സാവധാനം മുറിക്കുക (ലിങ് ചി അല്ലെങ്കിൽ ലെങ് ട്'ചെ എന്നും എഴുതാറുണ്ട്) എന്ന വധശിക്ഷാരീതിയെ സാവധാനമുള്ള പ്രക്രീയ, കാത്തുനിൽക്കുന്ന മരണം, ആയിരം മുറിവുകളിലൂടെയുള്ള മരണം പരമ്പരാഗത ചൈനീസ് എന്നൊക്കെ വിളിക്കാറുണ്ട്. ഇത് AD 900 മുതൽ 1905-ൽ നിറുത്തലാക്കുന്നതുവരെ ചൈനയിൽ ഉപയോഗത്തിലുണ്ടായിരുന്നു. കത്തിയുപയോഗിച്ച് ശരീരഭാഗങ്ങൾ കുറേശെയായി വളരെനേരമെടുത്ത് മുറിച്ചുമാറ്റിയാണ് വധശിക്ഷ നടപ്പാക്കിയിരുന്നത്. ലിങ്ചി എന്ന വാക്ക് സാവധാനം മല കയറുക എന്ന പ്രയോഗത്തിൽ നിന്നാണ് ഉരുത്തിരിഞ്ഞുവന്നിട്ടുള്ളത്.
രാജ്യദ്രോഹമോ സ്വന്തം മാതാപിതാക്കളെ കൊല്ലുകയോ പോലുള്ള നിഷ്ഠൂരമായ കുറ്റകൃത്യങ്ങൾക്കാണ് ഈ ശിക്ഷ വിധിച്ചിരുന്നത്. പ്രതിയെ ഒരു പൊതുസ്ഥലത്ത് മരം കൊണ്ടുണ്ടാക്കിയ ചട്ടക്കൂട്ടിൽ ബന്ധിച്ച ശേഷം ശരീരത്തിൽ നിന്ന് മാംസം പല മുറിവുകളുണ്ടാക്കി നീക്കം ചെയ്യുകയാണ് പതിവ്. എങ്ങനെ ചെയ്യണം എന്ന് നിയമപുസ്തകങ്ങളിൽ വിശദമാക്കാത്തതിനാൽ ഈ പ്രക്രീയ പല രീതിയിൽ നടന്നിട്ടുണ്ടാവാം. ഉപയോഗത്തിലിരുന്നതിന്റെ അവസാന കാലത്ത് കറുപ്പ് ചിലപ്പോൾ ബോധം നഷ്ടപ്പെടുന്നതു തടയാനോ ദയകാണിക്കാനോ നൽകുമായിരുന്നു. ഈ ശിക്ഷയ്ക്ക് മൂന്ന് തലങ്ങളുണ്ട്: പരസ്യമായ അധിക്ഷേപം, സാവധാനം പീഡിപ്പിച്ചുള്ള മരണം, മരണശേഷമുള്ള ശിക്ഷ.
പിതൃക്കളോടുള്ള ബഹുമാനം എന്ന കൺഫൂഷ്യസിന്റെ തത്ത്വമനുസരിച്ച് ശരീരം മുറിക്കുന്നത് പിതൃക്കളോടുള്ള അവമതിയാണ്. മുറിവേറ്റ ശരീരങ്ങളുടെ ആത്മാക്കൾ അംഗഭംഗം വന്നവരായിരിക്കുമെന്നും വിശ്വാസമുണ്ട്. ചൈനയെപ്പറ്റി ചില പാശ്ചാത്യരുടെ മനസ്സിലെ പ്രധാന ബിംബം ഈ ശിക്ഷയായിരുന്നത്രേ. .
രാജ്യദ്രോഹമോ, കൂട്ടക്കൊലയോ, പിതൃഹത്യയോ, ജോലി തരുന്നയാളുടെ കൊലയോ പോലെ കൺഫ്യൂഷ്യൻ മൂല്യങ്ങൾക്കെതിരായ കുറ്റങ്ങൾക്കായിരുന്നു ഈ ശിക്ഷ നൽകിയിരുന്നത്. പീഡനരീതിയായോ മരണ ശേഷം അപമാനിക്കാനായോ ഇത് ചെയ്തിരുന്നുവത്രേ. ചക്രവർത്തിമാർ ജനങ്ങളെ ഭയപ്പെടുത്താനായി ചിലപ്പോൾ ചെറിയ കുറ്റങ്ങൾക്കുപോലും ലിങ് ചി ശിക്ഷ വിധിച്ചിരുന്നു. തെറ്റായ വിചാരണയിലൂടെ കുറ്റം കണ്ടെത്തി നിരപരാധികളെയും ഇത്തരത്തിൽ വധിച്ചിരുന്നുവത്രേ. ശത്രുക്കളുടെ കുടുംബാംഗങ്ങളെ ഇത്തരത്തിൽ വധിക്കാൻ ചില ചക്രവർത്തിമാർ ഉത്തരവിട്ടിരുന്നു. എങ്ങനെയാണ് ശിക്ഷ നടപ്പാക്കിയിരുന്നതെന്ന കൃത്യമായ വിവരം കിട്ടാൻ ബുദ്ധിമുട്ടാണെങ്കിലും കൈകാലുകളിലും നെഞ്ചിലും മുറിവുണ്ടാക്കി അവയവങ്ങൾ ഛേദിച്ച് അവസാനം ഹൃദയത്തിൽ മുറിവുണ്ടാക്കിയോ ശിരഛേദം ചെയ്തോ മരണത്തിലെത്തിക്കുകയായിരുന്നു പൊതുവിൽ നടപടിക്രമം. കുറ്റകൃത്യം ലഘുവാണെങ്കിലോ ആരാച്ചാർ ദയയുള്ളവനാണെങ്കിലോ ആദ്യ് മുറിവുതന്നെ കഴുത്തിലേൽപ്പിച്ച് പെട്ടെന്ന് മരണമുണ്ടാക്കിയിരുന്നു. പിന്നീടേൽപ്പിക്കുന്ന മുറിവുകൾ മൃതശരീരം ഛിന്നഭിന്നമാക്കാൻ വേണ്ടിയുള്ളതാവും.
