A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ചെന്നായ് വളര്‍ത്തിയ കുട്ടികള്‍!!


ചെന്നായ് വളര്‍ത്തിയ കുട്ടികള്‍!!

നൊസ്റ്റാള്‍ജിയ എന്ന വികാരം മനസിലേക്കെത്തുമ്പോള്‍ തൊണ്ണുറുകളില്‍ ജനിച്ചവര്‍ക്ക് ആദ്യം മനസ്സില്‍ വരുന്ന കുറെ ബിംബങ്ങളുണ്ട്. :) മുകേഷ് കന്നയുടെ ശക്തിമാന്‍, ടോംസിന്‍റെ വിഖ്യാതകാര്‍ട്ടൂണ്‍ ബോബനും മോളിയും, ഞായറാഴ്ചകളിലെ നാലുമണി ദൂരദര്‍ശന്‍സിനിമകള്‍, പിന്നെ മിക്കരാത്രികളിലും 'ചെപ്പടിക്കുന്നിൽ മിന്നിച്ചിണുങ്ങും ചക്കരപൂവേ...' പാടി വിരുന്നെത്തുന്ന ഒരു കൊച്ചുപയ്യനും കൂട്ടുകാരായ കുറെ ചെന്നായ്ക്കളും! പറഞ്ഞുവരുന്നത് ആരെപ്പറ്റിയാണെന്ന് മനസിലായികാണും :) മൗഗ്ലിയെപ്പറ്റി തന്നെ. മൗഗ്ലിയും ജംഗിള്‍ബുക്കുമൊക്കെ ഒരു പുതുമയുള്ള ആശയമായിരുന്നു. അതാവാം ലോകമെമ്പാടുമുള്ളവര്‍ ഈ കഥാപാത്രങ്ങളെ ഇപ്പോഴും നെഞ്ചോടുചേര്‍ക്കുന്നത്. എങ്കിലും ഇത്തരമൊരു ആശയം റുഡ്യാര്‍ഡ് കിപ്ലിംഗ് എന്ന ഇംഗ്ലീഷ് എഴുത്തുകാരന്‍റെ തലയില്‍ എങ്ങനെ ഉദിച്ചു?!!

പലര്‍ക്കും അറിയാത്ത ഒരു കാര്യമുണ്ട്, മൗഗ്ലിയെപോലെ അനേകം കുട്ടികള്‍ ലോകത്ത് ജീവിച്ചിരുന്നിട്ടുണ്ട്. വന്യജീവികള്‍ക്കൊപ്പം അവരിലൊരാളായി വസിച്ചവര്‍, പച്ചമാംസം കഴിച്ചവര്‍, കൈയ്യും കാലും ഉപയോഗിച്ച് നാല്‍ക്കാലികളായി നടന്നവര്‍. ഇന്ത്യയുടെ മണ്ണില്‍ ജീവിച്ചിരുന്ന ഇത്തരം വന്യരായ കുട്ടികളുടെ യഥാര്‍ത്ഥകഥകള്‍ കേട്ടതില്‍ നിന്നാണ് കിപ്ലിഗിന് ജംഗിള്‍ ബുക്ക് എന്ന ആശയം ലഭിക്കുന്നത്.

