നമ്മുടെ സ്കൂളുകളില്‍ സേവന തല്‍പരരായ ഒരുകൂട്ടം വിദ്യാര്‍ഥികളുടെ കൂട്ടായ്മയാണ് സ്കൗട്ട്&ഗൈഡ്. സ്കൂളുകളിലെ ഏതൊരു പരിപാടിക്കും ഇവര്‍ മുന്നിലുണ്ടാവും. യുവജനോത്സവങ്ങളിലും സ്കൂള്‍ സ്പോര്‍ട്സ് മത്സരങ്ങളിലും മറ്റും ഈ കൂട്ടായ്മയെ നമ്മള്‍ പലതവണ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. സ്കൂളിലേക്ക് മുഖ്യാതിഥികള്‍ വരുമ്പോള്‍ സ്കൂളിന്‍െറ അഭിമാനമുയര്‍ത്തുന്ന സ്വീകരണച്ചടങ്ങുകള്‍ക്ക് കൊഴുപ്പുകൂട്ടാനും എപ്പോഴും ഇവരുണ്ടാവും. രാജ്യപുരസ്കാര്‍ ലഭിക്കുന്ന വിദ്യാര്‍ഥിക്ക് 24 മാര്‍ക്കും രാഷ്ട്രപതി പുരസ്കാരം ലഭിക്കുന്നവര്‍ക്ക് 49 മാര്‍ക്കും എസ്.എസ്.എല്‍.സിക്ക് ഗ്രേസ്മാര്‍ക്കായി ലഭിക്കുന്നു എന്നതുതന്നെ വിദ്യാലയങ്ങളില്‍ ഇതിന്‍െറ പ്രാധാന്യം വളരെ വലുതാണെന്നതിന്‍െറ തെളിവാണ്. സാമൂഹികസേവനത്തിന്‍െറ മഹത്വം ജനങ്ങളിലേക്കെത്തിക്കുന്ന സ്കൗട്ടിങ്ങിനെ പരിചയപ്പെടുത്തുകയാണ് ഇവിടെ...
സ്കൗട്ടിങ്ങിനെ വ്യത്യസ്ത കാലഘട്ടങ്ങള്‍ക്കനുസരിച്ച് ആറ് വ്യത്യസ്ത ബാഡ്ജുകളായി തിരിക്കുന്നു.
ബാഡ്ജുകൾ
1.പ്രവേശ്
സ്കൗട്ടിങ്ങിലെ ആദ്യത്തെ ബാഡ്ജാണ് പ്രവേശ്. സ്കൗട്ടിങ്ങിലുള്ള അംഗത്വമായാണ് പ്രവേശ് ബാഡ്ജിനെ കാണുന്നത്. പ്രവേശം ലഭിക്കുന്നതുവരെയുള്ള സമയം അയാള്‍ ‘റിക്രൂട്ട്’ എന്നറിയപ്പെടുന്നു. അഞ്ചു വയസ്സിനുശേഷമാണ് പ്രവേശ് ബാഡ്ജ് നല്‍കുന്നത്.
2.പ്രഥമ സോപാന്‍
പ്രവേശ് ലഭിച്ച് ആറുമാസത്തിനു ശേഷമാണ് പ്രഥമ സോപാന്‍ ബാഡ്ജ് നല്‍കുന്നത്. ട്രൂപ്പില്‍തന്നെ വിവിധ ടെസ്റ്റുകള്‍ നടത്തിയാണ് ഇത് നല്‍കുന്നത്.
3.ദ്വിതീയ സോപാന്‍
പ്രഥമ സോപാന്‍ ലഭിച്ച് ഒമ്പതു മാസം ദ്വിതീയ സോപാന്‍ സിലബസനുസരിച്ച് വിവിധ സേവനപ്രവര്‍ത്തനങ്ങള്‍ ആസൂത്രണംചെയ്ത് നടത്തുകയും സ്കൗട്ടിങ്ങിലെ പ്രധാന കാര്യങ്ങളില്‍ അറിവ് പരിശോധിക്കുകയും ചെയ്യും. ലോക്കല്‍ അസോസിയേഷനാണ് ദ്വീതീയ സോപാന്‍ ടെസ്റ്റ് നടത്തുക.
4.തൃതീയ സോപാന്‍
ദ്വിതീയ സോപാന്‍ നേടി ഒമ്പതു മാസം തൃതീയ സോപാന്‍ സിലബസനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കുശേഷമാണ് ഈ ബാഡ്ജ് നല്‍കുക. ജില്ലാ അസോസിയേഷനാണ് ഈ ടെസ്റ്റ് നടത്തുക.