കലാ ചരിത്ര വിദഗ്ദ്ധൻ ജെയിംസ് എൽകിൻസിന്റെ വാദത്തിൽ നിലവിലുള്ള ഫോട്ടോകൾ പരിശോധിച്ചതിൽ നിന്ന് പ്രതി ജീവിച്ചിരിക്കുമ്പോൾത്തന്നെ അംഗഭംഗം വരുത്തുമായിരുന്നു എന്നത് വ്യക്തമാണത്രേ. മുറിവേൽപ്പിക്കാനെടുക്കുന്ന സമയം വളരെ നീണ്ടതായിരുന്നിരിക്കില്ല എന്നും ആദ്ദേഹം വാദിക്കുന്നു. പ്രതി ഒന്നോ രണ്ടോ ഗുരുതരമായ മുറിവുകൾക്കു ശേഷം ബോധവാനായിരിക്കാൻ (ജീവനുണ്ടെങ്കിലും) സാദ്ധ്യത കുറവാണ്. ആയിരം മുറിവുകൾക്ക് പകരം ഏതാനും ഡസൻ മുറിവുകളേ ശരീരത്തിലേൽക്കാൻ സാദ്ധ്യതയുള്ളൂ. യുവാൻ രാജവംശക്കാലത്ത് നൂറ് മുറിവുകൾ ഏൽപ്പിക്കപ്പെടുമായിരുന്നുവത്രേ. മിങ് രാജവംശക്കാലത്ത് മൂവായിരം മുറിവുകൾ വരെ ശരീരത്തിലേൽപ്പിക്കുമായിരുന്നു. മെഡോവ്സിനെപ്പോലെയുള്ള വിശ്വസനീയരായ സാക്ഷികൾ 15-ഓ 20-ഓ മിനിട്ടുകൾ നീണ്ടുനിൽക്കുന്ന ഒരു ഹ്രസ്വമായ പ്രക്രീയയാണ് വിവരിക്കുന്നത്. ലഭ്യമായ ഫോട്ടോകൾ പ്രക്രീയയുടെ വേഗം സൂചിപ്പിക്കുന്നുണ്ട്. ദയാപ്രമായ ഒരു മുറിവ് (coup de grâce) ആദ്യമേ ലഭിക്കാനുള്ള സാദ്ധ്യത പ്രതികളുടെ കുടുംബാംഗങ്ങൾക്ക് കൈക്കൂലി കൊടുക്കാനുള്ള കഴിവിനനുസരിച്ച് മാറിമറിഞ്ഞ് വന്നിരുന്നിരിക്കണം. ചില ചക്രവർത്തിമാർ മൂന്നു ദിവസം ഈ പ്രക്രീയ തുടരണം എന്ന് വിധിച്ചിരുന്നു. മറ്റു ചില ചക്രവർത്തിമാർ മരണശിക്ഷ നൽകുന്നതിനു മുൻപ് എന്തൊക്കെ പീഡനങ്ങൾ നൽകണമെന്നോ ദീർഘനേരം പീഡിപ്പിക്കണമെന്നോ വിധിച്ചിരുന്നിരിക്കണം. യുവാൻ ചോങ്ഹുവാൻ എന്നയാൾ ഒരു ദിവസത്തിന്റെ പകുതി നിലവിളിച്ചുകൊണ്ടിരുന്നുവെന്നും അതിനുശേഷം നിശ്ശബ്ദനായി എന്നും രേഖകളുണ്ട്. പ്രതികളുടെ മാംസം ചൈനീസ് മരുന്നുകളുടെ കൂട്ടത്തിൽ വിറ്റിരുന്നിരിക്കാൻ സാദ്ധ്യതയുണ്ട്. മരണശേഷം അസ്ഥികളും മറ്റും കഷണങ്ങളാക്കുകയും ശരീരഭാഗങ്ങൾ കത്തിച്ച് ചാരമാക്കി വിതറുകയും ഔദ്യോഗിക ശിക്ഷാ രീതിയുടെ ഭാഗമായിരുന്നിരിക്കാം.