മൗഗ്ലി ഒരു സാധാരണകുട്ടിയായിരുന്നില്ല. ചെറുപ്പത്തിലേ മനുഷ്യരില്‍ നിന്ന് വേര്‍പെട്ടതുമൂലം മനുഷ്യരുടെതായ രീതികളോ മനുഷ്യവാസനകളോ അവനിലില്ലായിരുന്നു. അവനെ വളര്‍ത്തിയ മൃഗങ്ങളുടെ അതേ സവിശേഷതയായിരുന്നു അവന്. അത്തരം കുട്ടികളെ ശാസ്ത്രം ഒരു പേര് വിളിക്കുന്നുണ്ട്. FERAL CHILDREN അഥവാ വന്യമായ കുട്ടികള്‍! എന്നാല്‍ ഇതല്ലാതെ മറ്റൊരു കൂട്ടരെയും ഫെരല്‍ ഗണത്തില്‍ ഉള്‍പ്പെടുത്താറുണ്ട്. മാതാപിതാക്കളില്‍നിന്നോ മറ്റുമനുഷ്യരില്‍നിന്നോ കൊടിയപീഡനമോ അവഗണനയോയൊക്കെ സഹിച്ചു ജനിച്ചനാള്‍മുതല്‍ ഒരു കുടുസുമുറിയില്‍ ഒറ്റപ്പെട്ടുകഴിഞ്ഞവര്‍, ജീവിതത്തില്‍ ഒരിക്കല്‍പോലും മനുഷ്യസമൂഹവുമായി ഇടപെട്ടിട്ടില്ലത്തവര്‍. ജനിച്ച അന്നുമുതല്‍ 13 വയസുവരെ ഒരു കുടുസു ടോയ്‌ലറ്റില്‍ കയ്കാലുകള്‍പോലും അനക്കാന്‍പറ്റാത്ത വിധം പിതാവിനാല്‍ അടച്ചുപൂട്ടപ്പെട്ട ജെന്നിയുടെ കഥയാണ് ഇത്തരത്തിലുള്ളതില്‍വച്ച് ഏറ്റവും കുപ്രസിദ്ധം.

