A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ഓപ്പറേഷൻ ജിറോനിമോ - 2 "ഫയറിംഗ് "


ഓപ്പറേഷൻ ജിറോനിമോ - 2 "ഫയറിംഗ് "

ഒരു നിമിഷം കൈയ്യിലിരുന്ന റിമോട്ടിൽ വിരലമർന്നു. ഒരു വലിയ ശബ്ദത്തോടെ ആ ഭിത്തി തകർന്നു വീണു.

ഓരോരുത്തരായി അകത്തു കടന്നു. അതോടെ വൈറ്റ്ഹൗസിൽ ഉള്ളവർക്കു വീഡിയോ ദൃശ്യങ്ങൾ നഷ്ടമായി. കെട്ടിടം പൂർണ്ണമായും ഇരുട്ടിൽ ആയിരുന്നു. സീലുകളുടെ ഹെൽമറ്റിൽ ഘടിപ്പിച്ചിരിന്ന ടോർച്ചിന്റെ വെളിച്ചം മാത്രം. അടിനിലയിലുള്ള ഓരോ മുറിയിലും സീലുകൾ കയറിയിറങ്ങി. മുകളിലേയ്ക്കു കയറാൻ ഒരൊറ്റ സ്റ്റെയർ കെയ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് തികച്ചും അപകടരമായ ഒരു അവസ്ഥയായിരുന്നു. രക്ഷപ്പെടുവാനായാലും ആക്രമിക്കുവാനായാലും ഒരൊറ്റ വഴിമാത്രം. എങ്കിലും സീലുകൾ മുകളിലേക്ക് കയറിക്കൊണ്ടിരുന്നു. പെട്ടെന്ന് ഒരാൾ പടികൾക്കു മുകളിലേക്ക് കയറുന്നത് ഒന്നാമത്തെ സീലിന്റെ കണ്ണിൽപ്പെട്ടു. അയാൾക്ക് തിരിച്ച് ആയുധമെടുക്കാൻ കഴിയുന്നതിനും മുൻപേ അയാളേയും വെടി വച്ചു വീഴ്‌ത്തി. അതു കുവൈറ്റിയുടെ സഹോദരൻ ആയിരുന്നു. രണ്ടാമത്തെ നിലയിൽ പ്രധാനമായും സ്ത്രീകളും കുട്ടികളും ആയിരുന്നു. ഭയന്നോടിയവരെ പിടികൂടി ഓരോരുത്തരെയായി പരിശോധിച്ചു. സുരക്ഷിതരായി ദീർഘകാലം കഴിഞ്ഞതുകൊണ്ടാവണം ആരും ഇത്തരം ആക്രമണം പ്രതീക്ഷിച്ചിരുന്നില്ലെന്ന് തോന്നി. ആരുടെ കൈയ്യിലും ആയുധങ്ങളും ഉണ്ടായിരുന്നില്ല. കുട്ടികളേയും സ്ത്രീകളേയും വിലങ്ങിട്ടു വായ് മൂടിക്കെട്ടി ഒരു മുറിയിലാക്കി കാവൽ ഏർപ്പെടുത്തിയ ശേഷം ബാക്കിയുള്ളവർ അടുത്ത നിലയിലേയ്ക്ക് കയറുവാൻ തുടങ്ങി.

പടികൾക്ക് മുകളിൽ ഒരു ചെറിയ ചലനം, ഒറ്റൊറ്റ നിമിഷം. പടികൾക്ക് മുകളിൽ ഒരു അമേരിക്കൻ പട്ടാളക്കാരൻ ആദ്യമായി ബിൻലാദനെ നേരിട്ടു കണ്ടു. ഹെൽമെറ്റിലെ ടോർച്ചിന്റെ വെളിച്ചത്തിൽ തന്റെ നേരെ ചൂണ്ടപ്പെട്ടിരിക്കുന്ന യന്ത്രത്തോക്കിന്റെ ബാരൽ ബിൻലാദനും കണ്ടു ജിറോനിമോ കൺഫേംഡ്"

മക്റാവന്റെ ശബ്ദം വൈറ്റ് ഹൗസിനുള്ളിൽ ഇരുന്നവരുടെ ഹൃദയമിടിപ്പ് വർദ്ധിപ്പിച്ചു. പെനേഡ യാന്ത്രികമായി മക്റാവന്റെ സന്ദേശം ആവർത്തിച്ചു

"ജിറോനിമോ കൺഫേംഡ്"!!

