കടലിന്‍റെ സ്ഥിതി ഗതികള്‍ ഒന്ന് വിലയിരുത്തുവാന്‍ മുകള്‍ തട്ടിലെ നാവീകര്‍ക്ക് നിര്‍ദേശം നല്‍കി ക്യാപ്ടന്‍ സ്മിത്ത് (Captain Smith) ക്യാബിനിലേക്ക് മടങ്ങി. സമയം രാത്രി 11 മണി കഴിഞ്ഞ് 40 മിനിറ്റ്. പെട്ടെന്നായിരുന്നു ആ കാഴ്ച്ച, മുന്‍ഭാഗത്ത് അല്‍പ്പം ദൂരെയായി ഒരു വെളുത്ത നിറം . 'ഏയ് .!! മഞ്ഞുമല '. നിരീക്ഷണ മുറിയിലിരുന്നു നാവീകന്‍ അലറി. അപായ മണി മുഴങ്ങി. അപ്പോഴും വല്ലാത്തൊരു വേഗതയില്‍ കുതിക്കുകയായിരുന്നു ആ 'ദുരന്തങ്ങളുടെ' റാണി.
അപകടം മുന്നില്‍ കണ്ട് ദിശ മാറ്റാന്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും അപകടം ഒഴിവാക്കാനായില്ല ഒടുവില്‍ അത് സംഭവിച്ചു. കപ്പല്‍ മഞ്ഞുമലയില്‍ ശക്തിയോടെ ചെന്നിടിച്ചു. കപ്പലില്‍ നിന്ന് ഉയര്‍ന്നിരുന്ന സംഗീത ഘോഷങ്ങളും, വാദ്യ മേളങ്ങളും അപ്പോഴും നിലച്ചിരുന്നില്ല. ചെറിയ ഒരു ഉലച്ചില്‍ സംഭവിച്ചു എന്നല്ലാതെ മറ്റൊന്നും യാത്രക്കാരുടെ ശ്രദ്ധയില്‍ പെട്ടില്ല. എന്നാല്‍ സംഭവിച്ചത് മറിച്ചായിരുന്നു. മഞ്ഞുപാളിയുമായുള്ള ഇടിയുടെ ആഘാതത്തില്‍ അടിത്തട്ടിനു സാരമായ കേടുപാട് സംഭവിച്ചു. വിള്ളല്‍ വീണ ഭാഗത്ത് കൂടി വെള്ളം അകത്തേക്ക് ഇരച്ചു കയറി. വെള്ളം കടക്കാത്ത അറകളുടെ മുകള്‍തട്ടിലെ വിടവുകളിലൂടെ ഓരോ മുറിയിലും വെള്ളം നിറഞ്ഞു. കപ്പല്‍ നിര്‍മാണത്തിന്റെ പ്രധാന ചുമതലക്കാരനായിരുന്ന തോമസ് ആണ്ട്രൂസ്( thomas andrews) ആ സത്യം ഉറക്കെ വിളിച്ചു പറഞ്ഞു. ''മുങ്ങാക്കപ്പലായ ടൈറ്റാനിക് (TITANIC) രണ്ടു മണിക്കൂറിനുള്ളില്‍ മുങ്ങും ''.
titanic_during_construction
ടൈറ്റാനിക് ദുരന്തം പ്രമേയമാക്കി നിരവധി പുസ്തകങ്ങളും പാട്ടുകളും ചലച്ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. അതില്‍ 1997 ല്‍ റിലീസ് അയ 'ടൈറ്റാനിക്' എന്ന ചിത്രം നിരവധി ഓസ്കാര്‍ പുരസ്കാരങ്ങള്‍ വാരി കൂട്ടുകയുണ്ടായി. കൂടാതെ റെയ്സ് ദ ടൈറ്റാനിക് ,(Race the Titanic) ടൈറ്റാനിക് തുടങ്ങിയ ചിത്രങ്ങളും പ്രശസ്തമാണ്.
