A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

കാലൻകോഴി-മരണത്തിന്റെ വാഹകൻ The Mottled wood Owl- The Messenger of Death..

കാലൻകോഴി-മരണത്തിന്റെ വാഹകൻ
The Mottled wood Owl- The Messenger of Death..


രാത്രിയുടെ രണ്ടാം യാമത്തിൽ ഇരുട്ടിനെ തുളച്ചു വരുന്ന ആ ശബ്ദത്തെ എല്ലാവരും ഭയന്നിരുന്നു. ആ ശബ്ദം കേട്ടാൽ പിറ്റേന്ന് മരണവാർത്ത കാതുകളെ തേടിയെത്തുമത്രേ! നിരവധി വിശ്വാസങ്ങളുടെ മേച്ചിൽ പുറങ്ങളായ നമ്മുടെ നാട്ടിലേ ഒരു ഭയപ്പെടുത്തുന്ന വിശ്വാസത്തെക്കുറിച്ചു ഇവിടെ വിവരിക്കുകയാണ്. കാലൻകോഴി, തച്ചൻ കോഴി, കൊള്ളി കുറവൻ, എന്നൊക്കെ വിളിപ്പേരുള്ള മൂങ്ങയിനത്തിൽ പ്പെട്ട ഒരു പക്ഷി. എന്തിനു നമ്മുടെ നാട് ആ പക്ഷിയുടെ ശബ്ദത്തെ ഭയന്നു?!! കുറച്ചു സംഭവങ്ങളുടെ വെളിച്ചത്തിൽ അതിനെക്കുറിച്ചു വിശദീകരിക്കുകയാണ്. നിലാവില്ലാത്ത ഒരു രാത്രിയിൽ നേരം എട്ടുമണിയായപ്പോൾ "ഓഓഓഹ്‌" എന്ന രീതിയിലുള്ള ശബ്ദം അകലെ ഏതോ വൃക്ഷക്കൊമ്പിൽ നിന്നും കാതുകളെ തേടി വന്നു. "നാളെ ആരോ മരിച്ചെന്നു കേൾക്കാനാണ് അതിരുന്നു കരയുന്നത് " വീട്ടിലെ കാരണവർ മൊഴിഞ്ഞത് കേട്ടു ഞാൻ ആകാംഷയോടെ ആ ശബ്ദം വരുന്ന ദിക്കിലേക്ക് നോക്കി. എല്ലാവരും പോയിക്കിടന്നു ഉറങ്ങാൻ ആവശ്യപ്പെട്ടു. കിടന്നപ്പോഴും വടക്കു ദിക്കിൽ നിന്നു വരുന്ന ആ ശബ്ദം കാതുകളിൽ മുഴങ്ങിക്കൊണ്ടിരുന്നു. നേരം പുലർന്നു " അറിഞ്ഞില്ലേ നമ്മുടെ മരച്ചീനി കച്ചവടക്കാരൻ വേണു കുരുടാൻ( ഫ്യൂരിഡാൻ) കഴിച്ചു മരിച്ചു" മുറ്റത്ത് ഇങ്ങനെ ആരോ പറയുന്നത് കേട്ടാണ് ഉറക്കമുണർന്നത്. ശരിയായിരുന്നു കാരണവരുടെ നാവു പിഴച്ചില്ല രാവിലെ തന്നെ മരണവാർത്ത കേൾക്കേണ്ടി വന്നു. രണ്ടാഴ്ച കഴിഞ്ഞപ്പോൾ തെക്ക് ദിക്കിൽ നിന്നെവിടെയോ ആ ശബ്ദം കാതുകളെ വീണ്ടും തേടിയെത്തി. " തൂങ്ങി മരണമായിരുന്നു' പിറ്റേന്നത്തെ വാർത്ത. അടുത്തുള്ള ഒരു യുവാവ് പറമ്പിലെ റബറുംതോട്ടത്തിൽ തൂങ്ങി മരിക്കുകയായിരുന്നു. കുറച്ചു നാൾ കഴിഞ്ഞു അർധരാത്രി കാതടപ്പിക്കുന്ന ആ ശബ്ദം കേട്ടാണ് ഞാൻ ഉറക്കം ഉണർന്നത്. അതിപ്പോൾ എന്റെ വീട്ടു പരിസരത്തു നിന്നാണ്.