A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

പായ്മര തണലില്‍ !.........( Part 1)

പായ്മര തണലില്‍ !.........( Part 1)


ഡാനാ പോയിന്റ്‌ (Dana Point, California) കാലിഫോര്‍ണിയന്‍ തീരത്തെ ഒരു ചെറു തുറമുഖ പട്ടണമാണ് . എല്ലാവര്‍ഷവും മാര്‍ച്ചില്‍ നടത്തുന്ന തിമിംഗലങ്ങളുടെ ആഘോഷത്തിന് (Festival of Whales, fb.com/DPFestivalOfWhales) ലക്ഷക്കണക്കിന്‌ ആളുകളാണ് ഇവിടെ എത്തിച്ചേരുന്നത് . മാത്രവുമല്ല എല്ലാ വര്‍ഷവും സെപ്റ്റംബറില്‍ Tall Ships Festival ഉം ഇവിടെ നടത്താറുണ്ട്‌ ( ഉയരം കൂടിയ പായ്മരങ്ങളോട് കൂടിയ പഴയ രീതിയില്‍ ഉള്ള പായ്ക്കപ്പല്‍ ). Ocean Institute ആണ് പ്രശസ്തമായ ഈ ആഘോഷം സംഘടിപ്പിക്കുന്നത് . പഴയകാല പ്രതാപം വിളിച്ചോതുന്ന പായ്മര കപ്പലുകള്‍ ആയ പില്‍ഗ്രീമും സ്പിരിറ്റ്‌ ഓഫ് ഡാന പോയിന്‍റും (Pilgrim and Spirit of Dana Point) ആണ് ഇതിന് നേതൃത്വം കൊടുക്കുന്നത് . സഞ്ചാരികളെയും കൊണ്ട് ഈ കപ്പലുകള്‍ കാലിഫോര്‍ണിയന്‍ തീരങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ അവരുടെ ഓര്‍മ്മകള്‍ രണ്ടു നൂറ്റാണ്ടുകള്‍ക്ക് പിന്നിലേക്ക്‌ സഞ്ചരിക്കും . പില്‍ഗ്രിം എന്ന പായ് കപ്പല്‍ വെറും വിനോദ സഞ്ചാരത്തിനായി തട്ടി കൂട്ടിയ ഒന്നല്ല , മറിച്ച് 1835 ല്‍ ഇതേ തീരത്ത് അടുത്ത മറ്റൊരു കപ്പലിന്‍റെ പകര്‍പ്പാണ് ! നൂറില്‍ താഴെ ആളുകള്‍ മാത്രം ഉണ്ടായിരുന്ന ആ മണല്‍ തീരത്ത് അന്ന് ആരാണ് കപ്പലില്‍ എത്തിയത് ? എന്തിനാണ് വന്നത് ? ഇതൊക്കെ ഓര്‍ക്കുമ്പോള്‍ ഇന്നത്തെ പില്‍ഗ്രിം കപ്പലില്‍ യാത്ര ചെയ്യുന്നവര്‍ അറിയാതെ തന്നെ മറ്റൊരു ലോകത്തിലേക്ക്‌ പോകുന്നു ......ഇന്ന് ഈ തുറമുഖ നഗരത്തിന് പില്‍ഗ്രിം എന്ന പഴയ കപ്പലില്‍ വന്നിറങ്ങിയ ഒരാളുടെ പേര് ആണ് നല്‍കപ്പെട്ടിരിക്കുന്നത്‌ എന്ന് ഓര്‍ക്കുമ്പോള്‍ അത്ഭുതവും ഒപ്പം ആകാംക്ഷയും ഒരു സഞ്ചാരിയുടെ ഹൃദയത്തില്‍ തുടിക്കും !
റിച്ചാര്‍ഡ് ഹെന്‍റി ഡാന ജൂനിയര്‍
===================
അത്യാവശ്യം നല്ലൊരു കുടുംബത്താണ് ഡാന ജനിച്ചത്‌ (1815) . അച്ഛന്‍ റിച്ചാര്‍ഡ് ഹെന്‍റി ഡാന സീനിയര്‍ ഒരു കവി കൂടി ആയിരുന്നു . അതിനാല്‍ കൊച്ചു ഡാനക്ക് അത്യാവശ്യം നല്ല വിദ്യാഭ്യാസം കിട്ടി . 1831 ല്‍ ഹവാഡ് കോളേജില്‍ പഠിക്കുമ്പോള്‍ ആണ് ഡാനയുടെ ജീവിതത്തിലെ സുപ്രധാന വഴിത്തിരിവ് ഉണ്ടാവുന്നത് . ഒരു വിദ്യാഭ്യാസ സമരത്തില്‍ പങ്കെടുത്തതിനാല്‍ കിട്ടിയ സസ്പെന്‍ഷന്‍ കഴിഞ്ഞ് കോളേജില്‍ തിരികെ എത്തിയ കാലം . അഞ്ചാംപനി ബാധിച്ചു ഡോക്ടറുടെ പക്കല്‍ എത്തിയ ഡാന , തന്‍റെ കാഴ്ച്ച ശക്തി പതുക്കെ പതുക്കെ കുറയുന്നു എന്ന സത്യം ഞെട്ടലോടെയാണ് മനസ്സിലാക്കിയത് . കുത്തിയിരുന്നുള്ള പുസ്തക വായനയ്ക്കും പഠനത്തിനും തല്‍ക്കാലം ഒരു വിരാമം ആവശ്യമാണെന്ന് ഡോക്ടര്‍ വിധിയെഴുതി . അപ്പര്‍ ക്ലാസ് വെള്ളക്കാര്‍ അക്കാലത്ത് ഒഴിവു കാലത്ത് സാധാരണ തിരഞ്ഞെടുക്കാറുള്ള ഒരു യൂറോപ്യന്‍ ഗ്രാന്‍ഡ്‌ ടൂര്‍ ആണ് കൂട്ടുകാര്‍ ഉപദേശിച്ചത് . പക്ഷെ ഡാനയുടെ മനസ്സില്‍ മറ്റൊന്നായിരുന്നു . ഒരു കപ്പല്‍ യാത്രയായിരുന്നു ഡാനയുടെ ചിന്തയില്‍ . അങ്ങിനെ 1834 ആഗസ്റ്റ് പതിനാലാം തീയതി ബോസ്റ്റണ്‍ തീരത്ത് നങ്കൂരമിട്ടിരുന്ന പില്‍ഗ്രിം എന്ന കപ്പലില്‍ ഒരു മര്‍ച്ചന്റ് സീമാന്‍ ആയി ഡാന കടന്നു കൂടി . തെക്കേ അമേരിക്കയുടെ തെക്കേ അറ്റമായ ഹോണ്‍ മുനമ്പ്‌ (Cape Horn) ചുറ്റി കാലിഫോര്‍ണിയയിലെയ്ക്കായിരുന്നു കപ്പലിന്‍റെ യാത്ര . രണ്ടു പായ്മരങ്ങള്‍ ഉണ്ടായിരുന്ന പില്‍ഗ്രീമിന് 26.4 m നീളം ഉണ്ടായിരുന്നു . അത്തരത്തില്‍ അന്ന് നിലവില്‍ ഉണ്ടായിരുന്ന ഇത്തരം അനേകം കപ്പലുകളില്‍ ഒന്നായിരുന്നു പില്‍ഗ്രീമും , പക്ഷെ തങ്ങളുടെ ഒരു സഹ യാത്രികന്‍ മൂലം കപ്പലും, തങ്ങളും ചരിത്രത്തില്‍ എന്നും ഓര്‍മ്മിക്കപ്പെടാന്‍ പോവുകയാണെന്ന് അതിലെ ജോലിക്കാര്‍ അറിഞ്ഞിരുന്നില്ല !!
