A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ഒരു ത്രികോണ പ്രണയത്തിന്‍റെ അന്ത്യം

ഒരു ത്രികോണ പ്രണയത്തിന്‍റെ അന്ത്യം



2005 മേയ് മാസത്തിലെ ഒരു സുദിനം. പോഗോ എന്നൊരു ഗെയിമിങ്ങ് സൈറ്റില്‍ വച്ചാണ് എല്ലാത്തിന്‍റെയും തുടക്കം.

സൈറ്റിലെ, MarineSniper എന്ന യൂസര്‍ ഐഡിയിലേക്ക് പുതിയൊരു റിക്വെസ്റ്റ് വരികയാണ്. വന്നിരിക്കുന്ന ഐഡിയാണ് Talhotblond (Tall, Hot, Blonde). കുറച്ചു നേരം ഒരുമിച്ച് ഗെയിമുകള്‍ കളിച്ച ശേഷം ടോമി എന്ന MarineSniper പതുക്കെ ആ ഐഡിയിലേക്ക് private message അയച്ചു, അങ്ങിനെ അവര്‍ തമ്മില്‍ ചാറ്റിങ്ങ് ആരംഭിച്ചു. ജെസ്സി, അതായിരുന്നു അവളുടെ പേര്, വെസ്റ്റ്‌ വിര്‍ജിനിയയില്‍ നിന്നുള്ള ഒരു ഹൈസ്കൂള്‍ വിദ്യാര്‍ഥിനി, പ്രായം പതിനെട്ട്. അവള്‍ ടോമിയെക്കുറിച്ച് അന്വേഷിച്ചു, US മറീനാകാന്‍ ട്രെയിനിങ്ങിന് കയറിയിരിക്കുന്ന പതിനെട്ടുകാരന്‍. 'ഒരു ഫോട്ടോ അയക്കാമോ', ടോമി അവളോട്‌ ചോദിച്ചു. ജെസ്സി അയച്ച ഫോട്ടോ കണ്ട ടോമിയുടെ കണ്ണ് തള്ളി; നല്ല ഉയരവും, അഴകളവുകള്‍ എല്ലാം തികഞ്ഞ ശരീരവുമുള്ള ജെസ്സിയുടെ സ്വിമ്മിങ്ങ് സൂട്ടിലുള്ള ചിത്രമാണ് അവള്‍ അയച്ചത്. ഉടന്‍ തന്നെ തന്‍റെ ഫോട്ടോ ടോമിയും തിരിച്ചയച്ചു. ആറടി ഉയരവും, തിളങ്ങുന്ന മുടിയും, വീതിയേറിയ തോളും, മസിലുകളും ഉള്ള ടോമി അങ്ങിനെ ജെസ്സിയുടെ സ്വപ്ന നായകനായി മാറി. ആദ്യത്തെ ദിവസം തന്നെ പ്രണയം മൊട്ടിട്ടു എന്ന് പ്രത്യേകം പറയണ്ടല്ലോ.

