A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

എന്താണു ഇന്റർനെറ്റ് ?


ഇന്റർനെറ്റിനെ കുറിച്ച് എത്ര എഴുതിയാലും തീരുകയില്ല. അത്രയും ബ്രഹത്തായ ഒരു സംഗതിയാണു ഇന്റർനെറ്റ്. ലോകത്തുള്ള എല്ലാ കമ്പ്യൂട്ടറുകളെയും, കമ്പ്യൂട്ടർ നെറ്റ്‌വർക്കുകളെയും ബന്ധിപ്പിക്കുന്ന ഒരു ആഗോള നെറ്റ്‌വർക്ക് എന്ന് ഇന്റർനെറ്റിനെ വിശേഷിപ്പിക്കാം. നമ്മുടെ കമ്പ്യൂട്ടർ ഇന്റർനെറ്റിൽ കണക്റ്റഡ് ആകുമ്പോൾ അങ്ങനെ കണക്റ്റഡ് ആയ എത്രയോ കോടി കമ്പ്യൂട്ടറുകളുമായി നമ്മുടെ കമ്പ്യൂട്ടറും കണക്റ്റഡ് ആകുന്നു. അങ്ങനെ ലോകത്തുള്ള ഏത് കമ്പ്യൂട്ടറുമായും നമുക്ക് ആശയവിനിമയും വിവരവിനിമയവും സാധ്യമാകുന്നു. ഇത്രയും പറഞ്ഞാൽ ഇന്റർനെറ്റ് എന്നതിന്റെ നിർവ്വചനമായി.
ഇങ്ങനെ കമ്പ്യൂട്ടറുകളെ പരസ്പരം കണക്റ്റ് ചെയ്യാൻ പഴയ ടെലഫോൺ നെറ്റ്‌വർക്കിന്റെ കേബിളുകളും (copper cables) പിന്നെ ഓപ്റ്റിക്കൽ ഫൈബർ കേബിളുകളും സാറ്റലൈറ്റുകളും ഉപയോഗിക്കുന്നു. ലോകമാസകലം വ്യാപിച്ചു കിടക്കുന്ന ടെലഫോൺ നെറ്റ്‌വർക്ക് ആണു ഇന്റർനെറ്റ് എന്ന ഈ ആഗോള നെറ്റ്‌വർക്ക് സുസാധ്യമാക്കിയത്. ശരിക്കും ഇന്റർനെറ്റ് എന്താണു ചെയ്യുന്നത്? ഒരു കമ്പ്യൂട്ടറിൽ ശേഖരിച്ചിട്ടുള്ള ഡാറ്റ ലോകത്തുള്ള ഏത് കമ്പ്യൂട്ടറിലേക്കും എത്തിച്ചുകൊടുക്കുന്നു. അത്കൊണ്ട് ലോകത്തുള്ള ഏത് കമ്പ്യൂട്ടറുകളിൽ നിന്നും ഡാറ്റകൾ നമ്മുടെ കമ്പ്യൂട്ടറിലേക്ക് എത്തിക്കാനും കഴിയുന്നു. എന്ത്കൊണ്ടാണു ഡാറ്റ എന്ന് പറയുന്നത്. വിവരങ്ങൾ അത് ടെക്സ്റ്റ് ആയാലും ചിത്രം ആയാലും ശബ്ദം ആയാലും വീഡിയോ ആയാലും അതൊക്കെ ഡാറ്റയാക്കി മാറ്റിയിട്ടാണു കമ്പ്യൂട്ടർ സൂക്ഷിക്കുന്നതും നെറ്റ്‌വർക്കിലെ മറ്റ് കമ്പ്യൂട്ടറുകൾക്ക് കൈമാറുന്നത്.
