A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ഇന്ത്യയിലെ ദുരൂഹമായ പത്ത് സ്ഥലങ്ങള്‍

ഇന്ത്യയിലെ ദുരൂഹമായ പത്ത് സ്ഥലങ്ങള്‍
1) ബംഗര്‍ കോട്ട, രാജസ്ഥാന്‍

ഇന്ത്യയിലെ ഏറ്റവും ദുരൂഹമായ സ്ഥലങ്ങളിലൊന്നാണ് ഈ കോട്ടയും ചുറ്റുമുള്ള പുരാതന നഗരവും. 1613ല്‍ മാധോ സിങ്ങ് രാജാവ് പണികഴിപ്പിച്ച നഗരം ഗുരു ബാലു നാഥ് എന്ന മന്ത്രവാദിയുടെ ശാപം മൂലമാണ് ഇന്നത്തെ നിലയിലായത് എന്നാണ് കരുതപ്പെടുന്നത്. ഏതായാലും തല്‍ഫലമായി പ്രദേശവാസികളെല്ലാം ദുരൂഹമായി മരണപ്പെടുകയോ ഇവിടെ നിന്ന്‍ ഒഴിഞ്ഞു പോകുകയോ ചെയ്തു. ഇന്ന്‍ സൂര്യാസ്തമനത്തിന് ശേഷം ഇവിടെ തങ്ങാന്‍ ആര്‍ക്കും ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ അനുവാദമില്ല. വിലക്ക് ലംഘിച്ച് ഇവിടെ തങ്ങിയവരെ പിന്നെ ആരും കണ്ടിട്ടുമില്ല. രാത്രി നേരങ്ങളില്‍ പ്രേതങ്ങളും ദുരാത്മാക്കളും ഇവിടെ അലഞ്ഞു തിരിയാറുണ്ടെന്ന് പറയപ്പെടുന്നു.
പ്രദേശത്ത് എന്തു കെട്ടിടം പണിതാലും ഉടനെ തന്നെ അതിന്‍റെ മേല്‍ക്കൂര തകര്‍ന്നു വീഴുന്നത് ഒരു കാലത്ത് ഇവിടെ സാധാരണമായിരുന്നു.. അതുകൊണ്ടു തന്നെ ഇവിടെ കണ്ടെത്തിയ വീടുകള്‍ക്കൊന്നും തന്നെ മേല്‍ക്കൂരയില്ല ! രാജസ്ഥാനിലെ ആള്‍വാര്‍ ജില്ലയിലാണ് ഇന്ന്‍ തീര്‍ത്തും ഉപേക്ഷിക്കപ്പെട്ട ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.
2) ഡമാസ് ബീച്ച്,ഗുജറാത്ത്



സൂറത്തിന് സമീപമുള്ള ഈ കടല്‍ തീരം രാജ്യത്തെ ദുരൂഹത നിറഞ്ഞ പ്രദേശങ്ങളില്‍ മുഖ്യ സ്ഥാനം വഹിക്കുന്നു. ഹിന്ദുക്കള്‍ ഏറെ നാള്‍ ശവസംസ്കാരത്തിനായി ഉപയോഗിച്ചിരുന്ന സ്ഥലമായിരുന്നു ഇതെന്നും അത്തരം ആത്മാക്കള്‍ ഇവിടെ അലഞ്ഞു തിരിയാറുണ്ടെന്നും പറയപ്പെടുന്നു.
ബീച്ചിലെത്തുന്ന വിനോദസഞ്ചാരികള്‍ പല വിചിത്ര ശബ്ദങ്ങളും കേള്‍ക്കാറുണ്ടെങ്കിലും ഇന്നോളം അതിന്‍റെ പ്രഭവകേന്ദ്രം കണ്ടെത്തിയിട്ടില്ല. തീരത്തെ ചില പ്രത്യേക സ്ഥലങ്ങളില്‍ പോകരുതെന്ന് സഞ്ചാരികളോട് ആവശ്യപ്പെടുന്ന അജ്ഞാത മനുഷ്യ ശബ്ദങ്ങള്‍ കേട്ടതായി പലരും പറഞ്ഞിട്ടുണ്ട്. അത് അവഗണിച്ചവരെയും രാത്രി സമയത്ത് ബീച്ചില്‍ തങ്ങിയവരെയും നിഗൂഢമായ സാഹചര്യത്തില്‍ കാണാതായി.
3) ജിപി ബ്ലോക്ക്, മീററ്റ്.