ബെയ്ജിങിൽ ലിങ്ചി പീഡനം - 1904
യധാർത്ഥത്തിൽ നടന്നിരുന്ന രീതിയിൽ നിന്ന് വളരെ വ്യത്യസ്തമായൊരു രീതിയിലാണ് ഈ ശിക്ഷ നടന്നിരുന്നതെന്നാണ് പാശ്ചാത്യരാജ്യങ്ങളിൽ നിലനിന്നിരുന്ന വിശ്വാസം. ചില തെറ്റിദ്ധാരണകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. 1895-ൽ തന്നെ ഈ തെറ്റിദ്ധാരണകളെപ്പറ്റി ചില പാശ്ചാത്യർ മനസ്സിലാക്കിയിരുന്നു. ആസ്ട്രേലിയൻ യാത്രികനായിരുന്ന ജോർജ് ഏൺസ്റ്റ് മോറിസൺ പതിനായിരം കഷണങ്ങളായി ശരീരം മുറിക്കുമെന്ന ധാരണ തെറ്റാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ശരീരത്തെ വികൃതമാക്കുന്നത് മരണശേഷമായതിനാൽ ഇത് വളരെ ക്രൂരമായൊരു ശിക്ഷയല്ലെന്ന് അദ്ദേഹം വാധിക്കുന്നു.
പാശ്ചാത്യരുടെ വിശ്വാസമനുസരിച്ച് മൂർച്ചയുള്ള ഒരു കത്തികൊണ്ട് കണ്ണിൽ മുറിവേൽപ്പിച്ചുകൊണ്ടാണ് ലിങ് ചി തുടങ്ങുക. ബാക്കി മുറിവുകൾ എവിടെയാണ് ഏൽപ്പിക്കുകയെന്ന് പ്രതിക്ക് കാണാൻ സാധിക്കാതിരിക്കാനാണ് (ഭീകരത കൂട്ടാൻ) ഇത് എന്നായിരുന്നു വിശ്വാസം. അതിനു ശേഷം ചെവികളും, മൂക്കും നാവും, വിരലുകളും, ലിംഗവും മറ്റും മുറിച്ചു മാറ്റിയശേഷം ശരീരത്തിൽ നിന്ന് വലിയ ഭാഗം മാംസക്കഷണങ്ങൾ മുറിക്കപ്പെടുമെന്നായിരുന്നു പൊതുവേയുള്ള ധാരണ. മൂന്നു ദിവസം കൊണ്ട് 3600 മുറിവുകളിലൂടെയാണ് മരണമുണ്ടാക്കുക എന്നും അതിനുശേഷം ശരീരം പൊതുദർശനത്തിനു വയ്ക്കും എന്നും വിശ്വാസമുണ്ടായിരുന്നു. ചില പ്രതികൾക്ക് കറുപ്പ് കൊടുക്കുമായിരുന്നുവെന്ന് ധാരണയുണ്ടായിരുന്നെങ്കിലും അത് പീഡനം കുറയ്ക്കാനാണോ കൂട്ടാനാണോ എന്ന് പാശ്ചാത്യർക്ക് ഏകാഭിപ്രായമുണ്ടായിരുന്നില്ല.
ക്വിങ് രാജവംശം 1905-ൽ ഔദ്യോഗികമായി നിറുത്തലാക്കിയെങ്കിലും,1910-നു ശേഷമുള്ള ചൈനാ ഭരണകൂടങ്ങളെയും പാശ്ചാത്യർ ഈ ശിക്ഷാ രീതിയുടെ കാചത്തിലൂടെയാണ് കണ്ടിരുന്നത്. 1905-നു ശേഷം ലിങ് ചി ഔദ്യോഗികമായി നടപ്പിലാക്കപ്പെട്ടില്ല. അതിനു മുൻപ് ഫ്രഞ്ച് പട്ടാളക്കാർ എടുത്ത മൂന്നു സെറ്റ് ഫോട്ടോകളാണ് പിന്നീടുള്ള പല കഥകൾക്കും കാരണമായത്..
ക്വിൻ എർ ഷിയുടെ കാലത്തും ഹാൻ രാജവംശക്കാലത്തും സർക്കരുദ്യോഗസ്ഥന്മാരെ ഇപ്രകാരം വധിച്ചിരുന്നു. നിരപരാധികളായ ഉദ്യോഗസ്ഥന്മാരെ ലിയു സിയെ ഇപ്രകാരം പീഡിപ്പിച്ചിരുന്നുവത്രേ.വെൻസുവാൻ ചക്രവർത്തി ആറു പേരെ ഇപ്രകാരം കൊലപ്പെടുത്തി. ആൻ ലുഷാൻ ഒരാളെ ഇപ്രകാരം വധിച്ചു. അഞ്ചു രാജവംശങ്ങളുടെ കാലത്ത് (907–960) ഈ ശിക്ഷാരീതിയെപ്പറ്റി അറിവുണ്ടായിരുന്നു. ഗാസൗ ഈ ശിക്ഷാരീതി നിറുത്തലാക്കുകയും ചെയ്തിരുന്നു. ലിയാവോ രാജവംശത്തിന്റെ കാലത്ത് നിയമപുസ്തകങ്ങളിൽ ഇത് സ്ഥാനം പിടിക്കുകയും ചിലപ്പോൾ ഉപയോഗിക്കപ്പെടുകയും ചെയ്തിരുന്നു. ലിയാവോ ചക്രവർത്തിയായിരുന്ന ടിയാൻസുവോ ഇപ്രകാരം ആൾക്കാരെ വധിക്കാൻ ഉത്തരവിട്ടിരുന്നു. സോങ് രാജവംശത്തിന്റെ കാലത്ത് റെൻസോങ് ചക്രവർത്തിക്കു കീഴിൽ ഇത് വ്യാപകമായി.
