പൊതുവെ 6 മീറ്റർ അകലേയ്ക്ക് വരെ മാത്രമെ നമ്മുടെ കണ്ണുകൾക്ക് സാമാന്യ സൂഷ്മത പുലർത്താനാവൂ.ഇത് പരീക്ഷിക്കുവാനാണ് സ്നെല്ലെൻ ചാർട്ട് ഉപയോഗിക്കുന്നത്.നിശ്ചിത വലുപ്പമുള്ള സമചതുരങ്ങളിൽ ഒതുങ്ങും വിധം എഴുതിയിട്ടുള്ള അക്ഷരങ്ങൾ 6 മീറ്റർ അകലെയിരുന്ന് ഓരോ കണ്ണ് കൊണ്ടും നോക്കി വായിക്കാനാവുമോ എന്ന് നോക്കിയാണ് കാഴ്ച പരിശോധിക്കുന്നത്.60 മീറ്റർ അകലെയിരുന്നാലും കാണാൻ കഴിയുന്ന അക്ഷരമായിരിക്കും ഏറ്റവും മുകളിൽ. താഴത്തെ ബാക്കിയുള്ള എട്ട് വരികളിൽ യഥാക്രമം 36,24,18,9,6,5,4 മീറ്ററുകൾക്കകലെയിരുന്ന് കാണാൻ കഴിയുന്ന അക്ഷരങ്ങളായിരിക്കും. 6 മീറ്റർ അകലെയിരുന്ന് ചാർട്ടിലെ ഏഴാമത്തെ വരിയിലെ അക്ഷരങ്ങൾ വായിച്ചാൽ അവർക്ക് സാമാന്യ കാഴ്ചയുണ്ടെന്നർത്ഥം അതായത് കാഴ്ചയുടെ സ്കോർ ആറിൽ ആറ് (6/6)
സ്കോറുകളിലെ അടിയിലെ സംഖ്യ വർധിക്കും തോറും ദൂരക്കാഴ്ചയുടെ സൂഷ്മത കുറഞ്ഞു വരും. ഉദാഹരണത്തിന് സ്കോർ 6/36 ആണെങ്കിൽ 36 മീറ്റർ അകലെ നിന്നാൽ കാണുന്ന വലിയ അക്ഷരങ്ങൾ 6 മീറ്റർ അകലെ നിന്നാലെ കാണുവാൻ കഴിയുകയുള്ളൂ. കണ്ണിനുള്ളിലേക്ക് പരസ്പരം ഒരു മിനിറ്റ് ചെരിവോടെ (അതായത് ഒരു ഡിഗ്രി കോണിന്റെ അറുപതിലൊരംശം )കടന്നു വരുന്ന രണ്ട് പ്രകാശരശ്മികളെ രണ്ടായി തന്നെ തിരിച്ചറിയാനുള്ള കഴിവാണ് യഥാർത്ഥത്തിൽ നാമിവിടെ അളക്കുന്നത്.