ലോകമറിഞ്ഞ ഏറ്റവും പ്രസിദ്ധമായ ഒരു ഫെരല്‍ സംഭവമാണ് ഉത്തരേന്ത്യയിലെ മിഡ്‌നാപൂരിലേത്. 1920ല്‍ ജോസഫ് അമൃതോ ലാല്‍ സിങ് എന്ന മിഡ്‌നാപൂരിലെ ഒരു അനാഥാലയത്തിന്‍റെ പ്രവര്‍ത്തകന് കാടിനടുത്തുള്ള ഗ്രാമവാസികള്‍ ചെകുത്താനോട്‌ സാദിര്‍ശ്യമുള്ള രണ്ടു രൂപങ്ങളെ കണ്ടതായി വിവരം ലഭിക്കുന്നു. രാത്രികാലങ്ങളില്‍ ഈ രൂപങ്ങള്‍ ചെന്നായ്ക്കളുടെ അകമ്പടിയായി സഞ്ചരിക്കുന്നു. പൂര്‍ണചന്ദ്രനെ നോക്കികൊണ്ട് ആകാശത്തേക്ക് ചെന്നായ്ക്കളോടൊന്നിച്ച് ഓരിയിടുന്നു! ഇവരുടെ കണ്ണുകള്‍ ഇരുട്ടത്ത് തിളങ്ങിയിരുന്നു.. കാട്ടുതീപോലെ പടര്‍ന്ന കഥകള്‍ അമൃതോലാല്‍ സിങ്ങില്‍ ആകാംഷയും കൌതുകവുമുണ്ടാക്കി. സത്യാവസ്ഥ അറിയണമെന്ന് ഉറപ്പിച്ച സിംഗ് ആദ്യം ഈ ചെന്നായ്ക്കളുടെ ഗുഹ അന്വേഷിച്ചുകണ്ടെത്തി. ഏകദേശം പത്തടി ഉയരം വരുന്ന ഒരു പഴയ ചിതല്‍പുറ്റിനാല്‍ നിര്‍മിതമായ ഒരു ഗുഹ. തൊട്ടടുത്ത മരത്തില്‍ ഇദ്ദേഹം താവളമടിച്ചു. സന്ധ്യമയങ്ങി ചന്ദ്രന്‍ ഉദിച്ചപ്പോള്‍ നായാട്ടിനായി ചെന്നായ്ക്കള്‍ ഓരോന്നായി പുറത്ത് ഇറങ്ങാന്‍ തുടങ്ങി. കൂടെ ഇരുളിന്‍റ വിശാലതയെ ഘ്രാണിച്ചുകൊണ്ടു പുറത്തേക്കു ഇറങ്ങിവന്ന രണ്ടു രൂപങ്ങളും.. കൂനിയ, ഭയാനകമായ രൂപങ്ങള്‍!! അവയെപ്പറ്റി സിംഗ് എഴുതിയത് ഇങ്ങനെ : “ഭയാനകമായിരുന്നു അവരുടെ രൂപങ്ങള്‍. കയ്യ്കാലുകളും ഉടലുമൊക്കെ മനുഷ്യരുടെതുപോലെ. തലയുടെ സ്ഥാനത്ത് വലിയൊരു പന്തുപോലെയൊന്ന്. അതവരുടെ ചുമലിനെയും നെഞ്ചിനേയുമൊക്കെ ആവരണം ചെയ്തിരുന്നു. അവരുടെ കണ്ണുകള്‍ ഇരുട്ടില്‍ വെട്ടിത്തിളങ്ങിയിരുന്നു. ഒരു മനുഷ്യനുമായിട്ടും അതിനു സാമ്യമുണ്ടായിരുന്നില്ല. നാലുകാലില്‍ ചെന്നായ്ക്കളെപോലെ തന്നെയായിരുന്നു അവര്‍ നടന്നിരുന്നത്.”
കൂടുതല്‍ നിരീക്ഷിച്ചപ്പോള്‍ സിംങ്ങിനു ഈ രൂപങ്ങള്‍ മനുഷ്യകുട്ടികള്‍ തന്നെയാണെന്ന് മനസിലായി. എട്ടു വയസും ഒന്നരവയസും പ്രായം തോന്നിക്കുന്ന രണ്ടു പെണ്‍കുട്ടികള്‍. ഈ പെണ്‍കുട്ടികള്‍ക്ക് മനുഷ്യരുടെതായ യാതൊരു ഭാവവുമില്ലായിരുന്നു. ഒരു ചെന്നായ മനുഷ്യരൂപത്തില്‍ ജനിച്ചാല്‍ എങ്ങനെയാണോ അതേ സ്വഭാവരീതികളായിരുന്നു അവരുടേത് എന്നുമാത്രമല്ല കൂട്ടത്തില്‍ ഉള്ള ചെന്നായകുട്ടികളെക്കാള്‍ ആക്രമണകാരികളായിരുന്നു അവര്‍. എന്തായാലും ഗ്രാമവാസികളുടെ സഹായത്തോടെ ഒരുപാട് നാളത്തെ തയ്യാറെടുപ്പിനും കഠിനാധ്വാനത്തിനുമൊടുവില്‍ അവരെ കെണിയില്‍ വീഴ്ത്താന്‍ സിംഗിനായി. അവരെ പിടികൂടിയപ്പോള്‍ ഒരു പെണ്‍ചെന്നായ ഭീകരമായി അക്രമാസക്തയായതിനാല്‍ അതായിരുന്നിരിക്കാം അവരുടെ അമ്മചെന്നായ് എന്ന് സിംഗ് അനുമാനിച്ചു. രണ്ടു പെണ്‍കുട്ടികളേയും സിംഗ് തന്‍റെ അനാഥാലയത്തിലേക്ക് കൂട്ടികൊണ്ടുവന്നു. മുതിര്‍ന്ന പെണ്‍കുട്ടിക്ക് കമല എന്നും ഒന്നരവയസുകാരിക്ക് അമല എന്നും പേരു നല്‍കി. അവരെ മറ്റുകുട്ടികളോടൊപ്പം കളിക്കാനും പ്രോത്സാഹിപ്പിച്ചു.