ഇന്ത്യയില്‍ ആളുകള്‍ എത്തിനോക്കാന്‍ പോലും ഭയപ്പെടുന്ന മറ്റൊരു പ്രമുഖ സ്ഥലമാണ് ഉത്തര്‍പ്രദേശിലെ മീററ്റിലുള്ള ജിപി ബ്ലോക്ക് എന്ന ഇരുനില കെട്ടിടം. അതിന്‍റെ മട്ടുപ്പാവില്‍ ഒരു മെഴുകുതിരി വെളിച്ചത്തില്‍ മദ്യപിച്ചിരിക്കുന്ന നാലു പുരുഷന്മാരെ പലരും കണ്ടിട്ടുണ്ട്. ആദ്യം നാല് സുഹൃത്തുക്കളെന്നാണ് പൊതുവേ ധരിച്ചതെങ്കിലും വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ടവരാണ് അവര്‍ എന്ന വാര്‍ത്ത പരന്നതോടെയാണ് ആളുകള്‍ ഭയപ്പെടാന്‍ തുടങ്ങിയത്. അതിനു പുറമെ ചുവന്ന വേഷം ധരിച്ച ഒരു യുവതിയെയും അസമയത്ത് അവിടെ പതിവായി കാണാന്‍ തുടങ്ങിയതോടെ ആളുകള്‍ അതിന്‍റെ പരിസരത്ത് പോലും പോകാതായി. കെട്ടിടത്തിന്‍റെ മേല്‍ക്കൂരയില്‍ ഇരിക്കുന്ന ചെറുപ്പക്കാരുടെയും യുവതിയുടെയും ഭാവ പ്രകടനങ്ങള്‍ ആളുകളില്‍ ഭീതി വര്‍ധിപ്പിച്ചു.
4) ശനിവര്‍വധ കോട്ട,പൂനെ.

വാസ്തുശില്‍പ ഭംഗി കൊണ്ടും രാജകീയ സൌന്ദര്യം കൊണ്ടും സമ്പന്നമാണ് പൂനെക്കടുത്തുള്ള ശനിവര്‍വധ കോട്ട. എന്നാല്‍ രാത്രിയായാല്‍ അതിനു മറ്റൊരു ഭാവമാണ്. ആ സമയത്ത് ആളനക്കമില്ലാത്ത കോട്ടയില്‍ ഒരു കുട്ടി ഓടുന്ന ശബ്ദവും തുടര്‍ന്നുള്ള അവന്‍റെ നിലവിളിയും കേള്‍ക്കാം.
1773ലെ പേഷ്വ രാജവംശത്തിന്‍റെ കാലത്ത് കിരീടാവകാശിയായ രാജകുമാരന്‍ ഒരു കൂട്ടം കിങ്കരന്‍മാരാല്‍ കൊല്ലപ്പെട്ടു. കോട്ട മുഴുവന്‍ ഓടിയെങ്കിലും ആ പതിമൂന്നുകാരന് തന്‍റെ ജീവന്‍ രക്ഷിക്കാനായില്ല. രാജ്യാധികാരം പിടിച്ചടക്കാനുള്ള സ്വന്തം അമ്മായിയുടെ കുതന്ത്രങ്ങളാണ് അവന്‍റെ മരണത്തില്‍ കലാശിച്ചത്. തന്നെ വെറുതെ വിടണമെന്ന് അപേക്ഷിച്ചുകൊണ്ടുള്ള ആ ബാലന്‍റെ നിലവിളിയാണ് രാത്രിനേരങ്ങളില്‍ കേള്‍ക്കുന്നതെന്ന് പറയപ്പെടുന്നു. ഒരുപക്ഷേ പൌര്‍ണമി ദിവസം കൊല്ലപ്പെട്ടതു കൊണ്ടാകാം അന്ന്‍ ആ ഒച്ച മൂര്‍ദ്ധന്യാവസ്ഥയിലാവും. ആ ശബ്ദം കേള്‍ക്കാനായി മാത്രം പ്രദേശവാസികളില്‍ ചിലര്‍ രാത്രി നേരങ്ങളില്‍ അവിടെ തമ്പടിക്കാറുമുണ്ട്.
രാജ്യത്തിനകത്തും പുറത്തുമുള്ള സഞ്ചാരികള്‍ പ്രഭാത സമയങ്ങളിലാണ് ഇവിടെ കൂടുതലായി എത്തുന്നത്.
5) രാജ് കിരണ്‍ ഹോട്ടല്‍, മുംബൈ.

