ജന്തുലോകത്തിലെ ആത്മഹത്യയെപ്പറ്റി വായിക്കുന്നതിനിടയില്‍ വേറൊരു രസകരമായ സംഗതിയും വായിക്കാനിടയായി: മനുഷ്യരുടെ ഇടയില്‍ മാത്രമല്ല ജന്തുലോകത്തിലും സ്വമേധയായുള്ള ഭ്രൂണഹത്യകള്‍ നടന്നുവരുന്നുണ്ട്! :D
*. ബബൂണ്‍ കുരങ്ങുകളോട് സാദ്രിര്‍ശ്യമുള്ള എത്യോപ്പിയയിലെ ഗെലാടാസ് (Gelada) എന്ന ഒരുതരം കുരങ്ങുവര്‍ഗത്തില്‍ ഈ പ്രതിഭാസമുണ്ട്. ഒരൊറ്റ സംഘമായി ജീവിക്കുന്ന ഈ കുരങ്ങുവര്‍ഗത്തില്‍ ഒരേയൊരു സംഘത്തലവനാവും ഉണ്ടാവുന്നത്. ഈ സംഘത്തലവന് അവകാശപ്പെട്ടതായിരുക്കും സംഘത്തിലെ ഭൂരിഭാഗം സ്ത്രീജനങ്ങളും! ;) പക്ഷെ എന്ത് ഉയര്‍ച്ചക്കും ഒരു താഴ്ചയുണ്ടാവുമെല്ലോ. എന്നെങ്കിലുമൊരിക്കല്‍ സംഘത്തില്‍ വളരുന്നുവരുന്ന ഒരു പുതുയുവരക്തം പഴയനേതാവിനെ പരാജയപ്പെടുത്തി പുതിയ തലവനാകും. അതോടെ പെണ്‍കുരങ്ങുകളുടെ കഷ്ടകാലം തുടങ്ങും. സ്ഥാനമേറ്റെടുത്ത പുത്തന്‍കുരങ്ങു ആദ്യം ചെയ്യുന്നത് പഴയസംഘത്തലവന്‍റെ കുട്ടികളെയെല്ലാം വധിക്കുക എന്നുള്ളതാണ്. തീരെകുഞ്ഞായ കുരങ്ങങ്കുഞ്ഞുങ്ങള്‍ അങ്ങനെ പരലോകംപുല്‍കും. എന്നാല്‍ കഥ അവിടംകൊണ്ടും തീരില്ലെന്നാണ് Eila Roberts എന്ന ശാസ്ത്രജ്ഞ പറയുന്നത്. പുതിയ നേതാവ് സ്ഥാനമേറ്റുകഴിയുന്നതോടെ പെണ്‍കുരങ്ങുകള്‍ക്കിടയില്‍ ദ്രുതഗതിയിലുള്ള അബോഷനുകളും നടക്കും. അങ്ങനെ പഴയനേതാവിന്‍റെ ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങള്‍കൂടി ഇത്തരത്തില്‍ അവസാനിക്കുന്നു.
*. ഈ പ്രതിഭാസം വ്യക്തമായി ശ്രദ്ധിക്കപ്പെടുന്നത് ഗെലാടാസിലാണെങ്കിലും കുറച്ചു ജീവികളില്‍ ആദ്യമേ ഇങ്ങനെയൊരു പ്രതികരണം കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. ‘അന്യപുരുഷന്മാരുടെ’ വെളിപ്പെടലോടെ സംഭവിക്കുന്ന ഈ പ്രതിഭാസം ‘ബ്രൂസ് പ്രതിഭാസം’ (Bruce Effect) എന്നറിയപ്പെടുന്നു. Hilda Margaret Bruce എന്ന ശാസ്ത്രജ്ഞ 1959ല്‍ പരീക്ഷണശാലയിലെ ഗര്‍ഭിണിയായ എലിയിലാണ് ഈ പ്രതിഭാസം ആദ്യമായി ശ്രദ്ധിച്ചത്. പിന്നീട് പരീക്ഷണശാലയിലെ മുയലുകളിലും വീട്ടില്‍ വളര്‍ത്തിയ കുതിരകളിലും ഇത് കണ്ടെത്തി. അതായത് പെണ്‍കുതിരയോടൊപ്പം കെട്ടിയിരുന്ന ആണ്‍കുതിരയെ മാറ്റി പുതിയയൊന്നിനെ ലായത്തില്‍ കൊണ്ടുവന്നപ്പോള്‍ ഈ പ്രതിഭാസം പെണ്‍കുതിരയിലും കാണപ്പെട്ടു. എന്നാല്‍ ഇത് വന്യജീവികള്‍ക്കിടയില്‍ സംഭവിക്കുമോ എന്ന് ഇവര്‍ക്ക് തെളിക്കാനായില്ല. മേല്‍പ്പറഞ്ഞ Eila Roberts ആണ് ഇതിനു ശാസ്ത്രീയ അടിത്തറ കൊണ്ടുവന്നത്. എത്യോപ്പിയയിലെ വനസങ്കേതത്തില്‍ 5 വര്‍ഷം ചിലവിട്ട് 21 സംഘങ്ങളിലുള്ള 110 ഗെലാടാസ് പെണ്‍കുരങ്ങുകളെ നിരീക്ഷിച്ചാണ് ഈ എഫ്ഫക്റ്റ് കണ്ടെത്തിയത്. പുതിയ സംഘത്തലവന്‍റെ വരവോടെ ആ മാസങ്ങളിലുള്ള ജനനനിരക്ക് വളരെഗണ്യമായി കുറഞ്ഞുവന്നു. ജനിക്കാനിരിക്കുന്ന കുഞ്ഞിന്‍റെ പിതാവല്ലാത്ത മറ്റൊരു ആണ്‍കുരങ്ങു വെളിപ്പെടുമ്പോള്‍ ഈ പെണ്‍കുരങ്ങുകളില്‍ ഒരു പ്രത്യേകഹോര്‍മോണ്‍ ഉത്പാദിപ്പിക്കപ്പെടുന്നു. ശരീരശ്രവങ്ങളിലുള്ള ഈ ഹോര്‍മോണ്‍വ്യതിയാനമാണ് മൃഗങ്ങള്‍ക്കിടയിലെ ഭ്രൂണമരണത്തിനു ഹേതുവാകുന്നത്.
*. എന്തുകൊണ്ടാണ് പുതിയ തലവന്‍ ഇത്തരത്തില്‍ കുരങ്ങങ്കുഞ്ഞുങ്ങളെ കൊല്ലുന്നത്?! ഉത്തരം ലളിതമാണ്. മനുഷ്യരുടെപോലെ “വല്ലവന്‍റെയും കുഞ്ഞിനെ പോറ്റേണ്ട ഗതികേട് എനിക്കില്ല” എന്ന് ചിന്തിക്കുന്നത് കൊണ്ടല്ലത് ;) പ്രകൃതിയില്‍ ജീവിക്കുന്ന ഓരോ ജീവിയുടെയും പ്രവണത സ്വന്തം ജീന്‍ അടുത്തതലമുറയ്ക്ക് കയ്യ്മാറുവാനാണ്. അതിനായി പുതിയതലവന്‍ ശ്രമം തുടങ്ങുന്നു. എന്നാല്‍ പഴയകുരങ്ങിന്‍റെ കുട്ടികളെ വളര്‍ത്തിവലുതാക്കുന്നതുവരെ പെണ്‍കുരങ്ങുകള്‍ വീണ്ടുമൊരു പ്രതുല്പാദനത്തിനു തയ്യാറാവില്ല. അതുകൊണ്ട് എത്രയുംവേഗം കുട്ടികുരങ്ങുകളെ കൊല്ലുന്നോ അത്രയുംവേഗം സ്വന്തമായി തലമുറയെ ഉല്‍പ്പാദിപ്പിക്കാം. ഇതനുസരിച്ച് പെണ്‍കുരങ്ങുകളും തന്ത്രം മാറ്റുന്നു (അല്ലെങ്കില്‍ പ്രകൃതിയത് മാറ്റുന്നു!). ജനിക്കുന്ന കുഞ്ഞിനെ സമയം പാഴാക്കി പ്രസവിച്ചു വെറുതെ കൊല്ലാന്‍ ഇട്ടുകൊടുക്കുന്നതിനെക്കാള്‍ അതിന്‍റെ ജനനം തടഞ്ഞുകൊണ്ട് ഉറപ്പായും ജീവിക്കാന്‍ സാധ്യതയുള്ള പുതിയകുഞ്ഞിനു വേണ്ടി അവരും തയ്യാറെടുക്കുന്നു!
പിന്നീടു സിംഹങ്ങളുള്‍പ്പെടുന്ന മറ്റു ചില സസ്തനികളിലും ഈ പ്രതിഭാസം കണ്ടെത്തുകയുണ്ടായി. ചുരുക്കത്തില്‍ Bruce, Vandenbergh, Whitten, എന്നീ പ്രതിഭാസങ്ങളാണ് പ്രധാനമായും പ്രതുല്പാദനസംബന്ധമായി സസ്തനികളില്‍ കാണപ്പെടുന്നത്.
മറ്റു രണ്ടു പ്രതിഭാസങ്ങളിലേക്കും കടക്കുന്നത് അനന്തവും ഒരുപക്ഷേ വിരസവുമായേക്കാവുന്ന ജീവശാസ്ത്രത്തിലേക്ക് ഊളിയിടുന്നതിനു തുല്യമാവും എന്നുള്ളതുകൊണ്ട് തല്‍ക്കാലം നിര്‍ത്തുന്നു