51 വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഭവിച്ചത്..? 1964 ഡിസംബര്‍ 22... സമയം 23:55... പാതിരാവിന്റെ സൂചികള്‍ ഇനി കുറച്ച് കൂടി ടിക് - ടിക് അടിച്ചാല്‍ പിന്നെ പന്ത്രണ്ടാം മണിയുടെ പ്രളയം ആരംഭിക്കുകയാണ്. പക്ഷേ അന്ന് രാത്രിയില്‍ ധനുഷ്‌ക്കോടി റെയില്‍വേ സ്റ്റേഷനിലെ ആ ഘടികാരം അതിന്റെ പന്ത്രണ്ടാം മണികള്‍ മുഴക്കിയോ? അതേസമയം സ്റ്റേഷന് വിളിപ്പാടകലെയായി നമ്പര്‍ 653, പാമ്പന്‍ - ധനുഷ്‌ക്കോടി പാസഞ്ചര്‍ ട്രെയിന്‍ തകരാറായ സിഗ്‌നലും കാത്തു കിടക്കുകയായിരുന്നു.
ആ ട്രെയിനിലെ 110 യാത്രക്കാരും അഞ്ച് റെയില്‍വേ ജീവനക്കാരും അടുത്ത അഞ്ച് മിനിറ്റിനുള്ളില്‍ തങ്ങള്‍ക്ക് എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് അറിയാതെ ട്രെയിനിലെ അരണ്ട വെളിച്ചത്തില്‍ മൂകരായി ഇരിക്കുകയാണ്. കാറ്റിന്റെയും കടലിന്റെയും ദൈവങ്ങള്‍ കോപിച്ച വിവരം അവര്‍ പകലേ അറിഞ്ഞതാണ്. എങ്കിലും ധനുഷ്‌ക്കോടിയിലെ അലറുന്ന കടലുകള്‍ക്കിടയിലകപ്പെട്ട പ്രിയപ്പെട്ടവര്‍ക്ക് അരികിലേക്ക് എങ്ങനെയും എത്തിയാല്‍ മതിയെന്ന വിചാരം മാത്രമാണ് അവര്‍ക്കുണ്ടായിരുന്നത്.
സിഗ്‌നല്‍ കാത്തുകിടന്ന ആ ലോക്കോ പൈലറ്റിനും എങ്ങനെയും തൊട്ടടുത്തുള്ള സ്റ്റേഷന്റെ സുരക്ഷിതത്തിലെത്തിയാല്‍ മതിയായിരുന്നു. പിന്നീട് അയാള്‍ സിഗ്‌നലുകളെ കുറിച്ച് കൂടുതലൊന്നും ആലോചിച്ചു കാണില്ല. ട്രെയിന്‍ പതിയെ മുന്നോട്ടെടുത്തു. ആ യാത്ര 7 മീറ്റര്‍ ഉയരത്തില്‍ പാഞ്ഞുവന്ന തിരമാലകളുടെ വായിലേക്കാണെന്ന് അറിഞ്ഞപ്പോഴേക്കും ഹതഭാഗ്യരായ ആ മനുഷ്യര്‍ രക്ഷപ്പെടാനാകാത്തവിധം കൊടുങ്കാറ്റൊരുക്കിയ തിരമാലച്ചുഴികളില്‍ വിലയം പ്രാപിച്ചിരുന്നു.