പക്ഷെ ഒരു കാര്യം മാത്രം ജെസ്സിക്കറിയില്ലായിരുന്നു, താന്‍ കണ്ട ടോമിയുടെ ഫോട്ടോയ്ക്ക് മുപ്പത് വര്‍ഷത്തോളം പഴക്കമുണ്ടെന്ന സത്യം. അതെ, ടോമി എന്ന തോമസ്‌ മോണ്ട്ഗോമറി, നാല്‍പ്പത്താറ് വയസ്സ് പ്രായമുള്ള ഒരു വിവാഹിതനായിരുന്നു. രണ്ട് കുട്ടികളുടെ അച്ഛനായ മോണ്ട്ഗോമറി, തന്‍റെ വിരസമായ ജോലിയില്‍ നിന്നും, വിവാഹജീവിതത്തില്‍ നിന്നും രക്ഷതേടി എത്തിയതാണ് ആ ചാറ്റ്റൂമില്‍. അങ്ങിനെ ജെസ്സിയുമായുള്ള ഓണ്‍ലൈന്‍ ബന്ധം, അയാളിലെ ടീനേജറെ പതുക്കെ തൊട്ടുണര്‍ത്താന്‍ തുടങ്ങി. നിരവധി ചിത്രങ്ങളാണ് ജെസ്സി, ടോമിക്ക് ദിനംപ്രതി അയച്ചുകൊണ്ടിരുന്നത്. കൂടുതലും അല്‍പവസ്ത്രത്തിലുള്ളവ. പകരം ടോമി ഫോട്ടോസ് ഒന്നും അയച്ചില്ലെങ്കിലും പട്ടാളത്തിലെ വിശേഷങ്ങള്‍ ഒക്കെ പറയുമായിരുന്നു. അങ്ങിനെ ചാറ്റില്‍ തുടങ്ങിയ ആ ബന്ധം പതുക്കെ ഫോണ്‍വിളികളിലേക്കും, വിര്‍ച്ച്വല്‍ സെക്സിലേക്കും വഴിമാറി. ഇറാക്കിലെ ക്യാമ്പില്‍ നിന്നാണെന്ന് പറഞ്ഞ് മോണ്ട്ഗോമറി, ടോമിയായി ജെസ്സിയെ വിളിക്കും. ചിലപ്പോള്‍ മോണ്ട്ഗോമറിയായിത്തന്നെ, ടോമിയുടെ അച്ഛനെന്ന് പറഞ്ഞും പലതവണ വിളിച്ചിട്ടുണ്ട്. പതുക്കെ പതുക്കെ മോണ്ട്ഗോമറി എന്ന മധ്യവയസ്കന്‍റെ ജീവിതം, അയാള്‍ തന്നെ ഉണ്ടാക്കിയെടുത്ത ടോമി എന്ന ടീനേജുകാരന്‍ ഹൈജാക്ക് ചെയ്യാന്‍ തുടങ്ങുകയായിരുന്നു.

"On January 2, 2006 Tom Montgomery (46 years old) ceases to exist and is replaced by a 18-year old battle-scarred marine. He is moving to West Virginia to be with the love of his life." മോണ്ട്ഗോമറി കുറിച്ചിട്ട വാക്കുകളായിരുന്നു ഇവ.

2006 മാര്‍ച്ച്. മോണ്ട്ഗോമറി വീട്ടില്‍ ഇല്ലാതിരുന്ന സമയം.

എന്തോ ആവശ്യത്തിനായി മോണ്ട്ഗോമറിയുടെ കംബ്യൂട്ടറില്‍ ലോഗിന്‍ ചെയ്ത മകള്‍ പെട്ടെന്നാണ് അപ്പോള്‍ റിസീവ് ചെയ്ത ഒരു മെസേജ് വായിക്കുന്നത്. മേസേജിലെ ഭാഷ അത്ര പന്തിയല്ലെന്ന് മനസ്സിലാക്കിയ അവള്‍, ഉടന്‍ തന്നെ ഹിസ്റ്ററി കൂടെ നോക്കിയ ശേഷം അമ്മയെ വിവരമറിയിച്ചു. ജെസ്സിയുടെ മെസേജ് ആയിരുന്നു അപ്പോള്‍, അവള്‍ വായിച്ചത്. അമ്മയും, രണ്ട് പെണ്മക്കളും കൂടെ നടത്തിയ പരിശോധനയില്‍, മോണ്ട്ഗോമറിയുടെ രഹസ്യജീവിതത്തിന്‍റെ എല്ലാ കഥകളും പുറത്തായി. ജെസ്സിയുടെ വിവരങ്ങളും, കത്തുകളും, ഫോട്ടോകളും പോരാഞ്ഞിട്ട് അവള്‍ അയച്ചുകൊടുത്ത തന്‍റെ അടിവസ്ത്രം വരെ ആ അമ്മയും മക്കളും കണ്ടെത്തി. കൂടെ ടോമിയുടെ കഥകളും. പക്ഷെ മോണ്ട്ഗോമറിയുടെ ഭാര്യ സിന്‍ഡിക്ക്, ജെസ്സിയോട് ദേഷ്യമായിരുന്നില്ല. തന്‍റെ ഭര്‍ത്താവിന്‍റെ കെണിയില്‍ കുരുങ്ങിയ ആ പെണ്‍കുട്ടിയോട് സഹതാപം മാത്രമേ ഉണ്ടായിരുന്നൊള്ളൂ. മോണ്ട്ഗോമറിയെ പ്രത്യേകം മാര്‍ക്ക്‌ ചെയ്ത ഒരു ഫാമിലി ഫോട്ടോ, സിന്‍ഡി, ജെസ്സിക്ക് അയച്ചു കൊടുത്തു. കൂടെ ഒരു കുറിപ്പും.

