കുരുവമ്പലം:
പെരിന്തല്‍മണ്ണ താലൂക്കില്‍ പുലാമന്തോള്‍ പഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമം.മൂന്നു ഭാഗവും ചെറുകുന്നുകളും വയലേലകളും പച്ചപ്പുകളും നിറഞ്ഞ പ്രകൃതിസുന്ദരമായ ഈ ഗ്രാമത്തിന് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ നിര്‍ണായകമായ സ്ഥാനമുണ്ട്. 1921 നവമ്പര്‍ 19 ന് എം എസ് എല്‍ വി 1711 ം നമ്പര്‍ വാഗണില്‍ പിടഞ്ഞു വീണു മരിച്ച ധീരദേശാഭിമാനികളായ 70 പേരില്‍ 41 പേരും കുരുവമ്പലം ഗ്രാമക്കാരായിരുന്നു.35 പേര്‍ കുരുവമ്പലം വില്ലേജ്കാരും. ആറു പേര്‍ ഒരു റോഡിന്റെ മറുവശത്തുള്ള പുലാമന്തോള്‍ വില്ലേജ്കാരും.
പെരിന്തല്‍മണ്ണ താലൂക്കില്‍ പുലാമന്തോള്‍ പഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമം.മൂന്നു ഭാഗവും ചെറുകുന്നുകളും വയലേലകളും പച്ചപ്പുകളും നിറഞ്ഞ പ്രകൃതിസുന്ദരമായ ഈ ഗ്രാമത്തിന് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ നിര്‍ണായകമായ സ്ഥാനമുണ്ട്. 1921 നവമ്പര്‍ 19 ന് എം എസ് എല്‍ വി 1711 ം നമ്പര്‍ വാഗണില്‍ പിടഞ്ഞു വീണു മരിച്ച ധീരദേശാഭിമാനികളായ 70 പേരില്‍ 41 പേരും കുരുവമ്പലം ഗ്രാമക്കാരായിരുന്നു.35 പേര്‍ കുരുവമ്പലം വില്ലേജ്കാരും. ആറു പേര്‍ ഒരു റോഡിന്റെ മറുവശത്തുള്ള പുലാമന്തോള്‍ വില്ലേജ്കാരും.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ വാഗണ്‍ ട്രാജഡിക്ക് സമാനമായ സംഭവം വേറെയില്ല തന്നെ.ഈ ദുരന്തത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെടുകയും പിന്നീട് ജീവിക്കാനവസരമുണ്ടാവുകയും ചെയ്ത മലപ്പുറം മേല്‍മുറിയിലെ കൊന്നോല അഹമ്മദ് ഹാജിയുടെ വാക്കുകള്‍ ഇത് സാക്ഷ്യപ്പെടുത്തും. "അകത്ത് കടന്നവരുടെ (വാഗണില്‍) കാലുകള്‍ നിലത്തമര്‍ന്നില്ല. ഇരുന്നൂര്‍ പാദങ്ങള്‍ ഒന്നിച്ചമരാനുള്ള വിസ്തീര്‍ണ്ണം ആ സാമാന വണ്ടിക്കില്ലായിരുന്നു. ഒറ്റക്കാലില്‍ മേല്‍ക്കുമേല്‍ നിലംതൊടാതെ ആ ഹതഭാഗ്യരുടെ യാത്ര ആരംഭിച്ചു. ദാഹം സഹിക്കവയ്യാതെ തൊണ്ടപൊട്ടുമാര്‍ ഞങ്ങള്‍ ആര്‍ത്തു വിളിച്ചു. കൈപൊന്തിയവരൊക്കെ വാഗണ്‍ ഭിത്തികളില്‍ ആഞ്ഞടിച്ച് ശബ്ദമുണ്ടാക്കി. ആര് കേള്‍ക്കാന്‍. മുറിക്കകത്ത് കൂരാകൂരിരുട്ട്.