കമ്പ്യൂട്ടർ ഡാറ്റയുടെ അടിസ്ഥാന യുനിറ്റ് ഒരു ബൈറ്റ് (byte) ആണു. ഉദാഹരണത്തിനു ഒരു ഇമേജ് എത്രയോ ബൈറ്റുകളുള്ള ഡാറ്റയാക്കി കമ്പ്യൂട്ടർ മാറ്റുന്നു. 8 ബിറ്റുകൾ (bit) ചേർന്നതാണു ഒരു ബൈറ്റ്. ഒരു ബിറ്റ് എന്ന് പറഞ്ഞാൽ 0 അല്ലെങ്കിൽ 1 എന്ന സംഖ്യ ആയിരിക്കും. പൂജ്യമോ ഒന്നോ എന്ന ബൈനറി സംഖ്യകൾ ചേർന്ന് ബൈറ്റുകളും ബൈറ്റുകൾ ചേർന്ന് ഡാറ്റകളും ആകുന്നു. ഇങ്ങനെ ഡാറ്റകളാണു ഇന്റർനെറ്റിലൂടെ ഓരോ കമ്പ്യൂട്ടറും അന്യോന്യം കൈമാറ്റം ചെയ്യുന്നത്. ഈ പൂജ്യവും (0) ഒന്നും (1) യഥാർത്ഥത്തിൽ സ്വിച്ച് ഓൺ അല്ലെങ്കിൽ ഓഫ് ആകുന്നതിനു തുല്യമാണു. അതായത് എലക്ട്രിക് സിഗ്നൽ ഇല്ല എന്നതിനെ പൂജ്യവും സിഗ്നൽ ഉണ്ട് എന്നതിനെ ഒന്നും പ്രതിനിധീകരിക്കുന്നു. അത്കൊണ്ട് കമ്പ്യൂട്ടറിനു പൂജ്യം അല്ലെങ്കിൽ ഒന്ന് എന്ന ഭാഷ മാത്രമേ മനസിലാകൂ എന്ന് നമ്മൾ ആലങ്കാരികമായി പറയുന്നു. ഉദാഹരണത്തിനു നമ്മൾ കീബോർഡിൽ 'C' എന്ന് ടൈപ്പ് ചെയ്താൽ കമ്പ്യൂട്ടറിൽ അത് 01000011 എന്നായി മാറുന്നു. ഇത് ഡാറ്റയുടെ ഒരു യൂനിറ്റ് അല്ലെങ്കിൽ ബൈറ്റ് ആണു. അതേ സമയം ശബ്ദത്തിന്റെ ഒരു നിശ്ചിത ഡെസിബലും ഇമേജിലെ ഒരു പുള്ളിയും കൂടി 01000011 എന്ന ബൈറ്റ് റിപ്രസന്റ് കെയ്യുന്നുണ്ട്. ഒരു ഡാറ്റ ഏത് രൂപത്തിൽ ഉപയോഗിക്കണം എന്ന് കമ്പ്യൂട്ടർ തീരുമാനിക്കുന്നു. ഞാൻ കൂടുതൽ പറഞ്ഞ് സങ്കീർണ്ണമാക്കുന്നില്ല. ഡാറ്റകൾ 0 അല്ലെങ്കിൽ 1 എന്ന നമ്പറുകളായി പരിവർത്തിക്കപ്പെടുന്നു എന്ന് മാത്രം ആദ്യം മനസ്സിലാക്കി വയ്ക്കുക.
ടെലിഫോൺ ലൈനിൽ കൂടിയാണല്ലോ ഇന്റർനെറ്റിൽ ഡാറ്റകൾ സഞ്ചരിക്കുന്നത്. മൊബൈൽ ഇന്റർനെറ്റിനെ കുറിച്ച് വേറെ അധ്യായത്തിൽ പറയാം. ടെലിഫോൺ ലൈനിൽ കൂടി എങ്ങനെയാണു ഡാറ്റ വിനിമയം സാധ്യമാകുന്നത് എന്ന് നോക്കാം. നിങ്ങൾ അമേരിക്കയിലെ ഒരു സുഹൃത്തിനെ ലാൻഡ്ഫോണിൽ വിളിക്കുന്നു എന്ന് സങ്കല്പിക്കുക. അപ്പോൾ നിങ്ങൾക്കും അമേരിക്കയിലെ സുഹൃത്തിനും ഇടയിൽ ടെലിഫോൺ ശൃംഖലയിൽ ഒരു ഡയരക്ട് കണക്‌ഷൻ ( circuit) തുറക്കുകയാണു. നിങ്ങൾ സംസാരിക്കുന്ന സമയത്തെല്ലാം ആ കണക്‌ഷൻ നിങ്ങൾക്ക് മാത്രമായിരിക്കും. ആ ലൈനിൽ മറ്റൊരാൾക്ക് സംസാരിക്കാനോ മറ്റൊരു ഡാറ്റ ആ ലൈനിലൂടെ കൈമാറാനോ കഴിയില്ല. ഈ രീതിയിൽ ഫോണുകളെ ബന്ധിപ്പിക്കുന്നതിനു circuit switching എന്നാണു പറയുക. എസ്.ടി.ഡി.യും ഐ.എസ്.ഡി.യും വരുന്നതിനു മുൻപ് ലോക്കൽ എക്സ്ചേഞ്ചുകളിൽ ഒരാൾ ഇരുന്നു മാന്വൽ ആയി വയറുകളെ ബന്ധിപ്പിച്ച് കണക്റ്റ് ചെയ്യണമായിരുന്നു. പിന്നെയാണു ഓട്ടോമാറ്റിക്ക് ടെലഫോൺ എക്സ്ചേഞ്ചുകൾ വരുന്നത്.
