മനുഷ്യസൃഷ്ടികളിൽ വച്ച് ഏറ്റവും വലിയ നിർമിതിയാണ് ചൈനയിലെ വൻമതിൽ. ചൈനയുടെ വടക്കൻ അതിർത്തിയോട് ചേർന്ന് എണ്ണായിരത്തിൽ പരം കിലോമീറ്റർ നീളത്തിൽ കിഴക്ക് പടിഞ്ഞാറായി നീണ്ടുകിടക്കുന്ന വൻമതിൽ ലോകമഹാത്ഭുതങ്ങളിൽ ഒന്നാണ്. ചൈനയുടെ വടക്കുള്ള ശത്രുക്കളെ അകറ്റി നിർത്താനായി ചൈന ഭരിച്ചിരുന്ന നിരവധി രാജാക്കന്മാർ പതിനാറ് നൂറ്റാണ്ടുകളിലായിയാണ് ഇത് പണിതത്. കിഴക്ക് ബോഹായി കടലിന്റെ തീരത്തുള്ള ഷാൻഹായി (Shanhai) പാസിൽ തുടങ്ങി ബീജിങ്ങിന്റെ വടക്കുള്ള പർവതപ്രദേശത്തുകൂടെ കടന്നു പോയി ഗോബി മരുഭൂമിയുടെ പടിഞ്ഞാറ് ജിയായുവിൽ (Jiayu) അവസാനിക്കുന്ന ഈ പാതയ്ക്ക് 5500 മൈൽ (8850 കിലോമീറ്റർ) നീളമുണ്ട്. അയ്യായിരത്തോളം വർഷം പഴക്കമുള്ള ചൈനീസ് സംസ്കാരം വളർന്നുവന്നത് ചൈന മുഖ്യഭൂമിയിലെ മഞ്ഞ നദിക്കും (yellow river) യാങ്ങ്സി നദിക്കും ചുറ്റിലായിട്ടായിരുന്നു. കൃഷിയും കന്നുകാലിവളർത്തലും ഒപ്പം സിൽക്കിന്റെയും പൊർസെലൈന്റെയും വ്യാപാരവും ചൈനയെ അഭിവൃദ്ധിയിലേക്കു നയിച്ചു. ഈ അഭിവൃദ്ധി ചൈനയെ ആക്രമിച്ചു സമ്പത്ത് തട്ടിയെടുക്കുന്നതിനായി ചില അയൽരാജ്യങ്ങളെ എങ്കിലും പ്രേരിപ്പിച്ചു. ഇവരിൽ പ്രധാനികൾ ചൈനയുടെ വടക്കുഭാഗത്ത് അധിവസിച്ചിരുന്ന മംഗോളുകൾ ആയിരുന്നു.
ചൈനയുടെ വടക്കൻ അതിർത്തിയിൽ ഗോബി മരുഭൂമിയും അതുകടന്നാൽ പിന്നെ സ്റ്റെപ് എന്ന വിശാലമായ പുൽമേടുകളും ആണ്. ഈ പുൽമേടുകളിൽ താമസിച്ചിരുന്നത് സ്ഥിരവാസമില്ലാതെ കന്നുകാലി മേച്ചിലുമായി അലഞ്ഞുനടക്കുന്ന മംഗോൾ, ഹൂൺ (Hun), മഞ്ചു (Manchu) തുടങ്ങിയ ഗോത്രവർഗക്കാരായിരുന്നു. ഇവരിൽ ചൈനക്കാരെ ഏറ്റവും ബുദ്ധിമുട്ടിച്ചത് മംഗോളുകൾ ആയിരുന്നു. കുതിരസവാരിയിൽ അസാമാന്യമായ പ്രവീണ്യം ഉള്ളവരായിരുന്നു ഇവർ. പരുക്കൻ കാലാവസ്ഥയോടും ജീവിത സാഹചര്യങ്ങളോടും ഏറ്റുമുട്ടി ജീവിച്ച ഇവർ തികച്ചും അപകടകാരികളായ പോരാളികൾ ആയിരുന്നു. ഒരു പ്രദേശത്തു താൽക്കാലികമായി തമ്പടിക്കുന്ന ഇവർ അവിടെ കന്നുകാലികൾക്കുള്ള പുൽചെടികളും മറ്റും തീർന്നാൽ അടുത്ത പ്രദേശത്തേക്ക് കുടിയേറുകയായി. കന്നുകാലി വളർത്തൽ എന്ന ഏക തൊഴിൽ മാത്രം അറിയാവുന്നതിനാൽ അവരുടെ ജീവിതരീതി അതിനോട് ഇണങ്ങുന്നതായിരുന്നു. ഭക്ഷണത്തിനു ഇറച്ചിയും പാലും, വസ്ത്രത്തിനു രോമവും കൂടാരത്തിന് മൃഗത്തോലും അങ്ങനെ എല്ലാം കന്നുകാലികലുമായി ബന്ധപ്പെട്ടതായിരുന്നു. അരി തുടങ്ങിയ ധാന്യങ്ങല്ക്കും സിൽക്കിനും ലോഹ നിർമിതമായ ഉപകരണങ്ങൾക്കും ഇവർക്ക് ചൈനാക്കാരെ ആശ്രയിക്കുക എന്ന മാർഗമേ ഉണ്ടായിരുന്നുള്ളൂ. വ്യാപാരം നടത്തി ഇവ സ്വന്തമാക്കുന്നതിനെക്കാളും മംഗോളുകൾ ഇഷ്ടപ്പെട്ടത് ചൈനയെ ആക്രമിച്ചു ഇതൊക്കെ നേടാനായിരുന്നു. അങ്ങനെ തങ്ങളുടെ രാജ്യത്തെ പലപ്പോഴായി കടന്നാക്രമിച്ചിരുന്ന മംഗോളുകളെ തടയാനായാണ് ചൈനയിലെ രാജാക്കന്മാർ തങ്ങളുടെ വടക്കൻ അതിർത്തിയിൽ വന്മതിലുകൾ കെട്ടിയുയർത്തിയത്.
പല നാട്ടുരാജ്യങ്ങളായി വിഭജിക്കപ്പെട്ടിരുന്ന ചൈനയെ ഏകീകരിച്ചു ഒരു സാമ്രാജ്യം ആക്കുന്നത് BC മൂന്നാം നൂറ്റാണ്ടിൽ ചിൻ (Chin, Qin) രാജവംശമാണ്. ചിൻ രാജവംശത്തിൽ നിന്നുമാണ് ചൈന എന്ന പേര് വരുന്നത്. മംഗോളുകളുടെ ആക്രമണം തടയുക എന്ന ഉദ്ദേശത്തോടു കൂടെ വന്മതിൽ ആദ്യമായി നിർമിക്കുന്നത് ചിൻ രാജവംശമായിരുന്നു. ഇവർ 12 വർഷം കൊണ്ട് 4000 മൈൽ നീളത്തിൽ മതിൽ പണിതു. തുടർന്ന് അധികാരത്തിൽ വന്ന ഹാൻ രാജവംശം (207 BC – 220 CE) മംഗോളുകളെ ആക്രമിച്ചു കൂടുതൽ വടക്കോട്ടേക്ക് പാലായനം ചെയ്യിപ്പിച്ചു. അങ്ങനെ രാജ്യം വിസ്തൃതമായതിനാൽ വന്മതിലും അവർ കൂടുതൽ വടക്കോട്ടാക്കി മാറ്റി നിർമിച്ചു. പഴയ വന്മതിലിനെ നവീകരിച്ചും ചിലയിടങ്ങളിൽ പുതിയ മതിൽ കെട്ടിയും ഹാൻ രാജവംശം 6700 മൈൽ നീളത്തിൽ മതിൽ പണിതു. ഹാൻ രാജവംശം വ്യാപാരത്തിൽ താൽപര്യമുള്ളവർ ആയിരുന്നു. ചൈനയിൽ നിന്നും സിൽക്കും പൊർസലൈനും യൂറോപ്പിലേക്കും മറ്റു രാജ്യങ്ങളിലേക്കും വ്യാപാരം നടത്തുവാനായി ചൈനയെയും മെഡിറ്ററേനിയൻ തീരത്തെയും കരമാർഗം ബന്ധിപ്പിക്കുന്ന സില്ക്ക് റോഡ് എന്ന വാണിജ്യപാത ഇവർ തുറന്നു. ഹാൻ രാജവംശത്തിന്റെ തലസ്ഥാനം ആയിരുന്ന സിയാൻ (Xian or Changan) എന്ന സ്ഥലത്ത് നിന്നുമായിരുന്നു സിൽക്ക് റോഡിന്റെ തുടക്കം. അവിടെ നിന്നും തക്ലാമാക്കൻ മരുഭൂമിയുടെ കിഴക്കുള്ള ഡുൺഹുവാങ്ങ് (Dunhuang) എന്ന മരുപ്പച്ചയിൽ എത്തിച്ചേരുന്നു. തുടർന്ന് അവിടെ നിന്നും തക്ലാമാക്കൻ മരുഭൂമിയെ ബൈപാസ് ചെയ്തുകൊണ്ട് വടക്കും തെക്കുമായും പോകുന്ന വഴികൾ കാഷ്ഗറിൽ ഒന്നിച്ചുചേരുകയും അവിടെനിന്നും ഇറാൻ, ഇറാക്ക്, സിറിയ വഴി മെഡിറ്റെറെനിയൻ തുറമുഖങ്ങളിൽ എത്തുകയും ചെയ്യുന്നു. സിൽക്ക് റോഡ് വഴി പോകുന്ന കാരവനുകളെ മംഗോളുകളും മറ്റു ഗോത്രവർഗങ്ങളും ആക്രമിക്കുന്നത് തടയുന്നതിനായി ഡുൺഹുവാങ്ങ് വരെ വൻമതിൽ പണിതു. മണ്ണ് കുഴച്ചു നിർമിച്ച ഈ മതിലുകളുടെ ഏതാനും ഭാഗങ്ങൾ മാത്രമേ ഇന്ന് അവശേഷിക്കുന്നുള്ളൂ.
ഇന്ന് കാണുന്ന വൻമതിൽ നിർമ്മിച്ചത് AD പതിനാലാം നൂറ്റാണ്ടിൽ ചൈനയിൽ അധികാരത്തിൽ വന്ന മിംഗ് (Ming) രാജവംശമാണ്. ഇതിനു കാരണം കുറിച്ചത് പതിമൂന്നാം നൂറ്റാണ്ടിൽ ചെങ്കിസ് ഖാന്റെ നേതൃത്വത്തിൽ മംഗോളുകൾ ഒരു ഏകീകൃത രാജ്യം ആയതാണ്. അവർ ചൈനയും മധ്യ ഏഷ്യയും ആക്രമിച്ചു തങ്ങളുടെ സാമ്രാജ്യം കിഴക്കൻ യൂറോപ്പ് വരെ എത്തിച്ചു. ചെങ്കിസ് ഖാന്റെ ചെറുമകൻ ആയ കുബ്ലാഖാൻ ചൈന കീഴടക്കി യുവാൻ രാജവംശം സ്ഥാപിച്ചു. എന്നാൽ പതിനാലാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ചൈനയിൽ വളർന്നുവന്ന ദേശീയത "ഖാൻ'' ഭരണത്തിനു അവസാനം കുറിച്ചു. തുടർന്ന് മിംഗ് രാജവംശം അധികാരത്തിൽ എത്തി. മംഗോളുകളോടുള്ള വെറുപ്പ് മൂലം മിംഗ് രാജാക്കന്മാർ പലതവണ അവരെ ആക്രമിച്ചു എങ്കിലും വിജയം കണ്ടില്ല. അതിനാൽ പ്രതിരോധം എന്ന നിലയിലും തുടർന്ന് ഒരു മംഗോൾ ആക്രമണം ഉണ്ടാകാതിരിക്കുന്നതിനുമായി മിംഗ് രാജവംശമാണ് ഇന്നത്തെ വന്മതിൽ നിർമ്മിച്ചത്. ചിൻ, ഹാൻ രാജാക്കന്മാർ മണ്ണ് കുഴച്ചു മതിൽ നിർമിച്ചപ്പോൾ മിംഗ് രാജവംശം പകരം കല്ലുകളാണ് ഉപയോഗിച്ചത്. ഡൈനാമൈറ്റ് ഉപയോഗിച്ച് പാറകൾ പൊട്ടിച്ച ശേഷം ബ്ലോക്കുകൾ ചെത്തിയെടുക്കുകയായിരുന്നു.