ഒരിക്കലും മുങ്ങാത്ത കപ്പല്‍ എന്ന് നിര്‍മാതാക്കള്‍ വാഴ്ത്തിയ ടൈറ്റാനിക് അതിന്‍റെ ആദ്യ യാത്ര (അവസാനത്തേതും ) ആരംഭിക്കുന്നത് വര്‍ഷം 1912 ,ഏപ്രില്‍ 10 ന്. മൂന്നു ക്ലാസ്സുകളിലായി 2500 യാത്രക്കാരെയും, ആയിരത്തോളം ജോലിക്കാരെയും വഹിക്കാനുള്ള ശേഷി. വെള്ളം കടക്കാത്ത പതിനാറു അറകള്‍, കൂടാതെ അത്യാധുനിക സുരക്ഷ ക്രമീകരണങ്ങള്‍. ഓളപരപ്പിലൂടെ ഒഴുകി നടക്കുന്ന ഈ കൊട്ടാരത്തിന്‍റെ സൃഷ്ട്ടിക്കു പിന്നില്‍ ജെ ബ്രൂസ് ഇസ്മേ (J.Bruce ismay) എന്ന ഇംഗ്ലീഷ് ബിസിനസുകാരന്റെ കരങ്ങള്‍ ആയിരുന്നു. White star line എന്നൊരു കപ്പല്‍ കമ്പനിയുടെ പ്രധാന ചുമതലക്കാരനായിരുന്നു അദ്ദേഹം.
1911 ല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ടൈറ്റാനിക് യാത്രയ്ക്ക് സജ്ജമായി. കമ്പനി, കപ്പലിന്റെ കന്നിയാത്ര തൊട്ടടുത്ത വര്‍ഷം സതാംപ്ട്ടനില്‍ (southampton) നിന്നും ന്യുയോര്‍ക്കിലേക്ക് തീരുമാനിച്ചു. അങ്ങനെ കപ്പല്‍ തീരം വിടുമ്പോള്‍ ചുക്കാന്‍ പിടിച്ചത് ക്യാപ്ടന്‍ എഡ്വാര്‍ഡ സ്മിത്ത്. അന്ന് ക്യാപ്ടന്‍ പതിവിലും സന്തോഷവാനായിരുന്നു. ടൈറ്റാനിക് എന്ന സ്വപ്നയാനത്തിന്റെ ആദ്യ നാവീകനായ സംതൃപ്തി. ടൈറ്റാനിക് നിയന്ത്രിക്കുന്നതിനു മുന്‍പ് അദ്ദേഹം പതിനഞ്ചിലധികം കപ്പലുകളുടെ കപ്പിത്താനായി സേവനം അനുഷ്ട്ടിച്ചിരുന്നു.
ടൈറ്റാനിക്കിന്‍റെ യാത്ര തുടക്കത്തിലെ താള പിഴകള്‍ നിറഞ്ഞതായിരുന്നു. സതാംപ്ടന്‍ തുറമുഖത്തുനിന്നു യാത്ര ആരംഭിച്ചപ്പോഴെയുണ്ടായ തിരയിളക്കത്തില്‍ അവിടെ നങ്കൂരമിട്ടിരുന്ന ന്യുയോര്‍ക്ക് കപ്പലുമായി കൂട്ടിയിടി ഒഴിവായത് നേരിയ വ്യത്യാസത്തില്‍. തിരിച്ചറിയാനാവാതെ പോയ ഒരു ശക്തമായ മുന്നറിയിപ്പായിരുന്നു അത്.
ചെര്‍ബര്‍ഗ്ഗിലും, കൊര്‍ക്കിലും നങ്കൂരമിട്ട ശേഷം അറ്റ്ലാന്റിക്ക് സമുദ്രത്തിലൂടെ യാത്ര തുടര്‍ന്നു. കപ്പലിലുണ്ടായിരുന്ന മാനേജിംഗ് ഡയറക്ടര്‍ ഇസ്മേയ് അഭിമാനഭരിതനായി. വൈകാതെ അഭിമാനം ആവേശത്തിന് വഴിമാറി. കപ്പലിന്‍റെ വേഗം ഇരട്ടിപ്പിക്കാന്‍ സ്മിത്തിനോട് ആവശ്യപ്പെട്ടു. എഞ്ചിന്റെ വേഗം വര്‍ദ്ധിച്ചു. സ്പീഡോ മീറ്ററുകള്‍ ഉയര്‍ന്നു. കപ്പലിന്‍റെ അടിത്തട്ടിലെ പങ്ക അതി വേഗം ചലിച്ചു കൊണ്ടിരുന്നു. ഒരു ദിവസം കൊണ്ട് ടൈറ്റാനിക് പിന്നിട്ടത് 873 കിലോമീറ്റര്‍.