അക്ഷരാര്‍ത്ഥത്തില്‍ അന്ന് രാത്രിയില്‍ ധനുഷ്‌ക്കോടി റെയില്‍വേ സ്റ്റേഷനിലെ ആ ഘടികാരം പന്ത്രണ്ടാം മണികള്‍ മുഴക്കിയില്ല. സമയനിഷ്ഠ ഇന്ത്യന്‍ റെയില്‍വേയുടെ മുഖമുദ്രയായിരുന്ന കാലത്തെ ആ സ്റ്റേഷന്‍ ഘടികാരത്തെ രൗദ്രസാഗരങ്ങള്‍ അഗാധതയിലേക്ക് പറിച്ചെടുത്തു കൊണ്ടുപോയി. ഏത് കൂരിരുട്ടിലും ഇരുമ്പുപാതകളില്‍ ട്രെയിനുകള്‍ക്ക് വഴികാട്ടിയാകേണ്ട പച്ചയും ചുവപ്പും വിളക്കുകള്‍ അനിവാര്യമായ ദുരന്തം കാണാതിരിക്കാന്‍ എപ്പോഴൊ മിഴികളടച്ചിരിന്നു. പിന്നീട് അവിടെ മുഴങ്ങിയത് മരണത്തിന്റ്‌റെ കൂട്ട മണിയാണ്. പാമ്പന്‍ ദ്വീപിലെ രണ്ടു ഗ്രാമങ്ങളെയും തുറമുഖ പട്ടണത്തെയും മൊത്തം 1800 ഓളം വരുന്ന മനുഷ്യരെയും അവരുടെ സര്‍വ്വസ്വങ്ങളെയും മണിക്കൂറില്‍ 240 - 280 കി.മീറ്റര്‍ വേഗതയുള്ള കൊടുങ്കാറ്റും പേമാരിയും തിരമാലകളും ചേര്‍ന്ന് ദയയുടെ കണിക പോലും കാട്ടാതെ ഭൂമുഖത്ത് നിന്നും അപ്രത്യക്ഷമാക്കിക്കളഞ്ഞു. ആ കൊടുങ്കാറ്റിന്റെ ഉഗ്രത വെറും മൂന്ന് മിനിറ്റ് മാത്രമാണ് ദ്വീപിനെ വരിഞ്ഞുമുറുക്കിയത്!
പാമ്പന്‍ ദ്വീപിന്റെ കിഴക്ക് തെക്കായി ധനുഷ്‌ക്കോടിയില്‍ ഈ ദാരുണ സംഭവം നടക്കുമ്പോള്‍ ദ്വീപിന്റെ എതിര്‍ ഭാഗത്ത് ദ്വീപിനെ ഇന്ത്യയുടെ പ്രധാന ഭൂവിഭാഗവുമായി ബന്ധിപ്പിക്കുന്ന പാമ്പന്‍ പാലവും സാരമായി തകര്‍ന്നു വീണു കഴിഞ്ഞിരുന്നു. അപ്പോഴും ആ കൂരിരുട്ടില്‍ ആ പാലത്തില്‍ തൂങ്ങിക്കിടന്ന് കൈവശമുള്ള വയര്‍ലെസ്സുമായി നാലു ജീവനക്കാര്‍ ഭൂമിയില്‍ നിന്നും അപ്രത്യക്ഷമായിപ്പോയ ധനുഷ്‌ക്കോടി സ്റ്റേഷനിലെ സ്റ്റേഷന്‍ മാസ്റ്ററെ ബന്ധപ്പെടാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. പാലത്തില്‍ തൂങ്ങിക്കിടന്ന ആ അര്‍ദ്ധ പ്രാണരായ രാത്രി പട്രോളിങ് ജീവനക്കാരെ പിന്നീട് കൊച്ചിയില്‍ നിന്നെത്തിയ നാവിക ഭടന്മാരാണ് രക്ഷപ്പെടുത്തിയത്.
