1991 മെയ് 22 ബുധനാഴ്‌ച്ച പകല് ഇന്ത്യൻ ജനത ഉണർന്നത് ഒരു അപകട മരണ വാർത്ത കേട്ടായിരുന്നു. വാർത്ത അറിഞ്ഞവർ വിശ്വസിക്കാൻ പ്രയാസപ്പെട്ടു. വിശ്വസിച്ചരുടെ ഞെട്ടൽ മാറാൻ പിന്നെയും മണിക്കൂറുകളെടുത്തു. ഇന്ത്യയുടെ ഉരുക്കു വനിതയായിരുന്ന ശ്രീമതി ഇന്ദിരാ ഗാന്ധിയുടെ മകനും മുൻ പ്രധാനമന്ത്രിയും ദിവസങ്ങൾക്ക് മാത്രം പുതുതായി തെരഞ്ഞെടുക്കപ്പെട്ട് അധികാരമേൽക്കേണ്ട സർക്കാറിന്റെ ഭാവി പ്രധാന മന്ത്രിയുമായി ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന ജനത സ്വപ്നം കണ്ട നേതാവിനെയാണ് അവർക്ക് നഷ്ടപ്പെട്ടത്.
💫 1944 ൽ ബോംബെയിലായിരുന്നു രാജീവ് ഗാന്ധിയുടെ ജനനം. സ്വാതന്ത്ര്യ സമരങ്ങളിലെ വിദ്യാർത്ഥി മുന്നണി നേതാവായിരുന്ന ഫിറോസ് ഗാന്ധിയും ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹർ ലാൽ നെഹ്രൃവിന്റെ മകൾ ഇന്ദിരാ ഗാന്ധിയുമായിരുന്നു മാതാപിതാക്കൾ. ലക്നൗവിൽ ദി നേഷണൽ ഹെറാൾഡ് പത്രത്തിന്റെ മാനേജിംഗ് ഡയറക്റ്ററായിരുന്ന ഫിറോസ് ഗാന്ധി ബോംബെ സ്വദേശിയായിരുന്നു. ഇന്ദിരയുടെ അമ്മ കമലാ നെഹ്രുവാണ് തന്റെ പേരുമായി സാമ്യമുള്ള രാജിവ് എന്ന പേർ വിളിച്ചത്.
💫 രാജീവ് തന്റെ ആറാം വയസ്സിൽ മുംബൈയിലെ ശിവ് നികേതൻ സ്കൂളിൽ പ്രാഥമിക വിദ്യഭ്യാസത്തിന്നായി ചേർന്നു. ചിത്രരചനയിലും പെയിന്റിംഗിലും മികവ് പുലർത്തിയ രാജീവ് കുഞ്ഞുനാളിൽ ഒരു നാണം കുണുങ്ങിയും അന്തർമ്മുഖനുമായിരുന്നു. 1954 ൽ തന്റെ പത്താം വയസ്സിൽ ഡേറാഡൂണിൽ പ്രശസ്തമായ ദി ഡൂൺ സ്കൂളിൽ ചേർന്ന രാജീവ് സെക്കണ്ടറി വിദ്യഭ്യാസം ഡൂണിൽ പൂർത്തിയാക്കി. ശേഷം ഇംഗ്ലണിലെ കേംബ്രിഡ്‌ജ് യൂണിവേഴ്‌സിറ്റിയുടെ ട്രിനിറ്റി കോളേജിൽ എഞ്ചിനീയറിംഗ് ബിരുദത്തിന്ന് ചേർന്നു. 1964 ൽ ഡിഗ്രി പൂർത്തിയാക്കാതെ ട്രിനിറ്റിയിലെ പഠനം മതിയാക്കിയ രാജീവ് ഇംപീരിയൽ കോളേജിൽ ചേർന്നുവെങ്കിലും പഠനം പകുതി വെച്ച് നിർത്തി 1965 ൽ ഇന്ത്യയിലേക്ക് മടങ്ങി.