വണ്ടി ഏതൊ സ്റ്റേഷനില്‍ (ഷൊര്‍ണ്ണൂര്‍) നില്‍ക്കാന്‍ പോവുന്നതായി തോന്നി. ഞങ്ങള്‍ ശേഷിപ്പുള്ള ശക്തിയെല്ലാം സംഭരിച്ച് ആര്‍ത്തു വിളിച്ചു. എല്ലാം വനരോദനം മാത്രം. അപ്പോഴേക്കും പലരും മേല്‍ക്കുമേല്‍ മലര്‍ന്നു വീണു തുടങ്ങിയിരുന്നു.അറിയാതെ കുമ്മി കുമ്മിയായി മലം വിസര്‍ജിച്ചു. കൈകുമ്പിളില്‍ മൂത്രം വലിച്ചു കുടിച്ചു ദാഹം തീര്‍ക്കാന്‍ വിഫല ശ്രമം നടത്തി. ആണാടിനെ പോലെ സഹോദരന്റെ ശരീരത്തില്‍ പൊടിഞ്ഞ വിയര്‍പ്പുകള്‍ നക്കിതുവര്‍ത്തി നോക്കി. ദാഹം ശമിക്കുന്നില്ല. ശ്വാസം കിട്ടുന്നില്ല.അന്യോന്യം മാന്തിപറിക്കാനും കടിച്ചുമുറിക്കാനും തുടങ്ങി. പൊട്ടിയൊലിച്ച രക്തം വലിച്ചു കുടിച്ചു.മരണ വെപ്രാളത്തില്‍ സഹോദര മിത്ര ബന്ധം മറന്നു.ശരിയും തെറ്റും തിരിച്ചറിയുന്ന മനസ്സ് നഷ്ടപ്പെട്ടു.എങ്ങനെയോ ഇളകിപ്പോയ ഒരാണിയുടെ പഴുതുള്ള ദ്വരത്തിനടുത്താണ് ഞാന്‍ വീണു പോയത്.എങ്കിലും കുറെ കഴിഞ്ഞപ്പോള്‍ ബോധം നഷ്ടപ്പെട്ടു.ബോധം തെളിഞ്ഞു നോക്കുമ്പോള്‍ നാലഞ്ഞു പേര്‍ മയ്യത്തായി എനിക്ക് മേല്‍ കിടക്കുന്നു.പുലര്‍ച്ചെ 4 മണിക്ക് വണ്ടി പോത്തന്നൂരിലെത്തി. ആ പാപികള്‍ വാതില്‍ തുറന്നു. മുറിക്കുള്ളില്‍ കണ്ട ഭീകരദൃശ്യം ആ പിശാചുകളെ തന്നെ ഞെട്ടിത്തരിപ്പിച്ചു.64 പേരാണ് കണ്ണു തുറിച്ച് ഒരു മുഴം നാക്കു നീട്ടി മരിച്ചു കിടക്കുന്നത്.60 മാപ്പിളമാരും 4 തിയ്യന്‍മാരും." (1981) പ്രസിദ്ധീകരിച്ച വാഗണ്‍ ട്രാജഡി സ്മരണികയില്‍ നിന്ന്). ബാക്കി 6 പേര്‍ ആശുപത്രിയില്‍ നിന്നാണ് മരിച്ചത്.
മലബാര്‍ മേഖലയില്‍ ശക്തി പ്രാപിച്ച പോരാട്ടങ്ങളെ ചെറുക്കാന്‍ കാട്ടിലും മഴയിലും യുദ്ധം ചെയ്ത് ശീലമുള്ള സേനാവിഭാഗങ്ങള്‍ മലബാറില്‍ വേണമെന്ന് മേജര്‍ ജനറല്‍മാര്‍ ആവശ്യപ്പെടുകയും അതനുസരിച്ച് അസം, ബര്‍മ അതിര്‍ത്തിയിലെ ഒരു തരം ഗിരിവര്‍ഗക്കാരായ 'ചിന്‍-കചിന്‍' എന്ന് പേരുള്ള ഒരു ബറ്റാലിയന്‍ മലബാറിലെത്തുകയായിരുന്നു. നായ്ക്കളെയും കാക്കകളെയും പാമ്പിനെയും വരെപിടിച്ചു തിന്നിരുന്ന അതിപ്രാകൃതരും അതിഭീകരരുമായ ഈ ബറ്റാലിയന്‍ നമ്മുടെയൊക്കെ ഗ്രാമങ്ങളിലൂടെ വരെ റോന്ത് ചുറ്റി.
