ലോകത്ത് കൊതുകുകള്‍ ഇല്ലാതായാല്‍ എന്ത് സംഭവിക്കും?
എന്ത് സംഭവിക്കാനാ അത്രയും നല്ലതല്ലേ എന്ന് മനസില്‍ വന്നവര്‍ താഴേക്ക് വായിക്കുക.പുതിയ കാര്യങ്ങളൊന്നുമല്ല,ഒരു 100 മില്യണ്‍ വര്‍ഷം പഴക്കമുള്ള ചില്ലറ കാര്യങ്ങള്‍..
ലോക ചരിത്രത്തിലും വര്‍ത്തമാന കാലത്തിലും കൊതുകിന് ഒരൊറ്റ വേഷം മാത്രം..വില്ലന്‍ വേഷം.ലോകത്തില്‍ 700 million ആളുകള്‍ ഓരോ വര്‍ഷവും കൊതുകുജന്യ രോഗങ്ങള്‍ക്ക് ചികിത്സ തേടുന്നു,1 മില്യണ്‍ ആളുകള്‍ മരണപ്പെടുന്നു.
ഇത്രത്തോളം വെറുക്കപ്പെട്ട,ശപിക്കപ്പെട്ട ഒരു ജീവി വര്‍ഗ്ഗം വേറേ കാണില്ല ലോകത്ത്.
പക്ഷേ എപ്പോഴെങ്കിലുമൊക്കെ കൊതുകിന്‍റെ ഭാഗത്തു നിന്നും ഒന്നു ചിന്തിക്കണ്ടേ?
ഏകദേശം 100 മില്യണ്‍ വര്‍ഷങ്ങളായി ഭൂമിയില്‍ കൊതുക് എന്ന ജീവി വര്‍ഗ്ഗം എത്തിയിട്ട്.ഒരു
3500 സ്പീഷീസിലുള്ള വൈവിധ്യമാര്‍ന്ന കൊതുകുകളാണ് ലോകമെമ്പാടും ചിതറി കിടക്കുന്നത്.
★കൊതുകുകള്‍ ഇല്ലാതായാല്‍.
ഭക്ഷ്യ ശൃംഖല അഥവാ ഫുഡ് ചെയ്നിലെ പ്രാധാന കണ്ണികളിലൊന്നാണ് കൊതുകുകള്‍.
പ്രോട്ടീന്‍ കലവറയായ കൊതുകുകളുടെ ലാര്‍വകള്‍ പല ചെറു മീനുകളുടേയും ഷഡ്പദങ്ങളുടേയും ആഹാരമാണ്.കൊതുകുകള്‍ ഇല്ലാതായാല്‍ ഇവയുടെ നില നില്‍പ്പ് അവതാളത്തിലാകും.സ്വാഭാവികമായുു ചെറുമീനുകളെ ആഹാരമാക്കി ജീവിക്കുന്ന ഗെയിംഫിഷ് പോലെയുള്ള മീനുകള്‍,ഷഡ്പദങ്ങളെ ആഹരിക്കുന്ന പക്ഷികള്‍ ഇവയ്ക്കെല്ലാം ഭക്ഷണ ദൗര്‍ലഭ്യം ഉണ്ടാവുകയും അവയുടെ നാശത്തിലേക്ക് എത്തുകയും ചെയ്യും.
ഭക്ഷ്യശൃംഖല മനസ്സിലോര്‍ത്താല്‍ ശേഷമുള്ളവ ചിന്തിച്ചെടുക്കാം.
കൊതുക് ലാര്‍വകള്‍ മറ്റു സ്പീഷീസില്‍ പെട്ട ലാര്‍വകളുടെ ഭക്ഷണം കൂടിയാണ്.(ex: dragon fly)
ജലാശയങ്ങളിലെ സൂക്ഷ്മ ജൈവ പദാര്‍ത്ഥങ്ങളെ ആഹാരമാക്കുന്നതിലൂടെ ഇവ ജലശുദ്ധീകരണത്തിലും ഒരു കൈ സഹായമാണ്.