ഈ ഓപ്പറേഷനിൽ ബിൻ ലാദന് നൽകിയിരുന്ന രഹസ്യ നാമമായിരുന്നു ജിറോനിമോ. 19 ആം നൂറ്റാണ്ടിന്റെ ആരംഭത്തിൽ അമേരിക്കൻ മിലിട്ടറിയുടെ തലവേദനയായിരുന്ന ഗിരിവർഗ്ഗ നേതാവും കുപ്രസിദ്ധ ഒളിപ്പോരാളിയുമായിരുന്നു ജിറോനിമോ. മെക്സിക്കോയുടെയും അമേരിക്കയുടെയും ഇടയിലുണ്ടായിരുന്ന വനങ്ങളും പർവ്വത പ്രദേശങ്ങളും താവളമാക്കി പ്രവർത്തിച്ചിരുന്ന ജിറോനിമോ പിന്നീട് അമേരിക്കൻ പട്ടാളക്കാർക്ക്
കീഴടങ്ങുകയാണുണ്ടായത്. പ്രവർത്ത രീതിയിലുള്ള സാമ്യമാണ് ബിൻലാദന് ജിറോനിമോ എന്ന രഹസ്യ നാമം നൽകുവാൻ അമേരിക്കയെ പ്രേരിപ്പിച്ചത്.

രണ്ടു രഹസ്യ സന്ദേശങ്ങളാണ് സീലുകൾക്ക് പ്രധാനമായും നൽകിയിരുന്നത്. അബട്ടാബാദിലെ കെട്ടിടത്തിനുള്ളിൽ ബിൻലാദൻ ഉണ്ട് എന്ന് ഉറപ്പായാൽ "ജിറോനിമോ കൺഫേംഡ് " എന്നും, ബിൻലാദൻ കൊല്ലപ്പെട്ടാൽ "ജിറോനൊമോ EKIA" (Enemy Killed In Action) എന്നും ആയിരുന്നു ജലാലബാദിലുള്ള മക്റാവന് അയച്ചുകൊടുക്കേണ്ടുന്ന രഹസ്യ സന്ദേശങ്ങൾ.

അതിൽ ഒന്നാമത്തെ രഹസ്യ സന്ദേശം എത്തിയിരിക്കുന്നു:

"ജിറോനിമോ കൺഫേംഡ് "

കെട്ടിടത്തിനുള്ളിൽ ഒളിച്ചുകഴിയുന്നത് 10 വർഷത്തിലധികമായി ലോകത്തെ വൻശക്തിയുടെ ചാരക്കണ്ണുകളെ പറ്റിച്ചു കഴിഞ്ഞു കൂടിയ ബിൻലാദൻ തന്നെ.

ഒബാമയുടെയും കൂട്ടരുടെയും നെഞ്ചിടിപ്പിന്റെ വേഗത വർദ്ധിച്ചു. ബിൻ ലാദൻ കെട്ടിടത്തിനുള്ളിൽ ഉണ്ട് എന്നുറപ്പായതോടെ മിഷന്റെ അപകട സാദ്ധ്യത പതിന്മടങ്ങ് വർദ്ധിച്ചു. ലാദൻ കീഴടങ്ങാൻ ഒരു സാധ്യതയുമില്ല എന്നു വൈറ്റ് ഹൗസിൽ ഇരിക്കുന്ന എല്ലാവർക്കുമറിയാമായിരുന്നു. ഏതു തരത്തിലുള്ള പ്രതിരോധമാണ് ലാദൻ ഉയർത്തുന്നത് എന്നു ഊഹിക്കാനേ കഴിയുമായിരുന്നുള്ളൂ. രക്ഷപ്പെടാൻ കഴിയാതെ വന്നാൽ കോമ്പൗണ്ട് മുഴുവനും ചാമ്പലാക്കുവാനും മടിക്കുകയില്ല എന്ന് അവർക്ക് അറിയാമായിരുന്നു.

