എരുമേലിയിൽ ആണ് എന്റെ വീട്. ഞാൻ അന്ന് +2 കഴിഞ്ഞ് നിൽക്കുന്ന സമയം. എന്റെ സമ പ്രായക്കാരായ സുഹൃത്തുക്കൾ എല്ലാം ഓരോ ജോലിക്കും, പഠനത്തിനും മറ്റുമായി പോയി. ഒറ്റയ്ക്കായപ്പോൾ ഞാൻ ശെരിക്ക് ബോറടിച്ചു. അപ്പോഴാണ് +2 വിന് എന്റെ ക്ലാസിൽ പഠിച്ച അരുൺ എന്നെ വിളിക്കുന്നത്. എരുമേലിയിലെ പാത്തിക്കക്കാവ് എന്ന സ്ഥലത്തായിരുന്നു അവന്റെ വീട്. പേര് പോലെ തന്നെ അവിടെ ഒരു കാവ് ഉണ്ടായിരുന്നു. പണ്ട് എരുമേലി മുഴുവൻ ഒരു വലിയ കാടായിരുന്നു. എരുമേലി വനത്തിൽ വെച്ചാണ് സ്വാമി അയ്യപ്പൻ മഹിഷിയെ കൊന്നത് എന്നാണ് ഐതിഹ്യം. പണ്ട് നിലനിന്നിരുന്ന കാടിന്റെ അവശേഷിക്കുന്ന ബാക്കി പത്രം ആണ് ആ കാവ്.
അവധിക്കാലം ആയതിനാൽ നാട്ടിൽ മൊത്തം ക്രിക്കറ്റ് ടൂര്ണമെന്റുകളുടെ ബഹളം ആണ്. അരുൺ എന്നെ വിളിക്കുന്നത് അവരുടെ ടീമിൽ കളിക്കാമോ ഇന്ന് ചോദിച്ചു കൊണ്ടാണ്. അങ്ങനെ ഞാൻ അവരുടെ ടീമിൽ ചേർന്ന് കളിച്ചു. ടൂർണമെന്റ് ഞങ്ങൾ അന്തസ്സായി പൊട്ടി. പക്ഷേ കളി കഴിഞ്ഞപ്പോളേക്കും ഞാൻ ആ ടീം മെംബെർസും ആയി നല്ല കമ്പനിയായി. എന്നും വൈകിട്ട് പാത്തിക്കക്കാവിൽ വോളിബോൾ കളി ഉണ്ട്. ഞാനും വൈകുന്നേരം ആകുമ്പോൾ അവിടെ പോയി അവരോടൊപ്പം കളിക്കാൻ തുടങ്ങി. അങ്ങനെ ഒന്നര മാസത്തോളം കടന്നു പോയി.
പാത്തിക്കക്കാവിന് ആ പേര് വരാൻ കാരണം അവിടെ ഉള്ള ഒരു കാവ് ആണ്. എന്നും വിളക്ക് വെക്കുന്ന കാവിൽ എല്ലാ വെള്ളിയാഴ്ചയും അന്നാട്ടുകാർ വന്ന് പൂജയും പ്രാർത്ഥനയും ഒക്കെ നടത്താറുണ്ട്. ജനങ്ങൾ തന്നെ പൂജയും കർമ്മങ്ങളും, നടത്തുന്ന ഒരു കാവ്. കാവിന്റെ മറ്റൊരു പ്രത്യേകത കൊടും വേനലിൽ പോലും വറ്റാത്ത ഉറവയാണ്. ജാതി മതഭേദമന്യേ അവിടെ നിന്നാണ് ആ നാട്ടുകാർ വെള്ളം ശേഖരിക്കുന്നത്.