💫 ലണ്ടനിലെ ജീവിതക്കാലത്ത് പരിചയപ്പെട്ട ഇറ്റലിക്കാരിയായ എഡ്‌വിഗെ അന്റോണിയ അൽബിന മയിനോയുമായി 1968 ൽ വിവാഹം. സോണിയ എന്ന പേർ സ്വീകരിച്ച അവരുമായുള്ള വിവാഹം ഹിന്ദുമതാചാര പ്രകാരമായിരുന്നു. വിവാഹ ശേഷം ഇന്ത്യൻ പൗരത്വം നേടിയ സോണിയയ്‌ക്കും രാജീവിന്നും രണ്ട് മക്കൾ പിറന്നു. 1970 ൽ രാഹുലും 1972 ൽ പ്രിയങ്കയും.
💫 ആദ്യകാലങ്ങളിൽ രാജിവ് ഗാന്ധി, അമ്മയുടെ താൽപര്യമനുസരിച്ച് സഹോദരൻ സഞ്ജയ് ഗാന്ധിയെ പോലെ രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ താൽപര്യം കാണിച്ചിരുന്നില്ല. ലണ്ടനിൽ നിന്ന് തിരിച്ചെത്തിയ രാജീവ് ഇന്ത്യൻ ഫ്ലൈയിംഗ് ക്ലബ്ബിൽ അംഗത്വം നേടുകയും പൈലറ്റിനുള്ള പരിശീലനം ആരംഭിക്കുകയുമുണ്ടായി. 1970 ൽ എയർ ഇന്ത്യയിൽ പൈലറ്റായി പ്രവേശിച്ച രാജീവ് 5000 രൂപയെന്ന ശന്പളത്തിൽ സംതൃപ്തനായിരുന്നു. കമ്പ്യൂട്ടറിനെയും സംഗീതത്തെയും ഒരു പോലെ സ്നേഹിച്ചിരുന്ന രാജീവ് ആയിരുന്നു റോളിംഗ് സ്റ്റോൺസിന്ന് ബീറ്റിൽസിനെ റെഫർ ചെയിതത്.
💫 സഹോദരൻ സഞ്‌ജയ് ഗാന്ധിയുടെ അകാലത്തിലുള്ള മരണമാണ് രാജിവിനെ രാഷ്ട്രീയത്തിലേക്ക് വലിച്ചടുപ്പിച്ചത്. 1980 ജൂൺ 23 ന്ന് ന്യൂഡൽഹി വിമാനത്താവളത്തിന്ന് സമീപത്ത് വെച്ചുണ്ടായ വിമാന അപകടത്തിലാണ് സഞ്‌ജയ് ഗാന്ധി മരണപ്പെടുന്നത്. സ്പോർട്‌സ് കാറുകളിലും വിമാനം പറത്തലിലും അതീവ കന്പമുണ്ടായിരുന്ന സഞ്‌ജയിന്ന് പൈലറ്റ് ലൈസൻസുമുണ്ടായിരുന്നു. ഡൽഹി ഫ്ലൈയിംഗ് ക്ലബ്ബിന്റെ പുതിയ വിമാനം പറത്തുന്ന വേളയിൽ മരണം വിമാന അപകടത്തിന്റെ രൂപത്തിൽ വരുന്പോൾ കേവലം 33 വയസ്സായിരുന്നു സഞ്‌ജയ് ഗാന്ധിയ്‌ക്ക്. എം. പി. കൂടിയായിരുന്ന സഞ്‌ജയ് ഗാന്ധിയുടെ അകാല മരണത്തെ തുടർന്ന് അമേത്തിയിൽ നിന്ന് ഉപതെരഞ്ഞെടുപ്പിൽ രാജീവ് മത്സരിക്കണമെന്ന് സമ്മർദ്ദം ഉണ്ടാകുകയും രാജീവ് മത്സരിക്കുകയും ചെയിതു. ശരദ് യാദവ് എന്ന ശക്തനായ എതിരാളിയെ നേരിട്ട രാജീവ് 1981 ആഗസ്റ്റിൽ വിജയിച്ച് ആദ്യമായി പാർലമെന്റിലെത്തി. യൂത്ത് കോൺഗ്രസ്സിന്റെ അഖിലേന്ത്യാ പ്രസിഡണ്ട് പദവിയും ഈ കാലയളവിൽ തന്നെ രാജീവിനെ തേടിയെത്തി.