ഒരൊറ്റ നിമിഷത്തെ കാഴ്ചയ്ക്ക് ശേഷം നൊടിയിടകൊണ്ട് ബിൻലാദൻ മുകളിൽ നിന്നും അപ്രത്യക്ഷനായി. രണ്ടു റൗണ്ട് വെടിയുതിർത്തുവെങ്കിലും അതൊന്നും ലക്ഷ്യത്തിലെത്തിയില്ല എന്നു കമാൻഡോകൾക്കു മനസിലായി. ബിൻലാദനെ നേരിൽ കണ്ട നേവി സീൽ മുകളിലേയ്ക്കു കുതിച്ചു.

അതിനിടയിൽ സഹസൈനികരോട് വിളിച്ചു പറഞ്ഞ വാർത്തയാണ്, വൈറ്റ് ഹൗസിൽഎത്തിയിരിക്കുന്നത്-ജിറോനിമോ കൺഫേംഡ്

ഇനി ഒരു നിമിഷംപോലും താമസിക്കുന്നത് ആത്മഹത്യയ്ക്ക് തുല്യമാകുമെന്നറിയാമായിരുന്ന കമാൻഡോകൾ ഒറ്റകുതിപ്പിനു മുകളിലെത്തി. വലിയൊരു ഹാളിലേയ്ക്കു തുറന്നു കിടക്കുന്ന വാതിൽ. മുകളിലെത്തിയ സീൽ വാതിലിന്റെ ഒരു വശത്തു മറഞ്ഞു നിന്നുകൊണ്ട് തന്റെ ബഡ്ഡി പെയർ വരാൻ കാത്തു നിന്നു. തൊട്ടു പുറകിൽ എത്തിയ സീലിനോട് മുറിയ്ക്കുള്ളിൽ രണ്ടുപേരുണ്ടെന്ന അർത്ഥത്തിൽ രണ്ടു വിരൽ ഉയർത്തിക്കാണിച്ചു. രണ്ടുപേരും ഒരുമിച്ച് മുറിയ്ക്കുള്ളിലേയ്ക്കു പ്രവേശിച്ചു.

സീലുകൾക്കു മുന്നിൽ കറുത്ത വസ്ത്രംധരിച്ച സ്ത്രീ-അതിന്റെ പിന്നിൽ അവരുടെ ശത്രു - ബിൻലാദൻ. ബിൻലാദനു മുന്നിൽ മറയായി നിന്ന സ്ത്രീയ്ക്കു നേരെ നിറയൊഴിക്കുകയല്ലാതെ മറ്റ് മാർഗ്ഗമുണ്ടായിരുന്നില്ല.

വെടിയേറ്റു നിലം പതിച്ച സ്ത്രീയ്ക്കു പിന്നിൽ നിരായുധനായി ബിൻലാദൻ. ലോകത്തെ കിടുകിടെ വിറപ്പിച്ച ബിൻലാദന്റെ ഈ ലോകത്തിലെ അവസാനത്തെ കാഴ്ച ആയുധമേന്തി നിൽക്കുന്ന അമേരിക്കൻ പട്ടാളക്കാരന്റെ ദൃശ്യമായിരുന്നു.

നിമിഷാർദ്ധത്തിനുള്ളിൽ രണ്ടു വെടിയുണ്ടകൾ ബിൻലാദന്റെ ശരീരം തുളച്ചു കടന്നു പോയി. ഒന്നു നെഞ്ചിനും, മറ്റൊന്നു തലയ്ക്കും. ഒന്നു ശബ്ദിക്കുക പോലും ചെയ്യാതെ ഈ നൂറ്റാണ്ടിലെ ലോകം കണ്ട ഏറ്റവും വലിയ ഭീകരൻ തറയിലേയ്ക്കു വീണു..

"ജിറോനൊമോ EKIA"

വീണ്ടും മക്റാവന്റെ ശബ്ദം വൈറ്റ് ഹൗസിനുള്ളിൽ മുഴങ്ങി.