ചില ഉദ്യോഗസ്ഥർ ലിങ് ചി വിമതരെ പീഡിപ്പിക്കാൻ ഉപയോഗിച്ചിരുന്നു. ക്വിങ് രാജവംശത്തിന്റെ നിയമത്തിൽ ഈ ശിക്ഷ രാജ്യദ്രോഹം ചെയ്യുന്നവർക്കായും ഗുരുതരമായ മറ്റ് കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്കായും നിലനിർത്തിയിരുന്നു. ഷെൻ ജിയാബെൻ ക്വിങ് ഡൈനാസ്റ്റിയിലെ നിയമപണ്ഠിതരായിരുന്ന ഷെൻ ജിയാബെനിനെ പോലെയുള്ളവരുടെ റിപ്പോർട്ടുകൾ കാണിക്കുന്നത് ആരാച്ചാർമാർ പല രീതിയിൽ ഈ ശിക്ഷ നടപ്പാക്കിയിരുന്നെന്നും കൃത്യമായി എങ്ങനെ ചെയ്യണം എന്നത് പീനൽ കോഡിൽ വ്യക്തമാക്കിയിരുന്നില്ല എന്നുമാണ്.
വിയറ്റ്നാമിലും ഈ ശിക്ഷാരീതി നിലവിലുണ്ടായിരുന്നു. പരാജയപ്പെട്ട ലാ വാൻ ഖോയ് കലാപത്തിനുശേഷം ആൾക്കാരെ അടിച്ചമർത്താനെടുത്ത നടപടികളുടെ ഭാഗമായി ഫ്രഞ്ച് മിഷനറിയായിരുന്ന ജോസഫ് മർചൻഡിനെ 1835-ൽ വധിച്ചതാണ് പ്രശസ്തമായ ഒരു സംഭവം.
പാശ്ചാത്യരാജ്യങ്ങൾ ഇത്തരം ശിക്ഷാരീതികൾ നിറുത്തലാക്കാൻ ശ്രമിക്കവെ ചില പാശ്ചാത്യർ ചൈനയിലെ ലിങ് ചി ശിക്ഷയെ ശ്രദ്ധിക്കാൻ തുടങ്ങി. 1866-ൽ ബ്രിട്ടനിലെ അവസാന ക്വാർട്ടറിംഗ് നടന്ന് ഒരു വർഷത്തിനു ശേഷം ചൈനയിൽ നയതന്ത്രജ്ഞനായി ജോലി ചെയ്തിരുന്ന തോമസ് ഫ്രാൻസിസ് വേഡ് ലിങ് ചി നിറുത്തലാക്കാൻ ശ്രമിച്ചു നോക്കിയെങ്കിലും പരാജയപ്പെട്ടു.
ആദ്യമായി ലിങ് ചി നിറുത്തലാക്കണമെന്നാവശ്യപ്പെട്ട് നിവേദനം സമർപ്പിച്ചത് ലു യൗ: 1125–1210) എന്ന പണ്ഠിതനാണ്. അദ്ദേഹത്തിന്റെ വാദങ്ങൾ തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ട് നരുന്നുണ്ടായിരുന്നു. ഈ വാദങ്ങൾ തന്നെയാണ് ക്വിങ് രാജവംശത്തിലെ പരിഷ്കരണവാദിയായ ഷെൻ ജിയാബെൻ 1905-ൽ ഉപയോഗിച്ചത്. ക്രൂരവും അസാധാരണവുമായ ശിക്ഷകൾക്കെതിരേയുള്ള നീക്കം ടാങ് രാജവംശം അഞ്ചുതരം ശിക്ഷകൾ നിർണയിക്കുമ്പോഴേ നിലവിലുണ്ടായിരുന്നു. ഈ ശിക്ഷ നിറുത്തലാക്കാനുള്ള ചൈനയുടെ നീക്കം പാശ്ചാത്യരാജ്യങ്ങളുടെ സ്വാധീനത്താലല്ല, മറിച്ച് സ്വന്തം നാട്ടിൽ തന്നെയുള്ള വിചാരധാരയിൽ നിന്ന് ഉരുത്തിരിഞ്ഞുണ്ടായതാണ്.
