നാഗാലന്‍ഡ്, മണിപ്പൂര്‍, അസം, അണുണാചല്‍പ്രദേശ് തുടങ്ങിയ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അധിവസിക്കുന്ന ഒരു കൂട്ടം ഗോത്ര ജനവിഭാഗങ്ങളെ പൊതുവില്‍ വിളിക്കുന്ന പേര്. 'നാഗ' എന്നത്, നോക്, നോക, നോഗ് എന്നീ വാക്കുകളില്‍ നിന്ന് നിഷ്പന്നമായതാവാമെന്ന് കരുതപ്പെടുന്നു. കൊന്യാക്, നോക്ടെ, ആവൊ തുടങ്ങിയ പദങ്ങള്‍ക്ക് നാഗ ഭാഷാഭേദപ്രകാരം ജനം, മനുഷ്യന്‍, ജനങ്ങള്‍ തുടങ്ങിയ അര്‍ഥങ്ങളാണുള്ളത്. അസമില്‍ 'നാഗ'ന്മാരെ 'നൊഗ' എന്നാണ് വിളിച്ചുവരുന്നത്. കപരി ഭാഷയില്‍ യുവാവ്, യോദ്ധാവ് എന്നൊക്കെയാണ് 'നാഗ'യെന്ന വാക്കിനര്‍ഥം. ക്രിസ്തുവിന് മുമ്പ് രണ്ടാം നൂറ്റാണ്ടില്‍ 'നാഗലോഗ്' നാഗന്മാരുടെ ഭൂമിയെന്ന് ടോളമി വിശേഷിപ്പിക്കുന്നുണ്ട്. മംഗളോയിഡ് വംശജരായ ഇവര്‍ ടിബറ്റോ-ബര്‍മന്‍ ഭാഷാകുടുംബത്തില്‍പ്പെട്ട ഭാഷകള്‍ സംസാരിക്കുന്നു. നാഗമീസ് എന്ന ബന്ധഭാഷ നാഗസമൂഹങ്ങള്‍ പൊതുവില്‍ ഉപയോഗിച്ചുവരുന്നു.ഇന്ത്യയിലെ മറ്റ് ഏതെങ്കിലും ഗോത്ര വിഭാഗങ്ങളിൽ നിന്നും വ്യത്യാസമായി നാഗ.ഭാഷാകൾക്ക് വൈവിദ്ധ്യം മുണ്ട്
കാടും, കൃഷിഭൂമിയുമാണ് മുഖ്യമായ ജീവനോപാധികള്‍. മത്സ്യബന്ധനം, വേട്ട, തേനും മറ്റ് വനവിഭവങ്ങളും ശേഖരിക്കല്‍ തുടങ്ങിയവയും ഇവര്‍ക്കിടയില്‍ സജീവമാണ്. പുനം കൃഷിയില്‍നിന്ന് സ്ഥിര കാര്‍ഷിക സംവിധാനങ്ങളിലേക്ക് വളരെവേഗം ഇവര്‍ മാറിക്കൊണ്ടിരിക്കുന്നു. വനവിഭവ ശേഖരണം, വളര്‍ത്തുമൃഗങ്ങളുടെ പരിപാലനം, നെയ്ത്ത്, മത്സ്യബന്ധനം തുടങ്ങിയ പ്രവൃത്തികളില്‍ നാഗസ്ത്രീകളുടെ നിറഞ്ഞ സാന്നിധ്യമുണ്ട്. പൊതുവില്‍ ഏകഭാര്യാത്വം നിലനില്‍ക്കുന്നുവെങ്കിലും ചില സമൂഹങ്ങള്‍ ബഹുഭാര്യാത്വവും പിന്തുടരുന്നു. സ്വഗോത്രവിവാഹങ്ങള്‍ പലപ്പോഴും നിഷിദ്ധവുമാണ്.