എന്നാല്‍ മനുഷ്യരുടെതിനെക്കാള്‍ ഇവര്‍ക്ക് താല്‍പര്യം നായ്ക്കളുടെയും പൂച്ചകളുടെയും സാമീപ്യമായിരുന്നു. വന്യമൃഗങ്ങള്‍ എങ്ങനെ ജീവിക്കുന്നോ അതുപോലെതന്നെ ഇവരും ജീവിച്ചുപോന്നു. ധരിപ്പിച്ചിരുന്ന വസ്ത്രങ്ങള്‍ മുഴുവന്‍ അവര്‍ കടിച്ചുകീറി. പകല്‍ മുഴുവന്‍ ഉറങ്ങുകയും അര്‍ദ്ധരാത്രിയില്‍ എഴുന്നേറ്റു ഓരിയിടുകയും പ്രകോപിപ്പിക്കുന്ന മറ്റു കുട്ടികളെ ആക്രമിക്കുകയും കടിക്കുകയുമൊക്കെ ചെയ്തു. പച്ചമാംസം കഴിക്കാനായിരുന്നു അവര്‍ക്ക് താല്പര്യം. മാംസഗന്ധം വളരെ ദൂരെനിന്നു പോലും അവര്‍ പിടിച്ചെടുത്തിരുന്നു. മറ്റുമനുഷ്യരെ അപേക്ഷിച്ച് ഉയര്‍ന്ന കേള്‍വിശക്തിയും ഘ്രാണശക്തിയുമുണ്ടായിരുന്ന അവര്‍ക്ക് പകലുള്ളതിനെക്കാള്‍ കാഴ്ചശക്തി രാത്രിയില്‍ ആയിരുന്നു. എന്നാല്‍ മനുഷ്യരുടെ ശബ്ദം ഇവര്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. നേരെ നില്‍ക്കാനോ കാലൊന്നു നിവര്‍ത്തുവാനോ കഴിയാത്ത ഇവര്‍ പക്ഷെ അണ്ണാനെപോലെ വേഗതയുള്ളവരായിരുന്നു. ഇവരെ മറികടക്കുക അസാധ്യമായിരുന്നു. ഒരിക്കല്‍ അനാഥാലയത്തിലെ ഒരു കോഴികുഞ്ഞിനെ കമല പച്ചക്ക് കടിച്ചുകീറി തിന്നുകയുണ്ടായെന്നു സിംഗ് എഴുതുന്നു. ഒരിക്കല്‍ പോലും ചിരിക്കുകയോ കരയുകയോ ചെയ്യാത്ത അവരുടെ മുഖത്ത് ആകെ വിരിഞ്ഞ മനുഷ്യഭാവം ഭയം എന്നത് മാത്രമായിരുന്നു. അനേകവര്‍ഷങ്ങള്‍ കൊണ്ട് നേടിയെടുത്ത ചെന്നായസ്വഭാവം സ്വമേധയാ ഉണ്ടാവേണ്ട മനുഷ്യഭാവങ്ങളെ എങ്ങനെയോ തടഞ്ഞുനിര്‍‍ത്തിയിരുന്നിരിക്കണം. ഇതുകൊണ്ടൊന്നും മനംമടുക്കാതെ സിംഗ് അവരെ മനുഷ്യരീതികള്‍ പഠിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ അമല 1921ല്‍ വിവിധരോഗങ്ങളാല്‍ മരണമടഞ്ഞു. അമലയുടെ ശരീരത്തിന്‍റെ സമീപത്തുനിന്ന് മാറാന്‍ കൂട്ടാക്കാതിരുന്ന കമലയെ സിംഗ്ഗിനു ബലംപ്രയോഗിച്ചു നീക്കേണ്ടിവന്നു. മനുഷ്യരോടുള്ള പേടി മാറിയും അനാഥാലയത്തിലെ ചുറ്റുപാടുകളോട് ഇണങ്ങിയും തുടങ്ങിയിരുന്ന കമലയ്ക്ക് താങ്ങാന്‍ കഴിയാത്ത ആഘാതമായിരുന്നു അമലയുടെ മരണം. വൈകാതെ കമലയും മരണംവരിക്കുമെന്നു സിംഗ് ഭയപ്പെട്ടു. എന്നാല്‍ അദ്ദേഹത്തിന്‍റെ ഭാര്യയുടെ സ്നേഹപൂര്‍ണമായ പരിചരണം കമലയെ ജീവിതത്തിലേക്ക് മടക്കികൊണ്ടുവന്നു. അമലയുടെ അഭാവത്തില്‍ കമല അവരോടു വല്ലാത്ത ഒരു ആത്മബന്ധം സ്ഥാപിച്ചടുത്തു. സാവധാനം അവരുടെ സ്നേഹവും വാത്സല്യവും ആസ്വദിക്കാന്‍ തുടങ്ങി. കമല പതിയെ മനുഷ്യസ്വഭാവങ്ങള്‍ ആര്‍ജ്ജിച്ചുകൊണ്ടിരുന്നു.