തവളകള്‍,വവ്വാല്‍,ആമകള്‍,തുമ്പികളുടെ ജനുസില്‍ പെട്ട് ഷഡ്പദങ്ങള്‍, ഇവയുടെയെല്ലാം ആഹാരത്തില്‍ ഒരു പങ്ക് കൊതുകുകളാണ്..ഇതില്‍ വവ്വാലിന്‍റെ ഭക്ഷണത്തില്‍ 2% കൊതുകുകളാണത്രേ.
സ്വാഭാവികമായും ഒരു സംശയം വരാം..ഇവയ്ക്കൊക്കെ വേറേ ഏതെങ്കിലും ജീവികളെ തിന്ന് ജീവിച്ചാല്‍ പോരേ??
മതി..പക്ഷേ അതത്ര എളുപ്പമല്ല.പെട്ടന്നൊരു 'മെനു' മാറ്റം അതി ജീവിക്കാനായി കൊതുകാഹാരികള്‍ നന്നായി വലയുമെന്നത് ഉറപ്പ്.സുലഭമായി കിട്ടിയിരുന്ന സംഗതി കിട്ടാതെയായാല്‍ എങ്ങനെയുണ്ടാകും.ഇനി മറ്റൊരു സോഴ്സ് കണ്ടെത്തിയാല്‍ തന്നെ കണ്ടെത്താനായി വേണ്ടി വരുന്ന നാളുകള്‍,അതിന്‍റെ ലഭ്യത ഇങ്ങനെ പല പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നത് തീര്‍ച്ച.
കൂടാതെ ചിലയിനം ചെടികളിലെ പരാഗണത്തിന് സഹായിക്കുന്നതും കൊതുകുകളാണ്.
★രക്തരക്ഷസുകളാണോ?
അല്ല..കൊതുകുകൾ സസ്യങ്ങളുടെ ചാറാണു ഭക്ഷണമായി കഴിക്കുന്നത്. പെൺ കൊതുകുകൾ മുട്ട ഇടാനുള്ള പോഷണത്തിന് (പ്രോട്ടീന്‍)വേണ്ടി മാത്രം ഉഷ്ണരക്തമുള്ള ജീവികളുടെ രക്തം വലിച്ചു കുടിക്കുന്നു.തന്നെയുമല്ല മനുഷ്യരല്ല അവരുടെ ആദ്യ ടാര്‍ജറ്റ്.കന്നുകാലികള്‍,കുതിര,പക്ഷികള്‍ ഇതെല്ലാം കഴിഞ്ഞിട്ടുള്ള ബ്ളഡ് ബ്ളീഡറാണ് മനുഷ്യര്‍.
★ജീവിത ചക്രം
കൊതുകിന്റെ ജീവിതത്തിൽ നാലു വ്യത്യസ്ത ഘട്ടങ്ങളുണ്ട്
മുട്ട, കൂത്താടി(ലാര്‍വ), സമാധി(പ്യൂപ്പ),മുതിർന്ന കൊതുക്. ഇതിനെല്ലാംകൂടി ഏഴു മുതൽ പതിന്നാലു ദിവസ്സം വരെ വേണം. ആദ്യത്തെ മൂന്നു ഘട്ടങ്ങൾക്ക് വെള്ളത്തിന്റെ സാന്നിധ്യം അവശ്യമാണ്.
പെൺ കൊതുകുകൾ 100 ദിവസം വരെ ജീവിച്ചിരിക്കുമ്പോൾ ആൺ കൊതുകുകളുടെ ആയുസ്സ് പരമാവധി 20 ദിവസം വരെ മാത്രമാണ്.
ഒരു പെണ്‍കൊതുക് ഒരു തവണ 300 മുട്ടകള്‍ വരെ ഇടും.
★ ഇരയുടെ സാനിദ്ധ്യം അറിയുന്നതെങ്ങനെ?
മണം,കാഴ്ച,ശരീര താപം ഇവയെല്ലാം തിരിച്ചറിഞ്ഞാണ് ഇവ ഇരയുടെ സ്ഥാനം കണ്ടെത്തുന്നത്.
★ചിലരെ മാത്രം വളഞ്ഞിട്ട് കുത്തുന്നതെന്താ?
ചിലരെ കൂടുതലായി കൊതുക് വളഞ്ഞിട്ട് ആക്രമിക്കുന്നത് സാധാരണമാണ്. ചിലരെ കൊതുക് ശ്രദ്ധിക്കാറുപോലും ഇല്ല. അത്തരത്തിലൊരാളാണോ നിങ്ങളും? ആലോചിച്ചിട്ടുണ്ടോ എന്താണ് ചിലരോട് കൊതുകിന് പക്ഷാപാതമുള്ളതെന്താണെന്ന്?
ചില കാര്യങ്ങള്‍ ഇതിനു പിന്നിലുണ്ടെന്നാണ് വിഗദ്ധര്‍ പറയുന്നത്.
അമേരിക്കന്‍ മൊസ്‌ക്വിറ്റോ കണ്‍ട്രോള്‍ അസോസിയേഷന്റെ സാങ്കേതിക ഉപദേഷ്ടാവായ ജോണ്‍ കൊളോണ്‍ പറയുന്നത് ആരെയൊക്കെയാണ് കൊതുകുകള്‍ക്ക് കൂടുതല്‍ ഇഷ്ടമെന്ന് എളുപ്പത്തില്‍ മനസിലാക്കാമെന്നാണ്. കൊളോണിന്റെ അഭിപ്രായത്തില്‍ 400 തരം മണങ്ങള്‍ കൊതുകിന് വേര്‍തിരിച്ചറിയാനാവും. ഒരു വസ്തുവിന്റെ സ്വഭാവം ഏകദേശം 50 മീറ്റര്‍ അകലെയെത്തുമ്പോഴേ കൊതുക് മണം കൊണ്ട് തിരിച്ചറിഞ്ഞിരിക്കും.
ഒ രക്ത ഗ്രൂപ്പ് ഉള്ളവരെ കൊതുകുകള്‍ക്ക് വലിയ ഇഷ്ടമാണെന്നാണ് മറ്റൊരു നിഗമനം. പിന്നെ കൊതുക് രക്തം കുടിച്ച് സ്‌നേഹം പ്രകടിപ്പിക്കുന്നത് ബി രക്ത ഗ്രൂപ്പുകാരെയാണ്. അതിനും താഴെയാവും എ ഗ്രൂപ്പ്. പിന്നെ കാര്‍ബണ്‍ ഡയോക്‌സൈഡ് കൂടുതല്‍ പുറത്തുവിടുന്നവരുടെ ഒപ്പമാകും കൊതുക് കൂടുതല്‍. അതാണ് വണ്ണമുള്ളവരേയും ഗര്‍ഭിണികളേയും അവ കൂടുതലാക്രമിക്കുന്നത്.
ശരീരത്തിന്റെ ചൂടും വിയര്‍പ്പും കൊതുകിനറിയാം. ലാക്റ്റിക് ആസിഡ്, യൂറിക് ആസിഡ്, അമോണിയ എന്നിവയൊക്കെ വളരെയകലെനിന്നേ കൊതുക് കണ്ടുപിടിക്കും. ഇത്തരം ഘടകങ്ങള്‍ നിങ്ങളുടെ വിയര്‍പ്പില്‍ കൂടുതലുണ്ടെങ്കില്‍ കൊതുക് പാഞ്ഞെത്തിയെന്നുവരാം. കൊഴുപ്പ് കൂടുതലടങ്ങിയ ശരീരത്തിലേക്കും കൊതുകിന് ഇഷ്ടമാണ്. കൊഴുപ്പിനെ അലിയിക്കാന്‍ ശരീരം പണിയെടുത്തുകൊണ്ടിരിക്കുകയാണെങ്കില്‍ ശരീരം ചില ഘടകങ്ങള്‍ തൊലിയിലൂടെ പുറത്തുവിടും. ആ മണം വരുമ്പോള്‍ മീന്‍ വറുത്തതിന്റെ മണം നമ്മെ ആകര്‍ഷിക്കുന്നതുപോലെ കൊതുക് കപ്പല് കയറിയും വരും.