നിറയെ നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശം, തെളിഞ്ഞ രാത്രി. കിടു കിടിപ്പിക്കുന്ന തണുപ്പിനെ വകവെയ്ക്കാതെ ,ആര്‍ഭാടത്തിന്റെ അവസാനവാക്കായ ആ കപ്പല്‍ ലക്ഷ്യത്തിലേക്ക് കുതിച്ചു കൊണ്ടിരുന്നു. സമുദ്രത്തിന്റെ തെക്കുഭാഗത്ത് മഞ്ഞുപാളികള്‍ ഉള്ളതായി തുടരെയുള്ള സന്ദേശങ്ങള്‍ വന്നുകൊണ്ടിരുന്നു. മേസബ ( Mesaba)ബാള്‍ട്ടിക്, (Baltic) എന്നീ കപ്പലുകളാണ് വയര്‍ലസ് വഴി മുന്നറിയിപ്പ് നല്‍കിയത്. എന്നാല്‍ ഇതൊന്നും വകവെയ്ക്കാതെ ആഴിയുടെ മുകള്‍പരപ്പിലൂടെ ശരവേഗതയില്‍ പറക്കുകയിരുന്നു അവള്‍.
കപ്പല്‍ മുങ്ങുമെന്ന സന്ദേശം പ്രവഹിച്ചതിനു പിന്നാലെ അധികം വൈകിയില്ല ഉള്ളിലെ വെളിച്ചം നിലച്ചു. ഒപ്പം സംഗീതവും. അതില്‍ നിന്നുയര്‍ന്ന നിലവിളി മഞ്ഞുപാളികളെ പോലും ഉരുക്കുന്നതായിരുന്നു.
ഏകദേശം 80 കിമി അകലത്തായി ''കാര്‍പാര്‍ത്തിയ '' എന്ന കപ്പല്‍ അപായ സന്ദേശം ലഭിച്ചയുടനെ അവിടേക്ക് തിരിച്ചു. എന്നാല്‍ ഇതിലും വളരെ അടുത്തായി നങ്കൂരമിട്ടിരുന്ന കാലിഫോര്‍ണിയന്‍ എന്ന കപ്പലിലെ റേഡിയോ ഓപ റേറ്റര്‍ അവധിയായിരുന്നതിനാല്‍ ടൈറ്റാനിക്കിന്റെ സുരക്ഷാ സന്ദേശം കേള്‍ക്കാനായില്ല. അപകടമുന്നറിയിപ്പു കിട്ടിയ അവര്‍ ടൈറ്റാനിക്കിനെ ബൈനോകുലര്‍ വഴി വീക്ഷിച്ചപ്പോള്‍ നിശ്ചലമായി കിടക്കുന്നതാണ് കണ്ടത്. തങ്ങളെപ്പോലെ തന്നെ മുന്നറിയിപ്പ് ലഭിച്ചപ്പോള്‍ നങ്കൂരമിട്ടു കിടന്നതാണെന്ന് കരുതി.
മുകള്‍തട്ടിലുള്ളവരോട് കപ്പല്‍ ഉപേക്ഷിക്കാന്‍ സ്മിത്ത് ആവശ്യപെട്ടു. വിധിയുടെ തിരയിളക്കം പിന്നെയും തുടര്‍ന്ന് കൊണ്ടേയിരുന്നു. 2200 യാത്രക്കാര്‍ക്കും ജോലിക്കാര്‍ക്കും രക്ഷപെടാന്‍ ആകെ 20 ലൈഫ് ബോട്ടുകള്‍ മാത്രം. ഏതൊരു ദുരന്തത്തെയും അതി ജീവിക്കാന്‍ ടൈറ്റാനിക്കിന് കഴിയും എന്ന നിര്‍മാതാക്കളുടെ ആത്മവിശ്വാസമായിരുന്നു ഇതിനു പിന്നില്‍. ഇത് തന്നെയാണ് അന്ത്യം കൂടുതല്‍ ദാരുണമാക്കിയത്. 1941 ഏപ്രില്‍ 15 ന് രണ്ടുമണിയോടെ ടൈറ്റാനിക് ആഴ കടലിനുള്ളിലെ അടിത്തട്ടിനെ പുണര്‍ന്നു. ദുരന്തത്തിനു നടുവിലും യാത്രക്കാര്‍ ധൈര്യം വിടാതെ കുട്ടികളെയും സ്ത്രീകളെയും രക്ഷപെടുത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ചില കീഴ്വഴക്കങ്ങള്‍ നിലനിന്നിരുന്നു. രക്ഷപെട്ടവര്‍ ഭൂരിഭാഗവും ഒന്നാം ക്ലാസ് യാത്രക്കാര്‍. മരിച്ചവര്‍ സാധാരണക്കാരും. പ്രധാന ചുമതലക്കാരനായ ഇസ്മേ രക്ഷപെട്ടു. എന്നാല്‍ ക്യാപ്ടന്‍ സ്മിത്ത് കപ്പലിനൊപ്പം കടലില്‍ ആഴ്ന്നു.