5.രാജ്യപുരസ്കാര്
തൃതീയ സോപാന്‍ ലഭിച്ചശേഷമാണ് രാജ്യപുരസ്കാര്‍ ലഭിക്കുന്നത്. രാജ്യപുരസ്കാര്‍ ലഭിച്ച ഒരു വിദ്യാര്‍ഥിക്ക് എസ്.എസ്.എല്‍.സിക്ക് 24 മാര്‍ക്ക് ഗ്രേസ് മാര്‍ക്കായി ലഭിക്കും. ഗവര്‍ണറാണ് ഈ പുരസ്കാരം നല്‍കുന്നത്. ലിറ്ററസി, കമ്യൂണിറ്റി വര്‍ക്കര്‍, ഇക്കോളജിസ്റ്റ്, ലെപ്രസി കണ്‍ട്രോള്‍, സാനിറ്റേഷന്‍ പ്രമോട്ടര്‍, സോയില്‍ കണ്‍സര്‍വേറ്റര്‍, റൂറല്‍ വര്‍ക്കര്‍ തുടങ്ങിയ സാമൂഹിക സേവനങ്ങളില്‍ ഏര്‍പ്പെടണം.
6.പ്രൈംമിനിസ്റ്റര്‍ ഷീല്‍ഡ്
പ്രധാനമന്ത്രി ഒപ്പിട്ടു നല്‍കുന്ന മെറിറ്റ് സര്‍ട്ടിഫിക്കറ്റും പ്രൈംമിനിസ്റ്റര്‍ ഷീല്‍ഡും ആണ് ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് ലഭിക്കാവുന്ന പരമോന്നത ബഹുമതി.
രാഷ്ട്രപതി അവാര്‍ഡ്
സക്ൗട്ടിങ്ങിലെ പരമോന്നത പുരസ്കാരമാണിത്. പ്രത്യേക ചടങ്ങില്‍വെച്ച് രാഷ്ട്രപതി അവാര്‍ഡ് വിതരണം ചെയ്യും. രാഷ്ട്രപതി അവാര്‍ഡ് ലഭിച്ച വിദ്യാര്‍ഥിക്ക് എസ്.എസ്.എല്‍.സിക്ക് 49 മാര്‍ക്ക് ഗ്രേസ് മാര്‍ക്കായി ലഭിക്കും.
ചരിത്രത്തിലൂടെ
സര്‍ റോബര്‍ട്ട് സ്റ്റീഫന്‍സണ്‍ സ്മിത്ത് ബേഡന്‍ പവ്വല്‍ ( Lord Baden Powell )ആണ് സ്കൗട്ട് പ്രസ്ഥാനത്തിന്‍െറ സ്ഥാപകന്‍. 1857 ഫെബ്രുവരി 22ന് ലണ്ടനിലെ സ്റ്റാന്‍ഹോപ്പ് തെരുവില്‍ ജനിച്ച അദ്ദേഹം 1876ല്‍ ബ്രിട്ടീഷ് പട്ടാളത്തില്‍ (British Royal Army) ചേര്‍ന്നു. ഇന്ത്യ (India), അഫ്ഗാനിസ്താന്‍ (Afghanistan), റഷ്യ (Russia), സൗത് ആഫ്രിക്ക(South Africa) എന്നിവിടങ്ങളില്‍ സേവനം നടത്തിയ അദ്ദേഹം ലഫ്റ്റനന്‍റ് ജനറല്‍ (Lef.General) എന്ന ഉന്നതപദവിയില്‍ സേവനമനുഷ്ഠിക്കുന്ന അവസരത്തില്‍ (1910) സ്കൗട്ട് പ്രസ്ഥാനത്തിനുവേണ്ടി മുഴുസമയവും പ്രവര്‍ത്തിക്കുന്നതിനായി തന്‍െറ പട്ടാളജീവിതത്തില്‍നിന്ന് വിരമിച്ചു.
തെക്കേ ആഫ്രിക്കയിലെ ട്രാന്‍സ്വാള്‍ എന്ന രാജ്യത്തില്‍പെട്ട പട്ടണമായിരുന്നു മെഫെകിങ്. ബോവര്‍ വര്‍ഗക്കാര്‍ ബ്രിട്ടീഷുകാരുടെ അധീനതയിലുള്ള ഈ പട്ടണത്തിനു നേരെ ഉപരോധമേര്‍പ്പെടുത്തി. 217 ദിവസം നീണ്ട ഉപരോധത്തിന്‍െറ ഫലമായി മെഫെകിങ്ങിലുള്ളവര്‍ക്ക് ആഹാരസാധനങ്ങള്‍ ലഭിക്കാതെവന്നു. മുന്നണിത്താവളങ്ങളിലേക്ക് യുദ്ധം ചെയ്യാന്‍ മുതിര്‍ന്നവര്‍ നിയോഗിക്കപ്പെട്ടപ്പോള്‍ പട്ടണത്തിലെ ആഭ്യന്തര കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനായി ഒരുകൂട്ടം ബാലന്മാരെ കണ്ടെത്തി അവര്‍ക്ക് പരിശീലനം നല്‍കി. ബേഡന്‍ പവ്വലിന്‍െറ സുഹൃത്തായ എഡ്വേര്‍ഡ് സെസില്‍ (Edverd Sesil)ആണ് ഇതിന് നേതൃത്വം നല്‍കിയത്.