ശ്വാസമടക്കി കാത്തിരുന്ന ഒബാമ ചാടിയെഴുന്നേറ്റു, സഹപ്രവർത്തകരോട് പറഞ്ഞു:

"വി ഗോട്ട് ഹിം"

സീലുകൾ മതിൽക്കെട്ടിനുള്ളിൽ കയറിയിട്ടു കൃത്യം 20 മിനിറ്റ് ആകുന്നു. ഇനി ശേഷിക്കുന്നത് 10 മിനിറ്റ് മാത്രം. ഉടൻതന്നെ ബിൻലാദന്റെ ഫോട്ടോ എടുത്ത് ജലാലബാദിലേയ്ക്കു അപ്‌ലിങ്ക് ചെയ്തു. ഫേസ് റിക്കഗ്നീഷന് വേണ്ടി മക്റാവൻ അതു വൈറ്റ് ഹൗസിലേയ്ക്കു ഷെയർ ചെയ്തു. വെടിയേറ്റു വീണു കിടക്കുന്ന ലാദന്റെ മുഖം ഒബാമയും കൂട്ടരും കണ്ടു. ചിത്രങ്ങളിൽ കാണുന്നതിൽ നിന്നും വ്യത്യസ്തമായിരുന്നു ലാദന്റെ രൂപം. വിദഗ്ദ്ധർ തിരിച്ചറിയൽ പ്രക്രീയകൾക്കുള്ള ക്രമീകരണങ്ങൾ ആരംഭിച്ചു.

മരിച്ചുകിടക്കുന്ന ലാദന്റെ ഉയരം അളക്കുവാൻ ശ്രമിച്ചപ്പോഴാണ് അവർ ടേപ്പ് കൈയ്യിൽ കരുതിയിട്ടില്ല എന്ന സത്യം തിരിച്ചറിഞ്ഞത്. പ്രാകൃതമായ വഴി അവലംബിക്കുകയേ നിർവ്വാഹമുണ്ടായിരുന്നുള്ളൂ. സംഘത്തിലെ ഏറ്റവും ഉയരം കൂടിയ സീൽ ലാദന്റെ ശരീരത്തിനോട് ചേർന്നു തറയിൽ കിടന്നു. ഉദ്ദേശം ഉയരം താരതമ്യത്തിലൂടെ കണക്കുകൂട്ടി, അതിന്റേയും ചിത്രങ്ങളെടുത്ത് അപ്‌ലിങ്ക് ചെയ്തു. അപ്പോഴേയ്ക്കും മറ്റു സീലുകൾ കെട്ടിടം അരിച്ചു പെറുക്കുവാൻ തുടങ്ങി. ഒരു മുറിയിൽ നിന്നും കമ്പ്യൂട്ടറും ചില ഹാർഡ് ഡിസ്ക്കുകളും കുറെ രേഖകളും കിട്ടി. അവയെല്ലാം എടുത്ത് കൈയിൽ കരുതിയിരുന്ന ബാഗുകളിൽ ഭദ്രമായി വച്ചു.

ഇനി ബാക്കി നിൽക്കുന്നത് സുരക്ഷിതരായി സീലുകളേയും ബന്ധിച്ചിരിക്കുന്നവരേയും ശവശരീരങ്ങളേയും ജലാലബാദിലെത്തിക്കുക എന്ന ദുഷ്ക്കരമായ ദൌത്യമായിരുന്നു. കെട്ടിടത്തിനു ചുറ്റും ജനങ്ങൾ കൂടി വന്നുകൊണ്ടിരുന്നു. ഏതുനിമിഷവും പാക്കിസ്ഥാൻ പട്ടാളക്കാർ എത്താം. അതിനുള്ളിൽ ലാദന്റെ ശരീരവുമായി പാക്കിസ്ഥാന്റെ വ്യോമാതിർത്തി കടക്കണം. കൊല്ലപ്പെട്ടത് ലാദൻ തന്നെയാണെന്ന് ഇനിയും ശാസ്ത്രീയമായി തെളിയിക്കേണ്ടിയിരിക്കുന്നു. അതിന് ഡി.എൻ.ഏ. ടെസ്റ്റ് ചെയ്യേണ്ടതുണ്ട്. അതിന്റെ റിസൾട്ട് വരാൻ മണിക്കൂറുകൾ കഴിയും.