കാര്‍പ്പാര്‍ത്തിയ എത്തിയത് രണ്ടു മണികൂര്‍ കഴിഞ്ഞായിരുന്നു. 703 യാത്രക്കാരെ രക്ഷിക്കാന്‍ ആ കപ്പലിന് കഴിഞ്ഞു. 815 യാത്രക്കാരും 688 കപ്പല്‍ ജീവനക്കാരും ഉള്‍പ്പടെ 1503 ആയിരുന്നു മരണസംഖ്യ. ടൈറ്റാനിക് ദുരന്തം ലോകമെമ്പാടും വാര്‍ത്തകളില്‍ നിറഞ്ഞു. വൈറ്റ് സ്റ്റാര്‍ ലൈന്‍ കമ്പനിയെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. മതിയായ രക്ഷബോട്ടുകള്‍ ഇല്ലാതിരുന്നും, മഞ്ഞുപാളികളിലെ അപകടമെഖലയിലുള്ള അമിത വേഗതയുമാണ് മരണകാരണമെന്ന് കണ്ടെത്തി. ടൈറ്റാനിക് ദുരന്തം കടലിലെ സുരക്ഷാ നിയമങ്ങള്‍ കര്‍ശനമാക്കി. യാത്രക്കാര്‍ക്കനുസരിച്ചു പ്രാണരക്ഷ ബോട്ടുകള്‍ വേണമെന്ന നിയമം വന്നു. മഞ്ഞുപാളികളെ നിരീക്ഷിക്കാനും, മുഴുവന്‍ സമയ റേഡിയോ സംവിധാനവും പ്രാബല്യത്തില്‍ വന്നു.
titanic_cafe
ടൈറ്റാനിക് കൂടാതെ വേറെയും കപ്പല്‍ ദുരന്തങ്ങള്‍ ഉണ്ടായിട്ടുണ്ട്. യന്ത്ര തകരാറും, ശത്രുവിന്റെ ആയുധമേറ്റുമൊക്കെ. പക്ഷെ മരണസംഖ്യയിലും കപ്പലിന്‍റെ, ആഡംബരത്തിലുമൊക്കെ ലോക ശ്രദ്ധ ആകര്‍ഷിച്ച
ടൈറ്റാനിക് ദുരന്തം ചരിത്രത്തിലെ കറുത്ത അധ്യായമായി വേറിട്ട് നില്‍ക്കുന്നു.
ഇനി വിചിത്രമായ ഒരു കാര്യം പറയട്ടെ .. ടൈറ്റാനിക് ദുരന്തത്തിനു പതിനാല് വര്‍ഷം മുന്‍പ് (morgan robertson) മോര്‍ഗന്‍ റോബര്‍ട്ട്‌സണ്‍ എന്ന നോവലിസ്റ്റ് ഇത്തരം ഒരു കപ്പല്‍ ദുരന്തം അതേപടി വര്‍ണ്ണിച്ചിരുന്നു. സതപ്ട്ടനില്‍(southampton) നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള ഒരുകൂറ്റന്‍ ആഡംബര കപ്പല്‍ വടക്കേ അറ്റ്ലാന്റിക്കില്‍ മുങ്ങി താഴുന്ന കഥ. ആവശ്യത്തിനു ബോട്ടുകള്‍ ഇല്ലാത്തതായിരുന്നു ആ കപ്പല്‍ കഥയിലും നൂറുകണക്കിന് ആളുകള്‍ മരിക്കാന്‍ കാരണം. പ്രവചനം പോലെ വന്ന റോബര്‍ട്ട് സണ്‍ എഴുതിയ ആ നോവലിന്‍റെ പേര് എന്താണെന്നു കേള്‍ക്കണോ .??-ടൈറ്റാന്‍