മനുഷ്യന്‍റെ ചരിത്രത്തില്‍ നിന്നും വ്യത്യസ്തമായി ഇന്ന് രണ്ടു ആനകളുടെ ചരിത്രം ആവട്ടെ വിഷയം. നൂറു വര്‍ഷം മുന്പ് തൃശ്ശൂര്‍ ജീവിച്ചിരുന്നവയാണ് രണ്ടും. ഒന്ന് ശാന്ത സ്വഭാവം കൊണ്ടും മറ്റേതു അതിന്‍റെ വന്യത കൊണ്ടും ചരിത്ര താളുകളില്‍ ഇടം നേടി. (ഒരാന പ്രേമിയുടെ അതിശയോക്തി കലര്‍ന്ന കെട്ടു കഥകള്‍ അല്ല ഇത്. ഒരു നൂറ്റാണ്ട് മുന്പ് ജീവിച്ചിരുന്ന രണ്ടു വന്ന്യ ജീവികളുടെ ഇന്നും ശേഷിക്കുന്ന ചരിത്രം മാത്രം).
ചെങ്ങല്ലുര്‍ രംഗനാഥന്‍ എന്ന പേരില്‍ നൂറു വര്‍ഷങ്ങള്‍ക്കു മുന്പ് പ്രശസ്തിയുടെ കൊടുമുടി കയറിയ ആനയുടെ ചരിത്രം ആവട്ടെ ആദ്യം. തമിഴ്നാടിലെ ശ്രീ രംഗം ക്ഷേത്രത്തില്‍ സമീപത്തെ പുഴയില്‍ നിന്നും വലിയ അന്ടാവുകളില്‍ വെള്ളം എത്തിക്കാന്‍ ആണ് മനുഷ്യനോരുക്കിയ വാരികുഴിയില്‍ വീണ ഹതഭാഗ്യവാനായ കുട്ടിയാന എത്തുന്നത്. അങ്ങനെയാണ് രംഗനാഥന്‍ എന്ന് ആനക്ക് പേര് വീഴുന്നതും. കാലങ്ങളോളം ഈ പണി എടുത്ത ആന വലുതായപ്പോള്‍ അതിന്‍റെ അസാധാരണ പൊക്കം നിമിത്തം ക്ഷേത്ര കവാടത്തിലൂടെ കടക്കാന്‍ കഴിയാതെ ആയി. എന്നിരിക്കിലും തല്ലു പേടിച്ചു ഈ കുടുസു വാതിലിലൂടെ ഞെരുങ്ങി കയറിയ ആനയുടെ ശരീരത്തില്‍ പല ഇടങ്ങളിലും മുറിവുകളും വ്രണങ്ങളും രൂപപ്പെട്ടു.
ആയിടക്കാണ് തൃശൂര്‍ അന്തികാട് സ്വദേശിയായ ചെങ്ങല്ലുര്‍ മനയിലെ നമ്പൂതിരി ഈ ക്ഷേത്രത്തില്‍ എത്തുന്നതും ശുഷ്കിച്ചു എല്ലും തോലുമായ ഈ സാധു ജീവിയെ കാണുന്നതും. ഇവന്‍റെ അസാധാരണമായ വലുപ്പം തമിഴര്‍ക്കു ആവശ്യം ഇല്ലെങ്കിലും മലയാളക്കരയില്‍ നല്ല ചിലവായിരിക്കും എന്ന് മനസ്സിലാക്കിയ നമ്പൂതിരി ഇതിനെ വില കൊടുത്തു വാങ്ങി ഇങ്ങോട്ട് കൊണ്ട് പോന്നു. ഇവിടെ എത്തിയ ആനക്ക് ആദ്യത്തെ ഒരു വര്‍ഷം സുഖ ചികിത്സ നല്‍കുകയാണ് ചെയ്തത്. നല്ല ഭക്ഷണവും ചികിത്സയും സര്‍വോപരി നമ്പൂതിരിയുടെ പുത്രാ തുല്യമായ വാത്സല്യവും ആനയെ ഒരു തക്കിടൂ മുണ്ടന്‍ ആക്കി. പിന്നീട് അങ്ങോട്ട് ഈ പ്രദേശത്തെ സകല പൂരത്തിനും ഉത്സവത്തിനും ആന നായകനായി. മലയാളക്കരയാകെ ഇതിന്‍റെ ആകാര ഭംഗിയെ പറ്റിയുള്ള സംസാരം പടര്‍ന്നു. മഹാകവി വള്ളത്തോള്‍ പോലും ഇതിനെ വാഴ്ത്തി പാടി. വലുപ്പതെക്കള്‍ ഉപരി ഇതിന്‍റെ ശാന്ത സ്വഭാവം ആയിരുന്നു പലരുടെയും മനസ് കീഴടക്കിയിരുന്നത്.
