A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ലണ്ടനിലെ ഒരു സുഹൃത്ത് പറഞ്ഞ സംഭവമാണ്.

ലണ്ടനിലെ ഒരു സുഹൃത്ത് പറഞ്ഞ സംഭവമാണ്.



അദ്ദേഹത്തിന്‍റെ അനന്തിരവനാണ്‌ സ്റ്റീവ്. നല്ലൊരു അക്കൌണ്ടന്‍റ് ആയ സ്റ്റീവ് ചെറുപ്പം തൊട്ടേ ഹൊറര്‍ സിനിമകളുടെ ആരാധകനും, നല്ല അസ്സല് പേടിത്തൊണ്ടനും ആണ്. എത്ര പേടിപ്പെടുത്തുന്ന സിനിമയാണെങ്കിലും സ്റ്റീവ് തനിച്ചിരുന്ന് കാണും, അതിന് യാതൊരു പ്രശ്നവുമില്ല. പക്ഷെ രാത്രി പാര്‍ക്കിങ്ങില്‍ വണ്ടി ഇട്ടിട്ട് അവിടന്ന് ലിഫ്റ്റ്‌ കയറി ഫ്ലാറ്റില്‍ വരാന്‍ ഭയങ്കര പേടിയാണ്. കുറെ നാളത്തെ ചരട്-വലികള്‍ക്ക് ശേഷമാണ് കക്ഷി ഒരുവിധം ലിഫ്റ്റിനടുത്തുള്ള പാര്‍ക്കിങ്ങ് സ്പേസ് തന്നെ permanent ആയി ഒപ്പിച്ചെടുത്തത്. സാധാരണ അവിടത്തെ പാര്‍ക്കിങ്ങ് സ്പേസ് എല്ലാം disabled ആയവര്‍ക്കായി reserved ആയിരിക്കും.

കഴിഞ്ഞ വര്‍ഷമിറങ്ങിയ Conjuring 2 സിനിമ, സ്റ്റീവ് വളരെ നാളായി കാണാന്‍ കൊതിച്ചിരുന്ന ഒരു ചിത്രമാണ്. കാരണം സ്റ്റീവ് താമസിക്കുന്നിടത്ത് നിന്ന് ഏകദേശം രണ്ടര മണിക്കൂര്‍ ദൂരത്താണ് ആ സിനിമയ്ക്ക് ആസ്പദമായ സംഭവം നടന്ന സ്ഥലം. സ്റ്റീവ് പലതവണ അവിടെ പോയിട്ടുണ്ടെങ്കിലും ആ ഏരിയ എത്തുമ്പോള്‍ പേടി കൂടി തിരിച്ച് പോരും. രണ്ട് തവണ കാമുകി സിസിലിന്‍റെ കൂടെ എന്‍ഫീല്‍ഡ് വരെ എത്തിയതാണ്, കൃത്യം ആ സ്ട്രീറ്റ് എത്താറാകുമ്പോള്‍ സ്റ്റീവിന്‍റെ ധൈര്യം മൊത്തം ചോര്‍ന്ന് പോകും. അങ്ങിനെ അവര്‍ തിരിച്ച് വരും.

ഇനി സിസിലിനെ കുറിച്ച്. സ്റ്റീവിന്‍റെ കോളേജ് തൊട്ടുള്ള ബന്ധമാണ് സിസിലിന്‍റെ കൂടെ, പക്ഷെ കഴിഞ്ഞ വര്‍ഷമാണ്‌ അവര്‍ തമ്മില്‍ അടുത്ത്, ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങുന്നത്. ഭയങ്കര എനര്‍ജറ്റിക്കായ, ഒരുപാട് ചിരിക്കാന്‍ ഇഷ്ടപ്പെടുന്ന സിസിലിനെ വളരെ പെട്ടെന്ന് തന്നെ സ്റ്റീവിന്‍റെ കുടുംബം ഏറ്റെടുത്തു. സ്റ്റീവ് ആഴ്ചയില്‍ മാത്രം കുടുംബത്തെ വിളിക്കുമെങ്കില്‍, സിസില്‍ എല്ലാ ദിവസവും അവരെ വിളിച്ച് വിശേഷങ്ങള്‍ അന്വേഷിക്കുമായിരുന്നു. അങ്ങിനെ സംഭവങ്ങള്‍ എല്ലാം നല്ലവണ്ണം പോകുന്നതിനിടെയാണ് സ്റ്റീവ് Conjuring 2 സിനിമ കാണുന്നത്, ആ സിനിമ പക്ഷെ സ്റ്റീവിന്‍റെ മനോനില തന്നെ തകിടം മറിച്ചു.

