1846-ല്‍ സഊദി അറേബ്യയില്‍ നിന്ന് എറിത്രിയയിലേക്കും വടക്ക്-കിഴക്കന്‍ സുഡാനിലേക്കും കുടിയേറിയ പുരാതന അറബി ഗോത്രമാണ് റശായിദ. അദ്‌നാനികളിലെ ബനൂ അബ്‌സ് ഗോത്രത്തിലേക്കാണ് ഇവരുടെ പരമ്പര ചെന്നുചേരുന്നത്. 'അഅ്‌റാബികള്‍' എന്ന് അറബിയില്‍ അറിയപ്പെടുന്ന ഗ്രാമീണരും മരുഭൂവാസികളുമായ അറബി വിഭാഗങ്ങളിലാണ് ഇവരുടെ സ്ഥാനം. ഏറ്റവും ശുദ്ധമായ അറബി ഭാഷ കൈകാര്യം ചെയ്യുന്നവരാണ് ഗ്രാമീണരായ അറബി ഗോത്രങ്ങള്‍. സുന്നി മുസ്‌ലിംകളാണ് റശായിദ ഗോത്രക്കാര്‍. വളരെ അപൂര്‍വമായി ക്രിസ്ത്യന്‍ മതവിശ്വാസികളും ഇവര്‍ക്കിടയില്‍ കാണപ്പെടുന്നു. എത്യോപ്യക്ക് അടുത്തുള്ള കിഴക്കനാഫ്രിക്കന്‍ രാജ്യമാണ് എറിത്രിയ. എറിത്രിയന്‍ സര്‍ക്കാറിന്റെ കണക്കു പ്രകാരം എറിത്രിയന്‍ ജനസംഖ്യയില്‍ 2.4 ശതമാനമാണ് റശായിദകള്‍. 1996-ലെ കണക്കു പ്രകാരം 78,000 റഷായിദകള്‍ എറിത്രിയയിലുണ്ടായിരുന്നു. അറബിക് പുറമേ എറിത്രിയന്‍ ടിഗ്രെ ഭാഷയും റഷാശിദകള്‍ ഉപയോഗിക്കുന്നു.
ആട്ടിന്‍ തോലു കൊണ്ടുണ്ടാക്കിയ കൂടാരങ്ങളാണ് റശായിദകള്‍ താമസത്തിനായി ഉപയോഗിക്കുന്നത്. ഗോത്രത്തലവനാണ് ഗോത്രത്തെ നിയന്ത്രിക്കുന്നത്. റശായിദകളുടെ പ്രധാന ഉപജീവന മാര്‍ഗം ആടുമേയ്ക്കലാണ്. ആട്ടിന്‍ പാല്‍, ചെമ്മരിയാടിന്റെ രോമം എന്നിവയുടെ വില്‍പനയും ഇവരുടെ ഉപജീവന മാര്‍ഗങ്ങളാണ്. ഭൂരിപക്ഷം റശായിദകളും നിരക്ഷരരാണെങ്കിലും തങ്ങളുടെ വംശപരമ്പരയും കന്നുകാലികളുമായി ബന്ധപ്പെട്ട പുരാതന കഥകളുമൊക്കെ അവര്‍ക്ക് കാണാപാഠമാണ്. നൂറുകണക്കിന് വരികളുള്ള ധാരാളം അറബി കവിതകളും ഇവര്‍ അനായാസേന ചൊല്ലുമെന്നത് അവരുടെ അപാരമായ ഓര്‍മ ശക്തിയുടെ തെളിവാണ്. വാമൊഴിയായാണ് നാടോടി കഥകളും പുരാതന കവിതകളും ഇവര്‍ തലമുറകളിലേക്ക് കൈമാറുന്നത്. ആഭരണനിര്‍മാണത്തിലും റശായിദകള്‍ തങ്ങളുടെ കരവിരുത് തെളിയിച്ചിട്ടുണ്ട്.
റശായിദകളില്‍ പുരുഷന്മാരേക്കാള്‍ പ്രശസ്തര്‍ അവര്‍ക്കിടയിലെ സ്ത്രീകളാണ്. അതിന് കാരണം അവരുടെ വസ്ത്രധാരണരീതിയാണ്. ചുവപ്പും കറുപ്പും കലര്‍ന്ന നിറത്തില്‍ വളരെ മനോഹരമായ ഡിസൈനുകളോടു കൂടിയ വസ്ത്രങ്ങളാണ് സ്ത്രീകള്‍ ധരിക്കുന്നത്. ശരീരം മുഴുവന്‍ മറയുന്ന തരത്തിലുളള വസ്ത്രങ്ങളുടെ പ്രധാന സവിശേഷത നീളം കൂടിയതും കട്ടിയേറിയതുമായ മുഖാവരണമാണ്. അഞ്ച് വയസ്സ് മുതല്‍ തന്നെ ഒരു പെണ്‍കുട്ടി ഈ മുഖാവരണം ധരിച്ചു തുടങ്ങുന്നു. എന്നാല്‍ പ്രായപൂര്‍ത്തിയായാലാണ് അത് നിര്‍ബന്ധമാകുന്നത്. സ്ത്രീകളുടെ കണ്ണുകള്‍ മാത്രമാണ് പുറത്ത് കാണാനാവുക. റശായിദാ സംസ്‌കാരത്തില്‍ സ്ത്രീകളും പുരുഷന്മാരും സ്വതന്ത്രമായി ഇടകലരാറില്ല. വിവാഹങ്ങള്‍ അധികവും മാതാപിതാക്കള്‍ ഉറപ്പിക്കുകയാണ് ചെയ്യുക. എന്നാല്‍ സ്ത്രീകള്‍ക്ക് സ്വന്തം വരനെ കണ്ടെത്താനുള്ള സ്വാതന്ത്ര്യമുണ്ട്. തനിക്ക് ഇഷ്ടപ്പെട്ട പുരുഷന്റെ അടുത്ത് ചെന്ന് കീഴ്ത്താടി വെളിവാകുന്ന തരത്തില്‍ അവള്‍ മുഖാവരണം ഉയര്‍ത്തുന്നു. അത് തന്നെ ഇഷ്ടമാണോ എന്ന ചോദ്യമാണ്. പുരുഷന് സമ്മതമാണെങ്കില്‍ പെണ്ണിന്റെ വീട്ടുകാരോട് വിവരം പറയുകയും നൂറ് ഒട്ടകങ്ങളെ വിവാഹ മൂല്യമായി നല്‍കുകയും വേണം.
പല മരുഭൂവാസികളായ ഗോത്രങ്ങളെയും പോലെ റശായിദകള്‍ക്കിടയിലും സംഗീതത്തിനും നൃത്തത്തിനും വലിയ പ്രാധാന്യമുണ്ട്. സ്ത്രീ-പുരുഷ ഭേദമന്യേ എല്ലാ ഗോത്ര അംഗങ്ങളും അതില്‍ സജീവമായി പങ്കെടുക്കുകയും ചെയ്യാറുണ്ട്. മലബാറിലെ ഒപ്പനക്ക് സമാനമായ കൈകൊട്ടി പാട്ടും നൃത്തവും അവരുടെ വിവാഹങ്ങളിലും ആഘോഷ ദിവസങ്ങളിലും ഒഴിച്ചു കൂടാനാവത്തതാണ്. എല്ലാവരും വട്ടത്തില്‍ കൂടി നിന്ന് കൈ കൊട്ടി നാടന്‍ പാട്ടുകള്‍ പാടും. ചിലപ്പോള്‍ അതിന്റെ മധ്യത്തില്‍ ആരെങ്കിലും നൃത്തം ചെയ്യുകയും ചെയ്യും. റശായിദാ സംഗീതം വളരെ പുരാതനമായ അറബ് വേരുകളുള്ളതാണ്.
എറിത്രിയയിലെ ഇറ്റാലിയന്‍ അധിനിവേശ കാലത്ത് റശായിദകള്‍ കാര്യമായ വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടില്ല. കാരണം, പൊതുവേ എത്തിപ്പെടാന്‍ പറ്റാത്ത തരത്തിലുള്ള മരുഭൂ പ്രദേശങ്ങളിലാണ് റശായിദകള്‍ തങ്ങളുടെ താവളങ്ങള്‍ കണ്ടെത്തിയിരുന്നത്. ആടുമേയ്ക്കലും സീസണ്‍ കൃഷിയും കച്ചവടവുമെല്ലാം റശായിദകള്‍ക്ക് നല്ല സാമ്പത്തിക ഭദ്രത നല്‍കിയിരുന്നു. ധാരാളം കന്നുകാലികളും സ്വര്‍ണ നിക്ഷേപങ്ങള്‍ പോലും റശായിദാ ഗോത്രക്കാര്‍ക്ക് സ്വന്തമായി ഉണ്ടായിരുന്നു. എന്നാല്‍ 1950 മുതല്‍ 1991 വരെ നീണ്ട എത്യോപ്യന്‍ അധിനിവേശ കാലത്ത് തങ്ങളുടെ പാരമ്പര്യമെല്ലാം റശായിദകള്‍ക്ക് നഷ്ടമായി. എറിത്രിയന്‍ ലിബറല്‍ മുന്നണികളെ സഹായിച്ചു എന്ന പേരില്‍ എത്യോപിയക്കാര്‍ റശായിദാ ഗോത്രക്കാരെ ധാരാളമായി വേട്ടയാടി. അതുകൊണ്ട് എറിത്രിയന്‍ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് ശേഷമുളള റശായിദാ ഗോത്ര ചരിത്രം ദാരിദ്ര്യത്തിന്റെയും ഇല്ലായ്മയുടെയും കഥകളാണ്.
1991-ല്‍ എറിത്രിയ എത്യോപ്യന്‍ അധിനിവേശത്തില്‍ നിന്നും സ്വാതന്ത്ര്യം നേടിയ ശേഷം നാടോടി സംസ്‌കാരം ഉപേക്ഷിച്ച് കാര്‍ഷിക വൃത്തിയില്‍ ഉപജീവനം കണ്ടെത്താന്‍ സര്‍ക്കാര്‍ റശായിദാ ഗോത്ര മുഖ്യന്മാരോട് ആവശ്യപ്പെട്ടിരുന്നു. വലിയൊരു ഭൂമിയും റശായിദാ ഗോത്രത്തിന്റെ പുനരധിവാസത്തിനായി ശിഅ്ബ് പ്രദേശത്ത് സര്‍ക്കാര്‍ ഒരുക്കുകയുണ്ടായി. റശായിദകളുടെ വിദ്യാഭ്യാസം, ആരോഗ്യരംഗം എന്നിവയില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്താനാണ് സര്‍ക്കാര്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ചത്. എന്നാല്‍ ഇതൊന്നും പരിചയമില്ലാത്ത ആ പുരാതന ജനത തങ്ങളുടെ നാടോടി ജീവിതത്തില്‍ തന്നെ സംതൃപ്തി കണ്ടെത്തി മരുഭൂമിയിലാണ് ഇന്നും ജീവിക്കുന്നത്.