പാമ്പു മേക്കാട്ട് നമ്പൂതിരി യെക്കുറിച്ച് കേട്ടിട്ടില്ലാത്തവർ ചുരുക്കമായിരിക്കാമെന്കിലും കേട്ടിട്ടില്ലാത്തവർക്കായി ആ ഐതിഹ്യകഥ ഇവിടെ കുറിക്കുന്നു.
പാമ്പു മേക്കാട്ട് നമ്പൂതിരി..... ഭാഗം ഒന്ന്
പാമ്പുമേക്കാട്ടു നമ്പൂരിയുടെ ഇല്ലം കൊച്ചി രാജ്യത്തു മുകുന്ദപുരം താലൂക്കിൽ ഇരിങ്ങാലക്കുട തീവണ്ടി സ്റ്റേഷനിൽ നിന്ന് ഏകദേശം എട്ടു നാഴിക കിഴക്കുതെക്കു മാളറോഡിനു പടിഞ്ഞാറു വശത്താണ്. അവിടെ പണ്ടുണ്ടായിരുന്നവർ വലിയ ഈശ്വരഭക്തന്മാരും മന്ത്രതന്ത്രനിപുണരുമായിരുന്നു. എങ്കിലും ദുസ്സഹമായ ദാരിദ്ര്യദുഃഖംകൊണ്ട് അവർ വളരെ കഷ്ടപ്പെട്ടാണു നിത്യവൃത്തി കഴിച്ചിരുന്നത്.
അങ്ങനെയിരുന്ന കാലത്ത് ആ ഇല്ലത്തെ ഗൃഹസ്ഥനായ നമ്പൂരി ചരിത്രപ്രസിദ്ധമായ തിരുവഞ്ചിക്കുളത്തു ക്ഷേത്രത്തിൽ ചെന്നു തന്റെ ദാരിദ്ര്യദുഃഖത്തിനു ശമനമുണ്ടാക്കിത്തരണമെന്നുള്ള പ്രാർത്ഥനയോടുകൂടി ഭക്തിപൂർവ്വം ദേവനെ ഭജിച്ചുതുടങ്ങി.
ഭജനം ഏകദേശം പന്ത്രണ്ടുകൊല്ലം തികയാറായപ്പോൾ ഒരു ദിവസം ക്ഷേത്രത്തിൽ അത്താഴപൂജയും മറ്റൂം കഴിഞ്ഞ് എല്ലാവരുംപോയതിന്റെ ശേഷം നമ്പൂരി കുറച്ചു വെള്ളം മുക്കിയെടുക്കുന്നതിന് ഒരു ജലപാത്രവും കൊണ്ടു ക്ഷേത്രത്തിന്റെ മതിൽക്കകത്തുള്ള തീർത്ഥക്കുളത്തിൽ ചെന്നപ്പോൾ അവിടെ കടവിൽ തേജസ്വിയായ ഒരാൾ നിൽക്കുന്നതു കണ്ടിട്ട് "ആരാണത്" എന്നു ചോദിച്ചു. അപ്പോൾ ആ പുരുഷൻ "ആളറിഞ്ഞു മേക്കാടിനെന്തു വേണം? വെള്ളം വേണമെങ്കിൽ മുക്കിയെടുത്തുകൊണ്ട് പൊയ്ക്കൊള്ളൂ" എന്നു പറഞ്ഞു. വാക്കുകൊണ്ടും തേജോമയമായ രൂപം കൊണ്ടും ആ ആൾ കേവലം മനുഷ്യനല്ല എന്നും ഒരു ദിവ്യനാണെന്നും തോന്നുകയാൽ നമ്പൂരി ഉടനെ ഒന്നും പറയാതെ വിചാരമഗ്നനായി അവിടെ നിന്നു. അപ്പോൾ ആ ദിവ്യപുരുഷന്റെ കൈയിൽ തീക്കട്ടപോലെ തിളങ്ങുന്നതായ എന്തോ ഒരു സാധനമിരിക്കുന്നത് കണ്ടിട്ടു നമ്പൂരി "ആ കൈയിലിരിക്കുന്നത് എന്താണ്?" എന്നു ചോദിച്ചു, അതിനും ശരിയായ ഉത്തരം പറയാതെ ആ ദിവ്യൻ "മേക്കാടു മാണിക്യക്കല്ലു കണ്ടിട്ടുണ്ടോ?" എന്നു ചോദിച്ചു. നമ്പൂരി "കണ്ടിട്ടില്ല" എന്നു പറഞ്ഞപ്പോൾ ദിവ്യൻ "കാണാനാഗ്രഹമുണ്ടോ?" എന്നു വീണ്ടും ചോദിച്ചു, നമ്പൂരി "കണ്ടാൽ കൊള്ളാമെന്നുണ്ട്" എന്നു പറഞ്ഞു കൈനീട്ടി. അപ്പോൾ ആ ദിവ്യൻ "ഇത് അങ്ങോട്ടു തന്നാൽ മടക്കിത്തരാമെന്നു നിശ്ചയമുണ്ടോ" എന്നു ചോദിച്ചു. "നിശ്ചയമുണ്ട്" എന്ന് നമ്പൂരി പറഞ്ഞപ്പോൾ ആ ദിവ്യൻ രത്നം നമ്പൂരിയുടെ കൈയിലേക്ക് ഇട്ടുകൊടുത്തു. മുമ്പു കണ്ടിട്ടിലാത്ത ആ ദിവ്യരത്നം കണ്ടപ്പോൾ നമ്പൂരിക്കു വളരെ കൗതുകം തോന്നി. ആ നമ്പൂരി അക്കാലത്തെ കൊടുങ്ങല്ലൂർ വലിയ തമ്പുരാന്റെ ഒരിഷ്ടനാകയാൽ ഈ ദിവ്യരത്നം തമ്പുരാനെക്കൂടി ഒന്നു കാണിക്കണമെന്നു തോന്നുകയാൽ നമ്പൂരി ആ ദിവ്യനോട് "എനിക്ക് ഈ രത്നം ഒരാളെക്കൂടി കാണിച്ചാൽ കൊള്ളാമെന്നുണ്ട്. അതിനാൽ ഇതൊന്നു കൊണ്ടുപോയിക്കൊണ്ടുവരുന്നതിന് അനുവാദം തരണം" എന്നു പറഞ്ഞു. ഉടനെ തന്നെ ആ ദിവ്യൻ "വേഗത്തിൽ മടക്കിക്കൊണ്ടുവരാമെങ്കിൽ കൊണ്ടുപൊയ്ക്കൊള്ളൂ. എനിക്ക് ഇനി ഇവിടെ അധികംതാമസിക്കുന്നതിന് നിവൃത്തിയില്ല" എന്നു പറഞ്ഞു. "ക്ഷണത്തിൽ വന്നേക്കാ"മെന്നും പറഞ്ഞു നമ്പൂരി ആ രത്നം കൊണ്ടുപോയി തമ്പുരാനെ കാണിച്ചു.
തമ്പുരാന് ആ ദിവ്യരത്നം കണ്ടിട്ടു മടക്കിക്കൊടുക്കാൻ ഒട്ടും മനസ്സില്ലായിരുന്നു. "ഇതിനു വില എന്തുവേണമെങ്കിലും കൊടുത്തേക്കാ. ഇതു നമുക്കു വേണം" എന്നു തമ്പുരാൻ പറഞ്ഞു. അതു നമ്പൂരി സമ്മതിച്ചില്ല. "ഇതു മടക്കി കൊടുക്കാഞ്ഞാൽ എനിക്കു സത്യഭംഗം സംഭവിക്കും; അതു സങ്കടമാണ്" എന്നു നമ്പൂരി നിർബന്ധപൂർവ്വം പറയുകയാൽ തമ്പുരാനതു മടക്കി കൊടുത്തു. നമ്പൂരി അതുകൊണ്ടുപോയി ആ ദിവ്യനു കൊടുത്തു, രത്നം കൈയിൽ വാങ്ങിയ ക്ഷണത്തിൽ ആ ദിവ്യൻ അദൃശ്യനായി ഭവിച്ചു. ആ രത്നത്തിന്റെ ശോഭകൊണ്ട് അതുവരെ പകൽപോലെ പ്രകാശിച്ചിരുന്ന ആ സ്ഥലം അപ്പോൾ അന്ധകാരപൂർണ്ണമായിത്തീർന്നു, നമ്പൂരി വല്ലാതെ അന്ധനും ഭീതനുമായി ഭവിക്കുകയും ചെയ്തു. രണ്ടുമൂന്നു നാഴിക കഴിഞ്ഞപ്പോൾ നമ്പൂരിക്കു കുറേശ്ശെ കണ്ണുകാണാറായി. പിന്നെ അദ്ദേഹം തീർത്ഥത്തിലിറങ്ങി വെള്ളം മുക്കിയെടുത്തു കൊണ്ടുപോയി.
