A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

പേവിഷബാധയ്ക്കെതിരെ വൈദ്യരുടെ മരുന്നിന് പേറ്റന്‍റെ.

പേവിഷബാധയ്ക്കെതിരെ വൈദ്യരുടെ മരുന്നിന് പേറ്റന്‍റെ.





കോഴിക്കോട് നഗരത്തില്‍ 'ഗുരുദേവ് ആയുര്‍വേദിക്ക്' എന്ന സ്ഥാപനം നടത്തി വരുന്ന ആളാണ് സി എം ശിവരാമന്‍. ഇദ്ദേഹം സ്വയം വിളിക്കുന്നതും ബാക്കി ഉള്ളവരെ കൊണ്ട് തന്നെ വിളിപ്പിക്കുന്നതും 'വൈദ്യര്‍' എന്ന വാല്‍ ചേര്‍ത്താണ്. സ്കൂളില്‍ പഠിക്കുമ്പോള്‍ തന്‍റെ അനുജത്തിയുടെ കാലില്‍ വന്ന വ്രണം അട്ടയെ കൊണ്ട് കടിപ്പിച്ചു ഭേദം ആകുന്നത് മുതല്‍ ആണ് ഇദ്ദേഹം ചികിത്സ രംഗത്തിലോട് വരുന്നത്. അവിടെ മുതല്‍ അങ്ങോട്ട്‌ ഓരോ രോഗത്തിനും പുതിയ മരുന്നുകള്‍ കണ്ടു പിടിക്കാനുള്ള അന്വേഷണ ത്വരയില്‍ ആയിരുന്നു കക്ഷി, ചികിത്സ രംഗത്ത് യാതൊരുവിധ ഔദ്യോഗിക പരിശീലനമോ അംഗീകാരമോ ഇല്ലായെങ്കിലും ശിവരാമന്‍ 'വൈദ്യര്‍' എന്ന പേര് സ്വയം ചാര്‍ത്തി ആളുകളെ ചികിത്സിക്കാന്‍ ഇറങ്ങി തിരിച്ചിട്ട് കൊല്ലം കുറച്ചായി. ഇങ്ങനെ നടക്കുന്ന ശിവരാമന്‍ ഒരു വെളിപ്പാട് വരുന്നു പേവിഷ ബാധയ്ക്കു എതിരെ മരുന്ന് കണ്ടെത്തി കൂടെ എന്ന്. അങ്ങനെ തേനില്‍ ചേര്‍ത്ത് കൊടുക്കുന്ന ഒരു പച്ചില പൊടി കൊണ്ട് മരുന്ന് അങ്ങോട്ട്‌ ഉണ്ടാക്കി. 2008യില്‍ ഇതിനു പേറ്റന്‍റിനു അപേക്ഷിക്കുകയും 2015യില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ കീഴിലുള്ള പേറ്റന്‍റെ ഓഫിസില്‍ നിന്ന് പേറ്റന്‍റെ ലഭിക്കുകയും ചെയ്തു.
പേവിഷ ബാധയുടെ രോഗലക്ഷണങ്ങള്‍ കാണിച്ചതിന് ശേഷവും രോഗം ഭേദം ആക്കുന്ന യാതൊരുവിധ പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതും അരമണിക്കൂര്‍ കൊണ്ട് പേവിഷ വൈറസിനെ നിര്‍ജ്ജീവം ആകുന്നതുമായ അത്ഭുത മരുന്ന് എന്ന വിധത്തിലും അങ്ങനെ വൈദ്യശാസ്ത്രത്തിന്‍റെ മുട്ടുമടക്കിപ്പിക്കുന്ന സംഭവവും ആയിട്ടാണ് ആണ് ജനംടീവി വാര്‍ത്ത‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ വാര്‍ത്തയുടെ ക്ലിപ്പ് ആണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ക്കൂടി ചൂട്ടപ്പം പോലെ പ്രചരിക്കുന്നത്.