മിഷൻ ആരംഭിച്ചിട്ട് 33 മിനിറ്റുകൾ കഴിഞ്ഞിരിക്കുന്നു. പദ്ധതിയിട്ടതിൽ നിന്നും മൂന്നു മിനിറ്റ് കൂടുതൽ. ബിൻലാദന്റെ ശരീരവും ജീവനോടെ പിടിച്ചവരിൽ ഒരാളെയും മാത്രം അവിടെ നിന്നും കൊണ്ടു പോരുവാൻ മക്റാവൻ നിർദ്ദേശിച്ചു. ആകെ 22 പേരാണ് കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നത്. അതിൽ ലാദനടക്കം 5 പേർ കൊല്ലപ്പെട്ടു. ഒരു സ്ത്രീയ്ക്കു മാരകമായി പരുക്കേറ്റിരിക്കുന്നു. ഉടൻ തന്നെ മക്രാവൻ പറഞ്ഞതുപോലെ ലാദന്റെ ശരീരം മതിൽകെട്ടിനു വെളിയിൽ ലാൻഡ് ചെയ്തിരുന്ന സ്റ്റെൽത് ഹെലിക്കോപ്റ്ററിൽ എത്തിച്ചു.

രണ്ടാമത്തെ ഹെലിക്കോപ്റ്റർ ഉപയോഗ ശൂന്യമായതിനാൽ ബാക്കി സീലുകളെ കൊണ്ടുപോകുവാൻ പട്ടണത്തിനു വെളിയിൽ കാത്തു കിടന്നിരുന്ന ഷിനൂക് ഹെലിക്കോപ്റ്ററിന്റെ പൈലറ്റിനു മക്രാവെൻ നിർദ്ദേശം നൽകി. ഷുനൂക് ഹെലിക്കോപ്റ്റർ എത്തുന്നതോടെ പുറം ലോകത്തിൽനിന്നും സൈനിക നടപടി മറച്ചു വയ്ക്കാൻ കഴിയില്ലെന്നു മക്രാവനു അറിയാമായിരുന്നു. മാത്രമല്ല പാക്കിസ്ഥാനി റഡാറുകൾക്ക് ഷുനൂക് ഹെലിക്കോപ്റ്ററുകളെ കണ്ടെത്താൻ കഴിയുകയും ചെയ്യും.

അബട്ടാബാദിൽ നിന്നുമുള്ള എല്ലാ ഇന്റർനെറ്റ് ആക്ടിവിറ്റികളും മോനിട്ടർ ചെയ്തുകൊണ്ടിരുന്ന വൈറ്റ് ഹൗസിലെ വിദഗ്ദർ ഒരു വെബ് ഡിസൈനറുടെ ട്വീറ്റ് ശ്രദ്ധയിൽ പെട്ടു: "A helicoptar is hovering above Abattabad at 1.00 am which is a rare event" കാര്യങ്ങൾപുറം ലോകം അറിഞ്ഞു കഴിഞ്ഞു. ഏതുനിമിഷവും പാക്കിസ്ഥാൻ മിലിട്ടറി എത്തിച്ചേരാം. എല്ലാവരും ഷുനൂക് ഹെലിക്കോപ്റ്ററിലേയ്ക്കു കുതിച്ചു. തകർന്ന ഹെലിക്കോപ്റ്റർ എന്തു ചെയ്യും എന്ന പ്രശ്നം അവശേഷിച്ചു. തിരിച്ചു കൊണ്ടുവരാൻ കഴിയില്ല എന്നു നൈറ്റ് സ്റ്റേക്കേഴസ് മക്രാവനെ അറിയിച്ചു. അതിനൂതന സംവിധാനങ്ങളുള്ള ഹെലിക്കോപ്റ്റർ മറ്റൊരു രാജ്യത്തിന്റെ കൈയ്യിൽ അകപ്പെടുന്നത് ഒരു തരത്തിലും ആശാസ്യകരമായിരുന്നില്ല. മക്രാവനു ഒരു നിമിഷം പോലും ആലോചിക്കേണ്ടിവന്നില്ല.

