"യ്യോ അന്നു ഓർക്കാനേ വയ്യ!. അന്നിതുപോലെ!,,എന്താണതിന്റെ
ദേശിങ്ങനാടിന്റെ നെറ്റിയിൽ ഒരു വെള്ളിപൊട്ടു ചാർത്തിയത് പോലൊരു നാടുണ്ടായിരുന്നു. 'ശാസ്താംകോട്ട' ശാസ്താംകോട്ടയ്ക്ക് പ്രകൃതിമാതാവ് ചാർത്തികൊടുത്ത ആ വെള്ളിപോട്ടു ഒരു കൊച്ചു തടാകത്തിന്റെ രൂപത്തിലായിരുന്നു. ഏതുകാറ്റും തഴുകാൻ കൊതിക്കുന്ന സുന്ദരമായ ഓളങ്ങളുള്ള ഒരു ജലാശയം. ആ ചെറു ഓളങ്ങളെ കീറിമുറിച്ചു അക്കരയ്ക്ക് പോകുന്ന വഞ്ചികളിൽ ഗ്രാമീണർ സൊറ പറഞ്ഞു പോകുന്ന കാഴ്ച ഒന്നു വേറെ തന്നെയായിരുന്നു. വയലേലകളിലെ കൊയ്ത്തുപാട്ട് കേട്ട് നെൽക്കതിരുകൾ പോലും താളം പിടിച്ചിരുന്ന നാട്. ആ നാട്ടിലേക്ക് അങ്ങനെയിരിക്കെ കുറച്ചു അതിഥികൾ വന്നു. കടുംപച്ച നിറം തോന്നിക്കുന്ന പാന്റും ഷർട്ടുമിട്ട് തോക്കുകൾ കൈയിലേന്തി ടപ്പ് ടപ്പ് എന്ന താളത്തോടു കൂടി അവർ അന്നാട്ടിലേക്ക് പ്രവേശിച്ചു. ആളുകൾ ഓടിക്കൂടി " ദേ പാന്റിട്ട പോലീസ്എമാന്മാർ' കൂട്ടത്തിലാരോ വിളിച്ചു പറഞ്ഞു. " അല്ലടാ ഇവർ പട്ടാളക്കാരാ കൈയിലെ തോക്കു കണ്ടില്ലേ! മാറി നിൽക്ക് ഇവർക്ക് ആ തോക്കു കൊണ്ട് ആരെ വേണേലും കൊല്ലാം" കൂട്ടത്തിലേതോ ഒരു വിദ്വാൻ വിളിച്ചു പറഞ്ഞു. കവലയിലെ തന്റെ മരപ്പണി ശാലയിൽ ഒരു കാളവണ്ടിയുടെ ചക്രം പണിയുകയായിരുന്ന കരുണാകരൻ ആശാരി ആ ചക്രത്തിന്റെ കാലുകൾക്കിടയിലൂടെ അവരെ കണ്ടു. എല്ലാരും ചെറുപ്പക്കാർ , പൊടിമീശക്കാർ, അവർ നൂറോളം പേരുണ്ടായിരുന്നു കൈയിൽ ഇരുമ്പുപെട്ടികൾ, ഏറ്റവും മുന്നിൽ കൈയിൽ ഒരു വടി പിടിച്ച കൊമ്പൻ മീശക്കാരൻ അവരെ നയിക്കുന്നു. ദിവസങ്ങൾ രണ്ടു കഴിഞ്ഞു" അറിഞ്ഞില്ലേ മൈതാനത്തു പട്ടാളം തമ്പടിച്ചു ഒരു വലിയ കൂടാരത്തിലാണവർ കൊറച്ചീസം ഇവിടെ ഉണ്ടാവുന്ന്" കവലയിലെ ചായക്കടക്കാരൻ വാസുദേവൻ കടയിൽ വന്നവോരോടെല്ലാം പറഞ്ഞു. പട്ടാളക്കാർ തടാകതീരത്തുള്ള മൈതാനത്തായിരുന്നു തമ്പടിച്ചിരുന്നത്. പട്ടാള പരിശീലനം അന്നോളം കണ്ടിട്ടില്ലാതിരുന്ന അന്നാട്ടുകാർ എന്നും പുലർച്ചെ കവലയിലെ വഴിയിലൂടെ പട്ടാളം വരി വരിയായി ഓടുന്നത് ആകാംഷാഭരിതരായി നോക്കി നിൽക്കുമായിരുന്നു. അന്നു വൈകുന്നേരം നാലഞ്ചു പട്ടാളക്കാർ വാസുദേവന്റെ ചായക്കടയിലെത്തി. യൂണിഫോംധാരികളായ അവരെ തെല്ലു ഭയത്തോടെയും