സിനിമയില്‍ കണ്ടപോലുള്ള ഒരു വീട്ടിലായിരുന്നു സ്റ്റീവിന്‍റെ ചെറുപ്പകാലത്ത് ജീവിച്ചിരുന്നത്. അച്ഛനും, അമ്മയ്ക്കും തിരക്കായതിനാല്‍ രാത്രിവരെ പലപ്പോഴും സ്റ്റീവ് തനിച്ചായിരുന്നു. സിനിമയില്‍ കണ്ട അനുഭവങ്ങള്‍ പലതും സ്റ്റീവ് തന്‍റെ ജീവിതവുമായി connect ചെയ്യാന്‍ തുടങ്ങി, അങ്ങിനെ സ്വന്തം വീട്ടില്‍പ്പോലും സ്റ്റീവിന് ഭയം തോന്നിത്തുടങ്ങി. ഈ അവസ്ഥയിലാണ് സിസിലിന്‍റെ പ്രസക്തി ആ കുടുംബം മുഴുവനും മനസ്സിലാക്കുന്നത്. സ്റ്റീവില്‍ അസ്വാഭാവികത കണ്ട് രണ്ടാം ദിവസം തന്നെ സിസില്‍, സ്റ്റീവ് അറിയാതെ, അയാളുടെ കസിന്‍സിനെ വിവരം അറിയിച്ചിരുന്നു. വളരെ പെട്ടെന്ന് തന്നെ അവര്‍ നല്ലൊരു കൌണ്‍സിലറെ ചെന്ന് കണ്ട് സ്റ്റീവിന്‍റെ വിവരങ്ങള്‍ ധരിപ്പിച്ചു, സ്റ്റീവിനെ അവിടെ എത്തിക്കും മുന്‍പ് തന്നെ കൌണ്‍സിലറും, സിസിലും കൂടെ ചികിത്സയുടെ സ്ട്രാറ്റജി വരെ തയ്യാറാക്കി വച്ചിരുന്നു.

അങ്ങിനെ സ്റ്റീവ് അവിടെയെത്തി, കൌണ്‍സിലിങ്ങ് തുടങ്ങി. ചുരുക്കം സിറ്റിങ്ങുകള്‍ കൊണ്ട് തന്നെ സ്റ്റീവിന്‍റെ പ്രശ്നങ്ങള്‍ എല്ലാം തന്നെ ഭേദമായി. സിസിലിന്‍റെയും, കുടുംബത്തിന്‍റെയും സപ്പോര്‍ട്ട് ഉള്ളത് കൊണ്ടാണ് വളരെ വേഗം തന്നെ റിസള്‍ട്ട് കിട്ടിയത്. പക്ഷെ കൌണ്‍സിലിങ്ങ് അവര്‍ നിര്‍ത്തിയില്ല, Conjuring 2 ഭയം മാറിയെങ്കിലും ഇപ്പോഴും സ്റ്റീവിന് ഇരുട്ട് കാണുമ്പോള്‍ ചെറിയ ചില പ്രശ്നങ്ങള്‍ ഒക്കെയുണ്ട്. അത് മാറ്റാനായി അവര്‍ കൌണ്‍സിലിങ്ങ് നീട്ടി വച്ചു. പക്ഷെ പ്രശ്നം മാറിയിട്ടും അത് നിര്‍ത്താന്‍ തയ്യാറാകാതിരുന്നത് സ്റ്റീവിന്‍റെ ഉള്ളില്‍ ചില സംശയങ്ങള്‍ ഉയര്‍ത്തി, അയാള്‍ ഒരു better opinion ലഭിക്കാനായി മറ്റൊരു മനശാസ്ത്രജ്ഞനെ സമീപിച്ചു. അങ്ങിനെ അവിടന്ന് ഭയത്തെ overcome ചെയ്ത്, നേരിടാനുള്ള കൌണ്‍സിലിങ്ങുകള്‍ക്ക് തുടക്കമിട്ടു. മൊത്തത്തില്‍ പറഞ്ഞാല്‍ രണ്ടിടത്തായി രണ്ട് തരം evaluations. ഒരിടത്ത് ഭയം എന്തെന്ന് പഠിപ്പിച്ച് കൊടുക്കുമ്പോള്‍, മറ്റിടത്ത് ഭയത്തെ നേരിടാനുള്ള lessons.

