A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

നടക്കും മരങ്ങൾ !!

നടക്കും മരങ്ങൾ !!
÷÷÷÷÷÷÷÷÷÷÷÷÷


പീറ്റർ ജാക്സന്റെ Lord of the Rings എന്ന എപിക് ഫിക്ഷൻ മൂവി കണ്ടവർ എല്ലാം Ents എന്ന , നടക്കുകയും സംസാരിക്കുകയും ചെയ്യുന്ന മരങ്ങളെ ഓർക്കുന്നുണ്ടാവും . ഏകാന്തതയിൽ ചില വൃക്ഷങ്ങളെ നോക്കി നിൽക്കുമ്പോൾ ഇവ ഒന്ന് മിണ്ടിയിരുന്നു എങ്കിൽ എന്ന് ചില നിമിഷങ്ങളിൽ നാം ചിന്തിച്ച് പോകാറുണ്ട് . എന്നാൽ ഇത്രയൊക്കെ ഒരു മരം ചെയ്യും എന്ന് നാം പ്രതീക്ഷിക്കുന്നില്ലെങ്കിലും ഇക്വഡോറിലും മറ്റു ചില ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലും കാണപ്പെടുന്ന ചില കാട്ടുപനമരങ്ങൾ (Socratea exorrhiza, the Walking Palm or Cashapona) "അത്യാവശ്യം " നടക്കും എന്നാണ് ചില ഗവേഷകരുടെ കണ്ടുപിടുത്തം !
പാലിയോ ബയോളജിസ്റ്റായ Peter Vrsansky , ഇക്വഡോറിന്റെ തലസ്ഥാനമായ Quito യിൽ നിന്നും 100km തെക്ക് മാറി സ്ഥിതി ചെയ്യുന്ന സുമാകോ പരിസ്ഥിതി മേഖലയിൽ (Sumaco Biosphere Reserve ) നടത്തിയ ഗവേഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ അവകാശവാദം ഉന്നയിച്ചിരിക്കുന്നത് . ഇവിടെയുള്ള ടൂറിസ്റ്റ് ഗൈഡുകൾ സുമാകോ , നടക്കും മരങ്ങളുള്ള മാന്ത്രിക വനമാണെന്നും പറഞ്ഞ് വിനോദ സഞ്ചാരികളെ ഇങ്ങോട്ടേയ്ക്ക് കൊണ്ടുവരാൻ തുടങ്ങിയിട്ട് നാളുകൾ ഏറെ ആയെങ്കിലും മിക്ക ഗവേഷകരും ഇതത്ര കാര്യമായി എടുത്തിരുന്നില്ല.
500 ൽ പരം പക്ഷി ജാതികളും 6000 ൽ അധികം തരം സസ്യലതാദികളും 600 ൽ പരം ചിത്രശലഭ വിഭാഗങ്ങളും നിറഞ്ഞ നിബിഡവനമായ സുമാകോ ഒരു UNESCO സംരക്ഷിത പ്രദേശവും കൂടിയാണ് . ഇവിടെയുള്ള പാം മരങ്ങൾ ശരിക്കും " നടക്കുക " അല്ല , മറിച്ച് മണ്ണിലൂടെ നിരങ്ങി മാറുകയാണ് ചെയ്യുന്നത് എന്നാണ് Vrsansky പറയുന്നത് .
നമ്മുടെ കണ്ടൽ ചെടികൾക്കും മറ്റും കാണുന്ന Buttress roots (stilt roots or prop roots) ആണ് ഈ മരങ്ങളെ ഇങ്ങനെ തെന്നിമാറാൻ സഹായിക്കുന്നത് . മണ്ണൊലിപ്പും ചതുപ്പും നിറഞ്ഞ സ്ഥലങ്ങളിൽ വളരുന്ന മരങ്ങളെ മറിഞ്ഞു വീഴാതെ നിൽക്കാൻ സഹായിക്കുന്നത് , മണ്ണിന് മുകളിൽ കാണുന്ന ഇത്തരം ബട്രസ് വേരുകൾ ആണ് .