ഗ്രാമക്കൂട്ടായ്മകള്‍ (ഖേല്‍) നാട്ടുമൂപ്പന്റെ (ഗൗന്‍ ബുറാ) നേതൃത്വത്തില്‍ പരമ്പരാഗത ആചാരനിയമവ്യവസ്ഥകള്‍ക്കനുസരിച്ച് സാമൂഹിക ജീവിതത്തെ നിയന്ത്രിക്കുന്നു. നാഗരില്‍ ബഹുഭൂരിപക്ഷവും ക്രിസ്തുമതവും, മറ്റൊരു ഗണ്യവിഭാഗം വൈഷ്ണവിസവും ന്യൂനപക്ഷം ഹേരകമതവും സ്വീകരിച്ചിരിക്കുന്നു. ശേഷിക്കുന്നവര്‍ പരമ്പരാഗത വിശ്വാസങ്ങള്‍ പിന്തുടരുന്നവരാണ്. വ്യത്യസ്തഭാഷയും സംസ്കാരവുമുള്ള മുപ്പതോളം വിഭാഗങ്ങള്‍ ചേര്‍ന്നതാണ് 'നാഗ'ന്മാര്‍.
നാഗ അന്‍ഗാമി. മോന്റ്, ത്സുഗുമി എന്നുകൂടി വിളിക്കപ്പെടുന്ന, നാഗാലന്‍ഡിലെ പ്രമുഖ ഗോത്ര ജനവിഭാഗമായ ഇവര്‍ മണിപ്പൂരിലെ കെര്‍ജ് ഗ്രാമത്തില്‍. തെസാക്കനോമയിലാണ് ഉദ്ഭവിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. ഭൂമിയുടെ ഉദരത്തില്‍നിന്ന് ജനിച്ചവര്‍ എന്നാണ് അന്‍ഗാമി എന്ന വാക്കിന്റെ അര്‍ഥം. ഭാഷാ സംസ്കാരാദികളില്‍ വ്യത്യാസങ്ങളുള്ള പല ഗണങ്ങള്‍ (തെങ്കിമ പടിഞ്ഞാറന്‍ അന്‍ഗാമി വടക്കന്‍ അന്‍ഗാമി, സൗനുവൊ, കെയ്ഹൊനുവൊ) ചേര്‍ന്നതാണ് അന്‍ഗാമികലു.
നാഗ അവൊ. കൊളോണിയന്‍ പൂര്‍വഘട്ടത്തില്‍ അവോര്‍ എന്ന് വിളിക്കപ്പെട്ടിരുന്ന ഇവര്‍ നാഗാലന്‍ഡിലെ മറ്റൊരു പ്രമുഖ ജനവിഭാഗമാണ്. സിക്കു നദി കടന്നുവന്നവര്‍ എന്നാണ് അവോര്‍ എന്ന വാക്കിനര്‍ഥം. ഭൂമിക്കടിയിലെ ലുഗ്റ്റെറോക്കില്‍ (ആറുകല്ലുകള്‍) നിന്ന് ജനിച്ചവരാണ് ആവൊകളുടെ പൂര്‍വികരെന്ന് അവരുടെ പുരാവൃത്തങ്ങളില്‍ പറയുന്നു. പൊന്‍ഗ്ലി, മോന്‍ഗ്സെന്‍, പങ്കി എന്നിവ പ്രധാന ഉപവിഭാഗങ്ങളും അയ്യര്‍, അവന്‍ഗ്, അതംഗ്, ജമീര്‍ എന്നിവ ഗണങ്ങളുമാണ്. അവൊ ഭാഷാഭേദങ്ങളാണ് ഇവരുടെ സംസാരഭാഷ. തര്‍ക്കങ്ങള്‍ പരമ്പരാഗത നിയമപ്രകാരം പരിഹരിക്കുന്നത് നാട്ടുക്കൂട്ടായ്മയായ 'പുട്ടുമെന്‍സെ'യാണ്. വിവാഹബന്ധങ്ങളും ഭൂമിയുടെ ഉടമസ്ഥതതയും മറ്റും ഗണനിയമങ്ങളനുസരിച്ച് നിയന്ത്രിക്കപ്പെടുന്നു. ക്രൈസ്തവ മിഷനറി പ്രവര്‍ത്തനങ്ങള്‍, രാഷ്ട്രീയ പങ്കാളിത്തം തുടങ്ങിയവ ജീവിത നിലവാരത്തിന് ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്.