അത്ഭുതത്തോടെയും കടയിലിരുന്നവർ നോക്കി നിന്നു. എല്ലാവരും എഴുന്നേറ്റു,അത് വരെ മുണ്ടു മടക്കി കുത്തിയിരുന്ന വാസുദേവൻ മുണ്ടു താഴ്ത്തി, കരുണാകരൻ ആശാരിയടക്കം." ഓയെ വാല ബെറ്റോ ബെറ്റോ". പട്ടാളക്കാർ അവരോടായി പറഞ്ഞു. അവിടുന്നവർ അന്നു വരെ കേട്ടിട്ടില്ലാത്ത ഭാക്ഷ! കടയിൽ ഇരുന്നവർ അവരെ തന്നെ നോക്കി നിന്നു. അപ്പോൾ പട്ടാളക്കാരിൽ ഒരാളുടെ മുഖത്ത് പുഞ്ചിരി ' കൂട്ടരേ നിങ്ങൾ ഇരുന്നോളു, എല്ലാവരും ഇരുന്നു. അവർ നാലുപേരും ചായകുടിച്ചു . ചായകുടി കഴിഞ്ഞു അവർ എഴുന്നേറ്റു നേരത്തെ എല്ലാവരോടും ഇരിക്കാൻ പറഞ്ഞ ആൾ പോക്കറ്റിൽ നിന്നും പൈസയെടുത്തു വാസുദേവന് നേരെ നീട്ടി 'നല്ല ചായ' .' യ്യോ വേണ്ട ഏമാനെ! വേണ്ടെന്നോ കാശുപിടിക്കു ചേട്ടാ! കാശു അയാൾ വാസുവിന്റെ തകരത്തിന്റെ പൈസപെട്ടിയിലിട്ടിട്ട് അവർ പോയി. മൂക്കുമുട്ടെ തിന്നിട്ട്, കൈയും നക്കി തുടച്ചിട്ട് ,ഒരു കൂസലുമില്ലാതെ ഇറങ്ങിപോകുന്ന നിക്കറിട്ട പൊലീസുകാരെ മാത്രമേ അന്നോളം വാസു കണ്ടിരുന്നുള്ളൂ. " ഈ പട്ടാളക്കാര് കഴിച്ചാൽ കാശു തരും അല്ലിയോ" . അവരോടു വാസനും കടയിലിരുന്നവർക്കും ഒരു ബഹുമാനം തോന്നി. ചായകുടി കഴിഞ്ഞു കരുണാകരൻ ആചാരിയും നേരെ തന്റെ മരപ്പണിശാലയിലേക്ക് പോയി. മരപ്പണിക്കാരൻ മാത്രമല്ല ആളൊരു ശിൽപിയും കൂടിയായിരുന്നു. കട്ടിൽ, വാതിൽ, കട്ടിള എന്നിവയൊക്കെ ഉണ്ടാക്കിയതിന്റെ ബാക്കി മരം കൊണ്ട് കണ്ണഞ്ചിപ്പിക്കുന്ന ശില്പങ്ങൾ ഉണ്ടാക്കുന്നത് ആശാരിയുടെ സമയം പോക്കുമാത്രമായിരുന്നു. താൻ മിനുക്കിയെടുത്ത കൃഷ്ണപ്രതിമ ചായം പൂശുന്നതിനിടയിൽ കാക്കി ഷൂസ് ധരിച്ച നാലു പേരുടെ നിഴൽ മുന്നിൽ! തല ഉയർത്തി നോക്കിയപ്പോൾ നേരത്തെ വന്ന നാലുപേർ! അതേ പട്ടാളക്കാർ! അവർ താൻ കൊത്തി വച്ചിരിക്കുന്ന തന്റെ സമയം പോക്കുകളിൽ അത്ഭുതത്തോടെ നോക്കുകയും ചിരിക്കുകയും, അത് ചൂണ്ടി പരസ്പരം എന്തോ പറയുകയും ചെയ്യുന്നു. ചായം മാറ്റിവച്ചു ആശാരി എഴുന്നേറ്റ് ഭവ്യതയോടെ നിന്നു. " അരെ രത്നാകർ ഭായി അച്ഛാ ഹേ! തന്റെ കയ്യിലിരുന്ന കൃഷ്ണപ്രതിമ നോക്കി തനിക്കു വശമില്ലാത്ത ഭാക്ഷ അതിലൊരാൾ പറഞ്ഞു. ' ചേട്ടാ ഇതെല്ലാം നന്നായിട്ടുണ്ട്! ഞങ്ങൾ രാവിലെ പ്രഭാത സവാരിക്കും വ്യായാമത്തിനും