ഏതാണ്ട് ഒന്നര മാസത്തോളം കഴിഞ്ഞു.

ആദ്യത്തെ കൌണ്‍സിലര്‍ക്ക് സ്റ്റീവിന്‍റെ മാറ്റങ്ങള്‍ മനസ്സിലായെങ്കിലും എങ്ങിനെയൊക്കെ ചോദിച്ചിട്ടും സ്റ്റീന്‍ മറ്റൊരു കൌണ്‍സിലറെ കാണുന്ന കാര്യം തുറന്നു പറഞ്ഞില്ല. ഒടുക്കം കൌണ്‍സിലര്‍ സിസിലിനെ വിളിച്ച് സ്റ്റീവ് OK ആയെന്ന് പറഞ്ഞു. സിസിലും, കസിന്‍സും നോക്കിയപ്പോള്‍ ഏതാണ്ട് രണ്ട് ദിവസത്തോളം കഴിഞ്ഞാണ് സ്റ്റീവിന്‍റെ ജന്മദിനം. അന്നേദിവസം സ്റ്റീവിന് ഒരു സര്‍പ്രൈസ് പാര്‍ട്ടി അവര്‍ പ്ലാന്‍ ചെയ്തു.

ജന്മദിനത്തിന്‍റെ അന്ന് സ്റ്റീവ് ഓഫീസ് കഴിഞ്ഞ് വീട്ടിലേക്ക് വരികയാണ്. അന്നേ ദിവസം തന്നെയായിരുന്നു സ്റ്റീവിന്‍റെ കൌണ്‍സിലിങ്ങും, രണ്ടും കഴിഞ്ഞ് എത്തിയപ്പോഴേക്കും സമയം ഏതാണ്ട് ഒന്‍പതായി. സ്റ്റീവ് ഫ്ലാറ്റിനടുത്ത് എത്തിയപ്പോള്‍ മുകളില്‍ വെളിച്ചം ഒന്നും കാണുന്നില്ല, പാര്‍ക്കിങ്ങിലും നല്ല ഇരുട്ട്. സ്റ്റീവ് പതുക്കെ സിസിലിനെ വിളിച്ചു, അവള്‍ ജോലിത്തിരക്കിലാണ്, ഇച്ചിരി വൈകും എന്ന മറുപടിയാണ് ലഭിച്ചത്. താഴെ ഇരുട്ട് കണ്ടപ്പോള്‍ അല്പം ഭയമൊക്കെ വന്നെങ്കിലും, സ്റ്റീവിന്‍റെ ഫ്ലോറില്‍ ഒട്ടും വെളിച്ചം കാണാഞ്ഞതാണ് അയാളെ കൂടുതല്‍ ഭയപ്പെടുത്തിയത്. സ്റ്റീവ് പതുക്കെ കാര്‍ പാര്‍ക്കിങ്ങില്‍ ഇട്ടിട്ട് പുറത്തേക്കിറങ്ങി, തൊട്ടപ്പുറത്തുള്ള കോഫീ ഷോപ്പില്‍ നിന്ന് ഒരു കാപ്പി വാങ്ങി. തിളച്ച കാപ്പി അകത്തേയ്ക്ക് ചെന്നപ്പോള്‍ ഇച്ചിരി ധൈര്യം വന്നു, അങ്ങിനെ രണ്ടും കല്‍പ്പിച്ച് സ്റ്റീവ് മെയിന്‍ ഡോറിലൂടെ ഫ്ലാറ്റിലേക്ക് കയറി.

തന്‍റെ ഫ്ലോറിലെ ലിഫ്റ്റ്‌ ഇറങ്ങിയതും സ്റ്റീവ് പത്ത് സെക്കണ്ട് ശങ്കിച്ച് നിന്നു, എന്നിട്ട് പതുക്കെ നടന്ന് ഫ്ലാറ്റിന്‍റെ മുന്നിലെത്തി, ഹാളിലെ ലൈറ്റ് ഓണ്‍ ചെയ്തു. റോഡില്‍ നിന്നല്ലാതെ ആ ഫ്ലോറില്‍ മറ്റൊരു ശബ്ദവും കേള്‍ക്കുന്നില്ല, പക്ഷെ അടക്കിപ്പിടിച്ച ചില ചിരികള്‍ കേള്‍ക്കാം. സ്റ്റീവ് പിന്നെ രണ്ടാമത് ആലോചിച്ചില്ല, വേഗം തന്നെ ഫ്ലാറ്റ് തുറന്ന് അകത്ത് കയറി ലൈറ്റ് ഇട്ടു. കയറിയതും വാതിലിന് അഭിമുഖമായാണ് സ്റ്റീവ് നിന്നത്, അങ്ങിനെത്തന്നെ നിന്ന് കിതപ്പ് മാറ്റി സ്റ്റീവ് തിരിഞ്ഞതും, അയാളുടെ സകല പിടിയും വിട്ട് തരിച്ച് നിന്ന് പോയി. താന്‍ ഇത്രയും നാള്‍ ഭയപ്പെട്ടിരുന്നത് എന്തിനെയാണോ, അത് തന്‍റെ ഫ്ലാറ്റിനകത്ത് തന്നെയും നോക്കി നില്‍ക്കുന്നു. വലാക്ക്, Conjuring 2ലെ പ്രേതം.