പന്ത്രണ്ട് മണിയോടെ കപ്പല്‍ തട്ടില്‍ എത്തിയ ഡാനയുടെ കയ്യില്‍ രണ്ടു മൂന്ന് വര്‍ഷങ്ങളിലേക്ക് വേണ്ടുന്ന തുണികളും മറ്റു സാധന സാമഗ്രികളും ഉണ്ടായിരുന്നു . കൂടാതെ സന്തതസഹചാരികളായ പേനയും ഡയറിയും . പിന്നീടുള്ള ദിവസങ്ങളില്‍ കപ്പലില്‍ യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ ആയിരുന്നു . ഒരു കോളേജു കുമാരന്‍റെ മിനുമിനുത്ത വേഷത്തില്‍ നിന്നും നാവികന്റെ പരുക്കന്‍ വേഷത്തിലേക്കുള്ള പകര്‍ച്ച ഡാന നന്നേ ആസ്വദിച്ചു . അങ്ങിനെ തണുത്ത ഒരു തെക്കന്‍ കാറ്റു വീശിയ ശനിയാഴ്ച പ്രഭാതത്തില്‍ പില്‍ഗ്രിം പതുക്കെ ബോസ്റ്റന്‍ തീരം വിട്ടു . യാത്ര അയയ്ക്കാന്‍ എത്തിയ കൂട്ടുകാരോടോ , ബോസ്റ്റന്‍ തീരത്തോടോ വിട പറയുവാനോ; കപ്പല്‍ തട്ടില്‍ നിന്നുകൊണ്ട് ഈറന്‍ മിഴികളോടെ ആ മനോഹര തീരമോന്നു നോക്കിക്കാണാനോ ഡാനയ്ക്ക് സമയം കിട്ടിയില്ല . "അതെടുക്ക് " , " ഇത് ചെയ്യ്‌ " എന്നിങ്ങനെയുള്ള അലര്‍ച്ചകള്‍ക്കും കപ്പല്‍ തട്ടില്‍ കൂടെയുള്ള പരക്കം പാച്ചിലിനും ഇടയില്‍ ഡാനക്ക് ഒരു കാര്യം പിടികിട്ടി . ഒരു നാവികന്റെ ജീവിതം താന്‍ നേരത്തെ കേട്ടപോലെയല്ല !
പിറ്റേന്ന് ഞായറാഴ്ച ഡാന കരുതിയത്‌ പോലെ കപ്പലില്‍ അവുധി ഇല്ലായിരുന്നു . അന്നായിരുന്നു എല്ലാവര്‍ക്കും ഡ്യൂട്ടി ഷിഫ്റ്റ്‌ തിരിച്ച് കൊടുത്തത് . കുറച്ചു കഴിഞ്ഞപ്പോള്‍ ക്യാപ്റ്റന്റെ മുഖം കപ്പല്‍ തട്ടില്‍ പ്രത്യക്ഷപ്പെട്ടു . അദ്ദേഹം യാത്രയെപ്പറ്റി ഒരു പാട് കാര്യങ്ങള്‍ പറഞ്ഞെങ്കിലും അവസാനം പറഞ്ഞ കാര്യമാണ് ഡാനക്ക് നന്നേ "ബോധിച്ചത് " .
"ഞാന്‍ പറയുന്നത് കേട്ട് പണിയെടുത്താല്‍ ഞാനൊരു നല്ലവനാണെന്ന് നിങ്ങള്‍ക്ക് തോന്നും . അതല്ലെങ്കില്‍ ഇത് പോലൊരു കാട്ടാളനെ നിങ്ങള്‍ ജീവിതത്തില്‍ ഒരിക്കലും കണ്ടു മുട്ടില്ല "
അന്നാദ്യമായി പില്‍ഗ്രിം ഒഴുകുന്ന ഒരു ജയിലും കപ്പിത്താന്‍ ഒരു ജയില്‍ വാര്‍ഡനുമായി ഡാനക്ക് തോന്നി . താന്‍ അറിഞ്ഞതിനേക്കാള്‍ കൂടുതല്‍ അധികാരങ്ങള്‍ അക്കാലത്ത് കപ്പലില്‍ കപ്പിത്താനുണ്ട് എന്ന് മനസ്സിലായി . കപ്പലിലെ starboard ല്‍ (വലത് ) ആയിരുന്നു ഡാനക്ക് വാച്ച് ( ഡ്യൂട്ടി ) കിട്ടിയത് . വാച്ച് അവസാനിക്കുമ്പോള്‍ ഒരു ബെല്‍ അടിക്കും . അദ്ദേഹത്തെപോലെ തന്നെ ആദ്യ കപ്പല്‍ യാത്ര ചെയ്യുന്ന മറ്റൊരു ചെറുപ്പകാരനെ ആണ് കൂട്ടിന് കിട്ടിയത് . ഒരു