നാഗ ചഖെസന്‍ഗ്. നാഗാലന്‍ഡിലെ ഫെക് ജില്ലയില്‍ ശൈത്യം നിറഞ്ഞ കുന്നിന്‍ നിരകളിലാണ് ഇവര്‍ അധിവസിക്കുന്നത്. ചഖ്രു, ഖെസ, സന്‍ഗ്തം എന്നീ മൂന്ന് ഉപവിഭാഗങ്ങളുടെ ആദ്യാക്ഷരങ്ങള്‍ ചേര്‍ന്നാണ് ഈ വാക്ക് രൂപപ്പെട്ടിട്ടുള്ളത്. ചഖ്രുവും, ഖെസയും ഇവരിലെ മുഖ്യ വംശീയവിഭാഗങ്ങളാണ്. അന്‍ഗാമികളുമായി ഏറെ സാമ്യങ്ങളുള്ള ഇവര്‍ ചഖ്രു, ഖെസ, സന്‍ഗ്തം ഭാഷകള്‍ സംസാരിക്കുന്നു. മൊയിറ്റസ്, ചുമ്പൊ, നെവൊ എന്നിവ ചഖ്രുവിലെ പ്രധാന ഗണങ്ങളാണ്.
നാഗചന്‍ഗ്. നാഗാലന്‍ഡിലെ, ട്യുന്‍-സാന്‍ഗ് ഇവരുടെ ജന്മസ്ഥലമായി കരുതപ്പെടുന്നു. ബ്രിട്ടീഷുകാരും, 'ആവൊ'കളും 'മസുന്‍ഗ്' എന്നായിരുന്നു ഇവരെ വിളിച്ചിരുന്നത്. പിന്നീടാണ് 'ചാന്‍ഗ്' എന്ന പേര് പ്രയോഗത്തില്‍ വന്നത്. ആല്‍മരം എന്നര്‍ഥമുള്ള 'പോഗ്നു'വില്‍ നിന്നാവാം 'ചാന്‍ഗ്' രൂപപ്പെട്ടതെന്ന് കരുതുന്നു. ചാങ് ഭാഷ സംസാരിക്കുന്ന ഇവരില്‍ കന്‍ഷാവും, ഓന്‍ഗ്, ഹോന്‍ഗാന്‍ഗ്, ലോമൊ എന്നിവ പ്രധാന ഗണങ്ങളാണ്.
നാഗജെമെ. ജെമി, സെമി, ലിയാഗ്മി എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഇവര്‍ നാഗാലന്‍ഡിലെ വടക്കന്‍ കപാര്‍ ജില്ലയിലെ ജനവിഭാഗമാണ്. നിരവധി ഗണങ്ങളായി വിഭജിക്കപ്പെട്ട സമൂഹമാണ് ഇവരുടേത്.
നാഗ കബൂയി. റോന്‍ഗ്മെയ് എന്ന പേരിലും അറിയപ്പെടുന്ന ഇവരുടെ ജന്മദേശം മണിപ്പൂരിന്റെ പടിഞ്ഞാറന്‍ പ്രദേശമായ 'ടമന്‍ഗലോംഗി'ലാണ്. റോന്‍ഗ് (തെക്ക്) മെയി (ജനങ്ങള്‍) എന്നീ വാക്കുകള്‍ ചേര്‍ന്നാണ് റോന്‍ഗ്മെയി എന്ന പേര് ഉണ്ടായിട്ടുള്ളത്. സെമി, ലിയാഗ്മി, ഗോത്ര വിഭാഗങ്ങളെപ്പോലെ ഇവരും മണിപ്പൂരിലെ ഗുഹകളില്‍നിന്ന് ഉദ്ഭവിച്ചവരായി വിശ്വസിക്കപ്പെടുന്നു. കബൂയിക്കിന് കാട്ടുപോത്ത് എന്നാണ് അര്‍ഥം. പൂര്‍വികര്‍ ഒരു ഗുഹയില്‍, കൂറ്റന്‍ ശിലാപാളിയാല്‍ അടയ്ക്കപ്പെട്ടിരുന്നു. ശില തട്ടിമാറ്റി പൂര്‍വികര്‍ക്ക് പുറത്തേക്കുള്ള വഴി തുറന്നുകൊടുത്തത് കബുയി കാട്ടുപോത്താണെന്ന് ഐതിഹ്യം. ഇവര്‍ റോഗ്മയി കബുയി ഭാഷകള്‍ സംസാരിക്കുന്നു.
