ബി.സി. പതിനാലാം നൂറ്റാണ്ടിൽ, ഈജിപ്തിലെ നവരാജ്യയുഗത്തിലെ (New Kingdom) ഭരണാധികാരികൾക്ക് കാനാനിലേയും സിറിയയിലേയും അവരുടെ സാമന്തന്മാരും മറ്റും അയച്ച കത്തുകളുടെ ശേഖരമാണ്അമാർണാ എഴുത്തുകൾ. നയതന്ത്രവിഷയങ്ങളെ സംബന്ധിച്ച് കളിമൺഫലകങ്ങളിൽ എഴുതിയിരിക്കുന്ന ഈ കത്തുകൾ ഈജിപ്തിൽ മെഡിറ്ററേനിയൻ തീരത്തു നിന്ന് 500 കിലോമീറ്റർ ഉള്ളിലുള്ള അമാർണായിലാണ് കണ്ടുകിട്ടിയത്. ബിസി പതിനാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ പതിനെട്ടാം രാജവംശത്തിന്റെ കാലത്ത് ഫറവോ അഖനാതെൻ സ്ഥാപിച്ച അഖെതാതൻ നഗരത്തിന്റെ ഇപ്പോഴത്തെ സ്ഥാനമാണ് അമാർണാ. ഈജിപ്ഷ്യൻ ഭാഷയിലെന്നതിനു പകരം പുരാതന മെസപ്പോട്ടേമിയയിലെ അക്കാദിയൻ ആപ്പെഴുത്തിലാണ് (Cuneiform) ഈ കത്തുകളിൽ മിക്കവയും. കത്തുകളടങ്ങിയ ഫലകങ്ങളിൽ നിലവിലുള്ളവയുടെ സംഖ്യ 382 ആണ്. 1907-നും 1915-നും ഇടയിൽ നോർവേക്കാരനായ അസീറിയാവിദഗ്ദ്ധൻ യോർഗൻ അലക്സാണ്ടർ കുൻഡ്സെൻ ഈ എഴുത്തുകളുടെ ശ്രദ്ധേയമായ ഒരു പ്രകാശനം രണ്ടു വാല്യങ്ങളിൽ നടത്തി. അതിനു ശേഷവും 24 ഫലകങ്ങൾ കൂടി കണ്ടുകിട്ടിയിട്ടുണ്ട് മുപ്പതുവർഷക്കാലത്തെ കത്തിടപാടുകളുടെ രേഖയായ ഈ ഫലകങ്ങളുടെ കണ്ടെത്തൽ, മദ്ധ്യപൂർവദേശത്തിന്റെ പുരാവസ്തുവിജ്ഞാനത്തിനു ലഭിച്ച അമൂല്യസംഭാവനയാണ്.
ഹിത്തിയ ഭാഷയിൽ രണ്ടും ഹൂറിയൻ ഭാഷയിൽ ഒന്നും ഫലകങ്ങൾ ഒഴിച്ചാൽ അവശേഷിക്കുന്നവയെല്ലാം, നയതന്ത്രവിഷയങ്ങളിലെ എഴുത്തുകുത്തുകൾക്ക് അക്കാലത്ത് ഉപയോഗിച്ചിരുന്ന അക്കാദിയൻ ഭാഷയിലാണ്. കത്തുകൾ എഴുതിയവർക്ക് അക്കാദിയൻ ഭാഷ പരിമിതമായി മാത്രം സ്വാധീനമായിരുന്നതിനാൽ കത്തുകളിലെ പ്രയോഗവൈചിത്ര്യങ്ങൾ എഴുത്തുകാരുടെ മാതൃഭാഷകളിലേക്കും വെളിച്ചം വീശുന്നു. അഖെനത്തോൻ ഫറവോന്റെ പുരാതനനഗരത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ 1887-ൽ ഈ ശേഖരം കണ്ടെത്തിയത് നാട്ടുകാരാണ്. പുരാവസ്തുവിദഗ്ദ്ധന്മാർ പിന്നീട് "എഴുത്തുകുത്തുകളുടെ കച്ചേരി" (Bureau of Correspondence) എന്നു വിശേഷിപ്പിച്ച ഒരു കെട്ടിടത്തിന്റെ അവശിഷ്ടങ്ങളിൽ അവ കണ്ട നാട്ടുകാർ ഫലകങ്ങൾ കുഴിച്ചെടുത്ത് പുരാവസ്തുക്കളുടെ ചന്തയിൽ വിറ്റു. തുടർന്നുള്ള അന്വേഷണത്തിൽ കൂടുതൽ ഫലകങ്ങൾ കണ്ടുകിട്ടി. ആദ്യം 21 പുതിയ ശകലങ്ങൾ കിട്ടിയത് വില്യം മാത്യൂ ഫിന്റേഴ്സ് പെട്രിക്ക് ആണ്. കെയ്റോയിലെ ഫ്രെഞ്ച് പൗരസ്ത്യപുരാവിജ്ഞാന ഇൻസ്റ്റിട്യൂട്ടിന്റെ ഡയറക്ടറായിരുന്ന എമിൽ ചാസ്സിനാട്ട് 1903-ൽ രണ്ടു ഫലകങ്ങൾ കൂടി കണ്ടെത്തി. കുണ്ഡ്സെന്റെ കൃതിയുടെ പ്രകാശനത്തിനു ശേഷം 24 പുതിയ ശകലങ്ങളോ മുഴുവൻ ഫലകങ്ങൾ തന്നെയോ കിട്ടി. ചിലത് ഈജിപ്തിൽ തന്നെ കിട്ടിയപ്പോൾ മറ്റു ചിലത് അന്യനാടുകളിലെ മ്യൂസിയങ്ങളിലെ ശേഖരങ്ങളിൽ ഈ എഴുത്തുകുത്തുകളുടെ ഭാഗമായി തിരിച്ചറിയപ്പെടുകയാണുണ്ടായത്.
