A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ശ്രീലങ്കൻ പുലി ചരിത്രത്തിലെ ചില ചീന്തിയ ഏടുകൾ


ഞാനന്ന് സ്കൂള്‍ വിദ്യാര്‍ഥിയാണ്. 1958ല്‍ സിംഹളര്‍ നടത്തിയ തമിഴ് വംശഹത്യ കഴിഞ്ഞ ഉടനെയുള്ള കാലം. സിംഹള വംശീയവാദികള്‍ തമിഴ് വംശജരെ അതിക്രൂരമായി കൂട്ടക്കൊല ചെയ്തതിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ എന്റെ കാതിലെത്തുന്നുണ്ടായിരുന്നു. തികച്ചും അസ്വസ്ഥനും അശാന്തനുമായിരുന്നു ഞാനന്ന്.
എന്റെ കുടുംബ സുഹൃത്തായൊരു വിധവയെ ആയിടെ കണ്ടുമുട്ടാനിടയായി. തമിഴ് കൂട്ടക്കുരുതിയുടെ അമ്പരപ്പിക്കുന്ന ദുരന്തകഥ അവരെന്നോട് പറഞ്ഞു. കലാപത്തിനിടെ സിംഹള സംഘം കൊളംബോയിലെ അവരുടെ വീടാക്രമിച്ചു. വീടിന് തീ കൊളുത്തിയ സംഘം അവരുടെ ഭര്‍ത്താവിനെ ദാരുണമായി കൊലചെയ്തു. ദേഹമാസകലം മുറിവുകളോടെ മകനുമായി അവരെങ്ങനെയോ ജീവന്‍ തിരിച്ചെടുത്തു. അവരുടെ ദേഹത്തെ മുറിവുകള്‍ ഞെട്ടിക്കുന്നതായിരുന്നു.
മറ്റനേകം സംഭവങ്ങളും ഞാനറിയുന്നുണ്ടായിരുന്നു. ടാര്‍ ഉരുക്കിയൊഴിച്ച് പിഞ്ചു കുഞ്ഞുങ്ങളെ അതിലേക്കിട്ട് ചുട്ടുകൊന്നതിന്റെ കഥകള്‍. എണ്ണമറ്റ ആ കൊടും ക്രൂരതകള്‍ സ്വന്തം ജനതയോടുള്ള സ്നേഹം എന്നില്‍ വളര്‍ത്തി. ഈ വംശീയ ഭീകരതയില്‍ നിന്ന് എന്റെ ജനതയെ രക്ഷിക്കേണ്ടതിന്റെ ആവശ്യം ബോധ്യമായി. നിരായുധരായ പാവം ജനങ്ങളെ കൈയൂക്ക് കൊണ്ട് ഭരിക്കുന്നവരെ നേരിടാന്‍ സായുധ സമരത്തിനേ കഴിയൂ എന്നെനിക്ക് തീര്‍ച്ചയായി.
പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ സകല വിശ്വാസവും നഷ്ടമായ യുവാക്കളുടെ കാലമായിരുന്നു അത്. എഴുപതുകളുടെ തുടക്കം. സായുധ വിപ്ലവത്തിന്റെ പാതയിലേക്ക് ഞാനിറങ്ങുന്നത് അന്നേരമാണ്. നിസ്സഹായ ജനതക്ക് നേരെ കണ്ണടക്കുന്ന ഒരു ഭരണവ്യവസ്ഥയെ ആശ്രയിക്കാനാവില്ലെന്ന പൂര്‍ണ ബോധ്യത്തിലാണ് സായുധ പാത തെരഞ്ഞെടുത്തത്. തമിഴ് ജനതയുടെ മോചനത്തിന് ആയുധമെടുക്കാതെ വയ്യെന്ന് വിശ്വസിച്ച ഒരു സംഘം പ്രതിബദ്ധതയുള്ള ചെറുപ്പക്കാരെ ഒന്നിച്ചുകൂട്ടി ഞാന്‍ എല്‍.ടി.ടി.ഇ (ലിബറേഷന്‍ ടൈഗേഴ്സ് തമിഴ് ഈഴം) രൂപവത്കരിച്ചു.
തമിഴന്റെ രാഷ്ട്രീയ ചരിത്രത്തില്‍ വേരുറച്ച പ്രതീകമാണ് പുലി. ഞങ്ങളുടെ കൊടിയടയാളം പുലിയായിരുന്നു. ഞങ്ങള്‍ സ്വീകരിച്ച ഗറില്ലാ യുദ്ധമുറയെ പ്രതിഫലിപ്പിക്കുന്നതായിരുന്നു പുലി എന്ന ചിഹ്നം.