ഹാർപേഴ്സ് വാരികയിൽ 1858-ൽ വന്ന റിപ്പോർട്ടിൽ രക്തസാക്ഷിയായ ആഗസ്റ്റേ ചാപ്ഡെലൈൻ ഈ രീതിയിലാണ് കൊല്ലപ്പെട്ടതെന്ന് പറഞ്ഞിരുന്നതെങ്കിലും അയാളെ മരണശേഷം ശിരഛേദം ചെയ്യുകയേ ഉണ്ടായുള്ളൂ.
ലിയു ജിൻ — മിങ് രാജവംശക്കാലത്തെ ഒരു നപുംസകമായിരുന്നു ഇയാൾ.
യുവാൻ ചോങ്ഹുവാൻ — ഒരു സൈനിക നേതാവായിരുന്നു.
ജോസഫ് മാർചൻഡ് – ഫ്രഞ്ച് മിഷനറിയും ലെ വാൻ ഖോയി കലാപത്തിലെ പങ്കാളിയും.
പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള വിവരണങ്ങൾ
സർ ഹെൻട്രി നോർമാൻ എഴുതിയ കിഴക്കിന്റെ രാഷ്ട്രീയവും ജനങ്ങളും (1895) എന്ന പുസ്തകം. ഇദ്ദേഹം ഒരു ഫോട്ടോഗ്രാഫറും സഞ്ചാരിയുമായിരുന്നു. യെമനിൽ നടന്നിരുന്ന പീഡനങ്ങളെപ്പറ്റി (ശിരഛേദം ഉൾപ്പെടെ) അദ്ദേഹം കണ്ടതായി പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. ഒരു ശിക്ഷയും നേരിട്ട് കണ്ടതായി അവകാശപ്പെടുന്നില്ലെങ്കിലും ലിങ് ചിയെപ്പറ്റി അദ്ദേഹം തരുന്ന വിവരണം ഇപ്രകാരമാണ്. ആരാച്ചാർ നെഞ്ചോ തുടയോ പോലെ ശരീരത്തിന്റെ ഒരു ഭാഗം ഒരു കയ്യിൽ പിടിച്ച് അത് മുറിച്ചു മാറ്റും. കൈകാലുകൾ കൈക്കുഴയിലും കണങ്കാലിലും വച്ചും; കൈമുട്ടിലും കാൽമുട്ടിലും വച്ചും; തോളത്തും ഇടുപ്പിലും വച്ചും മുറിച്ചു മാറ്റും. അവസാനം ഹൃദയത്തിൽ കുത്തുകയും ശിരസ്സ് ഛേദിക്കുകയും ചെയ്യും.
ജോർജ് ഏൺസ്റ്റ് മോറിസൺ എഴുതിയ ചൈനയിൽ ഒരു ഓസ്ട്രേലിയക്കാരൻ (1895) എന്ന പുസ്തകം. ഇതിൽ മറ്റു വിവരണങ്ങളിൽ നിന്ന് ഭിന്നമായി ലിങ് ചി വികൃതമാക്കലുകൾ മരണശേഷമാണ് നടക്കുന്നതെന്ന് വിവരിക്കുന്നു. ഒരു ദൃക്സാക്ഷിയുടെ മൊഴിയെ ആസ്പദമാക്കിയാണ് മോറിസൺ ഈ വിവരണം തരുന്നത്. "കറുപ്പ് കൊടുത്ത് മയക്കിയ പ്രതിയെ ഒരു കുരിശിൽ കെട്ടിയശേഷം ആരാച്ചാർ പുരികങ്ങൾക്ക് മുകളിൽ രണ്ട് മുറിവുകളുണ്ടാക്കി തൊലി കീഴേയ്ക്ക് വലിച്ച് കണ്ണുകൾ മറയ്ക്കും. രണ്ട് മുറിവുകൾ നെഞ്ചിലുണ്ടാക്കിയശേഷം ഹൃദയത്തിൽ കത്തി കുത്തിയിറക്കും. മരണം പെട്ടെന്നു തന്നെയുണ്ടാകും. അതിനു ശേഷമാണ് ശരീരം കഷണങ്ങളായി മുറിക്കുന്നത്. സ്വർഗത്തിൽ പ്രതി എങ്ങനെയെത്തണം എന്നുദ്ദേശിക്കുന്നോ ആ രൂപത്തിലാണ് ശരീരം വികലമാക്കുന്നത്. "
ടിയാൻ ജിൻ ദി ചൈന ഇയർ ബുക്ക് (1927), പേജ് 1401, കമ്യൂണിസ്റ്റ് കക്ഷികളും സർക്കാർ സേനയും തമ്മിൽ നടക്കുന്ന പോരാട്ടങ്ങളെപ്പറ്റി പറയുന്നുണ്ട്. പല ക്രൂരതകളെപ്പറ്റിയും പറയുന്നതിനിടെ ഒരു ലിങ്ചി വധശിക്ഷയെപ്പറ്റിയും പറയുന്നു. കറുപ്പ് കൊടുക്കുന്നതിനെപ്പറ്റി ഈ വിവരണത്തിൽ പറയുന്നില്ല. ഇത് സർക്കാരിന്റെ കുപ്രചരണമാവാൻ സാദ്ധ്യതയുണ്ട്.