മുംബെയിലെ വന്‍ ഹോട്ടലൊന്നും അല്ലെങ്കിലും രാജ് കിരണ്‍ ഇന്ന്‍ വളരെ പ്രശസ്തമാണ്. എന്നാല്‍ അതിനു കാരണം അമാനുഷിക ശക്തികളുടെ ഇവിടത്തെ സാന്നിദ്ധ്യമാണെന്ന് മാത്രം. അത് കെട്ടു കഥയല്ലെന്നും ഇവിടെ പ്രേതാത്മാക്കളുടെ സാന്നിദ്ധ്യമുണ്ടെന്നും രാജ്യത്തിനകത്തും പുറത്തുമുള്ള വിവിധ പാരനോര്‍മല്‍ വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്.
താഴത്തെ നിലയില്‍ റിസപ്ഷന് പിന്നിലായി ഹോട്ടലിന്‍റെ പുറകു വശത്തുള്ള മുറിയില്‍ താമസിച്ചവര്‍ക്കാണ് ദുരൂഹമായ അനുഭവങ്ങളുള്ളത്. അര്‍ദ്ധരാത്രിയില്‍ ആരോ ഇവരെ തട്ടി വിളിക്കുന്നത് പതിവാണ്. ഒരു നീല വെളിച്ചവും അദൃശ്യമായ ചില സാന്നിധ്യങ്ങളും മാത്രമാണ് തുടര്‍ന്നു അവര്‍ക്ക് കാണാനാകുക. എന്നാല്‍ അദൃശ്യ ശക്തികളാരോ തങ്ങളുടെ ബെഡ് ഷീറ്റ് വലിച്ചെടുക്കുകയും കട്ടിലില്‍ നിന്ന്‍ വലിച്ചു താഴെയിടുകയും ചെയ്തതായി ചിലര്‍ പറഞ്ഞിട്ടുണ്ട്
6) ഡല്‍ഹി കന്‍റോണ്‍മെന്‍റ്.

ഇല്ല. തലസ്ഥാന നഗരവും ദുരൂഹതകളില്‍ നിന്ന്‍ മുക്തമല്ല. പ്രകൃതി രമണീയമായ കന്‍റോണ്‍മെന്‍റ് ഏരിയായാണ് ഡല്‍ഹിയില്‍ നിന്ന്‍ ദുരൂഹതകളുടെ പട്ടികയില്‍ ഇടം പിടിച്ച ഒരു സ്ഥലം.
ദ്വാരക മെട്രോ സ്റ്റേഷന് സമീപമുള്ള വിജനമായ ചില പ്രദേശങ്ങളില്‍ കൂടി വണ്ടിയോടിച്ചു വന്ന പലരും കയ്യില്‍ മെഴുകുതിരിയുമായി നില്‍ക്കുന്ന വെള്ള വസ്ത്രം ധരിച്ച യുവതിയെ കണ്ടതായി പറഞ്ഞിട്ടുണ്ട്. യാത്രികരോട് ലിഫ്റ്റ് ചോദിക്കുകയും നിരസിച്ചാല്‍ വാഹനത്തിനൊപ്പം ഓടുകയും ചെയ്യുന്ന അവര്‍ പൊടുന്നനെ അപ്രത്യക്ഷയുമാകും.ജീവിച്ചിരുന്നപ്പോള്‍ ഒരു നല്ല ഓട്ടക്കാരിയായിരുന്നിരിക്കാം ഈ സ്ത്രീ എന്നാണ് പൊതുവേ എല്ലാവരും പറയുന്നത്. അനവധി സംഭവങ്ങള്‍ ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ഈ റോഡ് ഇന്ന്‍ പൊതുവേ വിജനമാണ്.
7) ബ്രിജ് രാജ് ഭവന്‍ ഹോട്ടല്‍, കോട്ട, രാജസ്ഥാന്‍

മുമ്പ് കൊട്ടാരമായിരുന്ന ഈ സ്ഥലം ഇന്നൊരു ഹെറിറ്റേജ് ഹോട്ടലാണ്. ഇന്ന്‍ 178 വര്‍ഷം പഴക്കമുള്ള ഈ കൊട്ടാരത്തില്‍ വച്ചാണ് 1857ല്‍ ബ്രിട്ടിഷ് പട്ടാളത്തില്‍ മേജറായിരുന്ന മേജര്‍ ബര്‍ട്ടനും രണ്ടു കുട്ടികളും കൊല്ലപ്പെട്ടത്. കോട്ട(രാജസ്ഥാന്‍)യിലെ പഴയ മഹാറാണി താന്‍ പതിവായി എന്നും മേജര്‍ ബര്‍ട്ടനെ കാണാറുണ്ടെന്ന് 1980ല്‍ ഒരു ബ്രിട്ടിഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അദ്ദേഹം കൊല്ലപ്പെട്ട മുറിയാണ് അവര്‍ ഡ്രോയിങ് റൂമായി ഉപയോഗിച്ച് വന്നിരുന്നത്. മേജറുടെ പ്രേതം ആരെയും ഉപദ്രവിക്കാറില്ലെങ്കിലും കാവല്‍ക്കാര്‍ രാത്രി ഉറങ്ങിയാല്‍ ശക്തിയായി അവരുടെ ചെകിടത്തടിക്കുമെന്ന് അനുഭവസ്ഥര്‍ പറയുന്നു..
8) ഡൌ ഹില്‍, ഡാര്‍ജിലിങ്