ഈ ഫലകങ്ങൾ ഇപ്പോൾ ജർമ്മനി, ഇംഗ്ലണ്ട്, ഈജിപ്ത്, ഫ്രാൻസ്, റഷ്യ, അമേരിക്കൻ ഐക്യനാടുകൾ എന്നിവിടങ്ങളിലെ മ്യൂസിയങ്ങളിൽ ചിതറിക്കിടക്കുന്നു. 200-ൽ അധികമെണ്ണം ബെർളിനിലെ വോർദേരാസിയാറ്റിഷെസ് മ്യൂസിയത്തിലും 80 എണ്ണം ബ്രിട്ടീഷ് മ്യൂസിയത്തിലുമാണ്. 50-നടുത്ത് ഫലകങ്ങൾ കെയ്റോയിലെ ഈഷിപ്ഷ്യൻ മ്യൂസിയത്തിലുണ്ട്. 7 എണ്ണം പാരിസിലെ ലവ്രെ മ്യൂസിയത്തിലാണ്. റഷ്യയിലെ പുഷ്കിൻ മ്യൂസിയത്തിൽ മൂന്നും ചിക്കാഗോയിലെ ഓറിയന്റൽ ഇൻസ്റ്റിട്യൂട്ടിൽ ഒന്നും ഫലകങ്ങളുണ്ട്.
മിത്താനിയിലെ തുഷ്രാത്ത, ഫറഫോ അമെൻഹോട്ടെപ്പ് മൂന്നാമന് എഴുതിയ ഈ കത്ത് ഒരു വിവാഹാലോചനയാണ്
അമെനോഫിസ് മൂന്നാമന്റെ ഭരണകാലം തൊട്ടുള്ള കത്തുകളടങ്ങിയ ഈ അമൂല്യശേഖരത്തിന്റെ പ്രധാനവിഷയം രാജ്യാന്തരബന്ധമാണ്. സാഹിത്യസംബന്ധിയും പ്രബോധനപരവുമായ കത്തുകളും ഉണ്ട്. ബാബിലോണിയ, അസീറിയ, മിത്തനി, ഹിത്തിയ, കാനാൻ, അലാഷിയ (സൈപ്രസ്) എന്നീ നാടുകളുമായുള്ള ഈജിപ്തിന്റെ ബന്ധത്തെ സംബന്ധിച്ച് ഒട്ടേറെ വിവരങ്ങൾ ഇവയിലുണ്ട്. അസീറിയ, മിത്തനി തുടങ്ങിയ വൻശക്തികളിൽ നിന്നുള്ള കത്തുകൾ രാജദൂതന്മാരുടെ നിയുക്തിയേയും, വിലപിടിപ്പുള്ള ഉപഹാരങ്ങളുടെ കൈമാറ്റത്തേയും മറ്റും സംബന്ധിച്ചാണ്. ഭൂരിഭാഗം കത്തുകളും സാമന്തരാജ്യങ്ങളിലെ അധികാരികളിൽ നിന്നാണ്. രാഷ്ട്രീയമായ സംഘർഷങ്ങളും മറ്റും അവയിൽ നിഴലിച്ചു കാണാ അക്കാലത്തെ ചരിത്രത്തക്കുറിച്ചും, സംഭവക്രമങ്ങളുടെ പിന്തുടർച്ചയെക്കുറിച്ചുമുള്ള (chronology) അറിവിൽ ഇവ വിലപ്പെട്ട രേഖകളാണ്. ബാബിലോണിയയിലെ രാജാവ് കാദാഷ്മാൻ-എനിൽ ഒന്നാമന്റെ ഒരു കത്തിൽ നിന്ന്, ഫറവോ അഖ്നാത്തന്റെ ഭരണകാലം ബിസി പതിനാലാം നൂറ്റാണ്ടിന്റെ മദ്ധ്യം ആയിരുന്നെന്നു മനസ്സിലാക്കാം. മിത്താനിയിലെ തുഷ്രാത്താ ഷെച്ചെമിലെ ലിബായു, യെരുശലേമിലെ അബ്ദി-ഹേബാ, ബൈബ്ലോസിലെ കലഹപ്രിയനായ രാജാവ് റിബ്-ഹബ്ദാ എന്നിവരേയും ഈ രേഖകൾ പരാമർശിക്കുന്നു. 58-ലധികം കത്തുകളിൽ റിബ്-ഹബ്ദാ ഈജിപ്തിനോട് തുടർച്ചയായി സൈന്യസഹായം ആവശ്യപ്പെടുന്നുണ്ട്.
