A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ഹാൻസീ.. നീറുന്ന ഒരു ഓർമ്മ ചിത്രം






വർഷം 1992. ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം. ഏഴ് ഏകദിനങ്ങലുള്ള പരമ്പരയിലെ ആദ്യ മത്സരം അവേശകരമായ അന്ത്യത്തിലേക്ക്. ബൌളിങ്ങിനെ പിന്തുണക്കുന്ന കേപ് ടൌണിലെ ന്യൂലാൻഡ്സ് മൈതാനത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ 184 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിംഗ് തുടങ്ങിയ ദക്ഷിണാഫ്രിക്കക്ക് ജയിക്കാൻ വേണ്ടത് അവസാന നാല് പന്തുകളിൽ നിന്ന് 6 റണ്‍സ്. ബൌൾ ചെയ്തുകൊണ്ടിരിക്കുന്നത് മത്സരത്തിൽ മികച്ച ബൌളിംഗ് കാഴ്ചവെച്ച് കൊണ്ടിരിക്കുന മനോജ്‌ പ്രഭാകർ. ക്രീസിൽ, നേരത്തെ അഞ്ചു വിക്കറ്റ് പ്രകടനവുമായി ഇന്ത്യയെ ചുരുട്ടി കെട്ടിയ വെസ്സെൽ ജോഹന്നാസ് ക്രോന്യേ.അവസാന ഓവറിലെ മൂന്നാം പന്തെറിഞ്ഞ മനോജ്‌പ്രഭാകറിനെ മിഡ്-വിക്കറ്റിന് മുകളിലൂടെ സിക്സെർ പറത്തി കൊണ്ട് ആ ഇരുപത്തിരണ്ടുകാരൻ അകാംക്ഷകൾക്ക് വിരാമമിട്ടു.പരമ്പരയിലെ ആദ്യ ജയം സൌത്ത് ആഫ്രികക്ക്. അഞ്ച് വിക്കറ്റും നിർണ്ണായകമായ വിജയ റണ്‍സും എടുത്ത ക്രോന്യേ മാൻ ഓഫ് ദി മാച്ച്. വെസ്സെൽ ജോഹന്നാസ് ക്രോന്യേ എന്ന ഹാൻസീ ക്രോന്യേ ഒരു താരമായി മാറുന്നത് ആ മത്സരത്തോടെയാണ്. ഈ മത്സരത്തോടെ സൗത്ത് ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഏകദിനത്തിൽ അഞ്ചു വിക്കറ്റ് നേടിയ രണ്ടാമത്തെ മാത്രം കളിക്കാരനായി മാറി ആ യുവതാരം. അവിടുന്നങ്ങോട്ട് ഹാൻസീ ക്രോന്യേ ക്രിക്കറ്റിൽ നിറഞ്ഞു നിന്നു. മികച്ച കളിക്കാരനായും, പിന്നീട് ലോകം കണ്ട മികച്ച നായകന്മാരിൽ ഒരാളായും അവസാനം 2000 ലെ കോഴ വിവാദത്തിൽ പെട്ട് ഒരു ഓർമ ചിത്രമാകുന്നത് വരെ.