കാവിനെകുറിച്ച് ഞാൻ കേട്ട കഥകൾ പലതും പേടിപ്പെടുത്തുന്നതും അത്ഭുതപ്പെടുത്തുന്നതും ആയിരുന്നു. കാവിനോട് ചേർന്ന് ചെറിയ രണ്ട് കുളികടവുകൾ ഉണ്ട്. രാത്രി 6 മണി കഴിഞ്ഞാൽ അവിടെ ആരും അലക്കാനോ കുളിക്കാനോ പോകില്ല. ചില നേരങ്ങളിൽ രാത്രി ആയാൽ കടവിൽ നിന്ന് ആരോ അലക്കുന്ന ശബ്ദം കേൾക്കാം, ചിലപ്പോൾ വെള്ളം കോരിയൊഴിക്കുന്ന ശബ്ദം. ഇതൊക്കെ കെട്ടുകഥകൾ ആണെന്നാണ് എനിക്ക് തോന്നിയത്. അത് കൊണ്ട് തന്നെ ഞാൻ അതൊന്നും അത്രക്ക് കാര്യമാക്കിയില്ല. പിന്നെ അവിടെ ഞാൻ കേട്ട മറ്റൊരു കഥ വരുത്ത് പോക്കിനെ(തേര് എന്നും പറയും) കുറിച്ചാണ്. വർഷത്തിലെ ചില വെള്ളിയാഴ്ചകളിൽ താഴെ എരുമേലി കവലയോട് അടുത്തുള്ള മറ്റൊരു ചെറിയ കാവിൽ നിന്നും പാത്തിക്കക്കാവിലെ കാവിലേക്ക് തേര് സഞ്ചരിക്കാറുണ്ടെന്നാണ് പറയുന്നത്. എന്നെ വല്ലാതെ ആശ്ചര്യപ്പെടുത്തിയ ഒരു കാര്യം അവിടെയുള്ള മുസ്ലിങ്ങളും, ക്രിസ്ത്യാനികളും പോലും ഇതൊക്കെ വിശ്വസിക്കുന്നു എന്നതാണ്. ചിലർ അനുഭവ സാക്ഷ്യം പറയുന്നുമുണ്ട്. രാത്രി മുള്ളാൻ വീടിന് വെളിയിൽ ഇറങ്ങിയപ്പോൾ ഒരു തീഗോളം പോകുന്നത് കണ്ടെന്ന് ഒക്കെയാണ് കഥകൾ. ഉൽക്ക എന്ന് പറഞ്ഞ് പരിഹസിക്കുവാൻ ആയിരുന്നു എനിക്ക് താല്പര്യം.
ഒരിക്കൽ വോളിബോൾ കളി കഴിഞ്ഞു നിൽക്കുമ്പോൾ ആ നാട്ടിലെ ചില മുതിർന്ന ചേട്ടന്മാർ വന്നിട്ട് പറഞ്ഞു. എല്ലാവരും വേഗം അതിലൊരു ചേട്ടന്റെ വീട്ടിലേക്ക് വരാൻ. ഞങ്ങൾ കളിയൊക്കെ നിർത്തി അങ്ങോട്ട് ചെന്നു. അവിടെ ഒരു മീറ്റിങ് നടക്കുന്നു. അന്വേഷിച്ചപ്പോൾ പുതിയതായി ഒരു കാവ് സംരക്ഷണ സമിതി രൂപം കൊടുക്കുന്നതാണെന്ന് അറിയാൻ കഴിഞ്ഞു. കാവിനോട് ചേർന്ന് കുറച്ച് മുകളിലായി ഒരു പുതിയ കോളേജ്(ഷെർ മൌണ്ട്) വരാൻ പോകുന്നു എന്നതാണ് കാവ് സംരക്ഷണ സമിതി തുടങ്ങാൻ കാരണം. കോളേജിന്റെ ടോയ്‌ലെറ്റ് കാവിന് തൊട്ടുമുകളിലായി പണിയാൻ ആണ് മാനേജ്മെന്റിന്റെ പദ്ധതി എന്ന വാർത്ത ഞാനും കേട്ടിരുന്നു. കുറച്ചു നാളുകൾ കൊണ്ട് ഞാനും ആ നാട്ടുകാരൻ ആയി മാറിയിരുന്നു. അത് കൊണ്ട് തന്നെ സമിതിയുടെ വൈസ് പ്രസിഡന്റ് സ്ഥാനം എനിക്ക് നൽകിയപ്പോൾ ഒരു ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ച, വലിയ ദൈവ വിശ്വാസം ഇല്ലാത്ത ആളായിരുന്നിട്ട് കൂടി ഞാൻ ആ സ്ഥാനം ഏറ്റെടുത്തു. വിശ്വാസത്തേക്കാൾ ഉപരി ഇത് ആ നാട്ടിലെ ജനങ്ങളുടെ കുടിവെള്ളത്തിന്റെ പ്രശ്നവും കൂടി ആണ്.
കാവ് സംരക്ഷണ സമിതിയുടെ മീറ്റിങ് എല്ലാ ദിവസവും ഉണ്ടായിരുന്നു. പണിയൊക്കെ കഴിഞ്ഞ് തളർന്നു വരുന്ന ചേട്ടന്മാർക്ക് ഒത്തൊരുമിച്ച് ഇരുന്ന് വെടി പറയാൻ ഉള്ള സ്ഥലം ആയിരുന്നു മീറ്റിങ് നടക്കുന്ന വീടുകൾ. അവരുടെ കൂടെ ഞങ്ങൾ പിള്ളേരും തമാശയൊക്കെ പറഞ്ഞ് നല്ല രസമായിരുന്നു. അങ്ങനെ ഒരു വെള്ളിയാഴ്ച്ച ദിവസം കാവിലെ പൂജവെപ്പും മറ്റും കഴിഞ്ഞ് മിച്ചം വന്ന പായസം ഞങ്ങൾ പിള്ളേരോട് എടുത്തോളാൻ പറഞ്ഞു മീറ്റിങ് തീർന്ന ഉടനെ ഞങ്ങൾ. ആ പായസത്തിന്റെ ഉരുളിയും പൊക്കിയെടുത്ത് അടുത്തുള്ള കുളത്തിന്റെ മതിലിൽ പോയിരുന്ന് തീറ്റ തുടങ്ങി. ഉരുളി കാലിയായപ്പോൾ എല്ലാവരുടെയും വയർ നിറഞ്ഞു. പിന്നെ രണ്ട് മൂന്ന് മണിക്കൂറോളം കുളത്തിന്റെ കരയിൽ മലന്നു കിടന്നു. സമയം ഇപ്പൊ രാത്രി 1 മണി ആകാറായിട്ടുണ്ടാകും, എല്ലാരും വീട്ടിൽ പോകാം എന്ന് പറഞ്ഞു പിരിഞ്ഞു. ഞാനൊഴികെ ബാക്കി എല്ലാവരും അവരവരുടെ വീട്ടിലേക്ക് പോയി. അരുൺ എന്നെ അവന്റെ വീട്ടിലോട്ട് വിളിച്ചു. പക്ഷേ എന്തോ എന്റെ മനസ്സിൽ സ്വന്തം വീട്ടിലോട്ട് നടക്കാൻ ആയിരുന്നു തോന്നിയത്. അവിടെ നിന്ന് എന്റെ വീട്ടിലേക്ക് 25 മിനിറ്റോളം നടക്കാൻ ഉള്ള ദൂരം ഉണ്ട്. ഞാൻ നടക്കാൻ തുടങ്ങി
പാതി ദൂരം പിന്നിട്ടു. ഞാനിപ്പോൾ രണ്ട് വലിയ റബർ തോട്ടങ്ങളുടെ ഇടയിലെത്തി. ഇനി അടുത്തെങ്ങും വേറേ വീടുകൾ ഇല്ല. കയ്യിലെ ഫോണിൽ ആണെങ്കിൽ ഒരു നുള്ള് ചാർജും ഇല്ല ആകെ പെട്ടു പോയ അവസ്ഥ. ഇരുട്ടിൽ ഞാനങ്ങനെ തപ്പി തടഞ്ഞ് നടക്കുകയാണ്. ആ ഒരവസ്ഥയിൽ ആണ് മനസ്സിലേക്ക് വേണ്ടാത്ത ചിന്തകൾ കേറി വരുന്നത് . ഭൂതോം പ്രേതോം ഒന്നുമില്ല എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് ഞാൻ മുന്നോട്ട് നടന്നു. പെട്ടെന്ന് അങ്ങ് ദൂരെയായി നല്ല പ്രകാശം കണ്ടു. വളരെ വേഗതയിൽ അത് കയറ്റം കയറി എന്റെ അടുതത്തേക്ക് വരുന്നു. ആദ്യം എതെങ്കിലും വണ്ടി ആയിരിക്കും എന്നാണ് ഞാൻ വിചാരിച്ചത്. പക്ഷേ ഇത് നല്ല ചുമന്ന ഒരു ഗോളം. ഞാൻ കേട്ട കാര്യങ്ങൾ ഓർത്തു. ഇന്ന് വെളിയാഴ്ച്ച ദിവസമാണ്. ഒരു പക്ഷേ അത് തേര്(വരുത്ത് പോക്ക്) ആണെങ്കിലോ? ഓടിയിട്ട കാര്യമില്ല. അത് എന്റെ അടുത്തെത്തി കഴിഞ്ഞു.
പല കഥകളും കേട്ടിട്ടുണ്ട്, തേര് പോകുന്ന വഴിയിൽ തടസ്സമായി നിൽക്കുന്ന സകലതിനെയും അത് തലയ്ക്കടിച്ചു വീഴ്ത്തുമെന്ന്. എന്നാൽ സത്യത്തിൽ തേര് നമ്മളെ ഒന്നും ചെയ്യില്ല. തേര് എന്നത് ഒരു ആരാധനാ മൂർത്തി ആണ് . കാവുകളിലും മറ്റും കുടികൊള്ളുന്ന ചൈതന്ന്യത്തെ ആണ് തേര് എന്ന് വിളിക്കുന്നത്. സത്യത്തിൽ തേര് അല്ല അപകടകാരി. തേരിന് അകമ്പടി വരുന്ന മാടൻ ആണ് അപകടകാരി. മാടനെ നമുക്ക് കാണാൻ കഴിയില്ല. തേരിനെ മാത്രമേ കാണാൻ കഴിയൂ... തേരിന് പുറകേ ആണ് സാധാരണ മാടൻ വരിക. തേര് വരുമ്പോൾ ആ പ്രദേശം മുഴുവൻ പ്രകാശം നിറഞ്ഞിരിക്കും. എന്നാൽ തേരിന് തൊട്ടു പുറകേ കുറ്റാകൂരിരുട്ട് കൂടി കയറി വരും. ആ ഇരുട്ടിൽ ആണ് മാടൻ പതിയിരിക്കുന്നത്. തേരിന്റെ വഴിയിൽ തടസമായി ആര് നിന്നാലും അവരെ മാടൻ തലയ്ക്കടിച്ചു വീഴ്ത്തും. ഇതെല്ലാം ഞാൻ കേട്ട കഥകൾ ആണ്. മാടനടിയിൽ നിന്നും രക്ഷപെടാൻ ഒന്നുകിൽ എത്രയും വേഗം തേര് വരുന്ന വഴിയിൽ നിന്നും ഒഴിഞ്ഞു മാറി ദൂരെ എവിടെയെങ്കിലും പോയി നിൽക്കുക. ഇനി എനിക്ക് അതിനുള്ള സമയം ഇല്ല. അല്ലെങ്കിൽ പെട്ടെന്ന് കമിഴ്ന്ന് കിടക്കുക.