"Let me introduce you to these people. The man in the center is Tom, my husband since 1989. He is 46 years old. Do not trust words on a computer, let this go, you will only be hurt by a man who has mastered the art of manipulations and lies. Sincerely, Cindy Montgomery"

പ്രതീക്ഷിച്ച പോലെത്തന്നെ ജെസ്സി ഒരു മെസേജില്‍ ടോമിയുമായുള്ള ബന്ധങ്ങള്‍ എല്ലാം അവസാനിപ്പിച്ചു, പക്ഷെ വെറുതെയിരുന്നില്ല. മോണ്ട്ഗോമറിയുടെ കൂടെ ജോലി ചെയ്യുന്ന ബ്രയന്‍ ബാരെറ്റ് എന്ന ഇരുപത്തിരണ്ടുകാരനുമായി ബന്ധം സ്ഥാപിച്ചെടുത്ത ജെസ്സി, അയാളുടെ സഹായത്തോടെ മോണ്ട്ഗോമറിയെ കുറിച്ച് എല്ലാം മനസ്സിലാക്കി. Beefcake, അതായിരുന്നു ബ്രയന്‍റെ യൂസര്‍ ഐഡി. എല്ലാം തകര്‍ന്നിരുന്ന അവസ്ഥയില്‍ ജെസ്സിക്ക് ഒരു വലിയ താങ്ങായിരുന്നു ബ്രയന്‍റെ സാമീപ്യം. പക്ഷെ ആ സാമീപ്യം ടോമിക്കെതിരെയുള്ള പ്രതികാരത്തിനായും അവള്‍ ഉപയോഗിച്ചു. താനും ബ്രയനും ഇപ്പോള്‍ ഒരുമിച്ചാണെന്നും, തന്‍റെ പ്രായത്തിനടുത്തുള്ള ബ്രയന്‍റെ കൂടെ താന്‍ സന്തോഷവതിയാണെന്നും മോണ്ട്ഗോമറിയെ അറിയിക്കാന്‍ അവള്‍ പരമാവധി നോക്കിയിരുന്നു. കൂടാതെ മോണ്ട്ഗോമറി എപ്പോള്‍ ഓണ്‍ലൈന്‍ വന്നാലും, അവളും ബ്രയനും കൂടെ അയാള്‍ ആരെന്നും, യഥാര്‍ത്ഥ പ്രായം എന്തെന്നും, അവളോട്‌ എന്തൊക്കെ ചെയ്തെന്നും മറ്റു മെമ്പര്‍മാരെ കൂടെ അറിയിച്ചു. അങ്ങിനെ മോണ്ട്ഗോമറിക്ക് എല്ലാ ചാറ്റ് റൂമുകളിലും നല്ല ചീത്തപ്പേരായി, pedophile എന്ന പട്ടവും കിട്ടി. 'ഇതിനൊക്കെ അവന്‍ രക്തം കൊണ്ട് മറുപടി പറയേണ്ടി വരും' ബ്രയനെക്കുറിച്ചുള്ള മോണ്ട്ഗോമറിയുടെ വാക്കുകളാണ് ഇവ. തന്‍റെ കണ്മുന്നില്‍ കിടന്ന് പബ്ലിക്കായി romance chat ചെയ്യുന്ന ജെസ്സിയെയും, ബ്രയനെയും പച്ചയ്ക്ക് ചീത്ത വിളിക്കാനും, ഭീഷണിപ്പെടുത്താനും മോണ്ട്ഗോമറി ഒട്ടും മടിച്ചിരുന്നില്ല.