പക്ഷെ ഈ പേരിനും പോലിമക്കും ഒന്നും വലിയ ആയുസ് ഉണ്ടായിരുന്നില്ല. 1914 ഇലെ ആറാട്ടുപുഴ പൂരത്തിന് നില്‍ക്കുമ്പോള്‍ (ഞാന്‍ ആറാട്ടുപുഴക്കാരന്‍ ആണ്) കൂടെ നിന്നിരുന്ന അകവൂര്‍ ഗോവിന്ദന്‍ എന്ന ആന ഇതിനെ കുത്തി മറച്ചിട്ടു. സമീപത്തെ കരിങ്കല്‍ തറയില്‍ തലയിടിച്ച രംഗനാഥന്‍ അതോടെ കിടപ്പിലായി. ചികിത്സകള്‍ ഒന്നും ഫലം കാണാതെ വന്നതോടെ പിറ്റേ വര്ഷം ആന ചരിഞ്ഞു. പക്ഷെ ചരിത്രത്തില്‍ ആന ഇടം പിടിക്കുന്നതും ചിരകാല പ്രതിഷ്ഠ നേടുന്നതും ഇതിനു ശേഷമാണു. ആയിടക്കു തൃശൂര്‍ മ്യൂസിയം സ്ഥാപിക്കാന്‍ ഉള്ള ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. ഇതിന്‍റെ ചുമതലയുള്ള സായിപ്പും (അദ്ധഹത്തിന്റെ പേര് എത്ര ശരമിച്ചിട്ടും കണ്ടെത്താനായില്ല) മേല്‍പ്പറഞ്ഞ രംഗനാഥനെ പറ്റി കേട്ടിരുന്നു. ഇത്രയും ഭീമകരത്വം ഉള്ള ആനയെ ചുമ്മാ കുഴിച്ചിട്ടു കളയാന്‍ അയാള്‍ തയാറായില്ല. നമ്പൂതിരിയില്‍ നിന്നും അനുവാദം വാങ്ങി സായിപ്പ് ആനയുടെ മൃതദേഹം കൊണ്ടുപോയി ശാസ്ത്രീയായി ദ്രവിപ്പിച്ചു. പിന്നീട് എല്ലുകള്‍ കൃത്യമായി എണ്ണി പെറുക്കി വീണ്ടും ഒന്നിപ്പിച്ചു. 1938 ഇല്‍ മ്യൂസിയം പൊതു ജനങ്ങള്‍ക്കായി തുറന്നു കൊടുത്തപ്പോള്‍ രംഗനാഥനും അതില്‍ ഉണ്ടായിരുന്നു. മണ്മറഞ്ഞു നൂറ്റാണ്ടു പിന്നിട്ടിട്ടും രംഗനാഥന്‍റെ 345 cm ഉയരമുള്ള അസ്ഥിപഞ്ചരം ഇന്നും കാണികള്‍ക്ക് വിസ്മയം ആയി തൃശൂര്‍ മ്യുസിയത്തില്‍ സ്ഥിതി ചെയ്യുന്നു.
ഇനി അടുത്ത ആനയെ പറ്റി...