പാട് കാര്യങ്ങളില്‍ പൊതു അഭിപ്രായം ഉണ്ടായിരുന്ന അവര്‍ പെട്ടന്ന് തന്നെ കൂട്ടുകാരായി . യാത്രയുടെ ആദ്യ ദിവസങ്ങളില്‍ കടല്‍ തെളിഞ്ഞ് ശാന്തവും സുന്ദരവും ആയി തോന്നി . തെളിഞ്ഞ ആകാശത്തിലെ നക്ഷത്രങ്ങള്‍ ഡാനയെ നോക്കി വെളുക്കെ ചിരിച്ചു . തന്‍റെ തീരുമാനം ഏറ്റവും നന്നായി എന്ന് തോന്നിയ ദിവസങ്ങള്‍ ആയിരുന്നു ഡാനക്ക് അത് . പക്ഷെ എല്ലാം മാറി മറഞ്ഞത് പൊടുന്നനെ ആയിരുന്നു . തങ്ങള്‍ ഉടന്‍ തന്നെ ഗള്‍ഫ് സ്ട്രീമില്‍ എത്തിപ്പെടും എന്ന് ഒരു ഓഫീസര്‍ വിളിച്ചു പറഞ്ഞു . മാനം ഇരുണ്ടു കൂടി . തിരമാലകള്‍ക്ക് ആവശ്യത്തില്‍ കൂടുതല്‍ ഉയരം വെച്ചതായി ഡാനക്ക് തോന്നി . പായകള്‍ ചുരുട്ടുവാന്‍ ക്യാപ്റ്റന്‍ ഓര്‍ഡര്‍ ഇട്ടു . അതി ശക്തമായ കടല്‍ക്കാറ്റ് ഉടന്‍ തന്നെ തങ്ങളെ സന്ദര്‍ശിക്കുവാന്‍ വരും ! " എല്ലാവരും ഒരുമിച്ച് !!! " കപ്പിത്താന്‍ അലറി . കനത്ത മഴത്തുള്ളികള്‍ ഡെക്കില്‍ പതിക്കുന്ന ശബ്ദം കേട്ട് ഡാന ഓടി മുകളില്‍ എത്തി . ചുറ്റും നിന്നും കൂവി വിളികളും അനവധി നിര്‍ദ്ദേശങ്ങളും ! ആളുകള്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടി നടന്നു പണിയെടുക്കുന്നു . കടല്‍ ഇളകി മറിയുവാന്‍ തുടങ്ങി . ഓടി ചെന്ന് മറ്റുള്ളവരെ സഹായിക്കണം എന്നുണ്ടെങ്കിലും അതിന് കഴിയുന്നില്ല . കാലുകള്‍ നിലത്ത് ഉറക്കുന്നില്ല . ആടിയുലയുന്ന കപ്പലില്‍ ഡാന പല തവണ അടിതെറ്റി വീണു . തനിക്കിനിയും " കടല്‍ കാലുകള്‍ " ആയിട്ടില്ല എന്ന് ഡാനക്ക് മനസ്സിലായി . കൂടാതെ കടല്‍ ചൊരുക്കിന്റെ ആരംഭവും ! ശര്‍ദ്ദിച്ചു വശംകെട്ടെങ്കിലും ആര്‍ക്കും ആ സമയത്തെ ജോലികളില്‍ നിന്നും ഓടിയൊളിക്കുവാന്‍ ആകുമായിരുന്നില്ല . ഈ അവസ്ഥ രണ്ടു ദിവസം നീണ്ടു നിന്നു ! അങ്ങിനെ ഒടുവില്‍ ആഗസ്റ്റ് ഇരുപതിന് മാനം തെളിഞ്ഞു. കടല്‍ ശാന്തമായി . വീണ്ടും ഒരിക്കല്‍ കൂടി ഡാന സ്വപ്ന ലോകത്തേക്ക് പറന്നു . എന്നും രാവിലെ കപ്പല്‍തട്ടു വൃത്തിയാക്കുന്ന രണ്ടു മണിക്കൂര്‍ ജോലി കഴിഞ്ഞിട്ടാണ് പ്രഭാത ഭക്ഷണത്തിനുള്ള ഏഴു മണികള്‍ അടിക്കുന്നത് . ഓരോ ജോലികള്‍ക്കും ഇടയിലുള്ള ഈ മണികള്‍ വൈകുന്നേരം സ്കൂള്‍ വിടുമ്പോള്‍ ഉള്ള മണികള്‍ ആയി ആണ് ഡാനക്ക് അനുഭവപ്പെട്ടത് . ഇതിനിടെ പടിഞ്ഞാറേക്ക്‌ പോകുന്ന രണ്ടു കപ്പലുകള്‍ കണ്ടതാണ് വിശാലമായ നടുക്കടലില്‍ ഡാന കണ്ട ഒരേ ഒരു വേറിട്ട കാഴ്ച്ച !