💫 1982 ലെ ഡൽഹി ഏഷ്യൻ ഗെയിംസിന്റെ വിജയത്തിന്റെ പിറകിലും രാജീവ് ഗാന്ധിയുടെ ആത്മാർത്ഥ പ്രവർത്തനമുണ്ടായിരുന്നു. കായിക മന്ത്രിയായിരുന്ന ശ്രീ ഭൂട്ടാ സിംഗിനെക്കാൾ അധികം ഗെയിംസിന്ന് വേണ്ടി രാപ്പകൽ പ്രവർത്തിച്ചത് സംഘാടക സമിതി അംഗമായിരുന്ന രാജിവ് ഗാന്ധിയായിരുന്നു.
💫 1984 ൽ സ്വന്തം അംഗരക്ഷകരാൽ പിടഞ്ഞ് വീണ് ഇന്ത്യയുടെ ഉരുക്കുവനിത ധീര മരണം പുൽകിയപ്പോൾ അടുത്ത പ്രധാനമന്ത്രി ആരാവണം എന്നതിൽ ഇന്ത്യൻ കോൺഗ്രസ് പാർട്ടിയിൽ രാജീവ് ഗാന്ധിയുടെയല്ലാതെ വേറൊരു പേർ ഉയർന്ന് വന്നില്ല. അന്നത്തെ ഇന്ത്യൻ പ്രസിഡണ്ട് ആയിരുന്ന ഗ്യാനി സെയിൽ സിംഗ് അഞ്ച് വർഷം പൂർത്തിയായ ഇന്ത്യൻ പർലമന്റ് പിരിച്ച് വിടുകയും ഇലക്ഷന്ന് ഉത്തരവിടുകയും ചെയിതു. ഇന്ദിരാ ഗാന്ധിയോടുള്ള സഹതാപ തരംഗം ആഞ്ഞടിച്ച ആ തെരെഞ്ഞെടുപ്പിൽ കോൺഗ്രസ്സിന്ന് അത്യുജ്ജല വിജയം നേടാനയി. 542 ൽ 411 ഉം നേടാനായ കോൺഗ്രസ് പാർട്ടിയുടെ സഭാനേതാവായി രാജീവ് തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുന്പോൾ രാജീവിന്ന് കേവലം നാൽപത് വയസ്സ് മാത്രമായിരുന്നു പ്രായം. രാജീവ് ഗാന്ധിയുടെ ക്ലീൻ ഇമേജും യുവത്വവും ഇന്ത്യയ്‌ക്കും കോൺഗ്രസ് പാർട്ടിയ്‌ക്കും ആദ്യകാലങ്ങളിൽ ഗുണം ചെയ്യുക തന്നെ ചെയിതു.
💫 ശ്രീപെരുംബതൂരിൽ തന്റെ ജീവൻ നഷ്ടപ്പെടുന്നതിന്ന് കൃത്യം നാൽ വർഷം മുന്പ് 1987 ജൂലായ് 29 ന്ന് ശ്രീലങ്കയിൽ എത്തിയ പ്രധാന മന്ത്രി രാജിവ് ഗാന്ധി ശ്രീലങ്കൻ പ്രസിഡണ്ട് ജെ. ആർ. ജയവർദ്ധനയുമായി സമാധാന കരാറിൽ ഒപ്പിടുകയുണ്ടായി. ഇതിന്റെ തൊട്ട് ദിവസം ജുലായ് 30 ന്ന് ഗാർഡ് ഓഫ് ഓണർ സ്വീകരിക്കുന്നതിനിടെ വലിയൊരു അപകടത്തിൽ നിന്ന് രക്ഷപെടുകയുണ്ടായി. ഒരു ശ്രീലങ്കൻ നേവൽ കേഡറ്റായ വിജയ മുനിഗെ റൊഹാന ഡി സിൽവ തന്റെ റൈഫിളിന്റെ വീതിയേറിയ ഭാഗം കൊണ്ട് രാജീവിന്റെ തല ലക്ഷ്യമാക്കി അടിച്ചുവെങ്കിലും പെട്ടെന്ന് തല വെട്ടി മാറ്റാനായതിൽ ആ അപകടത്തിൽ നിന്ന് രാജീവ് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.