കായിക പാരമ്പര്യമുള്ള ഒരു കുടുംബത്തിൽ 1969ൽ ബ്ലുംഫോണ്ടെയിനിലാണ് ഹാൻസീ ജനിക്കുന്നത്. പിതാവ് എവീ ക്രോന്യേ അറുപതുകളിൽ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിൽ സജീവമായിരുന്നു. ഹാന്സിയുടെ സഹോദരൻ ഫ്രാൻസും ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിൽ പേര് കേട്ട താരമായിരുന്നു. സ്കൂൾ ജീവിത കാലത്ത് ഹാൻസീ ഓറൻഞ്ച് ഫ്രീ സ്റ്റേറ്റ് പ്രൊവിൻസ്‌ ടീമിന് വേണ്ടി ക്രിക്കറ്റിലും റഗ്ബിയിലും കളിച്ചിരുന്നു.കൂടാതെ സ്കൂൾ ടീമിൽ ക്രിക്കറ്റിലും റഗ്ബിയിലും ഒരേസമയം ക്യാപ്ടൻ കൂടിയായിരുന്നു ഹാൻസീ. തുടർന്ന് ക്രിക്കറ്റിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച ക്രോന്യേ ഫ്രീസ്റ്റേറ്റിന് വേണ്ടി ഫസ്റ്റ്ക്ലാസ്സ്‌ ക്രിക്കറ്റ് കളിച്ചു തുടങ്ങി. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിൽ 90'കളിൽ മികച്ച പ്രകടനം പുറത്തെടുത്ത ഹൻസീക്ക് അങ്ങനെ ദേശീയ ടീമിലേക്ക് വിളി വന്നു.1992ലെ ലോകകപ്പ് ടീമിലേക്കാണ് ഹാൻസീ നേരിട്ട് തിരഞ്ഞെടുക്കപ്പെട്ടത്.(വംശീയ പ്രശ്നങ്ങൾ കാരണം 1970 ൽ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്നും പുറത്താക്കപ്പെട്ട ആ ടീമിന്റെ, അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള പുന പ്രവേശനമായിരുന്നു ആ ലോക കപ്പ് ). ഓസ്ട്രേലിയക്കെതിരെ കളിച്ചു കൊണ്ട് ഏകദിനത്തിൽ അരങ്ങേറിയെങ്കിലും ഹാൻസീയുടെ പ്രകടനം ആ ലോക കപ്പിൽ ശരാശരിയിലൊതുങ്ങി. പിന്നീടുള്ള ഏതാനും പരമ്പരകളിലും ശരാശരി പ്രകടനങ്ങളുമായി ഹാൻസീ ടീമിൽ തുടർന്നു. പിന്നീടാണ് ഇന്ത്യക്കെതിരായ സീരീസ് വരുന്നത്. നാല് ടെസ്റ്റുകളുടെ സീരീസിൽ മൂന്നാം ടെസ്റ്റിൽ ഹാൻസീ സെഞ്ച്വറി നേടി. ആ ടെസ്റ്റിൽ ജയവും ദക്ഷിനാഫ്രിക്കയോടോപ്പമായിരുന്നു. ക്രിക്കറ്റ് ലോകത്തേക്ക് തിരിച്ചു വന്ന ശേഷം അവർ നേടുന്ന ആദ്യ ടെസ്റ്റ്‌ വിജയമായിരുന്നു അത്.
പിന്നീട് അവിടന്നങ്ങോട്ട് ക്രോന്യേക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിനും. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും ഹാൻസീ ടീമിന്റെ വിജയങ്ങളിൽ പങ്കാളിയായി. 95 ലെ ന്യൂസിലാണ്ട് പര്യടനത്തിൽ ഹാൻസീ ആദ്യമായി ക്യപ്ടനായി നിയമിക്കപ്പെട്ടു. വെസ്സെൽ ജോഹന്നാസ് ക്രോന്യേ എന്ന ഹാൻസീ ക്രോന്യേ ലോകത്തിലെ ഏറ്റവും മികച്ച നായകനമാരിലോരാളായി മാറുന്നതാണ് തുടർന്നുള്ള വർഷങ്ങളിൽ ക്രിക്കറ്റ് ലോകം കണ്ടത്. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും, എന്തിന്, ശരീരം കൊണ്ട് വരെ(ജോണ്ടി റോഡ്സ്) ലോകത്തെ വിസ്മയിപ്പിക്കുന്ന ഒരു പിടി താരങ്ങൾ ആ ടീമിലുണ്ടായിരുന്നു. കൂടെ പ്രൊഫഷണൽ ക്രിക്കറ്റ് പാഠങ്ങളുമായി കോച്ച് ബോബ് വൂമർ, എല്ലാത്തിനുമുപരി ക്രോന്യേ എന്നാ ക്യപ്റ്റന്റെ സന്നിദ്ദ്യവും. വിജയങ്ങൾ ദക്ഷിനാഫ്രിക്കൻ ക്രിക്കറ്റിൽ തുടർക്കഥകളായി മാറി. 60 ടെസ്റ്റുകളിൽ ദക്ഷിണാഫ്രിക്കയെ നയിച്ച ഹാൻസീ 27 ടെസ്റ്റുകളിൽ ടീമിനെ വിജയത്തിലേക്ക് നയിച്ചു.(18 തോൽവികളും, 15 സമനിലകളും) 138 ഏകദിനങ്ങളിൽ 99 എണ്ണം ജയിച്ചപ്പോൾ 35 മാച്ചുകളിൽ ടീം തോറ്റു. 3 മത്സരങ്ങൾ ഉപേക്ഷിക്കപ്പെട്ടു.ഒരെണ്ണം ടൈ ആയി. ഏകദിനത്തിൽ വിജയങ്ങളുടെ എണ്ണത്തിൽ ലോകത്തിലെ നാലാമത്തെ മികച്ച നായകനാണ് ക്രോന്യേ. ശതമാനക്കണക്കിൽ മൂന്നാമതും.