പോകുമ്പോൾ താങ്കൾ ഇതൊക്കെ കൊത്തി മിനുക്കുന്നത് ഞങ്ങൾ ശ്രദ്ധിക്കാറുണ്ട്. ഞാൻ രത്നാകരൻ ഏറനാട്ടുകാരനാണ് ഈ സ്ഥലത്തു ഞങ്ങൾക്ക് കുറേനാൾ പരിശീലനമുണ്ട്. ഈ സ്ഥലം ഞങ്ങൾക്ക് ഇഷ്ടപ്പെട്ടു! . കൂട്ടത്തിലെ മലയാളി സ്വയം പരിചയപ്പെടുത്തി. ചിലർ തന്നെ പ്രശംസിക്കാറുണ്ടെങ്കിലും ഇവർ പ്രശംസിച്ചപ്പോൾ കരുണാകരന് സന്തോഷവും അഭിമാനവും തോന്നി. ആ കൃഷ്ണപ്രതിമ അവർക്കു നേരെ നീട്ടിയിട്ട് 'ഒരു നേരമ്പോക്കിന് ഉണ്ടാക്കിയതാ ഇത് ഏമാന്മാർക്ക് ഇരിക്കട്ടെ! അവർ സന്തോഷത്തോടെ അത് സ്വീകരിച്ചു. നാളുകൾ കുറെ നീങ്ങി! പട്ടാളക്കാർ അന്നാട്ടുകാരുമായി നല്ല സഹകരണത്തിലായി . രത്നാകരൻ എന്ന പട്ടാളക്കാരനും കൂട്ടരും കരുണാകരൻ ആശാരിയുമായി നല്ല ചങ്ങാത്തത്തിലായി. അവർ വൈകുന്നേരങ്ങളിൽ കരുണാകരന്റെ ശാലയിലേക്ക് വരുകയും സൊറ പറയുകയുമൊക്കെ ചെയ്യുവായിരുന്നു. ഒരു ദിവസം വൈകിട്ട് രത്നാകരൻ ശാലയിലേക്ക് വന്നു കൂട്ടുകാരും ഒപ്പമുണ്ട്. ചേട്ടാ ഞങ്ങൾ നാളെ പോവുകയാണ് ഇവിടുത്തെ ട്രെയിനിങ് കഴിഞ്ഞു ഇവിടം വിടുകയാണ്! ചേട്ടനെയും ഈ നാടിനെയും നാട്ടാരെയും ഞങ്ങൾ മറക്കില്ല! അവർ നാലുപേരും കരുണാകരന് കൈ കൊടുത്തു യാത്ര പറഞ്ഞു. അവർ പോവുന്നതിൽ വിഷമം തോന്നിയ കരുണാകരൻ അവരെ ആശീർവദിച്ചു. അന്നു രാത്രി കിടക്കാൻ തുടങ്ങിയപ്പോൾ കരുണാകരൻ അവരെക്കുറിച്ചോർത്തു " എന്തു നല്ല പിള്ളേരായിരുന്നു അവർ തന്നോളം പ്രായമേയുള്ളു എന്നിട്ടും അവർ ചേട്ടൻ എന്നെ വിളിക്കു. എല്ലാരോടും സഹകരിച്ചും, തമാശ പറഞ്ഞും, പ്രതേകിച്ചും രത്നാകരൻ എന്ന ചെറുപ്പക്കാരൻ! ഒരുപാട് പ്രാരാബ്ദമുള്ള കുടുംബമാണ് അവന്റെ. അച്ഛൻ ബ്രിടീഷുകാരുടെ വെടിയേറ്റു മരിച്ച സ്വാതന്ത്ര്യ സമര സേനാനി.കെട്ടിക്കാൻ പെങ്ങന്മാരും! അവരെല്ലാരും കഷ്ടപാടുള്ള ആൾക്കാരാണ്. അവർ നാളെ പോകുo. മയക്കത്തിലേക്ക് വഴുതി വീഴുന്നതിനു മുൻപ് ദൂരെയെവിടുന്നോ ഒരു കാലന്കോഴിയുടെ കരച്ചിൽ തന്റെ കാതുകളെ തേടിയെത്തി. ' നേരം പ്രഭാതം കരുണാകരൻ തന്റെ മരപ്പണിശാലയിലേക്ക് പോകുമ്പോൾ നാലുപാടു നിന്നും ആളുകൾ കവലയിലേക്ക് പായുന്നു. കോഴിക്കച്ചവടക്കാരൻ ബക്കറും , ഔതയും എല്ലാരും ഓടുന്നു. എന്തോ അപകടമുണ്ടെന്നു മനസിലായ കരുണാകരനും അവർക്കൊപ്പം കൂടി ' ഓടുന്നതിനിടയിൽ ആരോ പറഞ്ഞത് കേട്ട് കരുണാകരൻ ഞെട്ടി!! ' നമ്മടെ പട്ടാള തമ്പിലെന്തോ സംഭവിച്ചെന്ന് കുറേപേർ ചത്തെന്നു കേൾക്കുന്നു. ഇത് കേട്ടയുടൻ കരുണാകരനും ഓടി ക്യാമ്പ് സ്ഥിതി ചെയ്യുന്ന മൈതാനിയിലെത്തി. അവിടുത്തെ കാഴ്ചകണ്ടു കരുണാകരന് ശരീരം തളർന്നു പോകുന്നപോലെ തോന്നി. " മൈതാനം മുഴുവനും ശവക്കൂമ്പാരങ്ങൾ!! ചിലർ ജീവനു വേണ്ടി പിടയുന്നു. വായിൽ നിന്നു നുരയും പതയും രക്തവും!! സാധനങ്ങൾ നിറച്ച ഇരുമ്പു പെട്ടിയുടെ പുറത്തും തമ്പിനകത്തും ജീവനറ്റ ശവശരീരങ്ങൾ , നാട്ടുകാരുടെ നിലവിളി!! വീണു ചിതറിയ തകര പാത്രങ്ങൾ!! അതിൽ നിന്നു വീണ പകുതി കഴിച്ച ചപ്പാത്തി. ഇവയ്‌ക്കെല്ലാം ഇടയിൽ കുറച്ചു അപ്പുറത്തുമാറി തനിക്ക് പരിചയമുള്ള നാലു മുഖങ്ങൾ!!! ഒരുമിച്ചു കിടക്കുന്നു. രത്നാകരൻ ചിരിക്കുന്നില്ല! മറ്റു മൂന്നുപേർ ചിരിക്കുന്നില്ല. കരുണാകരേട്ടാന്നു വിളിക്കുന്നില്ല. അതിൽ ഒരാൾ മാത്രം തന്നെ നോക്കി ചിരിക്കുന്നു. അവർക്ക് താൻ സമ്മാനിച്ച കൃഷ്ണപ്രതിമ!!!!!
NB: 1958 ൽ കരസേനയുടെ ഒരു ബറ്റാലിയൻ സൈനികർ കൊല്ലം ശാസ്താംകോട്ടയിൽ പരിശീലനത്തിന് എത്തിയിരുന്നു. കൊച്ചിയിൽ നിന്നും അവർക്ക് ഭക്ഷണത്തിനു വേണ്ടി കൊണ്ടുവന്ന ആട്ടമാവിൽ ഹോളിഡോൾ എന്ന വിഷവസ്തു കലർന്നു. അത് കഴിച്ച തൊണ്ണൂറോളം സൈനികർ അന്നു മരണമടഞ്ഞു. അത് കലർന്നതാണോ കലർത്തിയതാണോ എന്നൊന്നും ആർക്കും അറിയില്ല .അന്വേഷിക്കേണ്ടവർ അന്വേഷിച്ചൊന്നും വ്യക്തമല്ല. ഇനിയൊട്ടറിഞ്ഞിട്ട് കാര്യവുമില്ല,ഈ ദാരുണ ദുരന്തം ആർക്കും അറിയാനും വഴിയില്ല. ശാസ്താംകോട്ടയിലെ പഴമക്കാർക്ക് മാത്രമറിയാവുന്ന ദുരന്തമായി ഇന്നും അവശേഷിക്കുന്നു. അന്നു മരണമടഞ്ഞ ജവാന്മാർക്ക് മുകളിലാണ് ഇന്നു അവിടെ കോടതിയും , ബസ് സ്റ്റാൻഡും സർക്കാർ ട്രഷറിയുമെല്ലാം സ്ഥിതി ചെയ്യുന്നത്. പിന്നെ ഞാൻ സൂചിപ്പിച്ച ശാസ്താംകോട്ടയുടെ സൗന്ദര്യമായ തടാകം അധികാരികളുടെ വാഗ്ദാനങ്ങളിൽ വറ്റി വരണ്ടു നാശത്തിന്റെ വക്കിലേക്ക് നീങ്ങുന്നു. അന്നു ഹോളിഡോൾ ദുരന്തത്തിൽ മരിച്ച എല്ലാ ജവാന്മാർക്കും, ഈ സംഭവം തന്റെ 96 ആം വയസിലും ഓർത്തെടുത്തു വിവരിച്ച കരുണാകരൻ ആശാരിക്കും ( അദ്ദേഹം വിട പറഞ്ഞു) എന്റെ പ്രണാമങ്ങൾ.!!!!