പുറത്തുള്ളവര്‍ക്ക് ഡാര്‍ജിലിങ് വിനോദസഞ്ചാരത്തിന്‍റെയും വിദ്യാഭ്യാസത്തിന്‍റെയും കേന്ദ്രമാണെങ്കിലും പ്രദേശവാസികള്‍ക്ക് പറയാനുള്ളത് മറ്റൊരു കഥയാണ്. വിക്ടോറിയ ബോയ്സ് ഹോസ്റ്റല്‍ പരിസരത്ത് ദുരൂഹമായ അനവധി മരണങ്ങള്‍ നടന്നതായി പറയപ്പെടുന്നു. ഡിസംബര്‍– മാര്‍ച്ച് മാസങ്ങളില്‍ അവധിയിലുള്ള സ്കൂളിലും ചുറ്റുമുള്ള വന പ്രദേശത്തും അദൃശ്യമായ കാലടിയൊച്ചകള്‍ പതിവാണെന്ന്‍ ഗ്രാമീണര്‍ പറയുന്നു. പക്ഷേ ഇന്നോളം അതിന്‍റെ ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. തലയില്ലാത്ത ഒരു ബാലന്‍ ഹോസ്റ്റല്‍ പരിസരത്തു നിന്ന്‍ അതിവേഗം നടന്ന്‍ കാട്ടില്‍ അപ്രത്യക്ഷനാകുന്നത് കണ്ടതായി അനവധി പേര്‍ പറഞ്ഞിട്ടുണ്ട്.
9) മല്‍ച്ചാ മഹല്‍,ഡല്‍ഹി

ഇങ്ങനെയൊരു കൊട്ടാരം തങ്ങളുടെ നാട്ടിലുണ്ടെന്ന് ഡല്‍ഹി വാസികളില്‍ പലര്‍ക്കുമറിയില്ല. ചരിത്ര പ്രാധാന്യമുള്ള ചാണക്യ പുരിയിലെ ഈ പ്രദേശം സര്‍ക്കാര്‍ പോലും മറന്ന മട്ടാണ്.
കേന്ദ്ര സര്‍ക്കാരുമായി നീണ്ട നിയമ യുദ്ധം നടത്തിയതിന് ശേഷമാണ് നവാബിന്‍റെ പേരക്കുട്ടിയായ വിലായത്ത് മഹല്‍ രാജകുമാരി കീക്കാര്‍ എന്ന നിബിഡ വനത്തിലെ കൊട്ടാരവും പരിസരവും സ്വന്തമാക്കിയത്. റയസ്,സക്കീന എന്നീ മക്കളുമൊത്ത് അവിടെ താമസം തുടങ്ങിയ രാജകുമാരിക്ക് അധിക നാള്‍ അവിടെ തങ്ങേണ്ടി വന്നില്ല. ദുരൂഹമായ സാഹചര്യത്തില്‍ വജ്രങ്ങള്‍ പൊടിച്ച് പാനീയത്തില്‍ കലക്കി കുടിച്ച് അവര്‍ ആത്മഹത്യ ചെയ്തു. അവരുടെ മുന്‍ഗാമികളും സമാനമായ രീതിയില്‍ ജീവനൊടുക്കുകയായിരുന്നു.
അതിന്ദ്രീയ ശക്തികളുടെ സാന്നിധ്യവും ബവാറിയാസ് എന്ന ഗോത്ര വിഭാഗക്കാരുടെ അതിക്രമവും പലകുറി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊട്ടാരത്തില്‍ പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ മക്കള്‍ പിന്നീട് കഴിഞ്ഞു.കൊട്ടാരത്തെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകള്‍ നീക്കാന്‍ ചില റിപ്പോര്‍ട്ടര്‍മാര്‍ ഇറങ്ങിത്തിരിച്ചെങ്കിലും അവരില്‍ ചിലരെ കാണാതായത് പ്രദേശത്തിന് ഭീകര മുഖം നല്‍കി. മോഷണങ്ങളും ആക്രമണങ്ങളും പതിവായപ്പോള്‍ ഡല്‍ഹി ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ താമസക്കാര്‍ക്ക് ആത്മ രക്ഷാര്‍ഥം വെടിവയ്ക്കാനുള്ള അനുമതി കൊടുത്തു.
വെള്ളമോ വൈദ്യുതിയോ, വാതിലോ ജനലോ ഇല്ലാത്ത തീര്‍ത്തും അന്ധകാരം നിറഞ്ഞ കൊട്ടാരത്തില്‍ കഴിഞ്ഞ സക്കീനയും വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മയുടെ വഴി തന്നെ തിരഞ്ഞെടുത്തു. വിഷം കഴിച്ച് അവര്‍ ആത്മഹത്യ ചെയ്തു. ഏതാനും നായകളല്ലാതെ വേറാരും അവര്‍ക്ക് കൂട്ടുണ്ടായിരുന്നില്ല.
ഇന്ന്‍ ഫോറസ്റ്റ് ഗാര്‍ഡുകള്‍ പോലും ഒഴിവാക്കുന്ന ഈ പ്രദേശം നൂറ്റാണ്ടുകളുടെ പാരമ്പര്യം പോലും മറന്ന്‍ ഏറെക്കുറെ വിസ്മൃതിയില്‍ ഉറങ്ങുകയാണ്.
10) രാമോജി ഫിലിം സിറ്റി, ഹൈദരാബാദ്

