1936ൽ, ഒറ്റയ്ക്ക് ജിപ്സി മോത്ത് വിമാനം പറത്തിയ സരള തക്രാൾ ആണ് ഇന്ത്യയിലെ ആദ്യത്തെ വനിതാ പൈലറ്റ്.
പൈലറ്റുമാരുടെ കുടുംബത്തിൽ നിന്ന് വന്ന സരളയുടെ ആദ്യ ഭർത്താവായ ക്യാപ്റ്റൻ P D ശർമയാണ് അവരെ ട്രെയിൻ ചെയ്തതും, ലാഹോർ ഫ്ളയിങ് ക്ലബ്ബിൽ അംഗമാക്കിയതും എല്ലാം. ശർമയുടെ അച്ഛനും, സരളയെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചു. ലാഹോറിനും കറാച്ചിക്കും ഇടയിൽ സ്ഥിരമായി ഫ്‌ളൈറ്റ് ഓടിച്ചിരുന്ന ശർമ, സരളയെ വിവാഹം ചെയ്യുമ്പോൾ അവർക്ക് പതിനാറ് വയസ്സായിരുന്നു പ്രായം. ലാഹോർ ഫ്ളയിങ് ക്ലബ്ബിന്റെ ജിപ്സി മോത്ത് വിമാനത്തിൽ സരള ആയിരം മണിക്കൂർ തനിച്ച് പറത്തി ലൈസൻസ് കരസ്ഥമാക്കുമ്പോൾ വയസ്സ് 21, കൂട്ടിന് നാല് വയസ്സുകാരി മകളും ഉണ്ടായിരുന്നു. സ്ത്രീകൾക്കിടയിൽ അന്ന് തുല്യ പ്രാതിനിധ്യത്തിനായുള്ള ശബ്ദങ്ങൾ ഉയരുമ്പോൾ സരളയെന്ന ഇരുപത്തിഒന്നുകാരിയായ അമ്മ, എല്ലാറ്റിനും മുകളിലൂടെ പറക്കുകയായിരുന്നു. അതും പുരുഷന്മാരുടെ കുത്തകയായ വിമാനത്തിന്റെ കോക്പിറ്റിലേക്ക് സാരിയുടുത്താണ് സരള കാൽ വച്ചത്.
വിമാനം പറത്താനുള്ള A ലൈസൻസ് കരസ്ഥമാക്കിയ സരളയെ, B ലൈസൻസ് കൂടി എടുപ്പിച്ച് ഒരു കൊമേർഷ്യൽ പൈലറ്റ് ആക്കി മാറ്റണമെന്നായിരുന്നു ശർമയുടെ ആഗ്രഹം. ജിപ്സി മോത്ത് എന്ന ട്രെയിനിങ് വിമാനം അല്ലാതെ, മറ്റേതെങ്കിലും കൊമേർഷ്യൽ വിമാനം പറത്തണമെന്ന് സരളയ്ക്കും ആഗ്രഹം ഉണ്ടായിരുന്നു. പക്ഷെ വിധി അവർക്കായി കരുതി വച്ചത് മറ്റൊന്നാണ്.
1939ൽ, ക്യാപ്റ്റൻ ശർമ ഒരു വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. അന്ന് സരളയുടെ പ്രായം 24. ചെറു പ്രായത്തിൽ തന്നെ വിധവയായ സരള, അറിയുന്ന വിദ്യ കൊണ്ട് കൊമേർഷ്യൽ പൈലറ്റ് ലൈസൻസിന് അപേക്ഷിച്ചെങ്കിലും, രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടത് കൊണ്ട് സിവിലിയൻസിനെ ട്രെയിൻ ചെയ്യിക്കുന്ന പരിപാടി അധികൃതർ നിർത്തി വച്ചിരിക്കുകയായിരുന്നു. അതോടെ പറക്കാനായി തയ്യാറാക്കി വച്ച ചിറകുകൾ മടക്കി അവർ പെയിന്റിങ്ങിലേക്കും, കലയിലേക്കും മടങ്ങി.
ഇന്ത്യാ-പാക് വിഭജനത്തോടെ ഡൽഹിയിലേക്ക് കുടിയേറിയ സരള, അവിടെ വച്ചാണ് R P തക്രാളിനെ പരിചയപ്പെടുന്നതും, വിവാഹം ചെയ്യുന്നതും. വിവാഹത്തോടെ പൂർണ്ണമായും ചിത്ര രചനയും, വസ്ത്ര/ആഭരണ ഡിസൈനിംഗുമായി തുടർന്ന സരള ആ ഫീൽഡിൽ വളരെ വേഗം തന്നെ ഉന്നതിയിലെത്തി. ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന ഡിസൈനർമാരിൽ ഒരാളായി മാറിയ സരള പിന്നീട് ഒരിക്കലും തന്റെ പഴയ സ്വപ്നങ്ങൾ പൊടിതട്ടി എടുത്തിരുന്നില്ല, 2008ൽ അവർ മരിക്കും വരെ കോക്പിറ്റും കണ്ടിട്ടില്ല.
ഇന്ത്യയിലെ ആദ്യത്തെ വനിതാ കൊമേർഷ്യൽ പൈലറ്റ് - Prem Mathur (1947)
ഇന്ത്യൻ എയർലൈൻസിന്റെ ആദ്യ വനിതാ പൈലറ്റ് - Durba Banerjee (1956)