"ഡിസ്‌ട്രോയി ഇറ്റ്"

ഹെലിക്കോപ്റ്ററിന്റെ കോക്പിറ്റിൽ ശക്തിയേറിയ ബോംബു ഘടിപ്പിച്ചു. എല്ലാവരും ഷുനൂക് ഹെലിക്കോപ്റ്ററ

"ഫയറിംഗ്" സീൽ റിമോട്ടിൽ വിരൽ അമർത്തി. ഉഗ്രശബ്ദത്തോടെ ഹെലിക്കോപ്റ്റർ പൊട്ടിത്തെറിച്ചു. അപ്പോഴേയ്ക്കും ഷുനൂക് ഹെലിക്കോപ്റ്റർ കോമ്പൗണ്ടിൽ നിന്നും പറന്നുയർന്നു കഴിഞ്ഞിരുന്നു.

സമയം രാവിലെ 1.08. അനുവദിച്ചിരുന്ന സമയത്തിൽ നിന്നും എട്ടു മിനിറ്റ് താമസിച്ചിരിക്കുന്നു.
അല്പം മുൻപ് ട്വീറ്റ് ചെയ്ത അതേ ഐഡിയിൽ നിന്നും വീണ്ടും ട്വീറ്റ് "A huge window shaking bang in Abattabad. Hope it is not something nasty"

മൂന്നു ഹെലിക്കോപ്റ്ററുകളും അപകടം കൂടാതെ ജലാലബാദിൽ എത്തിയെന്ന വാർത്ത മക്രാവനിൽ നിന്നും ലഭിക്കുന്നതുവരെ വൈറ്റ് ഹൗസിനുള്ളിൽ എല്ലാവരും ശ്വാസമടക്കി കാത്തിരുന്നു.

കൊല്ലപ്പെട്ട വ്യക്തി ബിൻലാദനാണോ എന്നു തിരിച്ചറിയുക എന്നതായി എല്ലാവരുടേയും പ്രധാന ഉത്തരവാദിത്വം. കമ്പ്യൂട്ടറിന്റെ സഹായത്തിൽ ഫേയ്സ് റിക്കഗ്നീഷൻ നടത്തുവാൻ ആരംഭിച്ചു. അതേസമയം ബിൻലാദന്റെ അടുത്ത ബന്ധുവിൽ നിന്നും ശേഖരിച്ചിരുന്ന ഡി.എൻ.ഏ. സാമ്പിളിമായി ഒത്തു നോക്കുന്ന രാസപരിശോധനകളും ആരംഭിച്ചു. രാസ പരിശോധന ഫലം ലഭിക്കണമെങ്കിൽ ആറു മണിക്കൂർ വേണ്ടി വരും. പക്ഷേ, അതു വരേയ്ക്കും വൈറ്റ് ഹൗസിന് നിശബ്ദമായിരിക്കാൻ കഴിയില്ല. അബട്ടാബാദ് കെട്ടിടത്തിൽ ഇതിനകം പാക്കിസ്ഥാൻ പട്ടാളക്കാർ എത്തിക്കഴിഞ്ഞു. അമേരിക്കൻ ഹെലിക്കോപ്റ്ററിന്റെ അവശിഷ്ടങ്ങളും ദൃക്സാക്ഷി വിവരണങ്ങളും പട്ടാളക്കാരെ പരിഭ്രാന്തരാക്കി. രാജ്യത്തിന്റെ ഉന്നത വൃത്തങ്ങളിൽ വാർത്ത എത്തിക്കഴിഞ്ഞു. സമയം കഴിയുന്തോറും വൈറ്റ് ഹൗസിനുമേൽ സമ്മർദ്ദം ഏറിക്കൊണ്ടിരുന്നു.

6.40 വാഷിംഗ്ടൺ.

"കൊല്ലപ്പെട്ടതു ബിൻ ലാദൻ തന്നെ" ഫേയ്സ് റിക്കഗ്നീഷൻ പ്രക്രിയയിൽ വ്യാപൃതരായിരുന്ന വിദഗ്ദ്ധരിൽ നിന്നും പരിശോധന ഫലം വന്നു. നൂറുശതമാനം ഉറപ്പാക്കണമെങ്കിൽ ഡി.എൻ.എ. പരിശോധനാഫലം കിട്ടണം. എങ്കിലും അതു വരെ സൈനിക നടപടി രഹസ്യമാക്കി വയ്ക്കുവാൻ വാഷിംഗ്ടണ് കഴിയുമായിരുന്നില്ല. പാക് മാദ്ധ്യമങ്ങൾ ഇതിനകം സംഭവസ്ഥലത്ത് എത്തിക്കഴിഞ്ഞു. പലതരം അഭ്യൂഹങ്ങളും ഊഹാപോഹങ്ങളും പരക്കുവാൻ തുടങ്ങി.

