പ്രാചീനവും പ്രാഢവുമായ ദ്രാവിഡ സംസ്കാരത്തിന്റെ ആധാര കേന്ദ്രങ്ങളിലൊന്നാണ് ചിദംബരം. ശൈവ വിശ്വാസങ്ങളുടെയും തത്ത്വചിന്തയുടെയും മുഖ്യകേന്ദ്രം. പ്രപഞ്ചത്തെ ഒരു ആനന്ദ താണ്ഡവനൃത്തമായി കാണുന്ന നടരാജ ദർശനമാണ് ചിദംബരത്തേത്.
അതിവിശാലവും മനോഹരവുമായ തില്ലൈ നടരാജർ ക്ഷേത്രമാണ് ചിദംബരത്തെ മുഖ്യ ആകർഷണം. തമിഴ്നാട്ടിലെ തെക്കൻ ആർക്കാട്ടു പ്രദേശത്താണ് ചിദംബരം പട്ടണം. പരമശിവന്റെ നടരാജനൃത്തരൂപമാണ് ചിദംബരം ക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്ഠ. തില്ലൈ കോതൻ എന്ന പേരിലാണ് ശിവനെ ആരാധിക്കുന്നത്. ശിവക്ഷേത്രങ്ങളിലെല്ലാം തന്നെ ആരാധിക്കുന്നത് ശിവലിംഗത്തെയാണ്. വിഗ്രഹ രൂപത്തിൽ ശിവനെ ആരാധിക്കുന്നത് അത്യപൂർവമാണ്. അത് ചിദംബരത്തെ ഒരു മുഖ്യ സവിശേഷതയാണ്.
ഇന്ന് ലോകമെമ്പാടും ഭാരതീയ കലാദർശനങ്ങളുടെ ഏറ്റവും നല്ല പ്രതീകമാണ് നടരാജനൃത്തം. വിശ്രുത കലാചിന്തകനായ ആനന്ദകുമാരസ്വാമിയുടെ 'ദ ഡാൻസ് ഓഫ് ശിവ' എന്ന പ്രശസ്ത ഗ്രന്ഥമാണ് നടരാജനൃത്തത്തിന്റെയും ഭാരതീയ കലാദർശനങ്ങളുടെയും ഗരിമ ലോകസമക്ഷം അവതരിപ്പിച്ചത്.
ചിദംബരത്തെ നടരാജക്ഷേത്രം അതിപ്രാചീനമാണ്. പല കാലങ്ങളിലായി പലപല രാജാക്കൻമാരാണ് ക്ഷേത്രത്തിന് ഇന്നത്തെ രൂപം നൽകിയത്. ചിദംബരം പട്ടണത്തിന്റെ നടുവിൽ 40 ഏക്കർ വിസ്തൃതിയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശ്രീകോവിലിന്റെ മേൽക്കൂര സ്വർണത്തടികുകൾകൊണ്ട് പൊതിഞ്ഞിരിക്കുന്നു. ചിത്സഭ എന്ന ശ്രീകോവിലിലാണ് നടരാജന്റയും ശിവകാമിയുടെയും വിഗ്രഹങ്ങൾ. മരം കൊണ്ടുള്ള തൂണുകളിൽ നിൽക്കുന്ന ചിത്സഭ പൂർണമായും ദാരു നിർമിതമാണ്. നടരാജ വിഗ്രഹത്തിനു വലതു ഭാഗത്തായി ചിദംബര രഹസ്യം. ഇവിടെ വിഗ്രഹങ്ങളോ പ്രതിഷ്ഠകളോ ഒന്നുമില്ല. പരമശിവന്റെ സാന്നിധ്യം സങ്കല്പിച്ച് ആരാധന നടത്തുകയാണ് ഇവിടെ. ആദിശങ്കരാചാര്യർ പ്രതിഷ്ഠിച്ചത് എന്നു വിശ്വസിക്കുന്ന സ്ഫടിക ലിംഗമാണ് ക്ഷേത്രത്തിലെ മറ്റൊരു പ്രധാന ആരാധനാസ്ഥാനം.
ഇങ്ങനെ ക്ഷേത്രത്തിൽ പരമശിവനെ മൂന്നു തരത്തിൽ ദർശിക്കാനാവും. രൂപം, രൂപാരൂപം, അരൂപം എന്നിങ്ങനെ. നടരാജമൂർത്തിയെ ദർശിക്കുന്നതാണ് രൂപം. സ്ഫടികലിംഗ ദർശനമാണ് രൂപാരൂപം. ചിദംബര രഹസ്യത്തിലെ ദർശനം അരൂപവും.
ക്ഷേത്രത്തിലെ നൃത്തസഭയിലെ തൂണുകളിൽ ശിവന്റെ ഊർധ്വതാണ്ഡവ ശില്പങ്ങൾ കാണാം. ഭാരതീയ നൃത്തരൂപങ്ങളുടെ ദാർശനിക മുഖമാണിവിടെ പ്രകടമാകുന്നതെന്ന് ആനന്ദകുമാരസ്വാമി അഭിപ്രായപ്പെടുന്നു.
പ്രാകാരത്തിനു പുറത്ത് ശിവകാമി അമ്മൻ ക്ഷേത്രവും രാജസഭ എന്ന ആയിരംകാൽ മണ്ഡപവും സ്ഥിതിചെയ്യുന്നു.