ഉഷ്ണരക്തജീവികളെ ബാധിക്കുന്ന അവയുടെ നാഡിവ്യവസ്ഥയെ തകര്‍ക്കുന്ന ഒരു വൈറല്‍ രോഗമാണ് പേവിഷബാധ, പകരുന്നത് റാബിസ് ലിസാവൈറസ് എന്ന ടൈപ്പ് സ്പിശ്യസ് വഴിയാണ്. പേവിഷ ബാധിച്ച ജീവികളുടെ കടിയും ഉമിനീരിലൂടെയുമാണ് ഇത് പ്രധാനമായി പകരുന്നത്, ഏറെക്കുറെ നൂറ് ശതമാനം ആണ് മരണനിരക്ക്. പേവിഷ ബാധയ്ക്കു എതിരെ ഫലപ്രദമായ വാക്സിനുകള്‍ ലഭ്യമാണ്. ലക്ഷക്കണക്കിന്‌ മനുഷ്യരുടെ ജീവനുകളാണ് പേവിഷ ബാധയ്ക്കുള്ള വാക്സിന്‍ വഴി സംരക്ഷിക്കപ്പെട്ടുന്നത്. ല്യൂയ് പാസ്റ്റര്‍, എമൈല്‍ റോയ്സ് എന്നീ ഫ്രഞ്ച് ശാസ്ത്രജ്ഞന്മാര്‍ ആണ് പേവിഷ ബാധയ്ക്കുള്ള വാക്സിന്‍ കണ്ടെത്തുന്നത്.
ശിവരാമന്‍ 1989 മുതല്‍ 35യോളം രോഗികളില്‍ തന്‍റെ മരുന്ന് പരീക്ഷിച്ചിരുന്നു എന്നും അതില്‍ രോഗശമനം വന്ന ചിലര്‍ക്കെങ്കിലും പേവിഷബാധ ആയിരുന്നില്ല അപസ്മാരം ആയിരിക്കാം എന്നും ചിലര്‍ ഡോക്ടര്‍മാര്‍ ഇദ്ദേഹത്തോട് പറഞ്ഞതായും, മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ ഐസലേക്ഷന്‍ സെല്ലില്‍ എത്തുന്ന രോഗികളെ പറ്റി ചില സെക്യൂരിറ്റി ജീവനക്കാരുടെ സഹായത്തോടെ അറിയുകയും അവിടെയുള്ള ഡോക്ടര്‍മാരുടെ അറിവും സമ്മതവും ഇല്ലാതെ രഹസ്യമായി തന്‍റെ മരുന്ന് കൊടുത്ത് പരീക്ഷിച്ചിരുന്നുവെന്നും ശ്രീ ജോസഫ് ആന്റണിയും ആയിട്ടുള്ള സംഭാഷണത്തില്‍ ഇയാള്‍ സൂചിപ്പിക്കുക ഉണ്ടായി.
ശിവരാമന്‍റെ പക്കല്‍ പ്രസ്തുത മരുന്നും ആയി ബന്ധപ്പെട്ട രണ്ടു രേഖകളാണ് ഉള്ളത്. ആദ്യത്തെ ബാംഗ്ലൂര്‍ സ്ഥിതിചെയ്യുന്ന നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോസയന്‍സസിലെ ( NIMHANS) ന്യൂറോവൈറോളജി അഡീഷണല്‍ പ്രൊഫസര്‍ ഡോ.എസ് എന്‍ മധുസൂതന 2011 ഫിബ്രവരി 10 ന് സാക്ഷ്യപ്പെടുത്തി നല്‍കിയ റിപ്പോര്‍ട്ടാണ് ആദ്യത്തേത്, പേറ്റന്റ് സര്‍ട്ടിഫിക്കറ്റ് രണ്ടാമത്തേതും.

നിംഹാന്‍സില്‍ നിന്നുള്ള റിപ്പോര്‍ട്ടില്‍ ഇപ്രകാരം കാണാവുന്നതാണ് ( ചിത്രം ഒപ്പം അറ്റാച്ച് ചെയ്തിട്ടുണ്ട് ) 'The Herbal extract of plant----------Mr. Sivaram Vaidhar was tested for its virucidal effect on rabies virus. It was found that the extract on mixing with CVS strain of rabies virus and keeping for 30 minutes completely inactivated the virus as evidenced by....test using rapid infection in cell culture with Neurao 2 a cell line'.
