A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

മരണപ്പെട്ട ബാലന്‍ ആര് ചുരുളഴിയാത്ത രഹസ്യം

വര്‍ഷം 1921, അമേരിക്കയിലെ വൂക്കെഷാ എന്ന സ്ഥലം.


O'Laughlin Stone കമ്പനിയുടെ കീഴിലുള്ള ഒരു കരിങ്കല്‍ ക്വാറിയിലെ, തിരക്ക് പിടിച്ച ദിവസത്തിന്‍റെ മുഷിപ്പിലായിരുന്നു എല്ലാവരും. ഇതിനിടെ എന്തോ കാര്യത്തിനായി ക്വാറിയിലെ കുളത്തിനരികിലൂടെ പോയ ഒരു ജോലിക്കാരന്‍, പെട്ടെന്നാണ് അവിടെ ഒരു കാഴ്ച്ച കാണുന്നത്. അല്പനേരം അത് നോക്കി നിന്ന ശേഷം, അയാള്‍, മറ്റുള്ളവരെ അറിയിക്കാനായി അകത്തേക്ക് ഓടി.
കണ്ട കാഴ്ച്ച ഇതാണ്: വലിയൊരു പാവക്കുട്ടിയെപ്പോലെ തോന്നിക്കുന്ന എന്തോ ഒന്ന് വെള്ളത്തിലൂടെ ഒഴുകി നടക്കുന്നു. അയാള്‍ വേഗം ഒരു കമ്പെടുത്ത്, അത് വച്ച് ആ 'പാവയെ' കരയിലേക്ക് അടുപ്പിക്കാന്‍ ശ്രമിച്ചു. പക്ഷെ കരയിലേക്ക് ഏകദേശം എത്താറായപ്പോഴാണ്, അവര്‍, ആ പാവക്കുട്ടിയുടെ യഥാര്‍ത്ഥ രൂപം തിരിച്ചറിഞ്ഞത്. അഴുകിത്തുടങ്ങിയ ഒരു ബാലന്‍റെ മൃതദേഹമായിരുന്നു അത്.
അല്‍പ സമയത്തിനുള്ളില്‍ വൂക്കേഷാ പോലീസ് സ്ഥലത്തെത്തി, അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം, തലക്കേറ്റ ശക്തിയായുള്ള അടിയാണ് മരണകാരണം. ചുറ്റിക പോലുള്ള എന്തോ വച്ച് അടിച്ചു കൊന്ന ശേഷം, ബോഡി, വെള്ളത്തില്‍ കൊണ്ട് വന്ന് ഉപേക്ഷിച്ചിരിക്കുകയാണ്. മൃതദേഹത്തിന് ആഴ്ച്ചകളോളം പഴക്കവുമുണ്ട്. അഞ്ചിനും ഏഴിനും ഇടയ്ക്ക് പ്രായമുള്ള ആ ബാലന്‍ ധരിച്ചിരിക്കുന്ന വസ്ത്രങ്ങള്‍ വച്ച് ഒരു കാര്യം ഉറപ്പിക്കാം, ഏതോ സമ്പന്ന കുടുംബത്തില്‍ ജനിച്ച കുട്ടിയാണത്. വാര്‍ത്ത കാട്ടുതീ പോലെ പരന്നു, പക്ഷെ ബാലനെ കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും തന്നെ ലഭിച്ചില്ല.
കൂടുതല്‍ വിവരങ്ങള്‍ എന്തെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയില്‍, പോലീസ്, മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത മോര്‍ട്ടീഷ്യന്‍റെ അവിടെത്തന്നെ പൊതുദര്‍ശനത്തിന് വച്ചു. ആ പ്രദര്‍ശനത്തിനിടെ, ബാലന്‍റെ വസ്ത്രധാരണം കണ്ട ജനങ്ങളാണ് അവനെ Little Lord Fauntleroy എന്ന് വിളിക്കാന്‍ തുടങ്ങിയത്. പ്രശസ്തമായ ഒരു കുട്ടികളുടെ നോവലിലെ നായക കഥാപാത്രത്തിന്‍റെ പേരായിരുന്നു Little Lord Fauntleroy. അത്ഭുതം എന്ന് പറയട്ടെ, അങ്ങിനെ ഒരു ബാലന്‍ ആ സംസ്ഥാനത്തില്‍ തന്നെ ജീവിച്ചിരുന്നു എന്നുള്ള ഒരു തെളിവ് പോലും പോലീസിന് കണ്ടുപിടിക്കാനായില്ല. ഒടുക്കം മുഖം രക്ഷിക്കാനായി പോലീസ്, കേസിനെ കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് ആയിരം ഡോളര്‍ സമ്മാനവും പ്രഖ്യാപിച്ചു. പക്ഷെ നിരാശ തന്നെയായിരുന്നു ഫലം.
പോലീസിന് ലഭിച്ച വിവരങ്ങള്‍ ഇത്ര മാത്രമാണ്. ഈ ബാലന്‍റെ മൃതദേഹം ലഭിക്കുന്നതിനും ആഴ്ച്ചകള്‍ക്ക് മുന്‍പ്, മറ്റൊരു ക്വാറി ജീവനക്കാരന്‍, സംഭവസ്ഥലത്ത് വച്ച് അപരിചിതരായ ഒരു ദമ്പതികളെ കണ്ടിരുന്നു. ഫോര്‍ഡ് കാറില്‍ വന്നിറങ്ങിയ ആ ദമ്പതികളിലെ സ്ത്രീ, കരഞ്ഞു കൊണ്ട് അയാളോട്, ഇങ്ങിനെ ഒരു കുട്ടിയെ അവിടെ കണ്ടോ എന്ന് ചോദിക്കുകയുണ്ടായി. ഈ സമയം പുരുഷന്‍, ആ സ്ഥലമാകെ അരിച്ചു പെറുക്കുകയായിരുന്നു. താന്‍ ആരെയും കണ്ടില്ല എന്നയാള്‍ പറഞ്ഞപ്പോള്‍, നിരാശരായ അവര്‍, കരച്ചിലോടെ തന്നെ മടങ്ങിപ്പോയി. ഇതിനു ശേഷം അവരെ ആരും കണ്ടിട്ടില്ല, ഇങ്ങിനെ ഒരു ദമ്പതികളെ കണ്ടെത്താന്‍ പോലീസിനും കഴിഞ്ഞില്ല. മാസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ അവര്‍ കേസ് മതിയാക്കി. മറ്റേതോ സ്ഥലത്തുള്ള സമ്പന്ന കുടുമ്പത്തില്‍ നിന്നും തട്ടിക്കൊണ്ട് വന്ന ബാലനായിരിക്കാം ഇതെന്നാണ് പോലീസ് നിഗമനം.
പ്രയറിഹോം സിമിത്തേരിയിലെ ഒരു പേരില്ലാത്ത കല്ലറയിലാണ് അവനെ ആദ്യം അടക്കിയത്. എന്നാല്‍ സമീപവാസിയായ മിന്നി കോണ്‍റാഡ് എന്ന സ്ത്രീ, അവന് അര്‍ഹിക്കുന്ന പരിഗണന നല്‍കണമെന്ന വാശിയില്‍ പണം സ്വരൂപിച്ച്, ബാലന് തരക്കേടില്ലാത്ത ഒരു സ്മാരകശില (tombstone) നിര്‍മ്മിച്ച്‌ കൊടുത്തു. 1940ല്‍, മരിക്കുന്നത് വരെ, ഈ കല്ലറ വൃത്തിയായി സൂക്ഷിക്കാന്‍ അവര്‍ ശ്രമിച്ചിരുന്നു. മിന്നിയുടെ മരണശേഷം ഈ ബാലന്‍റെ അടുത്ത് തന്നെയാണ് അവരെയും അടക്കിയിരിക്കുന്നത്.
വര്‍ഷങ്ങള്‍ക്ക് ശേഷം, 1949ല്‍ കേസിന് മറ്റൊരു വഴിത്തിരിവുണ്ടായി.