ഞാൻ മറ്റൊന്നും ആലോചിക്കാതെ കമിഴ്ന്നു കിടന്നു. നിമിഷങ്ങക്കുള്ളിൽ അവിടം മുഴുവൻ പ്രകാശം കൊണ്ടു നിറഞ്ഞു. എന്റെ ചങ്കിടിപ്പ് കൂടി. അബദ്ധമായോ? വളരെ വേഗം തന്നെ തേര് എന്നെ കടന്നു പോയി. ഞാൻ പതിയെ തല ചെറുതായി ഉയർത്തി നോക്കി. തേര് എന്നെ കടന്നു പോയിരിക്കുന്നു.. ഞാൻ തെല്ല് ആശ്വസിച്ചു. എഴുന്നേൽക്കാം എന്ന് വിചാരിച്ചപ്പോൾ ആണ് എന്റെ തൊട്ടു പുറകിൽ ആരോ നിൽക്കുന്നു എന്ന തോന്നൽ വന്നത്. ഞാൻ ആകെ പേടിച്ചു. തോന്നൽ ആയിരിക്കണേ എന്ന് മനസ്സിൽ പ്രാർത്ഥിച്ചു. ഒന്നുകൂടി ശ്രദ്ധിച്ചു കിടന്നു. അതേ ശെരിക്കും എന്റെ പുറകിൽ ഒരാൾ നിൽപ്പുണ്ട്.. എന്നെ തന്നെ നോക്കി നിൽക്കുകയാണ് അയാൾ. എനിക്കത് നന്നായി ഫീൽ ചെയ്യുന്നുമുണ്ട്. മാടൻ ആണെങ്കിൽ ഞാൻ എഴുന്നേറ്റാൽ അപ്പൊ തന്നെ അടി വീഴും. ഞാൻ പേടിച്ചു ചത്തില്ല എന്നേ ഉള്ളു. പാതി ജീവൻ പോയി. ആ കിടപ്പ് ഞാൻ ഒരു 15 മിനിറ്റോളം കിടന്ന് കാണും. ഒടുവിൽ പുറകിൽ ആരുമില്ല എന്ന് ബോധ്യമായതിന് ശേഷമാണ് ഞാൻ എഴുന്നേറ്റത്. പിന്നീട് വീട്ടിലേക്ക് ഒരൊറ്റ ഓട്ടം ആയിരുന്നു.. ഇരുട്ടത്ത് ഒന്ന് രണ്ട് തവണ കാല് തട്ടി വീണു. ഒടുവിൽ മുട്ടുകാലിലെ തൊലിയും കളഞ്ഞ് വീട്ടിൽ ചെന്ന് കയറുമ്പോൾ ഞാൻ വിയർത്ത് കുളിച്ചിരുന്നു. പിറ്റേന്ന് രാവിലെ തന്നെ ഞാൻ പാത്തിക്കക്കാവിലേക്ക് പോയി. അപ്പോഴാണ് ആ വാർത്ത ഞാനറിയുന്നത്. കാവിനോട് ചേർന്ന് ഉള്ള ഒരു വീട്ടിലെ പശുവിനെ ആരോ അടിച്ചു കൊന്നിരിക്കുന്നു. തലയ്ക്ക് അടിയേറ്റ പശുവിന്റെ. ചെവിയിൽ നിന്നും മൂക്കിൽ നിന്നും ഒഴുകിയിറങ്ങിയ രക്തം. കട്ട പിടിച്ചിരിക്കുന്നു. ഞാൻ ആകെ ഷോക്ക് ആയി പോയി. ഞാനീക്കാര്യം ആരോടും പറയാൻ പോയില്ല. ഇപ്പോഴും രാത്രി ആയാൽ ഞാൻ ഒറ്റയ്ക്കുള്ള യാത്ര കഴിവതും ഒഴിവാക്കും....