പേവിഷ വൈറസിനെ ടെസ്റ്റ്‌ട്യൂബില്‍ ഇട്ട് ശിവരാമന്‍റെ പച്ചിലച്ചാര്‍ ഒഴിച്ചപ്പോള്‍ അരമണിക്കൂര്‍ കൊണ്ട് വൈറസ് നിര്‍ജ്ജീവം ആയി എന്നതാണ് കണ്ടെത്തൽ. പേവിഷ വൈറസ് ജീവനുള്ള കോശങ്ങളുടെ വെളിയില്‍ വളരെ അല്പം നേരം മാത്രേ അതിജീവിക്കുന്ന ദുര്‍ബലനാണ്. ടെസ്റ്റ്‌ട്യൂബില്‍ ഇച്ചിരി സള്‍ഫ്യൂരിക് ആസിഡ് ഒഴിച്ച് കലക്കിയാലും വൈറസ് നശിക്കും പക്ഷെ പേവിഷ ബാധിച്ചവര്‍ക്ക് അത് കൊണ്ട് സള്‍ഫ്യൂരിക് ആസിഡ് നല്‍കാം എന്നര്‍ത്ഥം ഇല്ല. വൈറസ് ജീവജാലങ്ങളുടെ ശരീരത്തിന്‍റെ ഉള്ളിലും പുറത്തും ഒരേ പോലെയല്ല പെരുമാറുന്നത്. എലികള്‍ ഉള്‍പ്പടെയുള്ള യാതൊരുവിധ മൃഗങ്ങളിലും ഈ പച്ചിലച്ചാര്‍ കലക്കി കൊടുക്കും വഴി പേവിഷ ബാധ ഭേദം ആകാം എന്നവിധത്തില്‍ ഉള്ള ഒരു തെളിവും ഇല്ല. ഈ പച്ചിലച്ചാറിന്റെ വൈറസ്സിനെ നശിപ്പിക്കാനും ക്ഷമത കൃത്യമായി മനസ്സില്‍ ആകാനും, അതിനു കാരണമായ രാസഘടന എന്താണെന്നു മനസ്സില്‍ ആകാനും കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ് എന്നതുമാണ്‌ നിംഹാന്സില്‍ നിന്നുള്ള റിപ്പോര്‍ട്ടിലെ ബാക്കി വിവരങ്ങള്‍. ഇത് മനസ്സില്‍ ആകാന്‍ ഗവേഷണ സ്ഥാപനങ്ങളെ സമീപിക്കാം എന്നും പറയുന്നു. ഇന്ത്യയില്‍ ആയുര്‍വ്വേദം ഉള്‍പ്പടെയുള്ള ഇതര ചികിത്സധാരകളില്‍ ഉള്ള ഗവേഷണങ്ങളെ പിന്തുണയ്ക്കാനായി ആയുഷ് വകുപ്പിന്‍റെ ആയി അഞ്ചു റിസര്‍ച് കൌണ്‍സിലുകളും അവയുടെ കീഴില്‍ 81 ഗവേഷണ സ്ഥാപനങ്ങളും ഉണ്ട്. ശിവരാമന്‍ ഇവയില്‍ ഒന്നിലും സമീപിച്ചു തന്‍റെ പച്ചില മരുന്നിന്‍റെ ഫലസിദ്ധി നോക്കിയിട്ടില്ല.
ശിവരാമന്‍ രണ്ടായിരത്തി പതിനഞ്ച് ജൂലൈ മാസത്തില്‍ ലഭിച്ച പേറ്റന്‍റെ എന്നത് അദ്ദേഹത്തിന്‍റെ മരുന്നിന്റെ ഫലസിദ്ധിയെ അംഗീകരിക്കുന്ന സാക്ഷിപത്രം അല്ല. 'a patent has been granted.....for an invention entitled HERBAL COMPOSITION EFFECTIVE AGAINST RHABDOVIRUS AND PROCESS OF PREPARATION' എന്നാണ് പേറ്റന്‍റെയില്‍ പറയുന്നത് അതായത് പേവിഷ ബാധയ്ക്കു കാരണം ആകുന്ന വൈറസ്സിനു എതിരെ എന്ന് അവകാശപ്പെട്ടുന്ന ഒരു പ്രത്യേക പച്ചിലക്കൂട്ടിന്‍റെ കണ്ടെത്തലിനും അതിന്‍റെ നിര്‍മ്മാണത്തിനും ഉള്ള പേറ്റന്‍റെ ആണ് വൈദ്യര്‍ക്കു ലഭിച്ചത്, ഇരുപത് കൊല്ലം വാലിഡിറ്റി. ( ചിത്രം അറ്റാച്ച് ചെയ്തിട്ടുണ്ട് ). അതായത് അടുത്ത ഇരുപത്ത് കൊല്ലം ഏതെങ്കിലും വ്യക്തികളോ സ്ഥാപനങ്ങളോ പേവിഷ ബാധയ്ക്കു എതിരെ ഇദ്ദേഹത്തിന്റെ പച്ചിലച്ചാറിന്റെ കൂട്ടില്‍ ഒരു മരുന്ന് ഉണ്ടാക്കാന്‍ പാടില്ല എന്നും, ഇനി ഉണ്ടാക്കണം എങ്കില്‍ ഇയാളുടെ അനുവാദം വേണം എന്നും അതിനു പ്രതിഫലമായി പണമോ മറ്റെന്തെങ്കിലുമോ ഇയാള്‍ക്ക് വാങ്ങാം എന്നതുമാണ്‌ ഈ പേറ്റന്‍റെ കൊണ്ടുള്ള അര്‍ഥം.