ഇതേസമയം പാമ്പന്‍ ദ്വീപിന്റെ ചുറ്റോടുചുറ്റ് താണ്ഡവമാടിക്കൊണ്ടിരുന്ന കൊടുങ്കാറ്റിനെയും കൂറ്റന്‍ തിരമാലകളെയും ഭയന്ന് ജനം പ്രാണരക്ഷാര്‍ത്ഥം രാമേശ്വരത്തെ പൗരാണികമായ രാമനാഥ സ്വാമി ക്ഷേത്രത്തില്‍ അഭയം തേടി. വിളിപ്പാടകലെ കടല്‍ ഉണ്ടായിട്ടും അന്ന് രാമേശ്വരത്ത് കടല്‍ കയറാഞ്ഞ ഏക സ്ഥലമായിരുന്നു രാമനാഥ സ്വാമി ക്ഷേത്രമെന്നത് നമ്മുടെ പൗരാണികവാസ്തു നിര്‍മ്മിതികള്‍ പ്രകൃതിയെയും കാലാവസ്ഥയെയും ഗണിച്ചിട്ടുള്ളതാണെന്നതിന്റെ തെളിവായിരുന്നു.
ക്ഷേത്രത്തില്‍ അഭയം തേടിയ ചിലര്‍ക്കൊക്കെ ധനുഷ്‌ക്കോടിയില്‍ എന്തോ ദുരന്തം നടന്നതായി അറിയാം. പക്ഷേ രാമേശ്വരത്തും പ്രകൃതി താണ്ഡവമാടിക്കൊണ്ടിരിക്കുന്നതിനാല്‍ ആര്‍ക്കും ഒന്നും തിരക്കിയറിയാന്‍ കഴിയുന്നില്ല. എന്നാല്‍ പാമ്പന്‍ ദ്വീപിനും പടിഞ്ഞാറ് ഇന്ത്യയുടെ പ്രധാന ഭൂവിഭാഗത്തിന് ഈ സംഭവങ്ങളെ കുറിച്ചൊന്നുമറിയില്ലായിരിന്നു. ആകെക്കൂടി മണ്ഡപം തീരത്ത് അറിയാനിടയുള്ളത് പാമ്പന്‍ പാലത്തില്‍, കൂരിരുട്ടില്‍ തൂങ്ങിക്കിടന്ന ജീവനക്കാരുടെ വയര്‍ലെസ്സ് സന്ദേശങ്ങള്‍ മാത്രമായിരിക്കണം. മഴയും കാറ്റും ചീറിയടിച്ചു കൊണ്ടിരുന്നതിനാല്‍ അവിടെയും വാര്‍ത്തകള്‍ അറിയുന്നതിനുള്ള പരിമിതികള്‍ ഉണ്ടായിരുന്നുവെന്ന് കരുതേണ്ടിയിരിക്കുന്നു.
ഈ ദാരുണസംഭവം ലോകമറിയുന്നത് ദുരന്തം കഴിഞ്ഞ് 48 മണിക്കൂര്‍ കഴിഞ്ഞാണ്. ധനുഷ്‌ക്കോടി ദുരന്തത്തിന് സാക്ഷിയാവാന്‍ തമിഴ് നടന്‍ ജമിനി ഗണേശനും ഇന്ത്യന്‍ എക്‌സ്പ്രസിലെ പാര്‍ട്ടൈം ലേഖകനു കഴിഞ്ഞിരുന്നു. അവര്‍ ആ രാത്രിയില്‍ ഒരു വള്ളത്തില്‍ എങ്ങനെയോ കയറിപ്പറ്റി പിറ്റേന്ന് എപ്പോഴോ മണ്ഡപം തീരത്തെത്തി. ഒരു ബൂത്തില്‍ നിന്ന് മധുര ഇന്ത്യന്‍ എക്‌സ്പ്രസിലേക്ക് വിളിച്ചറിയിച്ചു. ഇന്ത്യന്‍ എക്‌സ്പ്രസില്‍ ആ വിറയാര്‍ന്ന വാക്കുകള്‍ ശ്രവിച്ച് വാര്‍ത്ത തയ്യാറാക്കിയ ലേഖകന് പിറ്റേന്ന് നേരം പുലര്‍ന്നപ്പോഴാണ് ആ കാര്യം വ്യക്തമായത്. 48 മണിക്കൂര്‍ മുമ്പ് ഇന്ത്യന്‍ മഹാ രാജ്യത്തെ പൗരാണിക - തുറമുഖ പട്ടണത്തെയും അവിടെ ഓടിക്കൊണ്ടിരുന്ന ഒരു ട്രെയിനിനെയും മൊത്തം 1800-ഓളം വരുന്ന മനുഷ്യരെയും കൊടുങ്കാറ്റ് വിഴുങ്ങിയ വിവരം ആദ്യമായി ലോകമറിയുന്നത് തന്നിലൂടെയാണെന്ന്. ആ ലേഖകന്‍ മലയാളിയായ പി. അരവിന്ദാക്ഷനായിരുന്നു...