പക്ഷെ സംഭവം പിന്നെയും ട്വിസ്റ്റിലേക്ക് നീങ്ങാന്‍ അധികം കാത്തിരിക്കേണ്ടി വന്നില്ല. ഒരു ദിവസം മോണ്ട്ഗോമറിക്ക് പിന്നെയും ജെസ്സിയുടെ മെസേജ് കിട്ടി, അവള്‍ക്ക് ടോമിയെ പിരിഞ്ഞിരിക്കാന്‍ വയ്യത്രേ. ചുരുക്കിപ്പറഞ്ഞാല്‍ മോണ്ട്ഗോമറിക്ക് കിട്ടിയ ലോട്ടറിയാണ് ഇപ്പോള്‍ ജെസ്സി. അയാളുടെ യഥാര്‍ത്ഥ പ്രായം അറിഞ്ഞുകൊണ്ട് തന്നെ അവള്‍ വീണ്ടും ബന്ധത്തിന് തയ്യാറാണല്ലോ. പതുക്കെ അവര്‍ പഴയ നിലയിലേക്ക് തന്നെ പോകാന്‍ തുടങ്ങിയെങ്കിലും അപ്പോഴും അവര്‍ക്കിടയില്‍ മറ്റൊരു വില്ലന്‍ നിലനിന്നിരുന്നു, ബ്രയന്‍. വൈകാതെ ജെസ്സി പിന്നെയും ബ്രയന്‍റെ അടുത്തേക്ക് തന്നെ പോയി, അടിച്ച ലോട്ടറി പാഴായെന്ന് മനസ്സിലാക്കിയ മോണ്ട്ഗോമറി നിരാശയുടെ പടുകുഴിയിലേക്കും. നിരാശ പതുക്കെ ദേഷ്യത്തിലേക്കും, പ്രതികാരത്തിലേക്കും മോണ്ട്ഗോമറിയെ എത്തിച്ചുകൊണ്ടിരുന്നു.

അങ്ങിനെ ബ്രയനും, ജെസ്സിയും തമ്മിലുള്ള ബന്ധം നന്നായി പോകുന്നതിനിടെയാണ് ബ്രയന്, ജെസ്സിയുടെ നാട്ടിലേക്ക് പോകേണ്ടി വരുന്നത്. ചാറ്റ്റൂമില്‍ വച്ച് പരസ്യമായാണ് ബ്രയന്‍, താനവളെ കാണാന്‍ വരുന്ന കാര്യം തുറന്നു പറഞ്ഞത്. സന്തോഷം കൊണ്ട് മതിമറന്ന ജെസ്സി തയ്യാറായി ഇരുന്നെങ്കിലും, അവസാന നിമിഷം അവള്‍ക്ക് സാധിക്കില്ലെന്ന് ബ്രയന് മെസേജ് ചെയ്തു. അങ്ങിനെ അവരുടെ ആദ്യത്തെ മീറ്റ് നടന്നില്ല. ഇതൊക്കെ കേട്ട് നീറിപ്പുകഞ്ഞ് ഇരുന്ന മോണ്ട്ഗോമറി, അവരുടെ മീറ്റിനെ കുറിച്ച് പറയാവുന്ന മോശം കാര്യങ്ങള്‍ എല്ലാം തന്നെ മറ്റുള്ളവരോട് പറഞ്ഞു നടന്നു. ഏകദേശം ഇവരുടെ ജോലിസ്ഥലത്തെ എല്ലാവര്‍ക്കും ഈ വിവരങ്ങളൊക്കെ അറിയാമായിരുന്നു.

2006 സെപ്തംബര്‍ 15. രാത്രി ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്നു ബ്രയന്‍.

പാര്‍ക്കിങ്ങില്‍ വച്ച് തന്‍റെ കാറില്‍ക്കയറി ഇരുന്നതാണ് ബ്രയന്‍ ചെയ്ത ഏറ്റവും അവസാനത്തെ കാര്യം. വലതുവശത്ത് നിന്നും ഗ്ലാസ് തകര്‍ത്ത് വന്ന മൂന്ന് വെടിയുണ്ടകള്‍, ബ്രയന്‍റെ ജീവന്‍ കവര്‍ന്നു. പ്രാഥമിക അന്വേഷണത്തില്‍ തന്നെ ഇവരുടെ ത്രികോണ പ്രണയകഥ പോലീസിന് പിടികിട്ടി, കൂടാതെ ബാലിസ്റ്റിക്സില്‍ നിന്നുള്ള റിപ്പോര്‍ട്ട് പ്രകാരം ഒരു ആര്‍മി റൈഫിള്‍ വച്ചാണ് കൃത്യം നടത്തിയിരിക്കുന്നത്. മോണ്ട്ഗോമറി ഒരു എക്സ് ആര്‍മ്മിക്കാരനാണ്. മോണ്ട്ഗോമറിയുടെ വീട്ടില്‍ നടന്ന തിരച്ചിലില്‍, അയാളെ കിട്ടിയില്ലെങ്കിലും വെടിവച്ചതായി കരുതുന്ന ഒരു തോക്കിന്‍റെ ചിത്രം അവര്‍ക്ക് ലഭിച്ചു. കൂടാതെ സംഭവസ്ഥലത്ത് നിന്ന് ലഭിച്ച സിഗരറ്റ് കുറ്റികളും, മോണ്ട്ഗോമറിയുടെ ആഷ്ട്രെയില്‍ നിന്ന് കണ്ടെത്തിയ കുറ്റികളും ഒറ്റ ബ്രാന്‍ഡ്‌ ആയിരുന്നു.