അന്നു രാത്രിയിൽ കിടന്നിട്ടു നമ്പൂരിക്കു ഉറക്കം വന്നില്ല. കഷ്ടം! ആ ദിവ്യൻ ആരാണെന്നുള്ള പരമാർത്ഥമറിയാൻ കഴിഞ്ഞില്ലല്ലോ. നിർബന്ധിച്ചു ചോദിച്ചിരുന്നുവെങ്കിൽ അദ്ദേഹം പരമാർത്ഥം പറയുമായിരുന്നു. ആ ദിവ്യരത്നം വിശ്വാസപൂർവ്വം എന്റെ കയ്യിൽ തന്നയച്ച ആ ദിവ്യൻ നിർബന്ധിച്ചാൽ താനാരാനെന്നുള്ള പരമാർത്ഥം പറയാതിരിക്കുമോ? ഒരിക്കലുമില്ല. അങ്ങനെ ചെയ്യാതെയിരുന്നതുകൊണ്ടു വലിയ വിഡ്ഢിത്തമായിപ്പോയി. ഇനി അതിനെക്കുറിച്ചു വിചാരിക്കുകയും വിഷാദിക്കുകയും ചെയ്താൽ ഫലമൊന്നുമില്ലല്ലോ. "അതീതകാര്യാനുശയേന കിം സ്യാൽ" എന്നും മറ്റൂം വിചാരിച്ചുകൊണ്ട് അദ്ദേഹം അങ്ങനെ കിടന്നു.
അങ്ങനെ കുറച്ചുനേരം കഴിഞ്ഞപ്പോൾ അദ്ദേഹം ഉറങ്ങി. എങ്കിലും അധികം താമസിയാതെ ഉണരുകയും ചെയ്തു. അപ്പോൾ നിലാവിന്റെ വെളിച്ചം കുറേശ്ശെ ഉണ്ടായിരുന്നതിനാൽ നമ്പൂരിക്കു പ്രഭാതമായിയെന്നു തോന്നി. അദ്ദേഹം ആ ഭജനക്കാലത്തു ഏഴരനാഴിക വെളുപ്പാനുള്ളപ്പോഴാണ് പതിവായി കുളിച്ചിരുന്നത്. ആ സമയം കഴിഞ്ഞുപോയി എന്നു തോന്നുകയാൽ അദ്ദേഹം പരിഭ്രമിച്ചു കുളിക്കാനായി തീർത്ഥക്കുളത്തിലെത്തി. അപ്പോഴും അവിടെ ഒരാൾ നിൽക്കുന്നുണ്ടായിരുന്നു. നമ്പൂരി യഥാപൂർവ്വം "ആരാണത്?" എന്നു ചോദിച്ചു. അപ്പോൾ ആ ആൾ "ഇതാരാണെന്നും മറ്റൂം അറിഞ്ഞിട്ടെന്തുവേണം? മേക്കാടിനു കുളിക്കാൻ നേരമായിട്ടില്ല. പോയിക്കിടന്നുറങ്ങൂ; അഹസ്സു പകർന്നിട്ടു വേണ്ടേ കുളിക്കാൻ?" എന്നു ചോദിച്ചു. ആ ശബ്ദം കേട്ടും ശരീരതേജസ്സു കണ്ടും ഇതു താൻ മുമ്പേ കണ്ട ദിവ്യൻ തന്നെയാണെന്നു മനസ്സിലാവുകയാൽ നമ്പൂരി അടുത്തുചെന്നു പാദത്തിങ്കെൽ വീണു വന്ദിച്ചുകൊണ്ടു "ശ്രീപരമേശ്വരനാണ്, അവിടുന്ന് ആരാണെന്നുള്ള പരമാർത്ഥം എന്നോയു പറയണം" എന്നപേക്ഷിച്ചു. അപ്പോൾ പരമാർത്ഥം പറയാതെയിരിക്കാൻ നിവൃത്തിയില്ലാതെവൈകയാൽ അദ്ദേഹം താൻ സാക്ഷാൽ വാസുകിയാണെന്നു പറഞ്ഞു. ഉടനെ നമ്പൂരി "എന്നാൽ അവിടുത്തെ സാക്ഷാൽ സ്വരൂപം എനിക്കു കാണിച്ചുതരണ"മെന്നു വീണ്ടും അപേക്ഷിച്ചു.
അപ്പോൾ വാസുകി "അതുവേണ്ട; അതു കണ്ടാൽ അങ്ങു ഭയപ്പെടും" എന്നു പറഞ്ഞിട്ടു സമ്മതിക്കാതെ വീണ്ടും നിബന്ധിക്കുകയാൽ വാസുകി തന്റെ ദേഹം ചുരുക്കി ശ്രീപരമേശ്വരന്റെ കൈവിരലിന്മേൽ കിടക്കുന്ന മോതിരത്തോളമാക്കി കാണിച്ചുകൊടുത്തു. എന്നിട്ടും നമ്പൂരി ഭയപ്പെട്ടു മൂർച്ഛിച്ചു നിലത്തുവീണു. പിന്നെ മൂന്നേമുക്കാൽ നാഴിക കഴിഞ്ഞപ്പോൾ നമ്പൂരിക്കു ബോധം വന്നു, അപ്പോൾ വാസുകി, "എന്താണു വരം വേണ്ടത്?" എന്നു ചോദിച്ചു. അതിനു മറുപടിയായിട്ടു നമ്പൂരി "അവിടത്തെ സാന്നിദ്ധ്യം സദാ എന്റെ ഇല്ലത്തുണ്ടായിരിക്കനം. എന്റെ ദാരിദ്ര്യദുഃഖം തീർത്തുതരികയും വേണം. ഇത്രയുമല്ലാതെ എനിക്കു വിശേഷിച്ചൊരു അപേക്ഷയുമില്ല" എന്നു പറഞ്ഞു. അതു കേട്ടു വാസുകി, "ആട്ടെ അങ്ങനെ ചെയ്യാം; മേക്കാടിന്റെ ഭജനം പന്ത്രണ്ടു കൊല്ലം തികയുന്നതിന് ഇനി മൂന്നു ദിവസം മതിയല്ലോ. അതു കഴിഞ്ഞിട്ടു ഇല്ലത്തേക്കു പൊയ്ക്കൊള്ളൂ. അപ്പോഴേക്കും ഭഗവാന്റെ അനുവാദം വാങ്ങിക്കൊണ്ട് ഞാനും അവിടെ വരികയും മേക്കാടിന്റെ അഭീഷ്ടം സാധിപ്പിക്കുകയും ചെയ്യാം. ഇനി കുളിക്കാനമാന്തിക്കേണ്ട, സമയമായിരിക്കുന്നു" എന്നു പറഞ്ഞ് നമ്പൂരിയെ കുളിക്കാനയയ്ക്കുകയും ഉടനെ അന്തർദ്ധാനം ചെയ്യുകയും ചെയ്തു.