പിറ്റേന്ന് രാവിലേ അയൽപക്കത്തെ രോഗശയ്യയിൽ കിടന്ന വ്യക്തിയുടെ മരണവാർത്തയാണ് തേടിയെത്തിയത്. മരണത്തിന്റെ ഈ വാഹകനെ നേരിൽ കാണണമെന്നുള്ള ആഗ്രഹം ഈ അടുത്തിടയ്ക്കാണ് ഉദിച്ചത് . അതിനാൽ നാട്ടുമ്പുറത്തെ ആൾതാമസമില്ലാത്ത ആ പഴയ തറവാട്ട് വീട്ടിലേക്ക് പോകേണ്ടി വന്നു. രണ്ടു ദിവസം അവിടെ താമസിച്ചു , രാത്രികാലങ്ങളിൽ ആ ശബ്ദം കേൾക്കാനായി കാതുകൂർപ്പിച്ചിരുന്നു പക്ഷെ നിരാശയായിരുന്നു ഫലം. ഒരിക്കൽ പറവൂരുള്ള ബന്ധുവീട്ടിലേക്ക് എന്തിനോ വേണ്ടി പോകേണ്ടി വന്നു. സമയം അർധരാത്രി ഒരു മണിയോടടുപ്പിച്ചു കാണും. ഞാൻ തേടി നടക്കുന്ന അതെ ശബ്ദം കാതുകളെയും എന്നെയും ഉണർത്തി. പറമ്പിലെ മാവിന്കൊമ്പിൽ നിന്നാണ് ശബ്ദം കേൾക്കുന്നതെന്നു ഞാൻ മനസിലാക്കി . അവിടിരുന്നു ഹൈ പവറുള്ള സേർച്ച് ലൈറ്റ് കയ്യിലെടുത്തു , കാൽപ്പെരുമാറ്റം ഉണ്ടാകാതെ മുറ്റത്തിറങ്ങി . സേർച്ച് ലൈറ്റ് ഓൺ ആക്കാതെ കാൽപ്പെരുമാറ്റം ഉണ്ടാകാതെ പതിയെ പറമ്പിലെ മാവു ലക്ഷ്യമാക്കി നടന്നു അപ്പോഴും ആ ശബ്ദം നിലച്ചിട്ടില്ലായിരുന്നു. ഞാൻ ആ ശബ്ദം വരുന്ന ഭാഗത്തേക്ക് ടോർച്ച് നീട്ടിപ്പിടിച്ചു സ്വിച്ച് ഓൺ ആക്കി . കനലെരിയുന്ന പോലെ തിളക്കമുള്ള രണ്ടു ചുവന്ന വലിയകണ്ണുകൾ!!! തുറിച്ചു നോക്കുന്നു, മൂങ്ങയുടെ മുഖസാദൃശ്യമുള്ളോരു പക്ഷി!! ശരവേഗത്തിൽ അപ്പോൾ തന്നെ അത് പറന്നു പോയി. ആ പറക്കലിൽ എന്തോ ഒന്നു മാവിൻ മുകളിൽ നിന്നു താഴെവീണു. വെറുതെ ആ ഭാഗത്തേക്ക് ടോർച്ച് അടിച്ചുനോക്കി . പകുതി കൊത്തിപ്പറിച്ച ഒരു ചുണ്ടെലിയായിരുന്നു അത്. പിന്നെയാണ് ഈ പക്ഷിയെക്കുറിച്ചു കൂടുതലായി അറിഞ്ഞത് . കാലൻ കോഴി എന്നു പൊതുവെ വിളിക്കുന്ന ഈ പക്ഷിയുടെ കരച്ചിൽ എല്ലാവരും ഭയന്നിരുന്നു. ഇതു വീട്ടുപറമ്പത്തോ മറ്റോ ഇരുന്നു കരഞ്ഞാൽ ആ വീട്ടിൽ ആസന്നമായ ഒരു മരണം നടക്കുമെന്ന് ആളുകൾ ഭയന്നിരുന്നു. പ്രായമായവർ വീട്ടിലുണ്ടെങ്കിൽ മരണമുക്തി നേടുവാൻ വേണ്ടി മൃതുഞ്ജയ മന്ത്രം ജപിക്കുമായിരുന്നുവത്രെ!! മറ്റു ചിലർ തീകൊള്ളിയുമായി വീടിനു ചുറ്റും ഓടുമായിരുന്നു. ഇതിന്റെ ദൃഷ്ടി പതിഞ്ഞാൽ തന്നെ മരിക്കുമെന്നാണ് മറ്റൊരു കൂട്ടരുടെ വിശ്വാസം. കൊല്ലം പുറ്റിങ്ങൽ വെടിക്കെട്ടപകടത്തിനു ദിവസങ്ങൾക്ക് മുൻപ് അസാധാരണമാം വിധം ഇതിരുന്നു കരഞ്ഞതായി ആ നാട്ടിലെ ചിലർ അഭിപ്രായപ്പെടുന്നു. കാലൻ കോഴിയുടെ കരച്ചിൽ രണ്ടു കിലോമീറ്റർ വരെ താണ്ടുമത്രെ! .ഇതിന്റെ കരച്ചിലിന് 'പൂവ്വാ പൂവ്വാ' എന്ന മലയാള വാക്കിനോട് സാമ്യമുള്ളതിനാൽ മരണത്തിലേക്ക് പൂവ്വാ' എന്ന വാക്കിനാൽ വടക്കൻ കേരളക്കാർ ഉച്ചാരണം ചെയ്തിരുന്നു. ഇംഗ്ലീഷിൽ കാലന്കോഴി എന്നതിന് MOTTLED WOOD OWL എന്നാണ് പറയുന്നത്. ഒരു തരത്തിൽ ഇത് കർഷകരുടെ മിത്രവുമാണ് കൃഷിയിടത്തിലെ ശല്യക്കാരായ വലിയ എലികളെയും പ്രാണികളെയുമൊക്കെ ഇത് ആഹാരമാക്കാറുണ്ട്. ചൂണ്ടക്കൊളുത്ത് പോലുള്ള കാലുകൾ കൊണ്ട് സുഗമമായി ഇതിനു റാഞ്ചി പിടിക്കാനാവും. മരത്തിലെ പൊത്തിലിരിക്കുന്ന ഇണയെ പുറത്തു ചാടിക്കാനോ ആകർഷിക്കാനോ ആണ് ഇത് ഇത്തരം ശബ്ദമുണ്ടാക്കുന്നതെന്നാണ് ശാസ്ത്രീയമായ വാദം. എന്നിരുന്നാലും നമ്മുടെ നാട്ടിലെ വിശ്വാസികൾക്കിടയിൽ കാലൻ കോഴി കാലന്റെ അനുനായിയാണ്!!
NB: കാവും കാടും തണ്ണീർതടങ്ങളും മനുഷ്യൻ കുളം തോണ്ടിയപ്പോൾ നാട്ടുമ്പുറത്തുകാരായിരുന്ന ഇത്തരം ചെറു ജീവികളുടെ ആവാസവ്യവസ്ഥ തന്നെ പൊലിഞ്ഞു പോയി. ഇതിൽ ഞാൻ ചൂണ്ടി കാട്ടിയത് പണ്ട് കേട്ടനുഭവിച്ച കുറച്ചു വിശ്വാസങ്ങളും രീതികളുമാണ്. ഇത്തരം വിശ്വാസങ്ങളിൽ ഒരു കഴമ്പും ഇല്ലെന്നാണ് എന്റെ വാദം. കാലൻ കോഴി വംശനാശം നേരിടുന്ന ഒരു പക്ഷിയാണ്‌ . സംരക്ഷിക്കുക