ഇനി എങ്ങിനെയാണ് ഈ പാം മരങ്ങൾ " നടക്കുന്നത്" എന്ന് നോക്കാം . മണ്ണൊലിപ്പും വരൾച്ചയും ആണ് ഈ മരങ്ങളെ നടക്കാൻ പ്രേരിപ്പിക്കുന്ന പ്രധാന ഘടകങ്ങൾ ആയി Vrsansky വിലയിരുത്തുന്നത് . മരത്തിന്റെ അടിയിലെ ഒരു ഭാഗത്തെ മണ്ണ് ഒലിച്ച് പോകുകയോ അല്ലെങ്കിൽ ജലലഭ്യത കുറയുകയോ ചെയ്താൽ മരങ്ങൾ മറുവശത്തെ വേരുകൾ അസാധാരണമായി നീട്ടി തുടങ്ങും . മറുവശത്തെ വേരുകൾ മണ്ണിൽ നിന്നും വേർപെടുത്തി ഉണക്കിക്കളയുകയും ചെയ്യും ! ഇതിനിടെ മറുവശത്തെ വേരുകൾ ഉറച്ച മണ്ണിൽ എത്തിയിട്ടുണ്ടാവും . ഇനിയാണ് രസം . ഉറച്ച മണ്ണിൽ ആഴ്ന്നിറങ്ങിയ പുതു വേരുകൾ മരത്തെ പതുക്കെ അങ്ങോട്ട് വലിക്കാൻ തുടങ്ങും . മറുവശത്തെ വേരുകൾ പിടുത്തം വിട്ട് നില്ക്കുന്നതിനാൽ മരം പതുക്കെ പുതു വേരുകളുടെ ദിശയിൽ നിരങ്ങി മാറാൻ ആരംഭിക്കും. ദിവസം രണ്ടോ മൂന്നോ സെന്റീമീറ്റർ എന്ന കണക്കിൽ വർഷം ഇരുപത് മീറ്റർ വരെ ഈ മരങ്ങൾ ഇങ്ങനെ തെന്നി മാറും എന്നാണ് Vrsansky പറയുന്നത് . ലോകത്ത് എവിടെ കൊണ്ട് വെച്ചാലും ഈ മരങ്ങൾ " നടക്കും" എന്ന് കരുതരുത് . "ഗതികെട്ടാൽ" മാത്രമേ ഇവർ ഇതിന് മുതിരുകയുള്ളൂ .
എന്തായാലും നടക്കും മരങ്ങളെ അന്വേഷിച്ച് കൊടും കാട്ടിലേക്ക് കയറിയ Vrsansky യും കൂട്ടുകാരൻ Thierry Garcia യും പുതിയ ഒന്ന് രണ്ട് വെള്ളച്ചാട്ടങ്ങളും ഒരു തവള വർഗ്ഗത്തെയും കണ്ടു പിടിച്ചു എന്നതാണ് കൗതുകകരം . കൂടുതൽ ഉള്ളിലേക്ക് കയറുവാൻ ശ്രമിച്ചെങ്കിലും ഇതൊരു മാന്ത്രിക വനമാണെന്നും , വിചിത്ര രോഗങ്ങൾ പരത്തുന്ന പ്രാണികൾ ധാരാളം ഉണ്ടെന്നും പറഞ്ഞ് കൂടെ ഉണ്ടായിരുന്ന നാട്ടുകാരനായ വഴികാട്ടി അവരെ തടയുകയാണ് ഉണ്ടായത് . പക്ഷെ ഇക്വഡോറിലെ വന നശീകരണത്തിന്റെ തോത് വെച്ച് നോക്കിയാൽ സുമാകോ ജൈവമേഖല നശിക്കാൻ അധികനാൾ വേണ്ടി വരില്ല . ഇവർ കയറിയ "മാന്ത്രിക" വനമാകട്ടെ സ്വകാര്യ ഭൂമിയാണ് താനും . എന്തായാലും ആർക്കും വേണ്ടാതെ കിടന്ന ഈ പ്രൈവറ്റ് മാന്ത്രിക വനത്തിന്റെ മൂന്നൂറ് ഹെക്ടറോളം കോർ ഏരിയ Garcia ഹെക്ടറിന് അഞ്ഞൂറ് ഡോളർ മുടക്കി സ്വന്തമായി വാങ്ങി സംരക്ഷിക്കാൻ തുടങ്ങിക്കഴിഞ്ഞു. ഗവേഷകർക്കിടയിൽ ഇപ്പോഴും തർക്കം ബാക്കിയായ നടക്കും മരത്തിന്റെ രഹസ്യം താമസിയാതെ ചുരുൾ നിവരുമെന്ന് പ്രതീക്ഷിക്കാം.
References
1.http://www.bbc.com/…/20151207-ecuadors-mysterious-walking-t…
2. http://www.odditycentral.com/…/these-walking-trees-in-ecuad…
3. https://en.wikipedia.org/wiki/Socratea_exorrhiza
നമ്മുടെ നാട്ടിലെ കണ്ടൽ ചെടികളും വല്ലപ്പോഴും " നടക്കാറുണ്ടന്ന് " ചില പഴമക്കാർ പറയുന്നത് കേട്ടിട്ടുണ്ട് .