നമ്പൂരി ഭജനം കഴിഞ്ഞ് ഇല്ലത്തെത്തി തന്റെ ഓലക്കുട കിഴക്കിനിയിൽ വെച്ചിട്ടു പോയി കുളിയും നിത്യകർമ്മാനുഷ്ഠാനാദികളും മറ്റൂം കഴിച്ചുവന്നു കുട മാറ്റിവയ്ക്കാനായി എടുത്തപ്പോൾ അതിന്മേലൊരു പാമ്പിനെക്കണ്ടു ഭയപ്പെട്ടു. ഉടനെ ആ പാമ്പു താഴെയിറങ്ങി, യഥാപൂർവ്വം ദിവ്യപുരുഷന്റെ രൂപം ധരിച്ചുകൊണ്ടു നമ്പൂരിയോട്, "മേക്കാട് ഭയപ്പെടേണ്ട, ഞാൻ വാസുകി തന്നെയാണ്. അങ്ങയുടെ സത്യസന്ധതയും ഭക്തിയും നിമിത്തം ഭഗവാൻ ശ്രീപരമേശ്വരൻ അങ്ങയെക്കുറിച്ച് ഏറ്റവും പ്രസാദിച്ചിരിക്കുന്നു. ഭവാന്റെ അഭീഷ്ടം സാധിപ്പിച്ചുതരുന്നതിനായി സ്വാമി അരുളിച്ചെയ്തിട്ടുതന്നെയാണ് ഇപ്പോൾ ഞാൻ ഇവിടെ വന്നിരിക്കുന്നത്. നമ്മൾ ആദ്യം കണ്ട ദിവസം ഞാൻ കാണിച്ചുതന്ന മാണിക്യക്കല്ല് ഇതാ. ഇത് ഇനി ഇവിടെത്തന്നെ ഇരിക്കട്ടെ. ഇതു സൂക്ഷിച്ചുവെച്ചുകൊള്ളണം. ഇതിരിക്കുന്നിടത്ത് ഒരിക്കലും ദാരിദ്ര്യദുഃഖം ബാധിക്കയില്ല." എന്നു പറഞ്ഞ് ആ ദിവ്യരത്നം കൊടുത്തിട്ടു വാസുകി പിന്നെയും പറഞ്ഞു, "ഇനി ഇവിടെ ഒരു നാഗയക്ഷിയും വന്നുചേരും. അപ്പോഴും മേക്കാട് ഭയപ്പെടേണ്ട."
ഇത്രയും പറഞ്ഞപ്പോഴേക്കും ആ ഇല്ലത്തെ മൂത്ത അന്തർജ്ജനം അവിടെ വന്നു ചേർന്നു. ആ സാദ്ധ്വി ഒരു സ്വജനഗൃഹത്തിൽ ഒരു സദ്യയ്ക്കു പോയിരിക്കുകയായിരുന്നു. ആ അന്തർജ്ജനം വന്ന് അവരുടെ മറക്കുട(മനക്കുട) ഇറയത്തു വച്ചിട്ടു അകത്തേക്കു കയറി. അപ്പോൾ ആ കുടയിൽ നിന്ന് ഒരു പാമ്പു താഴെയിറങ്ങി ഇഴഞ്ഞു കിഴക്കിനിയിലെത്തി. ഉടനെ ആ പാമ്പും സർവാംഗസുന്ദരിയായ ഒരു ദിവ്യസ്ത്രീയുടെ രൂപം ധരിച്ചു വാസുകിയുടെ അടുക്കൽ നിന്നു. വാസുകി പിന്നെയും പറഞ്ഞു തുടങ്ങി: "ഞങ്ങളുടെ രണ്ടുപേരുടെയും പ്രതിമകളുണ്ടാക്കിച്ച് ഈ കിഴക്കിനിയിൽ പ്രതിഷ്ഠിച്ച് കുടുംബപരദേവതകളായി വിചാരിച്ച് എന്നും പതിവായി പൂജിച്ചു വന്ദിച്ചുകൊള്ളണം. അങ്ങനെ ചെയ്തുകൊണ്ടാൽ ഇവിടെ ശ്രേയസ്സുകൾക്ക് ഒരിക്കലും കുറവു വരികയില്ല. പാമ്പുകൾ മുറയ്ക്ക് ഇനിയും ഇവിടെ വന്നു ചേരും. അവയെല്ലാം യഥേഷ്ടം ഇവിടെ എവിടെയെങ്കിലും താമസിച്ചുകൊള്ളും. ഒന്നിനേയും പ്രത്യേകിച്ച് പ്രതിഷ്ഠിക്കണമെന്നില്ല. ഈ ഇല്ലവും ഇല്ലപ്പറമ്പും സർപ്പങ്ങളുടെ സങ്കേതമാക്കി സങ്കൽപ്പിച്ചുകൊണ്ടിരുന്നാൽ മതി. ഇവിടെ മലമൂത്രവിസർജ്ജനങ്ങൾക്കും തുപ്പാനും എച്ചിൽക്കൈ കഴുകാനും മറ്റും പ്രത്യേകം ഓരോ സ്ഥലങ്ങളുണ്ടാക്കിക്കൊള്ളണം. അതാതു കാര്യങ്ങൾ അതാതു സ്ഥലങ്ങളിലല്ലാതെ മുറ്റത്തും പറമ്പിലും തുപ്പുകപോലും ചെയ്യരുത്. ഇവിടെ അടുക്കളയിലുള്ള അടുപ്പുകളിലല്ലാതെ പുറത്തെങ്ങും തീ കത്തിക്കരുത്. മുറ്റത്തും പറമ്പിലുമെങ്ങും വെട്ടുകയും കിളയ്ക്കുകയും കുഴിക്കുകയും ചെയ്യരുത്. അടുത്തുള്ള പറമ്പിൽ ഒരുപഭവനംകൂടിയുണ്ടാക്കണം. വിശേഷിച്ചുണ്ടാകുന്ന അടിയന്തരാദികളെല്ലാം അവിടെവെച്ചു നടത്തിക്കൊള്ളണം. പേറും തീണ്ടാരിയും ഈ ഇല്ലത്തു നടത്താൻ പാടില്ല. അവയ്ക്കുള്ള കാലമെടുക്കുമ്പോൾ അന്തർജ്ജനങ്ങൾ ആ ഉപഭവനത്തിലേക്കു മാറിത്താമസിച്ചുകൊള്ളണം. ഈ ഇല്ലത്തിനകത്തും പുറത്തും മുറ്റത്തും പറമ്പിലും മറ്റൂം പാമ്പുകളെ ചിലപ്പോൾ കണ്ടേക്കും. എന്നാൽആരും ഭയപ്പെടേണ്ട. ഈ ഇല്ലത്തുള്ളവരെ പാമ്പുകൾ, അവയെ ചവിട്ടുകയോ മറ്റോ ചെയ്യാതെ കടിക്കുകയില്ല. അങ്ങനെ കടിച്ചാലും ഈ ഇല്ലത്തുള്ളവരെ വിഷം ബാധിക്കുകയില്ല. നേരെമറിച്ച് ആ വിഷം ആ പാമ്പുകളെത്തന്നെ ബാധിക്കും. അങ്ങനെ വന്നാൽ ആ പാമ്പുകളെ വിഷം ഇറക്കി വിട്ടേക്കണം. അങ്ങനെ ചെയ്തില്ലെങ്കിൽ ആ പാമ്പുകൾ മരിച്ചുപോയേക്കും. അന്യന്മാരെ പാമ്പുകൾ ദംശിച്ചാൽ ഈ ഇല്ലത്തുള്ളവർ വിഷമിറക്കരുത്. എന്നാൽ സർപ്പകോപം നിമിത്തം ജനങ്ങൾക്കുണ്ടാകുന്ന രോഗൾക്കും മറ്റൂം പ്രതിവിധി ചെയ്യുന്നതിന് വിരോധമില്ല. ഞങ്ങളെ പ്രതിഷ്ഠിക്കുന്ന ഈ കിഴക്കിനിയിൽ രണ്ടു വിളക്കുകൾ കെടാതെ എപ്പോഴും