കുട്ടികളുടെ സത്യസന്ധമായ പ്രവര്‍ത്തനവും അവര്‍ പ്രകടിപ്പിച്ച മനോധൈര്യവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ശരിയായ പരിശീലനം നല്‍കിയാല്‍ കുട്ടികള്‍ക്കും മുതിര്‍ന്നവരെപ്പോലെ കാര്യക്ഷമമായ പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ സാധിക്കുമെന്ന വസ്തുത പില്‍ക്കാലത്ത് സ്കൗട്ട് പ്രസ്ഥാനം ആരംഭിക്കാന്‍ ബേഡന്‍ പവ്വലിന് ആത്മവിശ്വാസം നല്‍കി.
മെഫെകിങ്ങിലെ അനുഭവങ്ങള്‍ അദ്ദേഹത്തെ കുട്ടികള്‍ക്കുവേണ്ടിയുള്ള പരീശീലകനാകാമെന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. കുട്ടികളുടെ പ്രവര്‍ത്തനശേഷിയും പ്രതികരണവും നേരില്‍ കണ്ടറിയാനായി അദ്ദേഹം ഇംഗ്ളീഷ് ചാനലിലുള്ള ബ്രൌണ്‍സി ഐലന്‍റില്‍വെച്ച് ജീവിതത്തിന്‍െറ വിവിധ തുറകളിലുള്ള 21 കുട്ടികളെ ഉള്‍പ്പെടുത്തി 1907ല്‍ ഒരു ക്യാമ്പ് നടത്തി. ഈ ക്യാമ്പിനെ ആദ്യത്തെ സ്കൗട്ട് ക്യാമ്പായി കണക്കാക്കാം. 1908ല്‍ ബേഡന്‍ പവ്വല്‍ ‘സ്കൗട്ടിങ് കുട്ടികള്‍ക്ക്’ എന്ന പുസ്തകം വായിച്ച് സ്വയം ‘പ്രട്രോളുകള്‍’ സംഘടിപ്പിച്ച് പ്രവര്‍ത്തനമാരംഭിച്ചു.
സ്കൗട്ട് നിയമം
ഒരു സ്കൗട്ട് വിശ്വസ്തനാണ്
ഒരു സ്കൗട്ട് കൂറുള്ളവനാണ്.
ഒരു സ്കൗട്ട് എല്ലാവരുടെയും സ്നേഹിതനും മറ്റ് ഓരോ സ്കൗട്ടിന്‍െറയും സഹോദരനുമാണ്.
ഒരു സ്കൗട്ട് മര്യാദയുള്ളവനാണ്.
ഒരു സ്കൗട്ട് ജന്തുക്കളുടെ സ്നേഹിതനും പ്രകൃതിയെ സ്നേഹിക്കുന്നവനുമാണ്.
ഒരു സ്കൗട്ട് അച്ചടക്കമുള്ളവനും പൊതുമുതല്‍ സംരക്ഷിക്കാന്‍ സഹായിക്കുന്നവനുമാണ്.
ഒരു സ്കൗട്ട് ധൈര്യമുള്ളവനാണ്.
ഒരു സ്കൗട്ട് മിതവ്യയശീലമുള്ളവനാണ്.
ഒരു സ്കൗട്ട് മനസ്സാ, വാചാ, കര്‍മണാ ശുദ്ധിയുള്ളവനാണ്.
സ്കൗട്ട് യൂനിഫോം
തൊപ്പി - കടും നീലനിറത്തിലുള്ള ‘ബറെ’ ക്യാപ്പും ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ക്യാപ്പ് ബാഡ്ജും.
ബെല്‍റ്റ്- ബ്രൗണ്‍നിറത്തിലുള്ള തുകല്‍ബെല്‍റ്റോ കാക്കിനിറത്തിലുള്ള ബെല്‍റ്റോ (ഭാരത് സ്കൗട്ട് ഗൈഡ് സംഘടനയുടെ ഔദ്യാഗിക ബക്കിളോടു കൂടിയത്).