ഈ മൃതദേഹം ലഭിച്ചയിടയ്ക്ക്, തൊട്ടടുത്ത നഗരമായ മില്‍വാക്കിയില്‍ നിന്ന് കാണാതായ മറ്റൊരു ബാലനാണ് ഹോമര്‍ ലെമേയ്. രണ്ടു പേരുടെയും പ്രായം ഏകദേശം സമാനമാണ്. അര്‍ജന്‍റിനയില്‍ വച്ച് നടന്ന ഒരപകടത്തില്‍ ഹോമര്‍ മരിച്ചുവെന്നാണ്, അവന്‍റെ അച്ഛന്‍ പറയുന്നത്. പക്ഷെ കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ ഹോമറിന്‍റെ ശരീരം പോലും അച്ഛന്‍ കണ്ടിട്ടില്ലെന്ന് മനസ്സിലായി, മകന്‍ മരിച്ച വിവരം പത്രങ്ങളില്‍ നിന്നാണ് അയാള്‍ അറിഞ്ഞതത്രേ. ഫാമിലി ഫ്രണ്ട്സ് ആയ നോര്‍ട്ടണ്‍ കുടുംബത്തിന്‍റെ കൂടെ ഒരു സൌത്ത് അമേരിക്കന്‍ ടൂറിലായിരുന്നു മകനെന്നാണ് പോലീസിനോട്, ഹോമറിന്‍റെ അച്ഛന്‍ പറഞ്ഞത്. എന്നാല്‍ ഈ നോര്‍ട്ടണ്‍ കുടുംബത്തെ കുറിച്ചോ, അര്‍ജന്‍റിനയില്‍ വച്ച് നടന്ന ഈ അപകടത്തെ കുറിച്ചോ ഒരു വിവരവും പോലീസിന് ലഭിച്ചിട്ടില്ല. മരണത്തെ കുറിച്ച് വിവരങ്ങള്‍ ഒന്നും കിട്ടാത്തത് കൊണ്ട്, പോലീസ്, ഇതൊരു മിസ്സിങ്ങ് കേസായിത്തന്നെ തുറന്ന് വച്ചിരിക്കുകയായിരുന്നു. ഈ ഹോമര്‍ തന്നെയാണ് വൂക്കേഷയിലെ ബാലനെന്ന് പലരും വാദിച്ചെങ്കിലും, തെളിവുകളുടെ അഭാവത്തില്‍ ഇതത്ത്ര മുന്നോട്ട് പോയില്ല.
വൂക്കേഷയിലെ പ്രയറിഹോം സിമിത്തേരിയുടെ അടുത്തുള്ള പരിസരവാസികള്‍ക്ക് കൂടി ചിലത് പറയാനുണ്ട്.
ആ ബാലന്‍റെ കല്ലറയില്‍, ആരോ സ്ഥിരമായി പൂക്കള്‍ കൊണ്ടുവന്ന് വയ്ക്കാറുണ്ടായിരുന്നത്രേ. ആരാണ് ഇത് ചെയ്യുന്നതെന്ന് അറിയാതെ നാട്ടുകാര്‍ ആദ്യം കുഴങ്ങിയെങ്കിലും, പിന്നീട്, ചിലര്‍ ആ കാഴ്ച്ച കാണാന്‍ തുടങ്ങി. മൂടുപടം ധരിച്ച ഒരു സ്ത്രീയായിരുന്നു ഇടയ്ക്കൊക്കെ വന്ന് അവിടെ പൂക്കള്‍ വച്ചിരുന്നത്. അല്‍പ സമയം അവര്‍ കല്ലറയുടെ അരികില്‍ ചിലവഴിക്കുകയും ചെയ്യും. പക്ഷെ ഒരു തവണ പോലും അവരെ സമീപിക്കാനോ, അവരോടു സംസാരിക്കാനോ നാട്ടുകാര്‍ക്ക് കഴിഞ്ഞിട്ടില്ല. അതിന്‍റെ കാരണം അജ്ഞാതമാണ്‌.
ഇത്തരം പല റിപ്പോര്‍ട്ടുകള്‍ക്കും ആധികാരികത ഇല്ലെങ്കിലും, ഈ പറഞ്ഞവരില്‍ പലരും പരിസരവാസികള്‍ ആയതിനാല്‍ തള്ളിക്കളയാന്‍ ആകില്ലെന്നാണ് പൊലീസിന്‍റെ ഭാഷ്യം. ജീവിച്ചിരുന്നപ്പോള്‍ ഈ ബാലന്‍ ആരായിരുന്നെന്ന് ആ സ്ത്രീയ്ക്ക് അറിവുണ്ടാകും എന്ന് തന്നെയാണ് പോലീസും, നാട്ടുകാരും വിശ്വസിക്കുന്നത്. എന്തായാലും ഇന്നും പ്രയറിഹോം സിമിത്തേരിയിലെ കല്ലറയില്‍ ആ ബാലന്‍ ശാന്തനായി ഉറങ്ങുന്നുണ്ട്. ഇവനെ തിരിച്ചറിയാന്‍ സാധിക്കുന്ന ആരും ഇപ്പോള്‍ ജീവിച്ചിരിക്കാന്‍ സാധ്യതയില്ലെങ്കിലും, ലോകത്തിന്‍റെ ഏതെങ്കിലും ഒരു കോണില്‍, ഈ വേര്‍പാടിനെ കുറിച്ച് ഓര്‍ക്കുന്ന, ഇവന്‍റെ ഏതെങ്കിലും ഒരു കുടുംബാംഗം ഉണ്ടാകാം എന്ന് കരുതി ഇപ്പോഴും ആശ്വസിക്കുകയാണ് ആ നാട്ടുകാര്‍.