ഒരു സെക്കണ്ട് താനിപ്പോള്‍ റോഡിലാണെന്നും, ഫ്ലാറ്റിലേക്ക് കയറാതെ കാപ്പിയും കുടിച്ച് നില്‍ക്കുകയാണെന്നും മനസ്സിനെ വിശ്വസിപ്പിക്കാന്‍ സ്റ്റീവ് ശ്രമിച്ച് നോക്കി, പക്ഷെ സാധിക്കുന്നില്ല. വലാക്ക് പതുക്കെ തന്‍റെ അടുത്തേക്ക് നീങ്ങാന്‍ തുടങ്ങുകയാണ്, സിനിമയിലെ അതേ രൂപം തന്നെ, പക്ഷെ മുഖത്തിന്‍റെ അവിടെ ഇരുട്ട് മാത്രമായതിനാല്‍ അല്പം കൂടെ ഭീകരത തോന്നുന്നുണ്ട്. സ്റ്റീവിന് അനങ്ങാന്‍ പറ്റുന്നില്ല, കാലുകള്‍ ലോക്കിട്ട പോലുള്ള അവസ്ഥ. വലതു കയ്യിലെ ചുട്ടുപൊള്ളുന്ന കാപ്പി മാത്രമാണ് അയാള്‍ക്കിപ്പോള്‍ തിരിച്ചറിയാന്‍ സാധിക്കുന്നത്, കൂടെ വലാക്ക് തന്‍റെ നേരെ അടുക്കുകയാണ് എന്ന സത്യവും. സ്റ്റീവ് ഒന്നും നോക്കിയില്ല, ഉടന്‍ തന്നെ തന്‍റെ കയ്യിലെ കാപ്പി കണ്ടൈനര്‍ വലാക്കിന്‍റെ തല ലക്ഷ്യമാക്കി എറിഞ്ഞു. അത് മാത്രമാണ് സ്റ്റീവിന് ഓര്‍മ്മയുള്ളത്, കണ്ണ് തുറക്കുമ്പോള്‍ ആശുപത്രിയില്‍. ചുറ്റും കസിന്‍സ് എല്ലാവരും ഉണ്ട്. എല്ലാവരുടെയും മുഖത്ത് വല്ലാത്ത വിഷമം.

സ്റ്റീവ് കണ്ണ് തുറന്നതും അവിടിരുന്ന നഴ്സ് വന്ന് പള്‍സ് ഒക്കെ നോക്കിയിട്ട് ഡോക്ടറെ വിളിച്ചു. ഡോക്ടര്‍ വന്ന് ചോദിച്ചു, 'are you alright?' സ്റ്റീവ് അതെ എന്ന് തലയാട്ടി. ചിരിച്ചു കൊണ്ട് ഡോക്ടര്‍ പോയി, കൂടെ ഒരു കസിനും. ഒരു മിനിറ്റിനകം തന്നെ കസിന്‍ തിരികെ വന്നിട്ട് പറഞ്ഞു, 'ഒരു മണിക്കൂര്‍ കൂടെ റസ്റ്റ്‌ എടുത്ത ശേഷം പോകാമെന്ന് പറഞ്ഞു'. സ്റ്റീവ് ചോദിച്ചു, 'സിസിലിനെ അറിയിച്ചോ?' എല്ലാവരുടെയും മുഖത്ത് മ്ലാനത. 'ഇനി ആ ഫ്ലാറ്റ് വേണ്ട, എത്രയും പെട്ടെന്ന് മാറണം'. ആരും ഒന്നും മിണ്ടിയില്ല. അരമണിക്കൂറിന് ശേഷം ഓരോരുത്തരായി ചെന്ന് ആശുപത്രിയിലെ കാര്യങ്ങള്‍ ഒക്കെ OK ആക്കി, പതുക്കെ ഫ്രഷ്‌ ആയി സ്റ്റീവ് റെഡിയായി ഇറങ്ങി. 'പോകുന്ന വഴിക്ക് സിസിലിനെ കൂടെ വിളിക്കണം' സ്റ്റീവ് പറഞ്ഞു. അവര്‍ പക്ഷെ സ്റ്റീവിനെ ആശുപത്രിയുടെ പുറത്തേയ്ക്കല്ല കൊണ്ട് പോയത്, നേരെ മറ്റൊരു വാര്‍ഡിലേക്കാണ്. സ്റ്റീവ് നോക്കുമ്പോള്‍ അവിടെ അച്ഛനും, അമ്മയും, അങ്കിളും ഒക്കെ നില്‍ക്കുന്നു. ഇവരെന്താ തന്നെ കാണാന്‍ വരാഞ്ഞത് എന്ന സംശയത്തോടെ സ്റ്റീവ് വേഗം അങ്ങോട്ട്‌ ചെന്നതും, സ്തബ്ധനായി നിന്ന് പോയി. അതാ ബെഡില്‍ കിടക്കുന്നു, മുഖത്തിന്‍റെ ഒരു വശത്ത് പ്ലാസ്സറുമായി സിസില്‍.

