ്തു . അവസാന കൈ എന്ന നിലയില്‍ ചതുപ്പിലെയ്ക്കുള്ള ജലത്തിന്‍റെ മാര്‍ഗ്ഗങ്ങള്‍ അടയ്ക്കുകയും ചെയ്തതോടെ വറ്റി വരണ്ട ചതുപ്പ് നിലങ്ങളില്‍ നിന്നും അയ്യായിരം കൊല്ലത്തെ സംസ്കാരം അവസാനിപ്പിച്ചുകൊണ്ട് മദാന്‍ അറബികള്‍ അവിടെ നിന്നും ഇറാനിലെയ്ക്ക് കൂട്ട പലായനം ചെയ്തു . എന്നാല്‍ സദാമിന്റെ പതനത്തോടെ ചിലര്‍ തിരികെ എത്തിയെങ്കിലും കലാപ ഭൂമിയായി മാറിയ ഇറാക്കില്‍ എത്രനാള്‍ അവര്‍ക്ക് പിടിച്ചു നില്‍ക്കാന്‍ കഴിയും എന്ന് കണ്ടറിയണം .
അടിക്കുറിപ്പ് : Mubarak bin London (Arabic for "the blessed one from London") എന്നറിയപ്പെടുന്ന പര്യവേഷകനായ Sir Wilfred Patrick Thesiger പറയുന്നത് മുഹമ്മദ്‌ നബിയുടെ കുടുംബവുമായി ബന്ധമുള്ള ചില മാര്‍ഷ് അറബുകളെ അദ്ദേഹം തന്‍റെ യാത്രക്കിടയില്‍ കണ്ടു മുട്ടി എന്നാണ് . മെസപ്പെട്ടോമിയന്‍ ചതുപ്പ് നിലങ്ങളില്‍ നിലവിലുള്ള ഏക മത തീര്‍ഥാടന കേന്ദ്രം പ്രവാചകനായ എസ്രായുടെ ശവകുടീരം (Al-ʻUzair) എന്നറിയപ്പെടുന്ന സ്ഥലമാണ് . ഇത് 1050 മുതല്‍ ആണ് അങ്ങിനെ അറിയപ്പെടുവാന്‍ ആരംഭിച്ചത് . ഒന്നാം നൂറ്റാണ്ടിലെ ജൂത ചരിത്രകാരനായ ജോസഫസ് പറയുന്നത് എസ്രാ ജറുസലേമില്‍ വെച്ച് മരിച്ചു എന്നാണ് .