മഞ്ഞ ഇല പൊഴിച്ചു തുടങ്ങിയാല്‍ പിന്നെ, ചൈനയിലെ 1400 വര്‍ഷം പഴക്കമുള്ള ഗിങ്കോ മരം കാണാന്‍ വിനോദസഞ്ചാരികളുടെ തിരക്കാണ്. ചില്ലയിലും ചുറ്റുവട്ടത്തും ആയിരക്കണക്കിന് ഇലകള്‍ പൊഴിച്ച് സുന്ദരിയായി നില്‍ക്കുന്ന വൃക്ഷത്തിന്റെ ചിത്രം 2016-ല്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിച്ചതോടെയാണ് ഇവിടേയ്ക്കുള്ള സന്ദര്‍ശകരുടെ ഒഴുക്ക് വര്‍ധിച്ചത്. ഒരു ദിവസം 70,000 സന്ദര്‍ശകര്‍ വരെ എത്തിച്ചേര്‍ന്ന ചരിത്രം ഈ മരമുത്തശ്ശിക്കുണ്ട്.
സന്ദര്‍ശകരുടെ തിരക്ക് കണക്കിലെടുത്ത്, ഗിങ്കോ കാണാന്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യം ഒരുക്കിയിരിക്കുകയാണ്. ഒക്ടോബര്‍ 28 മുതല്‍ ഡിസംബര്‍ 10 വരെയാണ് ഇലപൊഴിക്കുന്ന വൃക്ഷം കാണാന്‍ സന്ദര്‍ശകരെ ക്ഷണിക്കുന്നത്. ഒരു ദിവസം 7200 സന്ദര്‍ശകര്‍ എന്ന കണക്കിലാണ് പ്രവേശനം നിയന്ത്രിച്ചിരിക്കുന്നത്.
ഷോങ്ഗ്നാന്‍ മലനിരകളില്‍ സ്ഥിതി ചെയ്യുന്ന ഗുവാന്യന്‍ ബുദ്ധ
ക്ഷേത്രത്തിലാണ് ഗിങ്കോ വൃക്ഷം വളരുന്നത്. താങ് രാജവാഴ്ചകാലത്ത്
പൊട്ടിമുളച്ചതെന്ന് കരുതപ്പെടുന്നു. മധ്യ ചൈനയിലെ സിയാന്‍ നഗരത്തില്‍
നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് വൃക്ഷം സ്ഥിതി ചെയ്യുന്നത്.
പതിറ്റാണ്ടുകളുടെ കാലാവസ്ഥാവ്യതിയാനങ്ങളെ അതിജീവിച്ചതിനാല്‍, ജീവിക്കുന്ന
അസ്ഥിപഞ്ജരമെന്നും വൃക്ഷത്തെ വിശേഷിപ്പിക്കുന്നു.