തലയില്‍ കയ്യും വച്ച് ഇരുന്ന് പോയ സ്റ്റീവിന്, കസിന്‍സാണ് ബാക്കി പൂരിപ്പിച്ച് കൊടുത്തത്. സ്റ്റീവിന്‍റെ ബര്‍ത്ത്ഡേ പാര്‍ട്ടി, അയാളുടെ ധൈര്യം ടെസ്റ്റ്‌ ചെയ്യാനുള്ള ഒരു സന്ദര്‍ഭമാക്കാം എന്ന ആശയം മുന്നോട്ട് വച്ചത് കസിന്‍സ് ആയിരുന്നു. സിസില്‍ അതിനെ എതിര്‍ത്തെങ്കിലും എല്ലാവരുടെയും നിര്‍ദ്ദേശ പ്രകാരം സമ്മതിച്ചു പോയി. കസിന്‍സില്‍ ഒരാളാണ് ആദ്യം വലാക്കിന്‍റെ കോസ്റ്റ്യൂം ഒക്കെ വാങ്ങി, അത് ധരിച്ച് നില്‍ക്കാമെന്ന് പറഞ്ഞത്. പക്ഷെ ആ റോള്‍ സിസില്‍ ഏറ്റെടുത്തു, കാരണം സ്റ്റീവ് എങ്ങാനം പേടിച്ച് കണ്ട്രോള്‍ പോവുകയാണെങ്കില്‍, തന്‍റെ ശബ്ദം കേട്ടാല്‍ OK ആകും എന്ന വിശ്വാസം സിസിലിന് ഉണ്ടായിരുന്നു. പക്ഷെ ആ കാപ്പി അവരുടെ കണക്കുകൂട്ടലുകള്‍ എല്ലാം തെറ്റിച്ചു. കാപ്പിക്ക് നല്ല ചൂടുണ്ടാകാതിരുന്നത് ഭാഗ്യം, എങ്കിലും അതിനെക്കൊണ്ടാകുന്ന damage ഒക്കെ കാപ്പി ചെയ്തിട്ടുണ്ട്. പിറ്റേന്ന് മാത്രമാണ് സിസിലിന് ആശുപത്രിയില്‍ നിന്ന് ഇറങ്ങാനായത്. അതിനോടകം തന്നെ സ്റ്റീവ്, തന്‍റെ പുതിയ കൌണ്‍സിലിങ്ങിന്‍റെ കാര്യമൊക്കെ വെളിപ്പെടുത്തി, ഇനി ഒരിക്കലും താന്‍ അനാവശ്യമായി പേടിക്കില്ലാന്ന് മാതാപിതാക്കള്‍ക്കും, സിസിലിനും വാക്ക് കൊടുത്തു.

സംഭവം നടന്നിട്ട് മാസങ്ങളായി. പിന്നീട് ഇന്നേ വരെ സ്റ്റീവ് പേടിച്ചതായി പറഞ്ഞ് കേട്ടിട്ടില്ല. ജനുവരിയില്‍ സിസിലും, സ്റ്റീവും തമ്മിലുള്ള വിവാഹവും കഴിഞ്ഞ്, അവരിപ്പോള്‍ ഹാപ്പിയായി ജീവിക്കുന്നു.