💫 ജവഹർ നവോദയ വിദ്യാലയ എന്ന പദ്ധതി പ്രകാരം ക്ലാസ് 6 മുതൽ 12 വരെ ജില്ലയിലെ മികച്ച വിദ്യാർത്ഥികൾക്ക് കേന്ദ്ര സർക്കാറിന്റെ മികച്ച രീതിയിലുള്ള റെസിഡൻഷ്യൽ സ്കൂൾ 1986 ൽ സ്ഥാപ്പിച്ചത് രാജീവ് ഗാന്ധിയായിരുന്നു. ബോഫേഴ്‌സ് ഇടപാട് വിവാദമായപ്പോൾ ധനമന്ത്രിയായിരുന്ന ശ്രീ വി. പി. സിംഗ് വിവാദത്തിൽ അകപ്പെട്ടപ്പോൾ മന്ത്രിസഭയിൽ നിന്ന് ഒഴിയാൻ പ്രധാനമന്ത്രിയായ രാജീവ് ആവശ്യപ്പെട്ടു. പാർട്ടി അംഗത്വം തന്നെ ഉപേക്ഷിച്ച വി. പി. സിംഗ് ജനതാ ദൾ എന്ന പാർട്ടി രൂപീകരിക്കുകയും മുൻ കാലങ്ങളിൽ മുഖ്യപ്രതിപക്ഷമായിരുന്ന ബി. ജെ. പി. എന്ന പാർട്ടിയുടെ സഹകരണത്താൽ ഇന്ത്യയുടെ എട്ടാം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയിതതും പിന്നീട് കാണാനിടയായി. 1989 ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന്ന് ഭൂരിപക്ഷം നേടാനാവാതെ കോൺഗ്രസിതര സർക്കാറുകൾ കേന്ദ്രം ഭരിച്ചു. ഒരു പാർട്ടിക്കും ഭൂരിപക്ഷമില്ലാതിരുന്ന അക്കാലത്ത് അധികാരത്തിൽ വന്ന വി. പി. സിംഗ്, ചന്ദ്രശേഖർ സർക്കാറുകൾക്ക് കാലാവാധി പൂർത്തിയാകാനാവാതെ വീണ്ടുമൊരു തെരെഞ്ഞെടുപ്പിനെ നേരിടാൻ തീരുമാനമായി.
💫 കോൺഗ്രസ്സിനെ അധികാരത്തിലേക്ക് തിരിച്ച് കൊണ്ട് വരാൻ ഇലക്ഷൻ പ്രചരണങ്ങളിൽ മുഴുകിയ രാജിവ് മരണത്തിന്ന് 10 ദിവസങ്ങൾക്ക് കാസറഗോടും വന്നിരുന്നു. ഇന്ത്യയൊട്ടുക്കും ഊർജ്ജസ്വലതൊയോടെ ഓടി പ്രചരണം നടത്തുന്നതിനിടയിലാണ് ആ അപകടം.
ചെന്നൈയിൽ നിന്ന് 40 കിലോ മീറ്റർ ദൂരത്തുള്ള കൊച്ചു ഗ്രാമമായിരുന്ന ശ്രീപെരുംബതൂരിൽ ആയിരുന്നു ലോകസഭാ ഇലക്ഷനുള്ള അന്നത്തെ പ്രചാരണാർത്ഥം രാജീവ് എത്തുന്നത്. സ്റ്റേജിന്റെ തൊട്ടടുത്ത് റോഡിൽ നേരത്തെ സ്ഥാപിച്ചിട്ടുണ്ടായിരുന്ന അമ്മ, ഇന്ദിരാ ഗാന്ധിയുടെ പ്രതിമയിൽ ഹാരാണർപ്പണം നടത്തിയ ശേഷമാണ് രാജീവ് സ്റ്റേജിലേക്ക് അവസാനമായി നടന്ന് നീങ്ങിയത്. എൽ. ടി. ടി. ഇ യുടെ പ്ലാൻ പ്രകാരം നടന്ന സൂയിസൈഡ് ബോംബ് ആക്രമണത്തിലൂടെ രാജീവ് മരണപ്പെടുന്പോൾ അത്തരത്തിലുള്ള ഒരു രാഷ്ട്രീയ കൊലപാതകം ഇന്ത്യയിൽ ആദ്യത്തേതായിരുന്നു. തേന്മൊഴി രാജരത്നം 700 ഗ്രാം ആർ ഡി എക്സ് വസ്ത്രത്തിനകത്ത് ഒളിപ്പിച്ച് വെച്ച് ഹാരമണിയിക്കാന് എന്ന വ്യാജേന രാജീവ് ഗാന്ധിയുടെ തൊട്ട് മുന്പിൽ വന്ന് പൊട്ടിത്തെറിച്ചപ്പോൾ രാജീവ് അടക്കം 25 പേരുടെ ജീവൻ മാത്രമായിരുന്നില്ല തകർന്നടിഞ്ഞത്, ഇന്ത്യയുടെ നാളത്തെ വാഗ്ദാനത്തെ കൂടിയായിരുന്നു.
