ശരീരം തളർന്നാൽ ജീവിതം തളർന്നു എന്ന് അർഥമില്ല. ജീവിതം ജീവിച്ചു തന്നെ തീർക്കാനുള്ളതാണ്, ആ ജീവിതം മറ്റുള്ളവർക്കുള്ള പ്രചോദനം കൂടിയാകുമ്പോൾ അത് അതിവിശിഷ്ടവുമാകുന്നു.
മുനീബാ മസാരി എന്ന പാകിസ്താന്‍ വനിതയുടെ ജീവിതവും അങ്ങനെയാണ്. ലോകമെമ്പാടുമുള്ള നിരവധി പേര്‍ക്ക് ധൈര്യവും പ്രചോദനവുമാണവര്‍. 2007 മുതല്‍ വീല്‍ചെയറിലാണ് മുനീബാ. വിധിയോട് തോറ്റ് ജീവിതത്തില്‍ നിന്ന് ഒളിച്ചോടാനോ കിടക്കയിലോ മുറിക്കുള്ളിലോ മാത്രമായി തന്റെ ജീവിതം തളച്ചിടാനോ മുനീബാ തയ്യാറായില്ല എന്നത്തന്നെയാണ് ലോകത്തിനായി അവര്‍ കാത്തുവച്ച ഏറ്റവും വലിയ സമ്മാനം.......
2007ല്‍ ഇരുപത്തിയൊന്നാമത്തെ വയസ്സിലാണ് വിധി കാറപകടത്തിന്റെ രൂപത്തില്‍ മുനീബയുടെ ജീവിതത്തിലേക്ക് എത്തിയത്. യാത്രക്കിടെ ഡ്രൈവര്‍ ഉറങ്ങിപ്പോയതായിരുന്നു അപകടകാരണം. മുനീബയ്ക്ക് നട്ടെല്ലിന് ക്ഷതമേറ്റു. വാരിയെല്ലിലും കൈകളിലുമായി നിരവധി ഒടിവ്. ആശുപത്രിക്കിടക്കയില്‍ വച്ച് തന്നെ മുനീബ തിരിച്ചറിഞ്ഞു, തനിക്കിനിയൊരിക്കലും നടക്കാനാവില്ലെന്ന്. ......
ഡോക്ടറില്‍നിന്ന് വിവരങ്ങളറിഞ്ഞതോടെ മുനീബാ മാനസികമായി തളര്‍ന്നു. തനിക്കിനിയൊരിക്കലും അമ്മയാവാനും കഴിയില്ലെന്നറിഞ്ഞതോടെ ഈ ജീവിതം നിരര്‍ഥകമായെന്ന ചിന്തയായിരുന്നു മുനീബയ്ക്ക്. രണ്ട് വര്‍ഷത്തോളം ആശുപത്രിക്കിടക്കയില്‍ തന്നെയായിരുന്നു മുനീബ. അതിനിടയിലെപ്പോഴോ ജീവിതം കിടക്കയില്‍ത്തന്നെ ജീവിച്ചുതീര്‍ക്കേണ്ടതല്ലെന്ന തോന്നല്‍ മുനീബയ്ക്കുണ്ടായി. ......
പതിനെട്ടാം വയസ്സില്‍ത്തന്നെ മുനീബ വിവാഹിതയായിരുന്നു. അപകടത്തോടെ അവള്‍ക്കുണ്ടായ ദുരന്തം ഭര്‍ത്താവിനെ അവളില്‍ നിന്നകറ്റി. ശരീരത്തിനേറ്റ വൈകല്യങ്ങളേക്കാള്‍ അവളെ തളര്‍ത്തിയത് ഭര്‍ത്താവിന്റെ അവഗണനയായിരുന്നു. തളര്‍ന്ന ഭാര്യയെ തനിക്കാവശ്യമില്ലെന്ന അയാളുടെ നിലപാട് അവളെ ആദ്യം നിരാശയിലും പിന്നീട് വാശിയിലുമെത്തിച്ചു. ജീവിക്കുന്നതെങ്ങനെ എന്ന ഭയത്തെ മനസ്സില്‍ നിന്ന് ഇല്ലാതാക്കാനാണ് അവളാദ്യം ശ്രമിച്ചത്.......
പതിയെപ്പതിയെ അവള്‍ ജീവിതത്തെ സ്വന്തം വഴിയിലേക്കെത്തിച്ചു. വിവാഹത്തോടെ ഉപേക്ഷിക്കേണ്ടി വന്ന ചിത്രരചന അവള്‍ വീണ്ടുമാരംഭിച്ചു. ഒരു കുഞ്ഞിനെ ദത്തെടുത്തു വളര്‍ത്തി. സ്വന്തം ജീവിതം കൊണ്ട് മറ്റുള്ളവര്‍ക്ക് എന്തുചെയ്യാന്‍ പറ്റുമെന്നായി അടുത്ത ചിന്ത. വീല്‍ച്ചെയറില്‍ ജീവിക്കുന്നവരെക്കുറിച്ച് സമൂഹത്തിനുള്ള ധാരണ മാറ്റിയെടുക്കണമെന്ന് അവള്‍ക്ക് തോന്നി. അങ്ങനെ സ്വജീവിതത്തില്‍ നിന്ന് പ്രേരണ ഉള്‍ക്കൊണ്ട് മറ്റുള്ളവര്‍ക്ക് വാക്കുകളിലൂടെ ധൈര്യം പകരാന്‍ മുനീബയ്ക്ക് കഴിഞ്ഞു.......
ഒമ്പതുവര്‍ഷങ്ങള്‍ക്കിപ്പുറം ലോകമറിയുന്ന മോട്ടിവേഷണല്‍ സ്പീക്കറാണ് മുനീബാ. 2015ല്‍ ബിബിസിയുടെ 'ലോകത്തെ സ്വാധീനിച്ച 100 പ്രചോദകരായ സ്ത്രീകളുടെ പട്ടിക'യിലും മുനീബ ഇടംപിടിച്ചു. 2016ല്‍ ഫോര്‍ബ്‌സ് മാസിക കണ്ടെത്തിയ മുപ്പതുവയസ്സില്‍ താഴെയുള്ള 30 പ്രചോദകവ്യക്തിത്വങ്ങളില്‍ ഒരാളായി. പാകിസ്താന്റെ ഉരുക്ക് വനിത എന്നാണ് മുനീബയെ ഇന്ന് ലോകം വിശേഷിപ്പിക്കുന്നത്. .....