ദി ടൈംസ്, (1927 ഡിസംബർ 9-ന്), ഒരു റിപ്പോർട്ടർ കമ്യൂണിസ്റ്റുകാർ കാന്റൺ നഗരത്തിൽ ഒരു ക്രിസ്ത്യൻ പാതിരിയെ ലിങ്ചിയിലൂടെ പരസ്യമായി കൊല്ലാൻ പോകുന്നു എന്ന് അറിയിച്ചു.
ജോർജ് റോറിച്ച്, "ഏഷ്യയുടെ ഉള്ളിലേയ്ക്കുള്ള പാതകൾ" (1931), പേജ് 119, 1928 ജൂലൈയിൽ സിങ്കിയാങ് ഗവർണറായിരുന്ന യാങ് സെങ്-സിൻ എന്നയാൾ വധിക്കപ്പെട്ടതിനെപ്പറ്റി പറയുന്നുണ്ട്. ഘാതകൻ അദ്ദേഹത്തിന്റെ വിദേശകാര്യമന്ത്രി ഫാൻ യാവോ-ഹാനിന്റെ അംഗരക്ഷകനായിരുന്നു. ഫാൻ യാവോ-ഹാനെയും അയാളുടെ മകളെയും ലിങ് ചി വഴിയാണ് വധശിക്ഷയ്ക്ക് വിധേയരാക്കിയതത്രേ. മന്ത്രിയെ വധിച്ചത് അദ്ദേഹത്തിന്റെ മകളുടെ മരണം കാണിച്ചതിനു ശേഷമായിരുന്നു. റോറിച്ച് ഈ സംഭവത്തിന്റെ സാക്ഷിയായിരുന്നില്ല. സംഭവസമയത്ത് അദ്ദേഹം ഇന്ത്യയിലേയ്ക്ക് മടങ്ങിയിരുന്നു.
ജോർജ് റൈലി സ്കോട്ട്, പീഡനത്തിന്റെ ചരിത്രം, (1940): കമ്യൂണിസ്റ്റുകാർ പലരെയും ഇപ്രകാരം വധിച്ചിരുന്നതായി റിപ്പോർട്ട് ചെയ്യുന്നു. നാങ്കിങിലെ സർക്കാരിന്റെ അവകാശവാദങ്ങളാണ് ഇദ്ദേഹം ആധാരമായി സ്വീകരിക്കുന്നത്. ഇവ കുപ്രചരണമാണോ എന്ന് വ്യക്തമല്ല. കറുപ്പിനെക്കുറിച്ച് ഇദ്ദേഹം ഒന്നും പറയുന്നില്ല. രാജ്യത്തിന്റെ പലഭാഗത്തും നടക്കുന്ന വധശിക്ഷാരീതിയുടെ വ്യത്യാസങ്ങളെപ്പറ്റിയും സ്കോട്ട് വിശദീകരിക്കുന്നുണ്ട്. ഇദ്ദേഹത്തിന്റെ പുസ്തകത്തിൽ 1927-ൽ കാന്റണിൽ ഇപ്രകാരം വധിക്കപ്പെട്ട ഒരാളുടെ ശവശരീരത്തിന്റെ ഫോട്ടോയുണ്ട്. ഇതിൽ പക്ഷേ ഹൃദയത്തിൽ മുറിവുള്ളതായി കാണുന്നില്ല. മുറിക്കൽ മരണശേഷമാണോ നടന്നതെന്ന കാര്യം പറയുന്നില്ല. മുറിക്കൽ തുടങ്ങുന്നതിനു മുൻപേ പ്രതിയെ കൊല്ലാൻ ബന്ധുക്കൾ ആരാച്ചാർക്ക് കൈക്കൂലി കൊടുക്കുമായിരുന്നുവെന്ന് പുസ്തകത്തിൽ അവകാശപ്പെടുന്നു.
അമേരിക്കൻ സൈന്യത്തിന്റെ വിവരണം
ഒരു റിപ്പോർട്ടനുസരിച്ച് 1927-നും 1941-നുമിടയിൽ ഷാങ്ഹായിക്കടുത്ത് താവളമടിച്ചിരുന്ന അമേരിക്കൻ ഐക്യനാടിന്റെ മറൈൻ സൈനികർ മനുഷ്യാവകാശലംഘനങ്ങളുടെ തെളിവുകൾ ശേഖരിച്ചിരുന്നു. സൈനികരുടെ കുറിപ്പുകളിലും ഫോട്ടോകളിലും ഫയറിംഗ് സ്ക്വാഡുപയോഗിച്ചും ശിരഛേദം ചെയ്തും വയറുകീറിയും ലിങ്ചി ഉപയോഗിച്ചും വധശിക്ഷ നടപ്പാക്കുന്നതിന്റെയും ബലാത്സംഗം ചെയ്തതിന്റെയും തെളിവുകളുണ്ടത്രേ.