ഇന്റർനെറ്റ് ആദ്യം വന്നപ്പോൾ ഡയൽഅപ്പ് സമ്പ്രദായത്തിൽ ഈ circuit switching രീതിയിൽ തന്നെയാണു നിലവിൽ വന്നത്. നമ്മൾ നമ്മുടെ ഇന്റർനെറ്റ് സർവീസ് പ്രൊവൈഡറുടെ (ബി.എസ്.എൻ.എൽ) സർവർ കമ്പ്യൂട്ടറിലേക്ക് നമ്മുടെ ഫോൺ നമ്പറിൽ നിന്ന് ഡയൽ ചെയ്യുന്നു. അപ്പോൾ നമുക്ക് circuit switching രീതിയിൽ ഇന്റർനെറ്റിൽ കണക്റ്റഡ് ആയ മറ്റ് കമ്പ്യൂട്ടറുകളുമായി കണക്‌ഷൻ ലഭിക്കുന്നു. പക്ഷെ വളരെ കുറഞ്ഞ സ്പീഡിൽ മാത്രമേ ഡാറ്റകൾ ഡൗൺലോഡും അപ്‌ലോഡും ആയിരുന്നുള്ളൂ. മാത്രമല്ല, ഇന്റർനെറ്റിൽ കണക്റ്റ് ആയാൽ വോയ്സ് കോൾ സാധ്യമായിരുന്നില്ല. ഫോൺ വിളിക്കുമ്പോൾ ഇന്റർനെറ്റ് ബ്രൗസിങ്ങും സാധ്യമായിരുന്നില്ല. പിന്നെയാണു ബ്രോഡ്‌ബാന്റ് എന്ന സാങ്കേതിക വിദ്യയും Packet switching എന്ന സമ്പ്രദായവും വരുന്നത്. ബ്രോഡ്‌ബാൻഡ് എന്ന ടെക്‌നോളജിയിൽ ടെലഫോൺ ലൈൻ ഒരുപാട് ചാനലുകളായി മാറ്റുകയാണു. അതായത് മുൻപ് ഫോൺ വിളിക്കാനും ഇന്റർനെറ്റിൽ കണക്റ്റ് ചെയ്യാനും ഒരേ ഒരു ലൈൻ എന്നതിനു പകരം ഒരു ലൈൻ പല ചാനലുകളായി വിഭജിക്കുകയാണു. അപ്പോൾ ഫോൺ വിളിക്കാൻ കുറച്ചു ചാനലും ഇന്റർനെറ്റിൽ കണക്റ്റ് ചെയ്യാൻ വേറെ കുറെ ചാനലുകളും ലഭ്യമാകുന്നു. നമ്മുടെ വീട്ടിലേക്ക് വരുന്ന ടെലിഫോൺ കേബിളിലെ ചെമ്പ് കമ്പിയിലൂടെയാണിത് എന്ന് ഓർക്കുമല്ലോ.
ഡയൽഅപ്പ് മോഡിൽ circuit switching രീതിയിൽ നമ്മൾ ഇ-മെയിൽ, ചിത്രങ്ങൾ മുതലായ ഡാറ്റകൾ അയക്കുമ്പോൾ അതൊക്കെ ഒരുമിച്ചാണു കേബിളിലൂടെയുള്ള ഒറ്റ ലൈനിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്നത് എന്ന് പറഞ്ഞല്ലൊ. എന്നാൽ ബ്രോഡ്‌ബാന്റിൽ ഒരേ ലൈനിൽ കുറേ ചാനലുകളും ലഭ്യമായി എന്നും പറഞ്ഞു. അതേ സമയം Packet switching രീതിയിൽ ഡാറ്റകൾ അയയ്ക്കുകയും സ്വീകരിക്കുന്ന രീതിക്കും മാറ്റമുണ്ടായി. അതായത് നമ്മൾ ഒരു ഡാറ്റ അത് എത്ര കെബിയോ എം‌ബിയോ ആയാലും ആ ഡാറ്റ പായ്കറ്റുകളായി കഷണം കഷണം ആക്കിയിട്ടാണു അയക്കുന്നത്. ഇങ്ങനെ നമ്മൾ അയയ്ക്കുന്നതും സ്വീകരിക്കുന്നതുമായ ഡാറ്റകൾ പായ്കറ്റുകളാക്കുകയും എത്തേണ്ടിടത്ത് എത്തിയാൽ വീണ്ടും യോജിപ്പിച്ച് ഡാറ്റകൾ ആക്കി മാറ്റുന്നതിനെയാണു Packet switching എന്ന് പറയുന്നത്. പായ്കറ്റുകൾ ഒരുമിച്ചല്ല സഞ്ചരിക്കുക. ഏതെല്ലാം ചാനലുകളാണു തിരക്കില്ലാത്തത് എന്ന് നോക്കി വെവ്വേറെ റൂട്ടിൽ തടസ്സമില്ലാതെയും സ്പീഡിൽ സഞ്ചരിച്ച് എത്തേണ്ട കമ്പ്യൂട്ടറിൽ എത്തി ഒരുമിച്ച് ആദ്യത്തെ ഡാറ്റയായി മാറുന്നു.