നാഗകച്ച. മണിപ്പൂരിലെ ടമന്‍ഗലോന്‍ഗ് ജില്ലയില്‍ അധിവസിക്കുന്ന ഇവരില്‍ സെമെയ്, ലിയാന്‍ഗ്മെയ് എന്നീ രണ്ട് ഉപവിഭാഗങ്ങളുണ്ട്. ഹമെയ് അഥവാ ഹൊമെയ് എന്ന പേരുകളിലും അറിയപ്പെടുന്ന കച്ചകളുടെ പൂര്‍വികര്‍ മണിപ്പൂരില്‍ സേനാപതി ജില്ലയിലെ മരംവില്ലോങ് ഗ്രാമത്തില്‍ റാമ്ടിങ് ഗുഹയില്‍ ജനിച്ചതായി വിശ്വസിക്കപ്പെടുന്നു. മെയ്മെയി ഭാഷ സംസാരിക്കുന്ന കച്ചകളിലെ ഉപവിഭാഗങ്ങളാണ് പാന്‍ മെയി, ഗാന്‍ഗ്മെയി, അബോന്‍മെയി, റോന്‍ഗമെയി അഥവാ ഗോണ്‍ഗ്മെയി, ധിരിനമിയ അഥവാ കമയോര്‍ കമസന്‍ എന്നിവ. നിജമയി, പമയി ഗണങ്ങളും ഇവരില്‍ നിലനില്ക്കുന്നു.
നാഗ ഖ്യാംഗാന്‍. നാഗാലന്‍ഡിലെ ട്യൂന്‍സാന്‍ഗ് ജില്ലയില്‍ ഖൈംഗന്‍ ഭാഷ സംസാരിക്കുന്ന ഗോത്രവിഭാഗം.
നാഗകൊന്യാക്. ഹഹ, മിര്‍ ടാപ്രോന്‍ഗമി, പാഗ്ക, നഹഗ്ര എന്നീ പേരുകളിലും അറിയപ്പെടുന്ന ഇവര്‍ പദവികളുടെ അടിസ്ഥാനത്തില്‍ ശ്രേണീകരിക്കപ്പെട്ടിരിക്കുന്നു. ഖൊ (തല) ന്യാക്ക് (കറുപ്പ്) എന്നീ വാക്കുകള്‍ ചേര്‍ന്നതാണ് കൊന്യാക്ക്.
നാഗലോത്ത. തെക്ക് വടക്ക് അതിര്‍ത്തി പ്രദേശങ്ങളില്‍ വസിക്കുന്ന ഇവര്‍ 'ക്യോണ്‍' (മനുഷ്യന്‍) എന്നും അറിയപ്പെടുന്നു. ഭൂമിയിലെ ഒരു ഗഹ്വരത്തില്‍ നിന്നാണ് പൂര്‍വികര്‍ ജനിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. ഇവര്‍ ജിതാന്‍ഗ്, ഴുനഗ്, കികൊന്‍ തുടങ്ങിയ ഗണങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. നാഗ, നാഗേതര വിഭാഗങ്ങളുമായി വിവാഹബന്ധങ്ങളുണ്ട്.