ഇന്ത്യയുടെ യൂണിവേഴ്സല്‍ സ്റ്റുഡിയോസ് എന്നറിയപ്പെടുന്ന സിനിമാ നഗരം. പ്രവേശന കവാടത്തില്‍ തന്നെയുള്ള രണ്ടു ഹോട്ടലുകളില്‍ ഒന്നിലാണ് അതിന്ദ്രീയ ശക്തികളുടെ സാന്നിദ്ധ്യമുള്ളതായി പ്രചരിപ്പിക്കപ്പെടുന്നത്.
നെെസാം സുല്‍ത്താന്‍മാരുടെ യുദ്ധ ഭൂമിയിലാണ് നഗരം നിര്‍മിച്ചിരിക്കുന്നത് എന്നാണ് കരുതപ്പെടുന്നത്. യുദ്ധത്തില്‍ മരിച്ച സൈനികരാണ് ഇന്ന്‍ പ്രശ്നമുണ്ടാക്കുന്നത് എന്നാണ് ചിലരുടെ ഭാഷ്യം. ഹോട്ടലിന്‍റെ മുകളില്‍ നിന്ന്‍ ലൈറ്റുകള്‍ താഴെ വീണുടയുന്നതും ആളുകളെ അദൃശ്യരായ ആരോ തള്ളി താഴെയിടുന്നതും ഇവിടെ പതിവാണ്. സ്ത്രീകളുടെ വസ്ത്രങ്ങള്‍ കീറുക, രാത്രി സമയത്ത് ബാത്ത്റൂമിനകത്ത് നിന്ന്‍ വാതിലില്‍ തട്ടി വിളിക്കുക, താമസക്കാരെ പുറത്തു നിന്ന്‍ പൂട്ടുക, ആരുമില്ലാത്ത സമയത്ത് മുറിയില്‍ ഭക്ഷണ സാധനങ്ങള്‍ ചിതറിയിടുക എന്നിവയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റ് പ്രധാന സംഭവങ്ങള്‍. ഡ്രസ്സിങ് റൂമില്‍ അജ്ഞാതമായ ചില നിഴലുകള്‍ കണ്ടതായും കണ്ണാടിയില്‍ സുല്‍ത്താന്‍മാരുടെ ഭാഷയായിരുന്ന ഉറുദുവില്‍ ചില എഴുത്തുകുത്തുകള്‍ കണ്ടതായും ചിലര്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ വ്യാപാര താല്‍പര്യങ്ങളെ ബാധിക്കും എന്ന കാരണത്താല്‍ ഈ സംഭവങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല.
കുറിപ്പ്: ഇതിലെ പലതും അത്ര പേടിക്കാനുള്ള സ്ഥലങ്ങൾ ഒന്നുമല്ല എന്നാണു എന്റെ സുഹൃത്തുക്കൾ പറഞ്ഞത്. ഇങ്ങനെയും പ്രശസ്തമായ ചില സ്ഥലങ്ങൾ ഉണ്ട് എന്നറിയിക്കാൻ വേണ്ടി പോസ്റ്റ് ചെയ്തു എന്നേ ഉള്ളൂ.
കടപ്പാട്:
മനൊജ് മരംകൊത്തി ബ്ലൊഗ്