മോണ്ട്ഗോമറിയുടെ അഭാവത്തില്‍ അസ്വാഭാവികത തോന്നിയ പോലീസ് കൂടുതല്‍ അലേര്‍ട്ട് ആയി, അടുത്ത possible target ആണല്ലോ ജെസ്സി. അവര്‍ വേഗം വെസ്റ്റ്‌ വിര്‍ജീനിയ പോലീസിനെ വിവരം അറിയിച്ച്, ജെസ്സിക്ക് കൂടുതല്‍ സംരക്ഷണം നല്‍കാന്‍ ആവശ്യപ്പെട്ടു. അങ്ങിനെ പോലീസ് ജെസ്സിയെ അന്വേഷിച്ച് അവളുടെ വീട്ടിലെത്തി. പക്ഷെ ജെസ്സിയല്ല, മേരി ഷീലര്‍ എന്ന മധ്യവയസ്കയാണ് അവരെ അവിടെ സ്വീകരിച്ചത്.

'ജെസ്സി എവിടെ?' പോലീസിന്‍റെ ചോദ്യത്തിന് അവര്‍ മറുപടി പറഞ്ഞു. 'ജെസ്സി ഇവിടില്ല, അവള്‍ മറ്റൊരു നഗരത്തിലെ കോളേജിലാണ് പഠിക്കുന്നത്.' പോലീസ് വന്ന വിവരങ്ങള്‍ ഒക്കെ പറഞ്ഞെങ്കിലും ഈ സംഭവങ്ങളെക്കുറിച്ച് അവര്‍ക്ക് യാതൊരു അറിവുമില്ല. പോലീസ് പതുക്കെ ചുറ്റുവട്ടത്തൊക്കെ അന്വേഷിച്ചു, ജെസ്സിയുടെ സുഹൃത്തുക്കളോടും. ബ്രയന്‍ അന്നാട്ടില്‍ വന്ന സമയത്തൊന്നും ജെസ്സി അവിടുണ്ടായിരുന്നില്ല, പിന്നെ എന്തിനാണ് അവള്‍ അവസാന നിമിഷം വരെ ബ്രയനെ കാണാം എന്ന് പറഞ്ഞിരുന്നത്? ബ്രയനെയോ, ടോമിയെയോ ജെസ്സിയുടെ സുഹൃത്തുക്കള്‍ക്ക് അറിയുക പോലുമില്ല.

അങ്ങിനെ അവര്‍ വീണ്ടും മേരിയുടെ അടുക്കല്‍ത്തന്നെ എത്തി. മറുപടികളിലെ വൈരുധ്യവും, ശബ്ദത്തിലെ പതര്‍ച്ചയും മനസ്സിലാക്കിയ പോലീസ്, അവരെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നാണ് ഞെട്ടിക്കുന്ന ആ സത്യം ലോകത്തിന് പിടികിട്ടിയത്. മദ്ധ്യവയസ്കയായ മേരി തന്നെയായിരുന്നു ജെസ്സി. സ്വന്തം മകളുടെ ചിത്രങ്ങള്‍, അവളറിയാതെ ഉപയോഗിച്ചാണ് മേരി ഇത്രയും നാള്‍ മോണ്ട്ഗോമറിയെയും, ബ്രയനെയും, ഇവരെപ്പോലെ മറ്റനേകം പേരെയും വട്ടം കറക്കിയിരുന്നത്.