എന്നാൽ ടെലഫോൺ കേബിളിലൂടെ ഡിജിറ്റൽ ഡാറ്റകൾ സഞ്ചരിക്കുകയില്ല. നമ്മൾ ഫോണിൽ സംസാരിക്കുമ്പോൾ നാം പുറപ്പെടുവിക്കുന്ന ശബ്ദതരംഗങ്ങൾ വൈദ്യുതതരംഗങ്ങളായിട്ടാണു ടെലിഫോൺ കേബിളിലൂടെ സഞ്ചരിക്കുന്നത്. ഫോൺ റസീവറിലെ സംസാരിക്കുന്ന തലക്കൽ ശബ്ദത്തെ വൈദ്യുതതരംഗമായും, കേൾക്കുന്ന തലക്കൽ വൈദ്യുതതരംഗത്തെ ശബ്ദതരംഗമായും മാറ്റുന്ന സംവിധാനമുണ്ട്. അങ്ങനെയാണു നമുക്ക് ഫോൺ സംഭാഷണം സാധ്യമാകുന്നത്. ഫോൺ കേബിളിലൂടെ സഞ്ചരിക്കുന്ന വൈദ്യുതതരംഗം അനലോഗ് വേവ്‌സ് ആണു. ഇതിനാണു മോഡം എന്ന ഉപകരണം. കമ്പ്യൂട്ടറിലെ ഡിജിറ്റൽ ഡാറ്റ മോഡം, അനലോഗ് തരംഗങ്ങളാക്കി മാറ്റുന്നു. അതായത് കമ്പ്യൂട്ടറിനും ടെലഫോൺ കേബിളിനും ഇടയിൽ പ്രവർത്തിക്കുന്ന ദ്വിഭാഷിയാണു മോഡം.
ലോകത്ത് എത്രയോ ദശലക്ഷം കമ്പ്യൂട്ടറുകളാണു ഇന്റർനെറ്റിൽ ബന്ധപ്പെടുന്നത്. ഇതിൽ എല്ലാ കമ്പ്യൂട്ടറുകളും ഒരേ ജോലിയല്ല ചെയ്യുന്നത്. ചില കമ്പ്യൂട്ടറുകൾ ഡാറ്റകൾ എലക്ട്രോണിക്ക് ഫയലുകളാക്കി സൂക്ഷിക്കുന്നവയാണു. അവയെ സർവർ കമ്പ്യൂട്ടറുകൾ എന്ന് പറയുന്നു. നമ്മൾ സർവർ കമ്പ്യൂട്ടറുകളിൽ നിന്നാണു ഫയലുകളും വിവരങ്ങളും സ്വീകരിക്കുന്നത്. അത്കൊണ്ട് നമ്മുടെ കമ്പ്യൂട്ടറിനെ ക്ലൈന്റ് കമ്പ്യൂട്ടർ എന്ന് പറയുന്നു. ചിലപ്പോൾ നമ്മുടെ കമ്പ്യൂട്ടർ സർവറും ക്ലൈന്റും ആകും. ഇൻസ്റ്റന്റ് മെസ്സേജ് അയക്കുമ്പോഴും ടോറന്റിൽ നിന്ന് ഡൗൺലോഡ് ചെയ്യുമ്പോഴും ഒക്കെയാണു ഇങ്ങനെയാവുക. പീർ ടു പീർ നെറ്റ്‌വർക്ക് എന്നാണു ഇതിനു പറയുക...
കടപ്പാട്