കുരുവമ്പലം ഗ്രാമത്തിലൂടെയും പട്ടാളത്തിന്റെ റോന്ത് ചുറ്റലുണ്ടായിരുന്നു എന്ന് സാക്ഷ്യപ്പെടുത്തുന്ന ഒരു സംഭവം പറയാം. ബ്രിട്ടീഷ് പട്ടാളത്തിന്റെ ബൂട്ടിന്റെ ശബ്ദം ദൂരെ നിന്ന് കേള്‍ക്കുമായിരുന്ന ഗ്രാമീണര്‍ വീട് പൂട്ടി അയല്‍ പ്രദേശങ്ങളിലേക്ക് പോവുക പതിവായിരുന്നുവത്രേ. ഒരിക്കല്‍ പട്ടാളത്തിന്റെ വരവിനെ തുടര്‍ന്ന് വീട് ഗ്രാമത്തിന്റെ തെക്ക് പടിഞ്ഞാറെ ഭാഗമായ നീലുകാവില്‍ കുളമ്പിലേക്ക് ധൃതിപിടിച്ച് ഓടുകയായിരുന്നു കൂരിത്തൊടി കുഞ്ഞീമയും കുടുംബവും.മറ്റ് സാധനങ്ങള്‍ കയ്യില്‍ തൂക്കി ഓടുന്നതിനിടയില്‍ കൈക്കുഞ്ഞിനെ കുഞ്ഞീമ എട്ട് വയസുകാരിയായ മകള്‍ കുഞ്ഞായിശയെ ഏല്‍പിച്ചു.ഏറെ ദൂരം പോയ ശേഷം കുഞ്ഞീമ കുഞ്ഞെവിടെ എന്ന് അന്വേഷിച്ചു. 'കുട്ടിയെ ഞാന്‍ പാത്തു വെച്ചു ( ഒളിപ്പിച്ചു വെച്ചു )- എട്ടു വയസുകാരിയായ കുഞ്ഞായിശ നിഷ്കളങ്കമായി മറുപടി പറഞ്ഞു. കുട്ടിയെ കാണാന്‍ എല്ലാവരും തിരികയോടി. നെല്ലിന്റെ പതിര് കൂട്ടിയിരുന്ന കൂനയില്‍ നിന്ന് കുഞ്ഞായിശ കുട്ടിയെ മാന്തി പുറത്തെടുത്തു. ശരീരം മുഴുവന്‍ ഉറുമ്പരിച്ച് മൃതപ്രായനായ കുഞ്ഞിന്റെ പ്രാണന്‍ പൂര്‍ണമായും നിലച്ചിരുന്നില്ല.ആ കുഞ്ഞ് പീന്നീട് 84 വയസ്സു വരെ ജീവിച്ചു.
വാഗണ്‍ ട്രാജഡി സംഭവത്തിനിരയായ 70 ല്‍ 40 പേരും എങ്ങനെയാണ് കുരുവമ്പലത്തുകാരനായി എന്നത് ഇനിയും വിശദമായ പഠനത്തിന് വിധേയമക്കേണ്ട കാര്യമാണ്.കൃത്യമായി രേഖപ്പെടുത്തപ്പെട്ട ചരിത്ര രേഖയോ പുതു തലമുറക്ക് ചരിത്രം പകര്‍ന്ന് നല്‍കണമെന്ന അവബോധമോ അക്കാലത്തെ സമൂഹത്തിന് ഉണ്ടായിട്ടില്ല. പ്രാധമിക വിദ്യാഭ്യാസം പോലും നേടാനാകാത്ത ഒരു ശരാശരി ഗ്രാമമാണ് കുരുവമ്പലം. ഗ്രാമീണരില്‍ 90 ശതമാനവും ദരിദ്രനാരയണന്‍മാര്‍. പകലന്തിയോളം പണിയെടുത്ത് കിട്ടുന്ന കൂലി കൊണ്ട് അത്തായത്തിനു വകയും കണ്ടെത്തി കൂരകളില്‍ അന്തിയുറങ്ങിയിരുന്ന പവപ്പെട്ട ഒരു സമൂഹമാണിവിടെ ജീവിച്ചിരുന്നത്.മറ്റൊന്ന് ഈ സമരത്തില്‍ പങ്കെടുത്ത് വീരമൃത്യു വരിച്ചവരിലധികവും അവിവാഹിതരായ യുവാക്കളായിരുന്നു എന്നതാണ്. ദുരന്തത്തിനിരയായി അവര്‍ മരിക്കുകയും വൃദ്ധരായ അവരുടെ മാതാപിതാക്കളും മരണപ്പെട്ടതോടെ ആ ചരിത്രവും അവിടെ അവസാനിയ്ക്കുകയാണുണ്ടായത്.
