ഈ ട്രെയിനിനു പാളങ്ങള്‍ ആവശ്യമില്ല. കോച്ചുകള്‍ വലിച്ചുകൊണ്ട് റോഡിലൂടെ വളഞ്ഞുപുളഞ്ഞു പായുന്ന ഈ ട്രാക്ക് ലെസ്സ് ട്രെയിന്‍ ഏറെ കൌതുകത്തോടെയാണ് ആളുകള്‍ നോക്കിനിന്നത്.
ശാസ്ത്ര – നിര്‍മ്മാണ മേഖലകളില്‍ മികച്ച കുതിച്ചുചാട്ടം നടത്തിയിരിക്കുന്ന ചൈന , ട്രാന്‍സ്പോര്‍ട്ട് രംഗത്ത് നടത്തിയിരിക്കുന്ന ഈ പരീക്ഷണം വലിയ മുന്നേറ്റമായി കണക്കാക്കപ്പെടുന്നു.
ഇക്കഴിഞ്ഞ തിങ്കളാഴ്ച ഹെനാന്‍ പ്രവിശ്യയിലെ ‘ജുജോവു’ പട്ടണത്തിലാണ് ഈ റെയില്‍ ലെസ്സ് ട്രെയിന്‍ ആദ്യപരീക്ഷണ ഓട്ടം നടത്തിയത്. വന്‍ ജനാവലിയായിരുന്നു ഇത് കാണാനായി തടിച്ചുകൂടിയതും. ലോകത്തെ ആദ്യത്തെ Intalligent Rail System നിര്‍മ്മിക്കുന്നതിന്‍റെ ആദ്യ ചുവടാണ് ഈ ട്രെയിന്‍.
30 മീറ്റര്‍ നീളമുള്ള ഈ ട്രെയിനില്‍ മൂന്ന് ചെയര്‍ കാര്‍ കോച്ചുകളാണ് ഘടിപ്പിച്ചിരുന്നത്. 500 പേര്‍ക്ക് യാത്ര ചെയ്യാം. ആവശ്യത്തിന് കോച്ചുകള്‍ കൂട്ടാനുള്ള സൌകര്യവുമുണ്ട്. ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇത് Ecco Friendly ആണെന്നതാണ്. ഒരു തവണ ചാര്‍ജ് ആകുന്ന എഞ്ചിന്‍ 70 കി.മീറ്റര്‍ സ്പീഡില്‍ 40 കിലോ മീറ്റര്‍ വരെ ദൂരം ഓടാന്‍ കഴിയും. ഇത് മെട്രോ ,മോണോ, ട്രാം റെയിലിനെ അപേക്ഷിച്ച് വളരെ ചെലവുകുറഞ്ഞ ടെക്നോളജി ആണ്.
ട്രെയിന്‍ ഓടുന്നത് മുഴുവനും സെന്‍സര്‍ ടെക്നോളജിയിലൂടെയാണ്. എതിരേ വരുന്ന വാഹനങ്ങളെ സ്വയം തിരിച്ചറിഞ്ഞു വഴിമാറി പോകുന്ന രീതിയാണിത്. അതുകൊണ്ടുതന്നെ അപകടരഹിതവും. ഡ്രൈവര്‍ ഉണ്ടെങ്കിലും അദ്ദേഹത്തിനു വലിയ റോളൊന്നുമില്ല.
2018 മുതല്‍ ചൈനയുടെ മിക്ക നഗരങ്ങളിലും ഈ ട്രാക്ക് ലെസ്സ് ട്രെയിന്‍ ഓടിക്കാനാണ് സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.