സംഘടന രൂപവത്കരിച്ച ശേഷം ഞാന്‍ ഒളിവില്‍ പോയി. വീട്ടുകാരുമായുള്ള സര്‍വ ബന്ധങ്ങളുമറ്റു. ഇത്ര കാലമായി ഞാനെന്റെ കുടുംബാംഗങ്ങളെ കണ്ടിട്ടില്ല. സാധാരണ ജീവിതം നയിക്കേണ്ട സാധാരണ മനുഷ്യനായി അവരെന്നെ കണ്ടിട്ടില്ല. ഉന്നത ലക്ഷ്യത്തിന് പൊരുതുന്ന ഗറില്ലാ പോരാളിയായാണ് കണ്ടത്. അവരെന്നെ, അതിനാല്‍ നിരുല്‍സാഹപ്പെടുത്തിയില്ല.
ഭൂരിപക്ഷ താല്‍പര്യം ന്യൂനപക്ഷങ്ങളില്‍ അടിച്ചേല്‍പിക്കാനാണ് ശ്രീലങ്കയിലെ ജനാധിപത്യ ഭരണസമ്പ്രദായം എന്നും ശ്രമിച്ചത്. തമിഴ് ജനതയുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പകരം ദുരിതം വര്‍ധിപ്പിക്കാനാണ് ജനാധിപത്യ ഭരണവ്യവസ്ഥ ശ്രമിച്ചത്. ദശകങ്ങളുടെ അടിച്ചമര്‍ത്തലിനെ തുടര്‍ന്ന് തമിഴ് ജീവിതം കൊടും ദുരിതങ്ങള്‍ക്കിടയിലായിരുന്നു. ഞങ്ങളുടെ ജനതയുടെ അഹിംസാ സമരങ്ങള്‍ അവര്‍ സൈനിക ശക്തികൊണ്ട് അടിച്ചമര്‍ത്തി. ഞങ്ങളുടെ നീതിയുക്ത ആവശ്യങ്ങള്‍ അവഗണിക്കപ്പെട്ടു. ഞങ്ങളെ തുടച്ചുനീക്കുന്നതിലേക്ക് അതിക്രമങ്ങള്‍ ശക്തിപ്രാപിച്ചു. ഈ സാഹചര്യത്തിലാണ് സായുധ പോരാട്ടം ഞങ്ങള്‍ തെരഞ്ഞെടുത്തത്. അതിജീവനത്തിനും സ്വാതന്ത്യ്രത്തിനുമുള്ള ഏകമാര്‍ഗം സായുധവിപ്ലവമാണെന്ന് ഞാന്‍ വിശ്വസിച്ചു. നിയമവിരുദ്ധമാവാം അതെന്ന് അറിയാമായിരുന്നു. നിയമങ്ങള്‍ മനുഷ്യവിരുദ്ധമാവുമ്പോള്‍ നാമെങ്ങനെ നിയമവിധേയമാവും?
14 വര്‍ഷത്തിനുശേഷം തിരിഞ്ഞുനോക്കുമ്പോള്‍ ലക്ഷ്യത്തിലേക്കുള്ള പാതയിലാണ് ഞങ്ങളെന്ന് തിരിച്ചറിയാം. 1983ലെ തമിഴ് വംശഹത്യ എല്ലാ വിഭാഗം ജനങ്ങളെയും ഞങ്ങള്‍ക്കൊപ്പമാക്കി. ഞങ്ങളുടെ ജനകീയ അടിത്തറ വളര്‍ന്നു. ഇത് ലക്ഷ്യത്തിലേക്കുള്ള പ്രധാന പടവ് തന്നെയാണ്.
ഇക്കാലയളവിലെ പോരാട്ടങ്ങള്‍ എന്റെ നിശ്ചയദാര്‍ഢ്യവും കാഴ്ചപ്പാടും ശക്തമാക്കുകയായിരുന്നു. ഗറില്ലാ പോരാളിയുടെ ജീവിതം അനുഭവസമ്പന്നമാണ്. ദുഃഖത്തിന്റെ, ആനന്ദത്തിന്റെ, നിരാശയുടെ, പ്രതീക്ഷയുടെ അനുഭവങ്ങള്‍. സായുധ വിപ്ലവപാത പൂര്‍ണമായും ശരിയാണെന്ന് ഈ അനുഭവങ്ങള്‍ എന്നെ ബോധ്യപ്പെടുത്തി. ഞങ്ങളെ ഭീകരവാദികളായി മുദ്ര കുത്തിയ മറ്റ് സംഘടനകള്‍ പോലും സായുധപോരാട്ടം അംഗീകരിച്ചുകഴിഞ്ഞു. സിംഹള സൈന്യത്തെ പരാജയപ്പെടുത്തി സ്വാതന്ത്യ്രം കൈവരിക്കാനുള്ള മാര്‍ഗമായി ഗറില്ലാ പോരാട്ടങ്ങളെ ജനങ്ങളും അംഗീകരിച്ചിട്ടുണ്ട്.
സൈന്യം ഏറ്റവുമധികം തെരഞ്ഞുനടക്കുന്ന ഒരാളാണ് ഞാന്‍ എന്ന അഭിമാനാര്‍ഹമാണ്. ഐറിഷ് സ്വാതന്ത്യ്ര പോരാട്ടത്തിലെ പ്രമുഖ നേതാവ് ഒരിക്കല്‍ പറഞ്ഞു. നൂറു ശതമാനം ഐറിഷ് രാജ്യസ്നേഹിയാവുന്നവരെയാണ് ബ്രിട്ടന്‍ ഭീകരനെന്ന് വിളിക്കുന്നതെന്ന്. ഈ അര്‍ഥത്തിലാണ് എന്നെക്കുറിച്ചുള്ള ലങ്കന്‍ സൈന്യത്തിന്റെ വിലയിരുത്തലുകള്‍ ഞാന്‍ കാണുന്നത്.
വിഘടനവാദികളാണ് ഞങ്ങളെന്ന വാദം ഒരിക്കലും ശരിയല്ല. സ്വന്തം ജനതയുടെ സ്വാതന്ത്യ്രത്തിന് വേണ്ടി പൊരുതുന്നവരാണ് ഞങ്ങള്‍. സ്വയം നിര്‍ണയാവകാശത്തിനായാണ് ഞങ്ങളുടെ പോരാട്ടം. മാതൃരാജ്യത്തിന്റെ പരമാധികാരത്തിനായുള്ള സമയം. ഏതെങ്കിലും രാജ്യം വിഘടിക്കാനല്ല ഞങ്ങളുടെ പോരാട്ടം. സ്വാതന്ത്യ്രത്തോടെയും അന്തസ്സോടെയും ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയാണത്. ഈയര്‍ഥത്തില്‍, ഞങ്ങള്‍ സ്വാതന്ത്യ്ര സമരസേനാനികളാണ്. ഭീകരവാദികളല്ല.
വിപ്ലവകാരികളായ സോഷ്യലിസ്റ്റുകളാണ് ഞങ്ങള്‍. തമിഴ് ഈഴം ഒരു സോഷ്യലിസ്റ്റ് രാജ്യമായിരിക്കും. അടിച്ചമര്‍ത്തലും ചൂഷണവുമില്ലാത്ത, മനുഷ്യസ്വാതന്ത്യ്രം വ്യക്തിഗത അന്തസ്സും ഉറപ്പുവരുത്തുന്ന സമത്വവാദ രാഷ്ട്രമാണ് സോഷ്യലിസ്റ്റ് എന്നത് കൊണ്ടുദ്ദേശിക്കുന്നത്. സ്വന്തം സംസ്കാരവും സമ്പദ്വ്യവസ്ഥയും വികസിപ്പിക്കാനുള്ള സര്‍വസ്വാതന്ത്യ്രവും അവിടെ ജനങ്ങള്‍ക്ക് ലഭിക്കും.
ചേരിചേരാ സിദ്ധാന്തത്തിലൂന്നുന്ന, സ്വതന്ത്ര കാഴ്ചപ്പാട് പുലര്‍ത്തുന്ന രാജ്യമായിരിക്കും അത്. ഇന്ത്യന്‍ ഉള്‍ക്കടല്‍ സമാധാന മേഖലയാക്കുന്നതുള്‍പ്പെടെ ഇന്ത്യയുടെ പ്രാദേശിക നയങ്ങളെ അങ്ങേയറ്റം വിലമതിക്കുന്ന, ഇന്ത്യയുടെ സൌഹൃദരാജ്യമായിരിക്കും അത്.