കത്തിക്കൊണ്ടിരിക്കണം. ഈ വിളക്കുകളിന്മേൽപ്പിടിച്ചുണ്ടാകുന്ന മഷിയും ആ വിളക്കുകളിലെ എണ്ണയും സർപ്പകോപം നിമിത്തമുണ്ടാകുന്ന ത്വഗ്രോഗങ്ങൾക്കും മറ്റും സിദ്ധൗഷധങ്ങളായിരിക്കുന്നതാണ്. ഞാനീപ്പറഞ്ഞിട്ടുള്ളവയെല്ലാം ഈ ഇല്ലത്തുള്ളവരും ഇനി ഉണ്ടാകുന്നവരും അറിഞ്ഞിരിക്കേണ്ടവയാകയാൽ തലമുറ തോറും എല്ലാവരും അവരവരുടെ സന്തതികൾക്ക് ഉപദേശിച്ചുകൊള്ളണം." ഇങ്ങനെ വേണ്ടതെല്ലാം പറഞ്ഞതിന്റെ ശേഷം "ഇനി ആവശ്യപ്പെടുമ്പോൾ കാണാം" എന്നുകൂടി പറഞ്ഞിട്ടു വാസുകിയും നാഗയക്ഷിയും മറഞ്ഞു.
ആ നമ്പൂരി വാസുകി പറഞ്ഞതുപോലെ കിഴിക്കിനിയിൽ വാസുകിയേയും നാഗയക്ഷിയേയും പ്രതിഷ്ഠിക്കുകയും മറ്റും ചെയ്തു. അക്കാലംമുതൽക്ക് ആ ഇല്ലക്കാർക്കു 'മേക്കാട്ടുനമ്പൂരി' എന്നായിരുന്ന പേര് 'പാമ്പുമ്മേക്കാട്ടു നമ്പൂരി' എന്നായിത്തീരുകയും അതു പ്രസിദ്ധപ്പെടുകയും സ്ഥിരപ്പെടുകയും ചെയ്തു. അവിടെ ഇപ്പോഴും വാസുകി പറഞ്ഞിട്ടുള്ളതുപോലെയെല്ലാം ആചരിച്ചവരുന്നുണ്ടെന്നാണ് കേൾവി. ആ ഇല്ലത്തു വാസുകിയുടെ സാന്നിദ്ധ്യം സിദ്ധിച്ച കാലം മുതൽ ദാരിദ്ര്യമുണ്ടായിട്ടില്ല. സമ്പത്തു ക്രമേണ വർദ്ധിച്ചുതുടങ്ങുകയും ചെയ്തു. ഇപ്പോഴും അവിടെ സമ്പത്തു വർദ്ധിച്ചുകൊണ്ടുതന്നെയാണിരിക്കുന്നത്. അവിടെ ഇപ്പോൾ ഭജനത്തിനായിട്ടും സർപ്പകോപം നിമിത്തമുണ്ടാകുന്ന ദോഷങ്ങൾക്കു പ്രതിവിധികൾ ചെയ്യിക്കുന്നതിനായിട്ടും പ്രതിദിനമെന്നപോലെ അസംഖ്യമാളുകൾ വരികയും ഓരോന്നു ചെയ്യിക്കുകയും അവയ്ക്കെല്ലാം ദക്ഷിണയായും മറ്റും വളരെപ്പണം കൊടുക്കുകയും ചെയ്യുന്നുണ്ട്. അവിടെ ഇപ്പോൾ ആ ഇല്ലത്തെ വകയായിട്ടുതന്നെ ആണ്ടുതോറും വൃശ്ചികമാസം ഒന്നാംതീയതി മുതൽ നാൽപത്തൊന്നു ദിവസം സർപ്പബലി നടത്തിപ്പോരുന്നതു കൂടാതെ ഓരോരുത്തരുടെ വഴിപാടായിട്ടും മിക്ക ദിവസങ്ങളിലും അവിടെ സർപ്പബലി നടത്തപ്പെടുന്നുണ്ട്.
ശേഷം അടുത്ത ഭാഗത്തിൽ...kdpd