ഈ ഫോട്ടോകൾ ചൈനയിൽ വാങ്ങാൻ കിട്ടുമായിരുന്നുവത്രേ. പല ആൽബങ്ങളിലും ഒരേ ഫോട്ടോകളാണുണ്ടായിരുന്നത്. ഫോട്ടോകളുടെ പിന്നിൽ കോപ്പികളുണ്ടാക്കി വിറ്റിരുന്ന സ്റ്റുഡിയോയുടെ പേരുമുണ്ട്. 1910-കളിലെ ഫോട്ടോകൾ 20-കളിലെ പീഡനകഥകളുമായി തെറ്റിദ്ധാരണ കാരണം ചേർക്കപ്പെട്ടതാവാം. ലിങ്ചി ഫോട്ടോകൾ കൗതുകവസ്തുക്കളായും വിറ്റിരുന്നു.
ഈ കാലത്തെ ഫോട്ടോകൾ ( വെടിയേറ്റുമരിച്ച ചൈനക്കാരല്ലാത്ത നയതന്ത്ര ഉദ്യോഗസ്ഥരുടെയും, ശിരസറ്റ ജഡങ്ങളുടെയും, ആയിരം മുറിവുകളിലൂടെ വധശിക്ഷ നടപ്പാക്കപ്പെട്ട ഒരാളുടെയും മറ്റും) ജോർജ് റൈലി സ്കോട്ടിന്റെ "പീഡനത്തിന്റെ ചരിത്രം" എന്ന പുസ്തകത്തിൽ കാണാം.
കെന്റക്കിക്കാരനായ വില്യം ആർതർ കർട്ടിസാണ് ലിങ്ചിയുടെ ഫോട്ടോയെടുത്ത ആദ്യ പാശ്ചാത്യൻ. കാന്റണിൽ വച്ചാണ് ഫോട്ടോ എടുക്കപ്പെട്ടത്.
ബൈജിങിൽ താവളമടിച്ചിരുന്ന ഫ്രഞ്ച് സൈനികർക്ക് 1905-ൽ മൂന്ന് വധശിക്ഷകളുടെ ഫോട്ടോ എടുക്കാൻ സാധിച്ചു:
വാങ് വൈക്വിൻ എന്ന ഉദ്യോഗസ്ഥൻ രണ്ടു കുടുംബങ്ങലെ കൊന്ന കുറ്റത്തിന് 1904 ഒക്ടോബർ 31-ന് വധിക്കപ്പെട്ടു:
അജ്ഞാതനായ ഒരാളെ അജ്ഞാതമായ കാരണത്താൽ 1905 ജനുവരിയിൽ വധിച്ചു. ഒരുപക്ഷേ സ്വന്തം അമ്മയെ കൊന്ന കുറ്റത്തിന് മാനസിക വികാസമില്ലാത്ത ഒരു യുവാവിനെയാവാം അന്ന് വധിച്ചത്. ഫോട്ടോകൾ ജോർജ് ഡ്യൂമാസിന്റെ "നോവിയോ ട്രൈറ്റെ ഡി സൈക്കോളജി" എന്ന പുസ്തകത്തിന്റെ 1930-നും 1943-നുമിടെ പ്രസിദ്ധീകരിച്ച വോള്യങ്ങളിൽ വന്നിരുന്നു.
ഫുഷുലി എന്ന മംഗോൾ വംശജനായ അംഗരക്ഷകനെ ഇന്നർ മംഗോളിയയിലെ രാജകുമാരനായിരുന്ന ആഓഹാൻ ബാന്നർ എന്ന തന്റെ യജമാനനെ കൊന്നു എന്ന കുറ്റത്തിന് 1905 ഏപ്രിൽ 10-ന് വധിച്ചു. രണ്ടാഴ്ച്ചയ്ക്കു ശേഷം ലിങ്ചി നിരോധിച്ചതിനാൽ ഒരുപക്ഷേ ഇതായിരിക്കാം അവസാനമായി റിപ്പോർട്ട് ചെയ്യപ്പെട്ട ഔദ്യോഗികമായ ലിങ് ചി വധശിക്ഷ.മാറ്റിഗ്നൺ (1910), കാർപിയോ (1913) എന്നിവരുടെ പുസ്തകത്തിൽ ഈ ഫോട്ടോകൾ വന്നിരുന്നു.
ഫോട്ടോഗ്രാഫുകളും മറ്റു സ്രോതസ്സുകളും ചൈനീസ് പീഡന ഡേറ്റാബേസിൽ ഓൺലൈനായി ലഭ്യമാണ്.
ലിങ്ചിയെപ്പറ്റിയുള്ള വിവരണങ്ങളും ഫോട്ടോകളും മറ്റും പല ചിത്രങ്ങളിലും സാഹിത്യരചനകളിലും ചലച്ചിത്രങ്ങളിലും പ്രതിഫലിച്ചിട്ടുണ്ട്. ചരിത്രപരമായ സത്യാവസ്ഥ പറയാനാണ് ചിലർ ശ്രമിച്ചിട്ടുള്ളതെങ്കിൽ മറ്റുള്ളവർ കലാപരമായ ലൈസൻസുപയോഗിച്ച് വസ്തുതകളെ മാറ്റിമറിച്ചിട്ടുണ്ട്.
1905-ലെ സംഭവത്തെക്കുറിച്ച് സൂസൻ സോണ്ടാങ് മറ്റുള്ളവരുടെ വേദനയെക്കുറിച്ച് (2003) എന്ന പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്.