ഇന്ത്യയുടെ ഇടപെടലുകള്‍ ഞങ്ങളുടെ ജനതക്ക് എന്നും പ്രതീക്ഷ നല്‍കുന്നതാണ്. എന്നാല്‍, തമിഴ് ജനതയുടെ പ്രശ്നം പരിഹരിക്കുന്നതിന് ലങ്കയിലെ വംശീയ ഭരണകൂടം ഇന്ത്യയെ ഉപയോഗിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. സ്വയം നിര്‍ണയാവകാശത്തിനും സ്വാതന്ത്യ്രത്തിനും വേണ്ടിയുള്ള ഞങ്ങളുടെ പോരാട്ടങ്ങളും നീതിയുക്തമായ തമിഴ് ജനതയുടെ ആവശ്യങ്ങളും ഇന്ത്യ അംഗീകരിക്കണം. എന്നാല്‍, ഇതിന് ഇന്ത്യ സൈനികമായി ഇടപെടണമെന്ന് ഞങ്ങളാഗ്രഹിക്കുന്നില്ല. സഹതാപവും പിന്തുണയുമല്ല ഞങ്ങള്‍ക്കാവശ്യം.
ഒരു സ്വാതന്ത്യ്ര പോരാട്ടത്തിനു നിങ്ങള്‍ക്ക് രൂപരേഖയോ സമയപരിധിയോ നിശ്ചയിക്കാനാവില്ല. മാതൃരാജ്യത്തും രാജ്യാന്തര രംഗത്തുമുള്ള സാഹചര്യങ്ങള്‍ക്ക് അനുസൃതമായിരിക്കും ഞങ്ങളുടെ ലക്ഷ്യപ്രാപ്തി.
തമിഴ്ജനതക്കായി പ്രവര്‍ത്തിക്കുന്ന നിരവധി സംഘടനകളുണ്ട്. മാര്‍ഗം വ്യത്യസ്തമെങ്കിലും എല്ലാവരുടെയും ലക്ഷ്യം ഒന്നുതന്നെ. ഈ സംഘടനകളെ ഒന്നിപ്പിക്കണമെന്നാണ് എന്റെ അഭിപ്രായം. അഭിപ്രായ വ്യത്യാസങ്ങള്‍ പുറത്തു നിര്‍ത്തി, ഒരു പൊതു മിനിമം പരിപാടിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ മുന്നണി രൂപവത്കരിക്കണം എന്നാവശ്യപ്പെട്ട് 1982ല്‍ ഞാന്‍ ഈ സംഘടനകള്‍ക്ക് കത്തെഴുതിയിരുന്നു. എന്നാല്‍, നിര്‍ഭാഗ്യകരമെന്ന് പറയട്ടെ പൊതു പ്രവര്‍ത്തന പരിപാടികള്‍ തീരുമാനിക്കുന്നതില്‍ ഈ സംഘടനകള്‍ പരാജയപ്പെട്ടു.
ഐക്യ യോഗങ്ങളിലെല്ലാം ഇവര്‍ പരസ്പരം ഏറ്റുമുട്ടി. ഒന്നിക്കാനുള്ള സത്യസന്ധമായ താല്‍പര്യമോ വ്യക്തമായ ലക്ഷ്യബോധമോ ഇല്ലാത്തതാണ് ഇതിനിടയാക്കിയത്. ഞാനാണ്, ഐക്യ ശ്രമങ്ങള്‍ക്ക് തടസ്സമെന്ന മറ്റ് ഗ്രൂപ്പുകളുടെ പ്രചാരണം തെറ്റാണ്. അവര്‍ ഒന്നിച്ചു നില്‍ക്കുമെങ്കില്‍ ഞങ്ങള്‍ ഐക്യത്തിന് തയാറാണ്.
തമിഴ് പ്രശ്നം പൂര്‍ണമായി പരിഹരിക്കുന്നതിന് വട്ടമേശ സമ്മേളനങ്ങള്‍ക്ക് കഴിയില്ല. നിരവധി ദശകങ്ങളിലെ അനുഭവം അതാണ് പഠിപ്പിക്കുന്നത്. പ്രശ്നം പരിഹരിക്കണമെന്ന് സിംഹള നേതാക്കള്‍ക്ക് താല്‍പര്യമില്ല. തമിഴ് വംശജര്‍ക്ക് പ്രാദേശിക സ്വയംഭരണം നല്‍കുന്നതിന് എല്ലാ സിംഹള സംഘടനകളും ബുദ്ധമത സംഘടനകളും എതിരാവുന്നിടത്തോളം എല്ലാ സമാധാന ചര്‍ച്ചയും പരാജയമാവും. തമിഴ് ജനതക്ക് ചെറിയ ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് പോലും സിംഹള വിഭാഗം എതിരാണ്.