ഷര്‍ട്ട്- സ്റ്റീല്‍ ഗ്രേനിറത്തില്‍ - രണ്ട് പാച്ച് പോക്കറ്റുകള്‍, ഷോള്‍ഡര്‍ സ്ട്രാപ്പുകള്‍ എന്നിവയോടു കൂടിയത്.
ഷോര്‍ട്സ്- നേവി ബ്ളൂ.
സ്കാര്‍ഫ്-ഗ്രൂപ്പിന്‍െറ നിറത്തിലുള്ളത്.
ഷോള്‍ഡര്‍ ബാഡ്ജ് - വലതു കൈയുടെ ഏറ്റവും മുകളിലായി ബാഡ്ജ് ധരിക്കുന്നു.
മെംബര്‍ഷിപ് ബാഡ്ജ് - പച്ച നിറത്തിലുള്ളത്.
ഷോള്‍ഡര്‍ സ്ട്രൈപ്സ്. സ്കൗട്ട് പ്രസ്ഥാനം ഇന്ത്യയില്‍
ഇന്ത്യയില്‍ 1909ലാണ് സ്കൗട്ട് പ്രസ്ഥാനത്തിന്‍െറ തുടക്കം. ടി.എച്ച്. ബേക്കര്‍(T.H.Baker) ബംഗളൂരുവില്‍(Bangalore) ‘ബോയ്സ് സ്കൗട്ട് അസോസിയേഷന്‍’(Boy's Scout Association) എന്ന സംഘടന ആരംഭിച്ചു. പുണെ, കൊല്‍ക്കത്ത എന്നിവിടങ്ങളിലും ട്രൂപ്പുകള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ആദ്യകാലങ്ങളില്‍ ബ്രിട്ടീഷുകാരുടെ മക്കള്‍ക്കും ആംഗ്ളോ-ഇന്ത്യന്‍ വംശജരുടെ കുട്ടികള്‍ക്കും മാത്രമേ ഈ പ്രസ്ഥാനത്തില്‍ അംഗത്വംകൊടുത്തിരുന്നുള്ളൂ.
1913ല്‍ വിവിയന്‍ ബോസ് അന്നത്തെ സെന്‍ട്രല്‍ പ്രൊവിന്‍സിലുള്ള ഇന്ത്യക്കാരായ കുട്ടികള്‍ക്കുവേണ്ടി സ്കൗട്ടിങ് ആരംഭിച്ചു. 1915ല്‍ ഇന്ത്യക്കാരായ കുട്ടികള്‍ക്കുവേണ്ടി ബംഗാളില്‍ സ്കൗട്ട് സംഘടന നിലവില്‍വന്നു. 1916ല്‍ ഡോ. ആനിബസന്‍റ് ഡോ. ജി.എസ്. അരുണ്ടലെയുടെ സഹായത്തോടെ ‘ഇന്ത്യന്‍ ബോയ് സ്കൗട്ട് അസോസിയേഷന്‍’ സ്ഥാപിച്ചു. 1917ല്‍ ഡോ. എച്ച്.എന്‍. കുന്‍സ്രു, എസ്.ആര്‍. ബാജ്പയിയുടെ സഹായത്തോടെ ‘സേവനസമിതി സ്കൗട്ട് അസോസിയേഷന്‍’ ആരംഭിച്ചു. 1938ല്‍ ‘ഹിന്ദുസ്ഥാന്‍ സ്കൗട്ട് അസോസിയേഷനും’ നിലവില്‍വന്നു.
സ്വാതന്ത്ര്യത്തിനുശേഷം ഈ സംഘടനകളെ ഏക സംഘടനയുടെ കീഴില്‍ കൊണ്ടുവരാന്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവും അന്നത്തെ കേന്ദ്ര വിദ്യാഭ്യാസമന്ത്രിയായിരുന്ന മൗലാനാ അബ്ദുല്‍കലാം ആസാദും ശ്രമിച്ചതിന്‍െറ ഫലമായി 1950 നവംബര്‍ ഏഴിന് ‘ഭാരത് സ്കൗട്ട് ആന്‍ഡ് ഗൈഡ്സ്’ എന്ന സംഘടന നിലവില്‍വന്നു.
1951ല്‍ ആഗസ്റ്റ് 15ന് ഗേള്‍ ഗൈഡ് അസോസിയേഷന്‍കൂടി ചേര്‍ന്നതോടെ ഇന്ത്യയില്‍ സ്കൗട്ട് ഗൈഡ് സംഘടനകളുടെ ഏകോപനം പൂര്‍ത്തിയായി.