8850 കിലോമീറ്റർ നീളമുള്ള മതിലിന്റെ ഓരോ 3-5 കിലോമീറ്ററിലുമായി ഗോപുരങ്ങൾ ഉണ്ട്. ഇവിടെ നിലയുറപ്പിച്ചിരുന്ന പടയാളികൾ ശത്രുക്കളുടെ സാമീപ്യം അറിഞ്ഞാൽ ഉടനെ തന്നെ പകൽ സമയം പുക പുറപ്പെടുവിച്ചും രാത്രിയിൽ തീ കത്തിച്ചും ആ വിവരം തൊട്ടടുത്തു തന്നെയുള്ള ബാരക്കുകളിൽ താമസിച്ചിരുന്ന പടയാളികളെ അറിയിക്കുമായിരുന്നു. പടിഞ്ഞാറേ അറ്റത്തു ഒരു ആക്രമണം ഉണ്ടായാൽ ആ വിവരം വന്മതിൽ വഴി കിഴക്കേ അറ്റത്തുള്ള തലസ്ഥാനമായ ബീജിങ്ങിൽ എത്താൻ ഒരു ദിവസം മതിയായിരുന്നു. അങ്ങനെ ബീജിങ്ങിൽ നിന്നും ആവശ്യത്തിനു പടയാളികളെ യുദ്ധരംഗത്ത് എത്തിക്കാൻ കഴിഞ്ഞു. മംഗോളുകളുടെ ആക്രമണങ്ങളെ നല്ല രീതിയിൽ തന്നെ തടയിടാൻ വന്മതിലിന് കഴിഞ്ഞു. എന്നാൽ 1644- ൽ ചതിയനായ ഒരു സേനാധിപൻ ചൈനയുടെ വടക്കുള്ള മഞ്ചു ഗോത്രക്കാർക്ക് ബീജിംഗ് ആക്രമിക്കാനായി വന്മതിലിന്റെ വാതിലുകൾ തുറന്നു കൊടുത്തു. ചൈന കീഴടക്കിയ മഞ്ചുകൾ ചൈനയിലെ അവസാനത്തെ രാജവംശമായ ക്വിംഗ് (Qing) രാജവംശം സ്ഥാപിച്ചു (1644-1917). അങ്ങനെ മംഗോളുകളുടെ യുവാൻ രാജവംശത്തിനു ശേഷം ഒരിക്കൽ കൂടി ചൈനക്കാർ വിദേശ ഭരണത്തിൻകീഴിലായി. അതോടെ ക്രമേണ വന്മതിലിന്റെ പ്രസക്തി നഷ്ടപ്പെടുകയായിരുന്നു. ഇന്ന് ചൈനയിലേക്ക് വിദേശസഞ്ചാരികളെ ആകർഷിക്കുന്ന പ്രധാനപ്പെട്ട സ്മാരകങ്ങളിലൊന്നാണ് വന്മതിൽ.