💫 സ്പോടനത്തിന്റെ ആഘാതത്താൽ ചിന്നിച്ചിതറിയ ശവശരീരങ്ങൾക്കിടയിൽ നിന്ന് രാജീവിനെ തിരിച്ചറിയാൻ കൂടി പ്രയാസമായിരുന്നു. ലോട്ടോ ഷൂവായിരുന്നു തിരിച്ചറിയാൻ ഇടയാക്കിയ ഏക അടയാളം എന്ന് അക്കാലത്തെ പത്രതാളുകളിൽ ഉണ്ടായിരുന്നത് ഓർമ്മ വരുന്നു. രാജിവിന്റെ മരണത്തിന്ന് ഉത്തരവാദികളയവരെ പിടികൂടുകയും ശിക്ഷ വിധിക്കുകയും ചെയിതിരുന്നു. സമാധാന ശ്രമത്തിന്റെ ഭാഗമായി എൽ. ടി. ടി. ഇ യെ നേരിടാൻ ഇന്ത്യൻ സൈന്യത്തെ ശ്രീലങ്കയിലേക്ക് അയച്ചതിന്റെ പ്രതികാരമായി എൽ. ടി. ടി. ഇ ആയിരുന്നു കൊലപാതകത്തിന്റെ പിന്നിൽ പ്രവർത്തിച്ചത്.
💫 Unknown Facets of Rajiv Gandhi എന്ന പുസ്തകം ഇന്ദ്രജിത് ഗുപ്തയും ജ്യോതി ബസുവും ചേർന്ന രാജീവിനെ പറ്റി എഴുതിയ പുസ്തകമായിരുന്നു. ഫറാസ് അഹ്‌മദ് എഴുതിയ 'Assassination of Rajiv Gandhi : A Insider's Job, സ്പാനിഷ് എഴുത്തുകാരനായ 'The Red Sari' യും ശ്രീമതി സോണിയ ഗാന്ധി എഴുതിയ 'Rajiv' എന്ന പുസ്തകവുമാൺ രാജീവ് ഗാന്ധിയെ കുറിച്ച് രചിക്കപ്പെട്ട മറ്റു പുസ്തകങ്ങൾ.
💫 കൊലപാതകത്തിന്റെ കാര്യകാരണങ്ങളെ പറ്റിയും അതിലെ രാഷ്ട്രീയത്തെ പറ്റിയും പറയാൻ ആഗ്രഹിക്കുന്നില്ല. രാജിവ് ഗാന്ധിയുടെ ജീവചരിത്രം മരണപ്പെട്ടതിന്റെ 25 ആം വാർഷിക ദിനത്തിൽ എന്റേതായ ഭാഷയിൽ അവലോകനം ചെയിതു എന്ന് മാത്രം. ചരിത്രത്തോട് നൂറു ശതമാനം നീതി പുലർത്തി എഴുതിയിട്ടുണ്ട് എന്ന് വിശ്വസിക്കുന്നു. എന്റെ ഭാഷയുടെ മോശം സ്വാധീനം കൊണ്ട് വായനക്കാർക്ക് ഇഷ്ടപ്പെടാത്ത എന്തെങ്കിലും കയറിക്കൂടിയിട്ടുണ്ടെങ്കിൽ സാദരം ക്ഷമിക്കുക