ഇത് കൂടാതെ ജീനുകളും കൊതുകു കടിയില്‍ സ്വാധീനം ചെലുത്തുന്നുണ്ട് എന്ന പുതിയ പഠനങ്ങളും നടന്നിട്ടുണ്ട്
ലണ്ടന്‍ സ്കൂള്‍ ഓഫ് ഹൈജീന്‍ എന്റ് ട്രോപ്പിക്കല്‍ മെഡിസിനിലെ മെഡിക്കല്‍ എറ്റിമോളജി വിഭാഗം സീനിയര്‍ ലക്ച്ചര്‍ ജെയിംസ് ലോഗനാണ് ഈ കണ്ടുപിടിത്തത്തിന്റെ പിന്നിൽ.
ഇരട്ടകളെ ഉപയോഗിച്ച് നടത്തിയ ഈ പഠനത്തില്‍ ജീനുകളില്‍ നിന്നാണ് കൊതുകിനെ ആകര്‍ഷിക്കുന്നത് എന്ന് കണ്ടെത്തി. ഈ കണ്ടുപിടുത്തത്തിനായി അദ്ദേഹം 18 സ്വരൂപ ഇരട്ടകളെയും 19 രൂപ സാദൃശ്യമില്ലാത്ത ഇരട്ടകളെയുമാണ് ഉപയോഗിച്ചത്. എങ്ങനെയായിരിക്കും ഇവരില്‍ കൊതുകു ആകര്‍ഷിക്കുന്നത് എന്നതിനനുസരിച്ചാണ് പഠനം നടത്തിയത്.
ഏത് തരം ആളുകളിലാണ് കൊതുകു കടിക്കുന്നത് എന്ന് പരീക്ഷിക്കാൻ കൊതുകുകളെ ഇംഗ്ലീഷ് അക്ഷരമാലയിലെ വൈ ആകൃതിയിലുള്ള ട്യൂബിലൂടെ കടത്തിവിട്ടു. അതിന്റെ അറ്റത്ത് ഇരട്ടകളുടെ കൈ കടത്തിവച്ചു. സ്വരൂപ ഇരട്ടകളില്‍ കൊതുക് ആകര്‍ഷിക്കുന്നതില്‍ സമാനമായ രീതി കാണാമായിരുന്നു എന്നാല്‍ രൂപ സാദൃശ്യമില്ലാത്ത ഇരട്ടകളില്‍ കൊതുക് ആര്‍ഷിക്കുന്നതില്‍ കുറവുകണ്ടു. അതിനാല്‍ ജീനില്‍ വരുന്ന വ്യത്യാസമാണ് ഇതിനുകാരണം എന്നുകണ്ടെത്താനായി.
വളരെ സാധാരണയായി നമ്മുടെ ശരീരത്തു നിന്നും വരുന്ന കാര്‍ബണ്‍ഡയോക്സൈഡ് ഇവര്‍ വളരെ വേഗം മണത്തറിയും.(50-70 അടിയില്‍ വച്ചു തന്നെ ഇവ CO2 സാന്നിദ്ധ്യം അറിയും.)
★ചോര കുടിക്കുന്നതെങ്ങനെ ?
ഇരയുടെ സ്ഥാനം കണ്ടെത്തി എത്തുന്ന കൊതുകുകള്‍ ഇരയുടെ ശരീരത്തിലേക്ക് 'കൊമ്പ്' എന്ന് നാം വിളിക്കുന്ന proboscis കുത്തിയിറക്കുന്നു.സത്യത്തില്‍ ഇത് 6 സൂചികളുടെ ഒരു കൂട്ടമാണ്.ഒാരോന്നിനും ഓരോ ധര്‍മ്മമാണ്.