നാളിതു വരെയുള്ള വാഗണ്‍ ട്രാജഡി ദിനാചരണച്ചടങ്ങുകളില്‍ കുരുവമ്പലം ഗ്രാമത്തെ പരാമര്‍ശിക്കാന്‍ പോലും ആരും തയ്യാറായിരുന്നില്ല. അങ്ങനെയൊരു ചരിത്രപ്രധാന്യം ഈ ഗ്രാമത്തിനുള്ള കര്യം അധികമാര്‍ക്കും അറിയില്ലായിരുന്നു.ഇന്ന് ചെറുതെങ്കിലും ധീരദേശാഭിമാനികളെ സ്മരിക്കാന്‍ ഒരു ലൈബ്രറി അടക്കമുള്ള ഒരു സ്മാരക മന്ദിരം കുരുവമ്പലത്ത് നിര്‍മിക്കാനായിട്ടുണ്ട്.വാഗണ്‍ ട്രാജഡി സ്മാരക സമിതി എന്ന പേരില്‍ എല്ലാ വര്‍ഷവും അനുസ്മരണച്ചടങ്ങുകളും സെമിനാറുകളും സംഘടിപ്പിച്ച് വരാറുണ്ട്.
നാളിതു വരെയുള്ള വാഗണ്‍ ട്രാജഡി ദിനാചരണച്ചടങ്ങുകളില്‍ കുരുവമ്പലം ഗ്രാമത്തെ പരാമര്‍ശിക്കാന്‍ പോലും ആരും തയ്യാറായിരുന്നില്ല. അങ്ങനെയൊരു ചരിത്രപ്രധാന്യം ഈ ഗ്രാമത്തിനുള്ള കര്യം അധികമാര്‍ക്കും അറിയില്ലായിരുന്നു.ഇന്ന് ചെറുതെങ്കിലും ധീരദേശാഭിമാനികളെ സ്മരിക്കാന്‍ ഒരു ലൈബ്രറി അടക്കമുള്ള ഒരു സ്മാരക മന്ദിരം കുരുവമ്പലത്ത് നിര്‍മിക്കാനായിട്ടുണ്ട്.വാഗണ്‍ ട്രാജഡി സ്മാരക സമിതി എന്ന പേരില്‍ എല്ലാ വര്‍ഷവും അനുസ്മരണച്ചടങ്ങുകളും സെമിനാറുകളും സംഘടിപ്പിച്ച് വരാറുണ്ട്.
ദുരന്തത്തിനിരായായവരില്‍ പകുതിയിലധികവും കുരുവമ്പലത്തുകാരാകാനുള്ള കാരണങ്ങളെ കുറിച്ച് കഴിയാവുന്ന വിധത്തില്‍ ഒരു അന്വേഷണം നടത്തുകയുണ്ടായി.അങ്ങനെ കിട്ടിയ വസ്തുതകള്‍ ഇപ്രകാരമാണ്. 1921 ആഗസ്ത് മാസത്തോടെ മലബാര്‍ മേഖലയില്‍ ശക്തമായിരൂപം കൊണ്ട സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് ആലി മുസ്ലിയാരെ പോലുള്ള മതപണ്ഡിതന്‍മാര്‍ കൂടിയായിരുന്നു. മതപണ്ഡിതന്‍മാര്‍ക്ക് സമൂഹത്തില്‍ ആഴത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്നു എന്ന കാര്യം ബ്രിട്ടീഷ് ഭരണാധികാരികള്‍ മനസ്സിലാക്കി. അത്തരത്തിലുള്ള പണ്ഡിതന്‍മാരെയും സൂഫിവര്യന്‍മാരെയും അന്വേഷിക്കുന്നതും വേണ്ടി വന്നാല്‍ കസ്റ്റഡിയിലെടുക്കുന്നതും അക്കാലത്ത് പതിവായിരുന്നു. കുരുവമ്പലം വില്ലേജിലെ വളപുരം പ്രദേശത്ത് അക്കലത്ത് ജീവിച്ചിരുന്ന പ്രമുഖ പണ്ഡിതനായിരുന്നു കല്ലേത്തൊടി കുഞ്ഞുണ്ണീന്‍ മുസ്ലിയാര്‍. നിരവധി ശിഷ്യസമ്പത്തുള്ള മഹാനായിരുന്നു അദ്ധേഹം. പ്രദേശത്തുകാര്‍ ചികിത്സക്കും മറ്റും സമീപിച്ചിരുന്നത് മുസ്ലിയാരെ ആയിരുന്നു. നാട്ടുകാര്‍ക്കെല്ലാം പ്രിയപ്പെട്ടവനായിരുന്ന കുഞ്ഞുണ്ണീന്‍ മുസ്ലിയാരെ പട്ടാളം അറസ്റ്റ് ചെയ്യുകയും പെരിതല്‍മണ്ണയില്‍ കസ്റ്റഡിയില്‍ വെക്കുകയും ചെയ്തു. ഈ വാര്‍ത്ത കാട്ടു തി പോലെ പരന്നു. മുസ്ലിയാരെ അറസ്റ്റ് ചെയ്തത് എന്തിനാണെന്ന് അന്വേഷിക്കണമെന്ന് നാട്ടുകാര്‍ തീരുമാനിച്ചു.