മരുന്ന് പരീക്ഷിക്കാന്‍ ചില സ്ഥാപനങ്ങള്‍ മുന്നോട്ടുവന്നെങ്കിലും, മരുന്നിന്റെ രഹസ്യം പറഞ്ഞുകൊടുക്കണം എന്ന കാരണത്താല്‍ താന്‍ പിന്‍വലിഞ്ഞ് നില്‍ക്കുക ആണെന്ന് ശിവരാമന്‍ പറയുന്നുണ്ടെങ്കിലും അത് നുണയാണ്. ശിവരാമന്‍ പറയുന്ന മരുന്നിന്‍റെ കൂട്ട് പേറ്റന്‍റെ അപേക്ഷയില്‍ കൃത്യമായി എഴുതിട്ടുണ്ട് ( ഒപ്പമുള്ള ചിത്രം നോക്കൂ ), ഇത് പബ്ലിക് ഡോക്മെന്റെ ആണ്. അദ്ദേഹത്തിന് അനുവദിക്കപ്പെട്ട പെറ്റനടിന്റെ നബര്‍ ആയ 267712 http://ipindiaservices.gov.in യില്‍ തിരഞ്ഞാല്‍ പൂര്‍ണ്ണ വിവരങ്ങള്‍ ലഭിക്കും.

പേറ്റന്റ് അപേക്ഷ ഫയല്‍ ചെയ്ത 2008 ഏപ്രില്‍ 29 മുതല്‍ 20 വര്‍ഷത്തേക്കാണ് പേറ്റന്റ്. 4 മീറ്ററോളം ഉയരം വയ്ക്കുന്ന വലിയൊരു കുറ്റിച്ചെടിയായ ആനക്കൈതയുടെ ( Agave americana) ഇലകള്‍ ഉണക്കി പൊടിച്ചു തേനില്‍ സമസമം കൊടുക്കുന്നതാണ് ഇയാളുടെ പേവിഷബാധയ്ക്കുള്ള മരുന്ന്. ( ഡോക്മെന്റിന്റെ ചിത്രം ഒപ്പം കൊടുത്തിട്ടുണ്ട്‌ ). ജനം ടീവി ഇതിനു യാതൊരുവിധ പാര്‍ശ്വഫലങ്ങളും ഇല്ല എന്നാണ് പറയുന്നത് എങ്കിലും ഗര്‍ഭണികള്‍ ഈ ചെടി ഉപയോഗിക്കാന്‍ പാടില്ല എന്നും ഉയര്‍ന്ന അളവില്‍ ദഹനവ്യവസ്ഥയെ പ്രതികൂലം ആയി ബാധിക്കാനും കരളിനെ നശിപ്പിക്കാനും ഈ ചെടിയുടെ ഉപയോഗം കാരണം ആകാം എന്നും ഹെര്‍ബല്‍സപ്പ്ലിമന്ടുകാരുടെ സൈറ്റില്‍ വരെ പറയുന്നുണ്ട്. ( /goo.gl/on8zBe )

പേറ്റന്‍റെ വിചിത്രമായ പല കാര്യങ്ങള്‍ക്കും ലഭിക്കാറുണ്ട്. രണ്ടായിരത്തിഒന്നില്‍ ജോയി ആംസ്റ്റോംഗ് എന്ന അമേരിക്കാരന്‍ പേറ്റന്‍റെ ലഭിച്ചത് സ്വന്തം ചന്തിയില്‍ ഷൂ വച്ച് തൊഴി ഏല്‍പ്പിക്കുന്ന ഒരു ഉപകരണത്തിനു ആയിരുന്നു. ( കൂടുതല്‍ വിവരം ഇവിടെ : https://patents.google.com/patent/US6293874 ). നിങ്ങളുടെ മനസ്സില്‍ ഉള്ള ആശയം എത്രമാത്രം വിചിത്രവും അയുക്തിപരത നിറഞ്ഞതും ആണെങ്കിലും അവ കൃത്യമായി എഴുതി പിടിപ്പിക്കാന്‍ പറ്റിയാല്‍ പെറ്റെന്‍റെ ഓഫിസില്‍ നിന്ന് അതിനു പെറ്റെന്‍റെ ലഭിക്കും. ഇത് വഴി പേറ്റന്‍റെ കാലാവധിയില്‍ വേറെ ഒരാളും ഇങ്ങനെ ഒരു ആശയം കണ്ടെത്തി കൊണ്ട് നിങ്ങളുടെ അനുവാദം ഇല്ലാതെ വരാന്‍ പാടില്ല എന്ന് മാത്രേ അര്‍ഥം ഉള്ളൂ.
അപ്പോള്‍ ചുരുക്കിപ്പറഞ്ഞാല്‍ ശിവരാമന്‍റെ മരുന്ന് പേവിഷ ഏറ്റ രോഗികളില്‍ ഏതെങ്കിലും വിധത്തില്‍ ഫലപ്രാപ്തി തരും എന്നതിന് യാതൊരുവിധ ആധികാര തെളിവും ഇല്ല. ടെസ്റ്റ്‌ട്യൂബില്‍ തേനും ആനക്കൈത ഇലയും ചേര്‍ത്ത് കൊടുത്തപ്പോള്‍ വൈറസ് നശിച്ചു എന്നതിന് ഇവ ജീവജാലങ്ങളില്‍ ഫലപ്രാപ്തി തരും എന്നര്‍ത്ഥമില്ല. ഒരല്പം സോപ്പ് വെള്ളം കലക്കി ഒഴിച്ചാല്‍ വരെ കോശബാഹ്യ സാഹചര്യങ്ങളില്‍ പേവിഷ വൈറസ് നശിക്കും. പേയുള്ള മൃഗത്തിന്റെ എന്ന് സംശയം ഉള്ള കടിയേറ്റത്തിനു ശേഷം അവിടെ സോപ്പ് ഇട്ടു കഴുക്കുന്നത് രോഗവ്യാപന സാധ്യത കുറയ്ക്കും എന്ന് പറയുന്നതിന്‍റെ കാരണങ്ങളില്‍ ഒന്ന് ഇതാണ്. പേവിഷബാധ ഏറ്റാല്‍ മരണം ഏറെക്കുറെ ഉറപ്പാണ്‌ പക്ഷെ പ്രതിരോധിക്കാന്‍ കൃത്യമായ പ്രതിമരുന്നു/വാക്സിന്‍ ഉണ്ട്. ശിവരാമന്‍ പേരിന്‍റെ ഒപ്പം സ്വയം ഇട്ട ഒരു 'വൈദ്യര്‍' വാല്‍ അല്ലാതെ ആയുര്‍വേദം ആയിട്ടും ഒരു ബന്ധവും ഇല്ല. പേറ്റന്‍റെ എന്ന വാക്കിന്‍റെ സാങ്കേതിക അര്‍ത്ഥത്തെപ്പറ്റി പൊതു ജനങ്ങളില്‍ ഉള്ള അറിവ് ഇല്ലായ്മ മുതലാക്കി ശിവരാമന്‍ തന്‍റെ നിയമാനുസൃതമല്ലാത്ത ചികിത്സ സ്ഥാപനത്തിന് പൊതുജന പിന്തുണ വഴി അംഗീകാരം ഉണ്ടാക്കാനുള്ള നാടകം ആയിട്ടാണ് എനിക്ക് ഇത് തോന്നുന്നത്.