നാഗമാവൊ. മാവോ ഭാഷ സംസാരിക്കുന്ന ഇവര്‍ ഇമെമൈ, മെമൈ എന്ന പേരിലും അറിയപ്പെടുന്നു. മണിപ്പൂരിന്റെ വടക്കേ മലനിരകളില്‍ വസിക്കുന്ന ഇവര്‍ക്ക് മാവോംകി (വടക്കന്‍ ജനത) എന്ന വാക്കില്‍ നിന്നാണ് ആ പേര് സിദ്ധിച്ചിരിക്കുന്നത്. മോമിലുവംശജരായ 'മാവൊ'കളുടെ ആദിതലമുറ മൈക്കന്‍ ഗ്രാമമത്തിലായിരുന്നുവെന്ന് കരുതപ്പെടുന്നു.
നഗമരം. മണിപ്പൂരിയിലെ വടക്കന്‍ മലനിരകളില്‍ വസിക്കുന്ന ഇവരുടെ ഉദ്ഭവം മാവോ പ്രദേശത്തെ മഹെന്‍ഗ്പോക് അഥവാ മൈഥെല്‍ പ്രദേശത്താണെന്നു വിശ്വസിക്കപ്പെടുന്നു. മരാമിയിലെ ജനങ്ങള്‍ എന്ന് അര്‍ഥംവരുന്ന മരാമൈ എന്ന പേരുകൂടിയുണ്ട് ഇവര്‍ക്ക്. മഹറാമി, മഹരോ വംശജരെന്നത്രെ മാവോയും, അന്‍ഗാമികളും ഇവരെ വിളിക്കുന്നത്.
നാഗ മറിന്‍ഗ്. കബൗ താഴ്വരയില്‍ ജനിച്ച ഇവര്‍ 'മറിംഗ്' ഭാഷ സംസാരിക്കുന്നു. നീ എന്ന് അര്‍ഥമുള്ള മെയ്, ഉത്പാദിപ്പിക്കുകയെന്ന് അര്‍ഥമുള്ള റിംഗ് എന്നീ വാക്കുകള്‍ ചേര്‍ന്ന പദമാണിത്. സംദസ, പറംഗ, കന്‍സൌവ, മകുന്‍ഗ തുടങ്ങിയവ പ്രധാന ഗണങ്ങളാണ്.
നാഗഫോം. ഇവരുടെ പൂര്‍വികര്‍ കിഴക്കുനിന്ന് വന്ന യുംഗ് നിഷാഗ് കുന്നിലെ അപൈ ഹോംഗില്‍ വാസമുറപ്പിച്ചവരാണ്. ഇവരുടെ അധിവാസമേഖലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകത കാരണം ആകാശം എപ്പോഴും മേഘാവൃതമായിരിക്കും. ഇക്കാരണത്താല്‍ 'കൊന്യാക്' വിഭാഗം വിളിച്ച പേരാണ് ഫോം എന്നത്. ഫോം എന്നാല്‍ മേഘമെന്നാണര്‍ഥം. ഗ്രാമീണരാല്‍ തെരഞ്ഞെടുക്കപ്പെടുന്ന ഗ്രാമത്തലവനും (ബാരിക്) സ്റ്റാറ്റ്യൂട്ടറി കൌണ്‍സിലിലെ (ഗവോന്‍ ബുറ) സര്‍ക്കാര്‍ നിയമിക്കുന്ന തലവനും ചേര്‍ന്ന രണ്ട് സമാന്തര അധികാര ഘടനകളാണ് സാമൂഹിക ജീവിതത്തെ നിയന്ത്രിക്കുന്നത്.
നാഗ പൊചുറി. നാഗാലന്‍ഡിലെ പൊചുറി ഭാഷ സംസാരിക്കുന്ന ഇവര്‍ സൊമോമി, ഷോംലി എന്നീ പേരുകളിലും അറിയപ്പെടുന്നു. സാപൊ, കെപുറി, ഖുറി എന്നീ പേരുകളിലെ അക്ഷരങ്ങള്‍ ചേര്‍ന്നാണ് പൊചുറി എന്ന വാക്ക് ഉണ്ടായിരിക്കുന്നത്.