അമേരിക്കക്ക് ശ്രീലങ്കയില്‍ ഏറെ താല്‍പര്യങ്ങളുണ്ട്. ലങ്കയില്‍ വ്യോമതാവളം ഉണ്ടാക്കുകയാണ് അമേരിക്കന്‍ ലക്ഷ്യം. അവരതിന് സര്‍ക്കാറിന് ആയുധങ്ങളും ആയുധ പരിശീലനവും നല്‍കുന്നു. സൈന്യത്തിന് ഗറില്ലാ യുദ്ധമുറ അടക്കമുള്ളവ പരിശീലിപ്പിക്കുന്നതിന് ഇസ്രായേല്‍ ഒരുങ്ങുന്നതായും കേള്‍ക്കുന്നു.
ശ്രീലങ്കയില്‍ അമേരിക്കന്‍ താവളം വരുന്നത് ഇന്ത്യയുടെ ദേശീയ സുരക്ഷിതത്വത്തിനാവും കൂടുതല്‍ ഭീഷണി. ട്രിങ്ക്വാമാലിയില്‍ സൈനിക താവളം തുറക്കാന്‍ അമേരിക്കക്ക് കഴിഞ്ഞാല്‍ മേഖലയുടെ ചിത്രം മാറും. ഇന്ത്യന്‍ ഉള്‍ക്കടല്‍ യുദ്ധമേഖലയാവും. ഉപഭൂഖണ്ഡത്തില്‍ സംഘര്‍ഷം മൂര്‍ച്ഛിക്കും.
നിങ്ങള്‍ ചോദിക്കുന്നു, എന്റെ തോഴനും ദാര്‍ശനികനും വഴികാട്ടിയും ആരെന്ന്. എനിക്കൊന്നേ പറയാനുള്ളൂ. പ്രകൃതിയാണെന്റെ തോഴന്‍. ജീവിതമാണെന്റെ ദാര്‍ശനികന്‍, ചരിത്രമാണെന്റെ വഴികാട്ടി.
ഞാനൊരിക്കലും ഏകാകിയല്ല. വലിയൊരു ദേശീയ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കുകയാണ് ഞാന്‍. തമിഴ് ജനതയുടെ വലിയൊരു ഭാഗം എന്റെ കൂടെയുണ്ട്.
ഒരിക്കലും ഏകാന്തത എനിക്കനുഭവപ്പെട്ടിട്ടില്ല. സ്വന്തം ജീവിതവ്യഥകളില്‍ മുഴുകുന്നവര്‍ക്കുള്ളതാണ് ഏകാന്തത. വ്യക്തിപരതയെ മറികടന്ന് സാമൂഹികവും സംഘപരവുമായ സ്വത്വബോധത്തെ സ്വീകരിക്കുകയാണ് യഥാര്‍ഥ വിപ്ലവകാരി. സാധാരണ ജീവിതം അയാള്‍ക്ക് പറഞ്ഞിട്ടില്ല. മറ്റുള്ളവര്‍ക്ക് വേണ്ടിയാണ് അയാളുടെ ജീവിതം. മഹത്തായ ഒരാദര്‍ശത്തിനു വേണ്ടിയുള്ള ജീവിതം നമുക്ക് ആത്മീയമായ അനുഭൂതി തരുന്നു.
അപകടങ്ങള്‍ നിറഞ്ഞത് തന്നെയാണ് ഈ പാത. ശത്രുവിന്റെ പിടിയില്‍പെടാനും സാധ്യതയുണ്ട്. എന്നാല്‍, ജീവനോടെ കീഴടങ്ങാനല്ല, വീരോചിതമായി പൊരുതി മരിക്കാനാണ് ഞാനിഷ്ടപ്പെടുന്നത്.
- വേലുപ്പിള്ള പ്രഭാകരൻ
അവലംബം:
1984ല്‍ സണ്‍ഡേ മാഗസിനില്‍ പ്രസിദ്ധീകരിച്ച അഭിമുഖം
--