ആ പാതിരാത്രിയില്‍ ധനുഷ്‌ക്കോടിയെ വിഴുങ്ങുന്നതിനും മണിക്കൂറുകള്‍ക്ക് മുമ്പ് ആ പ്രചണ്ഡമാരുതന്‍ ശ്രീലങ്കയുടെ വടക്കുപടിഞ്ഞാറ് പാക് ഉള്‍ക്കടലിലെ ജാഫ്‌നാ ജില്ലയിലെ വാവുനിയ, തലൈമന്നാര്‍ പട്ടണങ്ങളെ ലങ്ക നാളിതുവരെ കണ്ട ഏറ്റവും വലിയ 'സൈക്‌ളോണി'ലൂടെ കശക്കിയെറിഞ്ഞിരുന്നു. ആ ദുരന്തത്തിന്റെ തീവ്രതയൊന്നും പാമ്പന്‍ ദ്വീപിലെ സാധാരണ ജനങ്ങള്‍ക്ക് അറിയാനുള്ള ആധുനിക വാര്‍ത്താ സങ്കേതങ്ങളൊന്നും അന്ന് നിലവിലുണ്ടായിരുന്നില്ല. ആ കൊടുങ്കാറ്റിനെ കുറിച്ച് ബംഗാള്‍ സമുദ്രത്തില്‍ സഞ്ചരിച്ചിരുന്ന കപ്പലുകള്‍ ധനുഷ്‌ക്കോടി തുറമുഖത്തിന് കൊടുത്തിരിക്കാവുന്ന റേഡിയോ സന്ദേശങ്ങള്‍ മാത്രമായിരിക്കാം ആകെക്കൂടി ദ്വീപില്‍ ലഭ്യമായ വാര്‍ത്തകള്‍. അത്തരം കപ്പല്‍ സന്ദേശങ്ങള്‍ കുറച്ചു ദിവസമായി കിട്ടികൊണ്ടിരിക്കുന്നതിനാല്‍ അതിന് ഒരു അടിയന്തിര പ്രാധാന്യം നല്‍കിക്കാണണമെന്നുമില്ല.
തലമുറകളായി കൊടുങ്കാറ്റുകളെയും കൂറ്റന്‍ തിരമാലകളെയും കണ്ടു ശീലിച്ച ധനുഷ്‌ക്കോടി മുനമ്പിലെ മനുഷ്യര്‍ക്ക് അന്ന് നടന്ന ആ ദാരുണസംഭവങ്ങള്‍ പിന്നീട് എപ്പോഴെങ്കിലും ഒന്നോര്‍ത്തു നടുങ്ങാന്‍ പോലും ഭാഗ്യമില്ലാതെപോയി. വിരലിലെണ്ണാവുന്ന ദൃക്‌സാക്ഷികള്‍ മാത്രം. അതും കൂരിരുട്ടില്‍ യമദേവന്റെ കണ്ണില്‍പ്പെടാതെ ചില ഉയരമുള്ള തൂണുകളിലും മറ്റുമായി പിടിച്ചിരുന്നവര്‍ മാത്രം! ബാക്കി എല്ലാവരും മരണത്തിന്റെ അഗാധഗര്‍ത്തങ്ങളിലേക്ക് വലിച്ചെടുക്കപ്പെട്ടു.