2000 ലെ ഇന്ത്യൻ പര്യടനത്തിൽ ഇന്ത്യയെ ടെസ്റ്റ്‌ പരമ്പരയിൽ തോൽപ്പിച്ചത് ക്രോന്യേയുടെ കിരീടത്തിലെ മറ്റൊരു പൊൻ തൂവലായിരുന്നു. 1987 നു ശേഷം ഇന്ത്യ ആദ്യമായി സ്വന്തം നാട്ടിൽ ടെസ്റ്റ്‌ പരമ്പര തോൽക്കുന്നത് അന്നാണ്. പക്ഷേ ശേഷം കഥ മാറി. ക്രിക്കറ്റ് ബുക്കികളുമായുള്ള ചില ടെലിഫോണ്‍ സംഭാഷണങ്ങൾ ഡൽഹിപോലീസ് ചോർത്തി. അതിൽ ഹാൻസീ ക്രോന്യേയുടെ പേരും ഉൾപ്പെട്ടിരുന്നു. ( സത്യത്തിൽ അന്ന് ഇന്ത്യ സന്ദരിച്ച യു.എസ് പ്രസിഡണ്ട്‌ ബിൽ ക്ലിന്റനു വേണ്ടിയുള്ള സുരക്ഷയുടെ ഭാഗമായി ദൽഹി പോലീസ് സംശയാസ്പദമായ സംഭാഷണങ്ങൾ ചോർത്തിയിരുന്നു. അക്കൂട്ടത്തിൽ പെട്ടതായിരുന്നു ബുക്കികളുടെ ഫോണ്‍ കോളുകൾ ). പിന്നീട് ക്രിക്കറ്റ് ലോകം ഞെട്ടുന്ന വാർത്തകളാണ് പുറത്തു വന്നത്. ആദ്യം ഇത്തരം ആരോപണങ്ങളെ നിഷേധിച്ച ഹാൻസീ പിന്നീട് എല്ലാം ഏറ്റു പറഞ്ഞു. കൂടെ തനിക്കൊപ്പം ഒത്തു കളിച്ചവരുടെ പേരുകളും വെളിപ്പെടുത്തി. ഹർഷൽ ഗിബ്സ്, നിക്കി ബോയെ, ഇന്ത്യൻ താരങ്ങളായ മുഹമ്മദ്‌ അസ്ഹറുദ്ദീൻ, അജയ് ശർമ്മ, അജയ് ജഡേജ, നയൻ മോംഗ്യ എന്നിവരുടെയെല്ലാം പേരുകൾ ഞെട്ടലോടെയാണ് ക്രിക്കറ്റി പ്രേമികൾ കേട്ടത്. 1996 ൽ മുഹമ്മദ്‌ അസ്ഹറുദ്ദീനാണ്‌ തന്നെ ബുക്കിംഗ് ഏജന്റ്സിന് പരിചയപ്പെടുത്തിയത് എന്നും, തുടർന്ന് 96' മുതൽ പല മത്സരങ്ങളുടെ വിവരങ്ങൾ കൈമാറിയതിനും മത്സരങ്ങൾ തോറ്റുകൊടുത്തതിനുമെല്ലാം ഏകദേശം 140000 യു എസ് ഡോളറും മറ്റു സമ്മാനങ്ങളും താൻ കൈ പറ്റിയതായും അയാൾ കുമ്പസരിച്ചു. " ദൗർഭാഗ്യകരമായ സ്നേഹമാണ് എനിക്ക് പണത്തോടുണ്ടായിരുന്നത്.