ഉടൻതന്നെ ലാദന്റെ ശരീരം പേർഷ്യൻ കടലിൽ ഉണ്ടായിരുന്ന വിമാനിവാഹിനി 'കാൾ വിൻസണി'ലേയ്ക്കു മാറ്റുവാൻ ഒബാമ ഉത്തരവിട്ടു.

08.35 വാഷിംഗ്ടൺ.

റെയ്ഡ് കഴിഞ്ഞ് മൂന്നു മണിക്കൂർ കഴിഞ്ഞു. പ്രസിഡന്റ് ഒബാമ അടിയന്തരമായി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതായി മാധ്യമങ്ങളെ അറിയിച്ചു. ജലാലബാദിലെ സൈനീക താവളത്തിൽ സീൽ ടീം അംഗങ്ങളും അവരുടെ ലീഡർ മക്രാവനും സന്തോഷവാർത്ത നേരിൽ കാണുവാൻ ടീവിയ്ക്കു മുന്നിൽ എത്തി.

ഒബാമ ആരംഭിച്ചു "അമേരിക്ക ഒരു സൈനീക നടപടിയിലൂടെ അൽകായ്ദ നേതാവ് ഒസാമ ബിൻലാദനെ വധിച്ചിരിക്കുന്നു. അമേരിക്കൻ ജനതയോടും ലോകത്തോടും എനിക്കു പങ്കു വയ്ക്കുവാനുള്ള വാർത്ത ഇതാണ്"

സീലുകൾ സന്തോഷത്താൽ കെട്ടിപ്പിടിച്ചു.

അമേരിക്കൻ തെരുവുകളിൽ ജനം ഒത്തുകൂടി. പാട്ടുപാടിയും നൃത്തം ചവിട്ടിയും അവർ ലാദന്റെ മരണ വാർത്തയിൽ സന്തോഷിച്ചു.

അടുത്ത ദിവസം പ്രഭാതത്തിൽ ഡി.എൻ.എ. ടെസ്റ്റ് ഫലം വന്നു. കൊല്ലപ്പെട്ടത് ബിൻ ലാദൻ തന്നെ എന്നു ഉറപ്പാക്കി.

നോർത്ത് അറേബ്യൻ കടലിൽ ഉച്ച തിരിഞ്ഞ് 2 മണി.

ഇസ്ലാമിക ആചാരപ്രകാരം 24 മണിക്കൂറിനകം മയ്യത്ത് മറവു ചെയ്യേണ്ടതുണ്ട്. അതിനുവേണ്ട ഒരുക്കങ്ങൾ ആ പടക്കപ്പലിനുള്ളിൽ നടക്കുകയാണ്.

30 നോട്ടിക്കൽ മൈൽ വേഗതിൽ പാഞ്ഞുകൊണ്ടിരുന്ന കാൾ വിൻസന്റ് എന്ന യുദ്ധക്കപ്പലിൽ നിന്നും തുണിയിൽ പൊതിഞ്ഞ ഒസാമ ബിൻ ലാദന്റെ ശരീരം അറേബ്യൻ കടലിന്റെ ആഴങ്ങൾ ഏറ്റുവാങ്ങി.

"ബിൻലാദൻ നിഷ്കരുണം വധിച്ച നിരപരാധികൾക്കു ലഭിക്കാതിരുന്നതിനേക്കാൾ മാന്യമായ ഒരു സംസ്ക്കാരം ലാദനു ലഭിച്ചു." ഇതായിരുന്നു ബിൻലാദന്റെ ശവസംസ്ക്കാരത്തേപറ്റി വൈറ്റ് ഹൗസിനു പറയാനുണ്ടായിരുന്നത്.

സംസ്കാര ശേഷം കാൾ വിൻസന്റ് ദക്ഷിണ കാലിഫോർണിയായിലെ കൊറണാഡോ പോർട്ടിലേയ്ക്കു തിരിച്ചു പോയി.