ചോരത്തിളപ്പുള്ള ഒരു പറ്റം യുവാക്കള്‍ പെരിന്തല്‍മണ്ണയിലെക്ക് പുറപ്പെട്ടു.മലബാര്‍ സമരം കത്തിനില്‍ക്കുന്ന സമരമായിരുന്നു അത്.സമരക്കാരെ അടിച്ചമര്‍ത്താന്‍ നേരത്തെ പറഞ്ഞ ചിന്‍-കചിന്‍ എന്ന പ്രത്യേക വിഭഗം പട്ടാളക്കാരുടെ തേര്‍വാഴ്ചയുടെ കാലം.സാധാരണ യുദ്ധത്തിന്റെ വ്യവസ്ഥകളൊന്നും പാലിക്കാത്ത ഒരുതരം മൂര്‍ഖന്‍മാരായ പട്ടാളക്കാര്‍. മുസ്ലിയാരുടെ അറസ്റ്റ് സംബന്ധിച്ച് അന്വേഷിക്കാന്‍ ചെന്ന നിരായുധരായ ചെറുപ്പക്കാരെ കീഴ്പ്പെടുത്താനും തുറുങ്കിലടക്കാനും അവര്‍ക്ക് അധിക സമയം വേണ്ടിവന്നില്ല.എങ്കിലും അവര്‍ ഒരു പ്രത്യുപകാരം ചെയ്തു.കുഞ്ഞുണ്ണീന്‍ മുസ്ലിയാരെ നാട്ടിലേക്ക് തിരിച്ചയച്ചു. തുടര്‍ന്ന് 1921 നവമ്പര്‍ 19 ന് തിരൂരില്‍ നിന്ന് പുറപ്പെട്ട ദുരന്തവാഗണില്‍ ഈ ഹതഭാഗ്യരെല്ലാം ഉള്‍പെടുകയായിരുന്നു.
രാജ്യം സ്വാതന്ത്ര്യം നേടി. അതിന്റെ എല്ലാ സൌകര്യങ്ങളും ആവോളം ആസ്വദിക്കാന്‍ നമുക്കവസരമുണ്ടായി. പക്ഷേ ഈ അനുഭവിക്കുന്ന സ്വാതന്ത്ര്യം ഒരു സുപ്രഭാതത്തില്‍ ബ്രിട്ടീഷുകാരുടെ ഔദാര്യമായിരുന്നില്ല എന്ന കാര്യം നാം മറക്കരുത്. നാം അറിയുന്നവരും അറിയാത്തവരുമായ ആയിരങ്ങളുടെ ജീവന്‍ ബലിയര്‍പ്പിച്ച് നേടിയതാണിത്. അവരെ അടുത്തറിയാനും വരും തലമുറക്ക് പരിചയപ്പെടുത്താനും ഇനിയെങ്കിലും നമുക്ക് കഴിയണം. ഇല്ലെങ്കില്‍ അവരോട് ചെയ്യുന്ന ക്രൂരതയായിരിക്കുമത്.
കടപ്പാട് : സലീം കുരുവമ്പലം