ഞാൻ മദ്യത്തിനും മയക്കുമരുന്നിനും അടിമയല്ല. പക്ഷേ പണത്തോടുള്ള എന്റെ ആസക്തി അത് പോലുള്ള ഒന്നായിരുന്നു. യേശുവിൽ അടിയുറച്ചു വിശ്വസിച്ചിരുന്ന എന്റെ ലോകത്തേക്ക് സാത്താൻ കടന്നു വന്നതോടെ ഞാൻ അന്ധകാരത്തിലായി. ചെയ്ത തെറ്റുകൾ ഒരിക്കലും പിടിക്കപെടില്ലെന്ന് വിശ്വസിക്കാൻ മാത്രം അഹങ്കാരിയായിരുന്നു ഞാൻ..." വിതുമ്പി കൊണ്ടാണ് ഹാൻസീ ലോകത്തോട്‌ തന്റെ തെറ്റുകൾ ഏറ്റു പറഞ്ഞത്. കളിയെ വഞ്ചിച്ചതിന് അയാൾ തന്റെ രാജ്യത്തെ മുഴുവൻ ജനങ്ങളോടും മാപ്പ് ചോദിച്ചു .
പ്രതീക്ഷാ നിർഭരമായ തുടക്കത്തിനും, വിജയാഘോഷത്തുടർച്ചകളുടെ മാധ്യമത്തുനും ശേഷം ഒത്തുകളിയുടെയും വഞ്ചനയുടെയും മറ്റു പ്രലോഭനങ്ങളുടെയും മഞ്ഞു മലകളിൽ തട്ടി അഗാധങ്ങളിലേക്ക് താഴ്ന്നു പോകാനായിരുന്നു ഹാൻസീയുടെ വിധി. വിവാദങ്ങൾക്ക് ശേഷം ക്രിക്കറ്റിൽ നിന്ന് വളരെ അകന്നു ജീവിച്ചിരുന്ന ക്രോന്യേ പിന്നീട് തന്റെ പോസ്റ്റ്‌ ഗ്രാജ്വേഷൻ പൂർത്തീകരിച്ച്, ഒരു കമ്പനിയിൽ ഫിനാൻഷ്യൽ മനജേർ ആയി ജോലി നോക്കുകയായിരുന്നു. 2002 ജൂണ്‍ ഒന്നിന് ജോലി ആവശ്യങ്ങൾക്കായി ജോഹന്നാസ്ബർഗിൽ നിന്നും പുറപ്പെട്ട ഹാൻസീയുടെ സ്വകാര്യ വിമാനം ദുരൂഹമായി തകർന്നു വീണു. ദാരുണമായി അവസാനിച്ച ക്രിക്കറ്റ് കരിയറിനേക്കാൾ ദാരുണമായി അവസാനിച്ചു ഹാൻസീ ക്രോന്യേ എന്ന ദുരന്ത നായകന്റെ ജീവിതം.
Whatever happens, the game must move on.. അതെ കാലം തന്റെ ഓവറുകൾ ഒരിക്കലും പിഴക്കാത്ത കൃത്യതയോടെ എറിഞ്ഞുകൊണ്ടിരിക്കുന്നു. ക്രിക്കറ്റിൽ ഇനിയും പുതിയ താരോദയങ്ങളുണ്ടാകും, അവർ നമ്മെ കൂടുതൽ വിസ്മയിപ്പിക്കും..പുതിയ നായകന്മാർ പുതിയ വിജയേതിഹാസങ്ങൾ രചിക്കും. പക്ഷേ, ക്രിക്കറ്റ് നിലനിൽക്കുന്നിടത്തോളം കാലം അതിന്റെ ആരാധകർ ഹാൻസീ ക്രോന്യേ എന്ന ക്രിക്കറ്ററെ ഓർത്ത്‌ കൊണ്ടിരിക്കും, നീറുന്ന ദുരന്ത സ്മരണയായി..