ജോർഗസ് ബെറ്റൈൽ എന്ന തത്ത്വചിന്തകൻ ലിങ് ചിയെക്കുറിച്ച് ല'എക്സ്പീരിയൻസ് ഇന്റെറിയൂറെ (1943), ലെ കൗപബ്ലെ (1944) എന്നീ പുസ്തകങ്ങളിൽ പ്രതിപാദിക്കുന്നുണ്ട്. അദ്ദേഹം അഞ്ച് ഫോട്ടോകൾ ദി ടിയേഴ്സ് ഓഫ് ഈറോസ് (1961) എന്ന പുസ്തകത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ പുസ്തകം പിശകുകളും ഉള്ളടക്കവും ഭാഷയും കാരണം വിമർശിക്കപ്പെട്ടിട്ടുണ്ട്.
ജോർജ് മാക്ഡോണാൾഡ് ഫ്രേസറിന്റെ ഫ്ലാഷ്മാൻ ആന്റ് ദി ഡ്രാഗൺ എന്ന നോവൽ; ഗാരി ജെന്നിംഗ്സിന്റെ ദി ജേർണിയർ എന്ന നോവൽ; സാൽവഡോർ എലിസോണ്ടോയുടെ ഫാറാബ്യൂഫ് എന്ന നോവൽ; മാൽകം ബോസ്സെയുടെ ദി എക്സാമിനേഷൻ എന്ന നോവൽ; ആമി ടാന്റെ ദി ജോയ് ലക്ക് ക്ലബ് എന്ന നോവൽ; റോബർട്ട് വാൻ ഗുളീകിന്റെ ജഡ്ജ് ഡീ നോവലുകൾ എന്നിവയിലൊക്കെ ആയിരം മുറിവുകളിലൂടെയുള്ള വധശിക്ഷയെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. 1905-ലെ ഫോട്ടോകൾ തോമസ് ഹാരിസിന്റെ ഹാനിബാൾ എന്ന നോവൽ, ജൂലിയോ കോർട്ടസാറിന്റെ നോവൽ റായുവേല എന്നിവിടങ്ങളിൽ വിഷയമാവുന്നുണ്ട്.
ലിങ് ചി ചൈനയല്ലാത്ത സാഹചര്യങ്ങളിൽ മേഴ്സിഡസ് ലാക്കിയുടെ നോവൽ ദി സർപ്പന്റ്സ് ഷാഡോ, റിച്ചാർഡ് കെ. മോർഗാന്റെ നോവൽ ബ്രോക്കൺ ഏഞ്ചൽസ് എന്നിവയിൽ പ്രതിപാദിക്കപ്പെടുന്നുണ്ട്.
1956-ലെ ദി കോൺക്വറർ എന്ന ചലച്ചിത്രത്തിൽ ഈ രീതിയിലുള്ള വധശിക്ഷയെ സാവധാനമുള്ള മരണം എന്നാണ് വിളിക്കുന്നത്. 1966-ലെ ദി സാൻഡ് പെബിൾസ്, 1968-ലെ കാരി ഓൺ.. അപ് ദി ഖൈബർ, 1996-ലെ ഫ്ലെഡ്, 1998-ലെ എ ചൈനീസ് ടോർച്ചർ ചേമ്പർ സ്റ്റോറി 2, 2007-ലെ റഷ് അവർ 3, എന്നീ ചലച്ചിത്രങ്ങൾ ഈ വധശിക്ഷാ രീതി കാണിക്കുകയോ അതിനെ അവലംബമാക്കി കഥ വികസിപ്പിക്കുകയോ ചെയ്യുന്നു.
ബി.ബി.സി.യിലെ സീരിയലായ റോബിൻ ഹുഡ് (2006), അസാസിൻസ് ക്രീഡ് - എംബേഴ്സ് (2011)എന്ന ഹ്രസ്വചിത്രം എന്നിവയിലും ലിങ് ചി പ്രത്യക്ഷപ്പെടുന്നുണ്ട്.
1905-ലെ ഫോട്ടോകളാൽ പ്രേരിതനായി ചെൻ ചിയൻ-ജെൻ എന്നയാൾ ലിങ്ചി എന്ന പേരിൽ ഒരു 25 മിനിട്ട് ഹ്രസ്വ ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. ഇതെപ്പറ്റി ചില വിവാദങ്ങൾ ഉണ്ടായിട്ടു ണ്ട്.
Courtesy wiki .
photo 1.ഒരു ഫ്രഞ്ച് മിഷനറിയെ ചൈനയിൽ അറുത്തു കൊന്നതിനെപ്പറ്റി 1858-ൽ ഫ്രഞ്ച് പത്രം ലെ മോണ്ടെ ഇല്ലസ്ട്രെ എന്ന പത്രത്തിൽ വന്ന ചിത്രീകരണം.
2ബെയ്ജിങിൽ ലിങ്ചി പീഡനം - 1904
3. ജോസഫ് മർച്ചൻഡിന്റെ വധശിക്ഷ. (വിയറ്റ്നാം) 1835.