അപ്പോഴേക്കും മോണ്ട്ഗോമറിയുടെ കംബ്യൂട്ടറില്‍ നിന്ന് ഇവര്‍ തമ്മിലുള്ള ചാറ്റുകള്‍ മുഴുവനായി പോലീസിന് ലഭിച്ചിരുന്നു, ബാക്കി കഥ മേരിയുടെ ചാറ്റുകള്‍ വച്ച് പൂരിപ്പിച്ചു. വിവാഹ ജീവിതത്തില്‍ സന്തുഷ്ടയല്ലായിരുന്ന മേരി, സമയം കൊല്ലാന്‍ മാത്രമാണ് ചാറ്റ് റൂമുകളില്‍ കറങ്ങി നടന്നത്. അത്ര ഭംഗിയില്ലാത്ത, പ്രായമേറിയ, അമിതവണ്ണമുള്ള തന്നോട് ആര്‍ക്കും താല്പര്യം ഉണ്ടാകില്ലെന്നുള്ള തിരിച്ചറിവില്‍ നിന്നാണ് മകളുടെ ചിത്രങ്ങള്‍ ഉപയോഗിക്കുന്ന അവസ്ഥയിലേക്ക് മേരി എത്തിയത്. ഏറ്റവും ഞെട്ടിക്കുന്ന ഒരു കാര്യം എന്തെന്നാല്‍, ചിത്രങ്ങളില്‍ പലതും മേരി മകളറിയാതെ എടുത്തിരുന്നവയാണ്. അതും മകളുടെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയായിരുന്ന മേരി ഇത് ചെയ്യുമെന്ന് മകളും, പിതാവും സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. സംഭവം അറിഞ്ഞ അവര്‍ മേരിയെ തനിച്ചാക്കി അവിടന്ന് മാറി, മകള്‍ പിന്നീട് ഒരിക്കലും അമ്മയുമായി സംസാരിച്ചിട്ടില്ല.

അപ്പോഴേക്കും മോണ്ട്ഗോമറി പിടിയിലായിരുന്നു. സംഭവം നടക്കുമ്പോള്‍ താന്‍ വീട്ടിലായിരുന്നെന്നും, തന്‍റെ ഭാര്യയും മക്കളും അത് confirm ചെയ്യുമെന്നും മോണ്ട്ഗോമറി വാദിച്ചു. പക്ഷെ ഭാര്യ സിന്‍ഡി അതിനോട് വിയോജിച്ചു, തന്‍റെ ഭര്‍ത്താവ് ആ സമയം വീട്ടില്‍ ഇല്ലായിരുന്നു എന്ന സത്യം അവര്‍ പോലീസിനോട് പറഞ്ഞു. ഒപ്പം ക്രൈം സീനില്‍ നിന്ന് ലഭിച്ച സിഗരറ്റ് കുറ്റിയിലെ അയാളുടെ DNAയും, തോക്കിന്‍റെ തെളിവും കൂടെ ആയതോടെ രക്ഷപെടാനുള്ള എല്ലാ പഴുതുകളും അടഞ്ഞിരുന്നു. അങ്ങിനെ അനിവാര്യമായ വിധിയിലെക്ക് മോണ്ട്ഗോമറി എത്തി, ഇരുപത് വര്‍ഷത്തെ തടവ്. മേരിക്ക് കൂടി പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാന്‍ അന്ന് വക്കീലന്മാര്‍ കിണഞ്ഞ് ശ്രമിച്ചെങ്കിലും, നിയമത്തിന്‍റെ അഭാവത്തില്‍, മേരി കുറ്റവിമുക്തയാക്കപ്പെട്ടു.

കോടതിയില്‍ തന്‍റെ കേസ് നടക്കെയാണ് മോണ്ട്ഗോമറി, ജെസ്സിയെ കുറിച്ചുള്ള സത്യം വക്കീലിലൂടെ മനസ്സിലാക്കുന്നത്. സംഭവം കേട്ട് നിശബ്ദനായി അയാള്‍ ഇരുന്നതല്ലാതെ മറുത്തൊരു വാക്ക് പോലും പറഞ്ഞില്ല. മേരി പിന്നീട് ഒരിക്കല്‍ മാത്രമാണ് ഈ വിഷയത്തെകുറിച്ച് ക്യാമറയ്ക്ക് മുന്നില്‍ സംസാരിച്ചത്, അത് നടക്കാന്‍ പാടില്ലായിരുന്നു എന്ന് മാത്രം.