ആ ദുരന്തത്തിന് മുമ്പുളള ധനുഷ്‌ക്കോടി എങ്ങനെയായിരുന്നു? ബ്രിട്ടീഷ് കാലം മുതല്‍ ബംഗാള്‍ തീരത്തെ ഒരു പ്രധാന തുറമുഖ പട്ടണമായിരുന്നു. അന്ന് മദ്രാസിലെ ( ചെന്നൈ ) എഗ്മൂറില്‍ നിന്ന് ഇന്ത്യന്‍ റെയില്‍വേയുടെ അഭിമാനമായ ബോട്ട് മെയ്ല്‍ എക്‌സ്പ്രസ്സില്‍ ഒരു ടിക്കറ്റെടുത്ത് ധനുഷ്‌ക്കോടിയിലെത്തി, ഫെറിയില്‍ കയറി സിലോണിലെ ( ശ്രീലങ്ക ) തലൈമന്നാര്‍ വഴി കൊളംബോയിലേക്ക് പോകാമായിരുന്നു. എന്തിനേറെ പറയുന്നു, അന്ന് കൊല്ലത്തു നിന്ന് എടുക്കുന്ന ഒറ്റ ടിക്കറ്റില്‍ മലയാളികള്‍ക്ക് കൊളംബോ വരെ പോകാന്‍ പറ്റുമായിരുന്നു.
ആ തുറമുഖ പട്ടണത്തില്‍ റെയില്‍വേ സ്റ്റേഷനും തുറമുഖ ഓഫീസിനും പുറമേ, കസ്റ്റംസ്, ഫിഷറീസ്, കമ്പി- തപാല്‍ ഓഫീസുകളും ഉണ്ടായിരുന്നു. കൂടാതെ ക്രിസ്ത്യന്‍ ചര്‍ച്ച്, ഹിന്ദു ക്ഷേത്രം, ആശുപത്രി, സ്‌കൂള്‍, ടെക്‌സ്‌റ്റൈല്‍ ഷോപ്പ്, ഹോട്ടല്‍, മറ്റ് നിത്യോപയോഗഷോപ്പുകള്‍ എന്നിവയും ഉണ്ടായിരുന്നു. മല്‍സ്യബന്ധനത്തിലും തുറമുഖ ജോലികളിലും വ്യാപൃതരായിരുന്നവരാലും ബലികര്‍മ്മത്തിനായി വരുന്ന ഹിന്ദു തീര്‍ത്ഥാടകരാലും സജീവമായ ഒരു പട്ടണമായിരുന്നു ധനുഷ്‌ക്കോടി. അക്കൊല്ലത്തെ ക്രിസ്മസ് ആഘോഷിക്കാനായി ധനുഷ്‌ക്കോടി ചര്‍ച്ചും കാത്തിരിക്കുകയായിരുന്നു. പക്ഷേ ബംഗാള്‍ സമുദ്രത്തിലെ പിശാച് ബാധിച്ച കൊടുങ്കാറ്റുകള്‍ കാത്തിരുന്നത് ദുരന്തം ആഘോഷിക്കാനായിരുന്നു...
ആ ദുരന്തത്തിന് ശേഷം ഇക്കാലമത്രയും ഇന്ത്യാ ഗവണ്‍മെന്റ് ധനുഷ്‌ക്കോടിയെ മനുഷ്യ വാസയോഗ്യമല്ലാത്ത സ്ഥലമായിട്ടാണ് കണ്ടിരിക്കുന്നതെങ്കിലും ആ ദുരന്തഭൂമിയുടെ നിദാന്ത സൗന്ദര്യം കാണാന്‍ ധാരാളം ടൂറിസ്റ്റുകള്‍ എത്തുന്നുവെന്നതാണ് ധനുഷ്‌ക്കോടിയുടെ പ്രാധാന്യം.
#കടപ്പാട് : ദയാല്‍ കരുണാകരന്‍ , മാതൃഭൂമി and. tnks to Mahesh mrr ( charithraneshikal member)