നാഗ റെംഗമ. മണിപ്പൂരിലെ തെക്കുകിഴക്കന്‍ മാവോ പ്രദേശത്തുനിന്ന് കുടിയേറി നാഗാലന്‍ഡിലെ തെക്കുവടക്ക് അതിര്‍ത്തി പ്രദേശങ്ങളില്‍ വസിക്കുന്ന ഇവരില്‍ ഒരു വിഭാഗം 19-ാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ അസമിലെ കര്‍ബി ആംഗ്ലോംഗ് ജില്ലയിലേക്ക് കുടിയേറിയിട്ടുണ്ട്. യോദ്ധാവിന്റെ വസ്ത്രം എന്ന് അര്‍ഥമുള്ള 'റെയ് മെയ്' എന്ന വാക്കില്‍ നിന്നാണ് 'റെംഗ്മെയ്' എന്ന പേര് വന്നിരിക്കുന്നത്. റെംഗ്മയ് ഭാഷ സംസാരിക്കുന്നവരാണ് റെംഗ്മകള്‍.
നാഗ സംഗ്തം. നാഗാലന്‍ഡിലെ ശൈത്യം നിറഞ്ഞ മലമ്പ്രദേശങ്ങളില്‍ വസിക്കുന്ന ഇവര്‍ക്ക് ടുകോമി, അഥവാ സംടമര്‍ എന്നീ പേരുകളുമുണ്ട്. സമാധാനത്തില്‍ ജീവിക്കുന്നവര്‍ എന്നാണ് സംഗ്തം എന്ന വാക്കിനര്‍ഥം.
നാഗ സെമ. നാഗാലന്‍ഡിലെ പ്രമുഖ നാഗവിഭാഗമായ ഇവര്‍ കിഴക്കന്‍ പ്രദേശങ്ങളില്‍ നിന്ന് മണിപ്പൂരിലെ മാവോ പ്രദേശത്തെ ഖെസോ, കെനോമ പ്രദേശത്ത് ആദ്യമായി അധിവസിച്ചു. അവിടെനിന്ന് ഇപ്പോഴുള്ള സുന്‍ ഹെബോടോ, സവു എന്നിങ്ങനെയുള്ള നാമങ്ങളും ഇവര്‍ ഉപയോഗിക്കുന്നു.
നാഗ ടംഖുല്‍. മണിപ്പൂരിയിലെ കിഴക്കന്‍ ജില്ലകളില്‍ വസിക്കുന്ന ഇവര്‍ ടംഖുന്‍ ഭാഷ സംസാരിക്കുന്നു. മുറിന്‍ഗ്ഫി ഗുഹകളിലാണ് ടംഖുല്‍ പൂര്‍വികരുടെ ജനനമെന്നാണ് ഐതിഹ്യം.
നാഗ യിംപുംഗര്‍. തെക്ക് കിഴക്കേ നാഗാലന്‍ഡില്‍ നിന്ന് കുടിയേറിയ ഇവരില്‍ ടിഖിര്‍, മക്വെയര്‍, പിര്‍ എന്നീ ഗണങ്ങളുണ്ട്. യിം (അന്വേഷിക്കുക), ഖിംഗുരു (ലക്ഷ്യം നേടുക) എന്നീ വാക്കുകള്‍ ചേര്‍ന്നുണ്ടായ പേരാണിത്.
നാഗ സെലിയാന്‍ഗ്. കെറ്റ്സ അഥവാ കച്ച എന്ന് അന്‍ഗാമികള്‍ വിളിക്കുന്ന ഇവര്‍ അവസാനത്തെ കുടിയേറ്റക്കാരായിരുന്നു. മണിപ്പൂരിയില്‍ നിന്ന് കുടിയേറിയ സെലിയാഗ് ഭാഷ സംസാരിക്കുന്ന ഇക്കൂട്ടര്‍ രണ്ട് ഉപവിഭാഗങ്ങളും പതിനാല് ഗണങ്ങളുമായി പിരിഞ്ഞിരിക്കുന്നു. സെമെയ്, ലിയാഗ് മെയ് എന്നീ വാക്കുകള്‍ ചേര്‍ന്നാണ് ഈ പേരുണ്ടായിട്ടുള്ളത്.