'കൊമ്പ്' ശരീരത്തിലേക്ക് ഇറക്കിയ ശേഷം അത് ബ്ളഡ് വെസല്‍ അഥവാ രക്തക്കുഴലിനെ തേടി പിടിച്ച് അതിലേക്ക് കുത്തിയിറക്കും.ശേഷം കൊതുക് ഈ മുറിവിലേക്ക് തന്‍റെ സലൈവ അഥവാ ഉമിനീര്‍ വീഴ്ത്തുന്നു.ഈ ഉമിനീരില്‍ രക്തം പെട്ടന്ന് കട്ട പിടിക്കാതിരിക്കാനുള്ള ആന്‍റി-കൊയാഗുലന്‍റ്സ് അടങ്ങിയിട്ടുണ്ട്.
രക്തം വലിച്ചു കുടിക്കുന്നതും ഉമിനീര്‍ പ്രയോഗം നടത്തുന്നതും 'കൊമ്പിലെ' വെവ്വേറേ സൂചികളിലൂടെയാണ്.
കടി കൊണ്ട ഭാഗം ചുവന്ന് തടിക്കുന്നതും ഉമിനീരിന്‍റെ പ്രതിപ്രവര്‍ത്തനം മൂലമാണ്.
വിശദ വായനയ്ക്ക് ഈ ലിങ്ക് ഉപയോഗിക്കാം.
https://wonderopolis.org/wonder/why-do-mosquito-bites-itch
★കൊതുകിന്‍റെ മൂളിപ്പാട്ട്
രാത്രിയുടെ നിശബ്ദത ഭേദിച്ച് ചെവിയില്‍ മൂളിപ്പാട്ട് പാടി നമ്മെ ദേഷ്യം പിടിപ്പിക്കുന്നതു കൊതുകിന്റെ ഇഷ്ടവിനോദമാണ്. വാസ്തവത്തില്‍ കൊതുക പാട്ട് പാടുകയല്ല, ചിറകിട്ടടിക്കുകയാണ്.അതിന്റെ ശബ്ദം മൂളലായി അനുഭവപ്പെടുന്നു. ഒരു കൊതുക് സെക്കണ്ടില്‍ 600 പ്രാവശ്യം അതിന്റെ ചിറകിട്ടടിക്കുന്നുണ്ട്.
കൊതുക് കുടുംബത്തില്‍ വരുന്ന midge fly എന്ന ഷഡ്പദത്തിന് സെക്കണ്ടില്‍ 1046 പ്രാവശ്യം ചിറകിട്ടടിക്കാന്‍ കഴിയും. ഓരോ വര്‍ഗ്ഗം കൊതുകിന്റെയും ചിറകടി ശബ്ദത്തിനു പ്രത്യേക താളമാണ്. അത് തിരിച്ചറിഞ്ഞാണ് ആണ്‍ കൊതുക് പെണ്‍കൊതുകിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്.
പെണ്‍കൊതുകിന്‍റെ ചിറകൊച്ച ആണ്‍കൊതുകുകളേക്കാള്‍ കൂടുതലാണ്.ആണ്‍ കൊതുകുകള്‍ ചോര കുടിക്കാന്‍ വരാത്തതു കൊണ്ട് അവയുടെ ശബ്ദം നമുക്ക് അത്ര പരിചിതമല്ല താനും.
★എയിഡ്സ് പരത്തുമോ?
എയിഡ്സ് പരത്താനുള്ള ശേഷി കൊതുകിനില്ല.കൊതുകുകള്‍ രക്തം കുടിക്കുമ്പോള്‍ എയിഡ്സ് വ്യാപിപ്പിക്കാന്‍ കഴിയുന്ന അളവില്‍ HIV യെ സ്വീകരിക്കുന്നില്ല.
അത് കൊണ്ട് കൊതുക് കടിയിലൂടെ എയിഡ്സ് പകരുകയില്ല.
എയിഡ്സ് ഇല്ലാത്ത ഒരാള്‍ക്ക് കൊതുക് കടിയിലൂടെ ആ രോഗം വരണമെങ്കില്‍ രോഗിയെ കടിച്ച 10 ദശലക്ഷം കൊതുകുകള്‍ കടിക്കെണ്ടതുണ്ട്.
എങ്കിലേ രോഗം വരുത്താന്‍ മാത്രം അളവിലുള്ള HIV അയാളില്‍ എത്തൂ. മഹാഭാഗ്യം!!