ചരിത്രവും മിത്തും കൂടി കുഴഞ്ഞു കിടക്കുന്ന ഒന്നാണ് കവളപ്പാറ കൊമ്പന്‍ എന്ന ആനയുടെ കഥ. ഇതിനെപ്പറ്റി ആധികാരികമായി പറയാവുന്ന രേഖകള്‍ ഒന്നും ലഭ്യമല്ല എങ്കിലും ജീവിച്ചിരുന്നതിന് തെളിവുകളായി ധാരാളം വസ്തുതകള്‍ കാണിക്കാവുന്നതാണ്. ഇതിന്‍റെ ജീവിതകാലം പരിശോദിച്ചാല്‍ ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കത്തില്‍ ആയിരുന്നു എന്ന് അനുമാനിക്കാന്‍ സാധിക്കും. കവളപ്പാറ എന്നാ പ്രശസ്തരായ വീട്ടുകാരുടെ അന്നത്തെ മൂപ്പില്‍ നായര്‍ക്കു നിലമ്പൂര്‍ പ്രദേശത്തെ കാടുകളില്‍ നിന്നാണ് തീരെ കുഞ്ഞായിരുന്ന ഈ ആനയെ ലഭിക്കുന്നത്. കുട്ടന്‍ എന്ന പേരില്‍ ഇതിനെ വളര്‍ത്തിയ അദ്ദേഹം വലുതായപ്പോള്‍ സാമാന്യത്തില്‍ കവിഞ്ഞ ഉയരവും വലുപ്പവും നിമിത്തം അവനെ ചക്രവര്‍ത്തി എന്ന് വിളിച്ചു. കണക്കുകള്‍ സൂചിപ്പിക്കുന്നത് ഗുരുവായൂര്‍ കേശവനെക്കള്‍ ഒരടിയോളം പൊക്കം ഈ ആനക്ക് ഉണ്ടായിരുന്നു എന്നാണ്. അതെന്തു തന്നെ ആയാലും മനുഷ്യന്‍റെ ആഞ്ഞകള്‍ക്ക് മുന്‍പില്‍ ശിരസു കുനിക്കാന്‍ ഈ വന്യ ജീവി തയ്യാറായില്ല. ഒരുപക്ഷെ തന്‍റെ ഇഷ്ട ദൈവം ഇവനെ ചട്ടം പഠിപ്പിചെക്കം എന്നാ വിശ്വാസത്തില്‍ മൂപ്പില്‍ നായര്‍ ഈ ആനയെ കൂടല്‍മാണിക്യം ഭരത ക്ഷേത്രത്തിലേക്ക് നടയിരുത്തി. സ്ഥിരം ഇടഞ്ഞു ചങ്ങല പൊട്ടിക്കുന്നത് നിമിത്തം ഇവനെ തളക്കാന്‍ വേണ്ടി മാത്രം അസാധാരണ വലുപ്പമുള്ള ചങ്ങലയും അദ്ദേഹം നിര്‍മിച്ചു നല്‍കി. ഇതെടുത്തു പൊക്കാന്‍ മൂന്നു ആള്‍ വേണമായിരുന്നു. അത് കൊണ്ട് മൂന്നു പാപ്പാന്മാരുമയിട്ടയിരുന്നു ആനയുടെ സഞ്ചാരം. പക്ഷെ അതൊന്നും ആനയില്‍ മാറ്റം വരുത്തിയില്ല. നിരന്തരം ഇടഞ്ഞു മനുഷ്യ ജീവന്‍ എടുത്ത ഈ ആന ഓരോ കൊലക്ക് ശേഷവും സമീപത്തുള്ള കുളത്തില്‍ ഇറങ്ങി നില്‍ക്കുമായിരുന്നു. “പുല കുളി” എന്ന് കുപ്രസിദ്ധമായ ഈ പ്രവര്‍ത്തി ഇരുപത്തൊന്നു തവണ നടന്നു അഥവാ ഇരുപത്തൊന്നു മനുഷ്യ ജീവന്‍ ഈ കൊമ്പില്‍ കോര്‍ത്തു. ഒരിക്കല്‍ റെയില്‍ പാളത്തിനു സമീപത്തു വച്ച് തീവണ്ടി കണ്ടു വിറളി പൂണ്ട ആന തീവണ്ടി കുത്തി മറിച്ചിടാന്‍ പോലും ശ്രമിക്കുകയുണ്ടായി. എന്നിരിക്കിലും മൂത്ത പാപ്പാന്‍ ആയിരുന്ന കുഞ്ഞന്‍ നായരെ ഇതിനു ഇഷ്ടമായിരുന്നു. മുപ്പതു വര്‍ഷത്തോളം കുഞ്ഞന്‍ പാപ്പാന്‍ ആനയെ കൊണ്ട് നടന്നിരുന്നു. ഇങ്ങനെയൊക്കെ കലാപ കലുഷിതമായി മുന്നോട്ടു പോയ ആനയുടെ ജീവിതം അവസാനിക്കുന്നത് 1925 ഇലെ തിരുവഞ്ചിക്കുളം ശിവ ക്ഷേത്രത്തിലെ ഉത്സവത്തോടെ ആണ്. സാധാരണ പോലെ ഇടഞ്ഞു പ്രശനം ശ്രിഷ്ടിച്ച ആനയുടെ ഇത്തവണത്തെ ഇര മുപ്പതു വര്ഷം തന്‍റെ സന്തത സഹചാരി ആയിരുന്ന കുഞ്ഞന്‍ പാപ്പാന്‍ തന്നെ ആയിരുന്നു. ഈ സംഭവത്തോടെ ആനയെ കൊല്ലാന്‍ ഉത്തരവായി. മരണം പക്ഷെ എങ്ങനെ ആയിരുന്നു എന്നത് വ്യക്തമല്ല. ചിലര്‍ വെടി വച്ച് കൊന്നു എന്നാണ് പറയുന്നത്. വെടിയേറ്റു ആന മരണ വെപ്രാളത്തില്‍ തിരുവഞ്ചിക്കുളം ഗോപുര വാതിലില്‍ കുത്തിയ പാടുകള്‍ ഇപ്പോളും അവിടെ കാണുന്നുണ്ട് (ഞാന്‍ നേരിട്ട് കണ്ടിട്ടില്ല) മറ്റു ചിലര്‍ പറയുന്നത് ചങ്ങലയില്‍ തളച്ച ആനയെ കല്ലെറിഞ്ഞും തല്ലിയും വ്രണം വരുത്തി അത് പഴുത്തു ആണ് ചരിഞ്ഞത് എന്നാണ്. (പത്തു മുപ്പതു വര്‍ഷങ്ങള്‍ക്കു മുന്പ് ഇവിടെ അടുത്ത് മാങ്ങാട്ട് പാടം എന്ന സ്ഥലത്ത് പാപ്പാനെ കൊന്നു വലിച്ചു ചീന്തിയ ഒരാനയെ മേല്‍പ്പറഞ്ഞ രീതിയില്‍ തല്ലി കൊന്നിരുന്നു)
പിറ്റേ വര്‍ഷം പാവറട്ടി സ്വദേശിയായ സീ സീ വര്‍ഗീസ് എന്ന ഒരു സ്കൂള്‍ മാഷ് ഈ ആനയെ പറ്റി എഴുതിയ കവിത- കവളപ്പാറ കൊമ്പന്‍- എന്ന പേരില്‍ തൃശൂര്‍ ഭാഗങ്ങളില്‍ എല്ലാം പ്രചരിച്ചിരുന്നു. ഒരാനയുടെ പേരില്‍ ഒരുപക്ഷെ ലോകത്ത് തന്നെ ആദ്യമായ് എഴുതപ്പെട്ട കവിത ആയിരിക്കണം ഇത്. തൊണ്ണൂറു വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്നും കാഴ്ചക്കാരന് ഉള്‍ക്കിടിലം ഉണ്ടാക്കി കൊണ്ട് കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെ വിളക്ക്മാടത്തെ ചുറ്റി ഒരു പടുകൂറ്റന്‍ ആന ചങ്ങല, മനുഷ്യന്‍റെ അടിമയായിരിക്കാന്‍ കൂട്ടാക്കാതെ അവന്‍റെ ഗര്‍വ്വിനു നേരെ ജീവിതകാലം മുഴുവന്‍ വന്യമായ ആക്രമണം അഴിച്ചു വിട്ട കവളപ്പാറ കൊമ്പന്‍റെ ഓര്‍മയായി കിടക്കുന്നു.