അഞ്ചു വര്‍ഷത്തെ മനുഷ്യസഹവാസം ബൌദ്ധികപരമായ പുരോഗതി കമലയിലുണ്ടാക്കി. നിറങ്ങളുടെ ആശയം അവള്‍ മനസിലാക്കി. മറ്റുകുട്ടികളുടെ പേരുകള്‍ തിരിച്ചറിയാന്‍ പഠിച്ചു. പാത്രത്തില്‍ നിന്നും മൃഗങ്ങളേപോലെ നക്കികഴിച്ചിരുന്ന അവള്‍ മനുഷ്യരുടെ രീതിയില്‍ കഴിക്കുവാന്‍ തുടങ്ങി. അവളുടെ പാത്രത്തില്‍നിന്നു മാത്രമേ അവള്‍ ആഹാരം കഴിച്ചിരുന്നുള്ളൂ. അവളുടെ ഗ്ലാസ്‌ അവള്‍ തിരിച്ചറിയാനും പഠിച്ചു. ആ ഇടയ്ക്ക് അനാഥാലയം സന്ദര്‍ശിച്ച ഒരു ബിഷപ്പ് ഭാഷാപരമായി കമല നേടിയ പുരോഗതിയെപ്പറ്റി പറയുകയുണ്ടായി.
“കമലയെ ഞാന്‍ കാണുമ്പോഴേക്കും അവള്‍ മുപ്പതോളം വാക്കുകള്‍ വ്യക്തമായി പറയാന്‍ പഠിച്ചിരുന്നു. ഒരു വസ്തു കാണിച്ചു അത് എന്താണെന്ന് ചോദിച്ചാല്‍ അവള്‍ പറയും, പക്ഷെ അവള്‍ക്ക് പെട്ടെന്ന് വാക്കുകള്‍ ഒന്നൊന്നായി പറയാന്‍ കഴിഞ്ഞിരുന്നില്ല. എന്നിരുന്നാല്‍തന്നെയും രണ്ടുവര്‍ഷത്തിനു ശേഷം ഞാന്‍ വീണ്ടും അവളെ കാണുമ്പോള്‍ പുതിയ കുറെ വാക്കുകള്‍കൂടി അവള്‍ പഠിച്ചിരുന്നു.”

കമലയുടെയും സിംങ്ങിന്‍റെയും കഥ ലോകമെമ്പാടുമുള്ള സമൂഹം അത്ഭുതത്തോടെയാണ് കേട്ടത്. 1928ല്‍ ന്യൂയോര്‍ക്കിലെ Psychological Society സിംങ്ങിനെയും കമലയും ന്യൂയോര്‍ക്ക്‌ സന്ദര്‍ശിക്കാന്‍ ക്ഷണിക്കുകയുണ്ടായി. സിംഗ് സ്നേഹപൂര്‍വ്വം ആ ക്ഷണം നിരസിച്ചു. കമലയുടെ ആരോഗ്യസ്ഥിതി നാള്‍ക്ക്നാള്‍ വഷളായികൊണ്ടിരിക്കുകയായായിരുന്നു. ഒരു വര്‍ഷം കഴിഞ്ഞു ഒരു നവംബര്‍ പ്രഭാതത്തില്‍ അപ്രതീക്ഷീതമായി കമലയും ഒന്‍പതുവര്‍ഷത്തെ മനുഷ്യസഹവാസം അവസാനിപ്പിച്ചു യാത്രയായി. അപ്പോള്‍ അവള്‍ക്ക് 17 വയസ്സായിരുന്നു പ്രായം.

FERAL CHILDRENന്റെ കഥകൾ കമലയിലും അമലയിലും മാത്രം ഒതുങ്ങി നില്‍ക്കുന്നില്ല. അത്തരം അനവധി കഥകൾ ചരിത്രത്തിൽ അങ്ങോളമിങ്ങോളം ചിതറിക്കിടക്കുന്നു.