★കൊതുക് പൂസാകുമോ? :-)
മദ്യപിച്ച ഒരാളെ കടിച്ച് ചോര കുടിച്ചാല്‍ കൊതുകിന് മത്ത് പിടിക്കുമോ എന്നത് ആര്‍ക്കും വരാവുന്ന സംശയമാണ്.ഉത്തരം ഇതാണ്- ''ഇല്ല..''
ചോരയില്‍ സ്വാഭാവികമായി ഉള്ളതല്ലാത്ത മറ്റേത് ഘടകങ്ങളും കൊതുകിന്‍റെ 'ചോരയറ' യ്ക്ക് അടുത്തുള്ള പ്രത്യേക അറയിലേക്കാണ് പോവുക.ഈ അറയിലുള്ള എന്‍സൈമുകളുടെ പ്രവര്‍ത്തനത്താല്‍ ആല്‍ക്കഹോള്‍ പോലെയുള്ളവ കൊതുകിന്‍റെ നാഡീവ്യൂഹം അഥവാ നെര്‍വസ് സിസ്റ്റത്തില്‍ എത്തുന്നതിന് മുന്‍പു തന്നെ വിഘടിപ്പിക്കപ്പെടും.കൊതുക് പൂസാകില്ല.
------------------------------------------------------------------
വാല്‍ക്കഷ്ണം :-
തേനീച്ചകളോടുള്ള ഇഷ്ടം കൊണ്ട് 2 തേന്‍ പുരട്ടിയ തേനീച്ച പോസ്റ്റും ഇട്ട് ഇരിക്കുന്ന സമയം..
ഇങ്ങനെ തേനീച്ച ജ്ഞാനവും വിളമ്പി ഭൂമിയിലെ എല്ലാ ജീവികളെ കൊണ്ടും എന്തെങ്കിലും ഉപകാരമുണ്ടെന്നൊക്കെ കമന്‍റ് റിപ്ളേ കൊടുത്ത് ഗമയില്‍ നില്‍ക്കുമ്പോഴാണ് ഒരു ചങ്ങാതീന്‍റെ അല്‍ഗുല്‍ത്.. ''അപ്പോ ഈ കൊതുകിനെ കൊണ്ട് എന്താ ഉപകാരം??
ങ്ങേ..അത് പിന്നേ.. (സത്യം..അങ്ങനെയൊന്ന് ആലോചിച്ചിട്ടു പോലുമില്ല)
നന്ദി..ആ ചോദ്യത്തിന്,അതുകൊണ്ടിത്തിരി കൊതുകു പുരാണം അറിയുവാന്‍ തോന്നി.അറിഞ്ഞതിത്തിരി..അതിലിത്തിരി ഇവിടെ ചേര്‍ക്കുന്നു.
ഗ്രൂപ്പിലെ തേനീച്ച പോസ്റ്റ് കാണാന്‍ ഈ ലിങ്കുകള്‍ ഉപയോഗിക്കാം.
https://m.facebook.com/groups/763098700477683?view=permalink&id=1429857687135111
https://m.facebook.com/groups/763098700477683?view=permalink&id=1432498370204376
ശുഭദിനം നേരുന്നൂ, :-)
Murali Krishnan Mulayckal
9745779069
-----------------------------------------------------------------------
കൂടുതല്‍ വായനയ്ക്ക്/റെഫറന്‍സ്
http://www.nationalgeographic.com/…/inver…/group/mosquitoes/
https://m.csmonitor.com/…/How-do-mosquitoes-find-food-First…
https://www.thoughtco.com/fascinating-facts-about-mosquitoe…
കൊതുകിന്‍റെ 'കുത്തല്‍' മെക്കാനിസം വീഡിയോ കാണാം ഈ ലിങ്കുകളില്‍..
https://youtu.be/rD8SmacBUcU
https://youtu.be/rQV5hHwzj4Y
----------------------------------------------------------------------------
ചിത്രങ്ങള്‍ കടപ്പാട്:-
www.muadpco.com
Wikimedia commons