അമാർണാ കത്തുകളിൽ 'ഹബിരുകൾ' എന്ന ജനവിഭാഗത്തെക്കുറിച്ച് ആവർത്തിച്ചുള്ള പരാമർശം ഏറെ കൗതുകമുണർത്തുകയും, അവർ ആരായിരുന്നു എന്നതിനെ സംബന്ധിച്ച് ഇനിയും തീരുമാനമാകാത്ത തർക്കങ്ങൾക്ക് കാരണമാവുകയും ചെയ്തു. കലാപകാരികളുടെ അസംതൃപ്തസമൂഹമായി ചിത്രീകരിക്കപ്പെടുന്ന ഇവർ ഒരു ജനവിഭാമോ സാമൂഹ്യവർഗ്ഗമോ എന്നു പോലും വ്യക്തമല്ല. സമരോത്സുകളും ഭ്രഷ്ടന്മാരുമായി അവർ കാണപ്പെടുന്നു. പേരിനേയും സ്ഥലകാലസൂചനകളേയും അടിസ്ഥാനമാക്കി, ഹീബ്രൂകൾ അഥവാ യഹൂദജനതയുടെ പൂർവികർ ആണ് ഈ പേരിൽ പരാമർശിക്കപ്പെടുന്നതെന്നു വാദമുണ്ടെങ്കിലും അതിപ്പോഴും തർക്കവിഷയമായിരിക്കുന്നു. അമാർണാ കത്തുകളിൽ പരാമർശിക്കപ്പെടുന്ന 'ഹബിരുകൾ' എബ്രായർ ആയിരിക്കണമെന്നില്ലെങ്കിലും, തുടർന്നു വന്ന നൂറ്റാണ്ടുകളിൽ എബ്രായജനതയെ രൂപപ്പെടുത്തിയ ലോകാവസ്ഥയുടെ വിലപ്പെട്ട ജാലകക്കാഴ്ച ഈ കത്തുകളിൽ ലഭിക്കുന്നുവെന്ന് ഓക്സ്ഫോർഡ് ബൈബിൾ സഹകാരി പറയുന്നു.
വെങ്കലയുഗത്തിന്റെ അവസാനത്തോടടുത്ത് കാനാൻ ദേശത്തിന്മേലുള്ള ഈജിപ്തിന്റെ മേൽക്കോയ്മ ദുർബ്ബലമായതിന്റെ സൂചനയാണ് അമർണാ കത്തുകൾ നൽകുന്നതെന്നു ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. യുദ്ധങ്ങളുടേയും ആഭ്യന്തരശൈഥില്യത്തിന്റേയും ചിത്രം അവയിൽ തെളിയുന്നു. നഗരങ്ങളിലെ ജനങ്ങൾ ഹബിരുകളെപ്പോലുള്ള ആക്രമണകാരികളുടെ ഭീഷണിയിൽ കഴിഞ്ഞു. നാഗരികത, തീരഭൂമിയിലും ജസ്രീൽ താഴ്വരയും ജോർദ്ദാൻ തടവും ഉൾപ്പെടെയുള്ള പ്രദേശങ്ങളിലും ഒതുങ്ങി നിന്നു. ഷെച്ചെം, യെരുശലേം, ഹെബ്രോൺ എന്നീ നഗരങ്ങൾ ഒഴിച്ചാൽ, ഉൾപ്രദേശങ്ങൾ വിജനമായിക്കിടന്നു.