സെപ്റ്റംബര്‍ ഏഴിന് കടലില്‍ ഡോള്‍ഫിനുകളെ കാണാന്‍ തുടങ്ങിയത് . ഡാനക്ക് പുതിയ ഒരു അനുഭവം ആയി . ഒക്ടോബര്‍ ഒന്ന് ബുധനാഴ്ച , പില്‍ഗ്രിം ഭൂമധ്യ രേഖ കടന്ന് തെക്കോട്ടുള്ള പ്രയാണം തുടര്‍ന്നു . താനൊരു നാവികനായി എന്നൊക്കെ ഡാനെക്ക് തോന്നി തുടങ്ങി . ഒക്ടോബര്‍ അഞ്ച് ഞായറാഴ്ച , ബോസ്റ്റന്‍ വിട്ട ശേഷം ആദ്യമായി കര കണ്ടു . ബ്രസീലിയന്‍ തീര നഗരമായ Olinda ആയിരുന്നു അത് . ബൈനോക്കുലറിലൂടെ വീടുകളുടെ മേല്‍ക്കൂരകള്‍ കണ്ടത് ചില നാവികരെ ആവേശഭരിതരാക്കിയതായി ഡാനയുടെ ഡയറിയില്‍ കാണുന്നുണ്ട് . വീണ്ടും തെക്കോട്ട്‌ പോകും തോറും കാറ്റിന്‍റെ ശക്തി കൂടി വന്നു . Gale എന്ന് വിളിക്കുന്ന (63–87 km/h) ശക്തിയേറിയ കാറ്റ് ആണിതെന്നു പരിചയ സമ്പന്നര്‍ ആയ നാവികര്‍ പറഞ്ഞു . നവംബര്‍ നാലിന് പുലര്‍ച്ചെ നല്ല മഞ്ഞുണ്ടായിരുന്നു . അന്ന് ഡെക്കില്‍ എത്തിയ ഡാനെ മഞ്ഞില്‍ പുതഞ്ഞു നില്‍ക്കുന്ന രണ്ടു ദ്വീപുകള്‍ അകലെ കണ്ടു . ഫോക്ക് ലണ്ട് ദ്വീപുകള്‍ ആയിരുന്നു അത് . അതെ , പില്‍ഗ്രിം ഹോണ്‍ മുനമ്പിനോട്‌ അടുക്കുകയാണ് !
(തുടരും ..........)
ഡാന പോയിന്‍റ് മാത്രം ആയിരുന്നു എഴുതി തുടങ്ങുമ്പോള്‍ മനസ്സില്‍ . പക്ഷെ പ്രശസ്തമെങ്കിലും Two Years Before the Mast എന്ന ക്ലാസിക് വായിക്കാത്ത ചിലരെങ്കിലും നമ്മുടെ ഗ്രൂപ്പില്‍ കാണും എന്ന് തോന്നിയതിനാല്‍ ആ കഥ കൂടി ചുരുക്കി പറയാം അന്ന് കരുതുകയായിരുന്നു . മലയാളത്തിലും ഇംഗ്ലീഷിലും ഈ പുസ്തകം നമ്മുടെ അടുത്തുള്ള പുസ്തക കടകളില്‍ ലഭ്യമാണ്