ഉപാസനയുടെ രണ്ടുവഴികൾ പൗരാണികകാലം മുതൽ ഭാരതീയ ചിന്ത യിൽ നിലനിന്നുപോരുന്നുണ്ട്. ഒന്ന്, പിപീലികമാർഗ്ഗം അല്ലെങ്കിൽ വാമദേവ മാർഗ്ഗം. രണ്ട്, വിഹഗമാർഗ്ഗം അല്ലെങ്കിൽ ശുകമാർഗ്ഗം- പാരമ്പര്യത്തിലെ സാമ്പ്രദായിക മാർഗ്ഗങ്ങളാണിവ രണ്ടും.
പിപീലികമാർഗ്ഗം- എറുമ്പ് എപ്രകാരമാണോ ഓരോ മൺതരി പെറുക്കി ക്കൊണ്ടുവന്ന്: പുറത്തേയ്ക്കു തള്ളിത്തള്ളിക്കൊണ്ടുവന്ന് വലിയൊരു കൂടു ണ്ടാക്കുന്നത് അതുപോലെ ലക്ഷ്യമാകുന്ന തന്റെ സ്വരൂപത്തിലേക്ക് പോകു ന്നതിനുവേണ്ടി തന്റെ വാസനകളിൽ ഓരോന്നിനെയും സ്വയം എരിച്ചുകള യുന്ന ധ്യാനമാർഗ്ഗമാണ് പിപീലികമാർഗ്ഗം. ധ്യാനാത്മകമായ ഒരു മനസ്സോടു കൂടി ഇരുന്ന് ഏതെങ്കിലുമൊരു മന്ത്രത്തെ സ്വയം സ്വീകരിച്ച് നിത്യനിരന്തരമാ യി ഉപാസിക്കുകയാണ് ഈ മാർഗ്ഗത്തിൽ. മന്ത്രമെന്നുപറയുന്നത് തന്റെ മന സ്സിനെ ത്രാണനം ചെയ്യുന്നതാണ്. പ്രകൃതിയുടെ ഏതോ ഒരു തലത്തിൽനി ന്നുകൊണ്ട് തനിക്ക് ആത്മബുദ്ധ്യാലഭിച്ച ഒരു മന്ത്രം; ഇവിടെ മന്ത്രദ്രഷ്ടാ വാകുകയാണ് ഒരു സാധകൻ. തന്റെ ഇഷ്ടദേവതയുടെ ഒരു മന്ത്രം; തനിക്ക് ഉപാസിക്കുന്നതിന് പര്യാപ്തമാകുന്ന രൂപഭാവങ്ങളോടുകൂടിയൊരു മന്ത്രം സ്വയം സ്വീകരിച്ച് മൂന്ന് സന്ധ്യകളിൽ- മൂന്ന് സന്ധ്യകളിൽ കഴിഞ്ഞില്ലെങ്കി ൽ രണ്ട് സന്ധ്യകളിലെങ്കിലും നിത്യനിരന്തരമായി ഉപാസിക്കുകയാണ്. അ പ്പോൾ മാനസികശക്തിയുടെ വർദ്ധനവ് സാധകനുണ്ടാകും; സത്കർമ്മങ്ങൾ ചെയ്യാനുള്ള പ്രേരണയൊക്കെ സാധകനുണ്ടാകും. എവിടെയൊക്കെ യാത്ര ചെയ്യുമ്പോഴും, എവിടെവെച്ചും നിഷ്ഠയോടുകൂടിയാണ് പിപീലികമാർഗ്ഗത്തി ൽ അല്ലെങ്കിൽ വാമദേവമാർഗ്ഗത്തിൽ സഞ്ചരിക്കുന്നവർ ഉപാസനയെ പിന്തു ടരുന്നത്- ഈ മാർഗ്ഗത്തിൽ സഞ്ചരിക്കുന്നവരുടെ ഉയർച്ച അസൂയാർഹമാണ്.
നിത്യനിരന്തരമായി തങ്ങളുടെ മനസ്സിനെ ത്രാണനംചെയ്യുന്നതിന് പര്യാ പ്തമായൊരു ഉപാസനാരീതിയാണ് വാമദേവമാർഗ്ഗം അല്ലെങ്കിൽ പിപീലിക മാർഗ്ഗം. ഒരിടത്ത് ഏകാഗ്രമായി ഇരുന്ന്- ഇതിനവർ സ്വീകരിക്കുന്ന ആസനം തന്നെ വജ്രാസനമാണ്. ഏകാഗ്രമായി വജ്രാസനത്തിൽ ഇരുന്ന് ഉപാസിക്കു മ്പോൾ, ആ സമയം ആരെങ്കിലും തങ്ങളെ കൊല്ലാൻവന്നാൽപോലും അവ രത് അറിയില്ല; യാതൊരു ബോധവുമില്ലാത്തൊരു വിധത്തിലുള്ള ഉപാസനാ രീതിയാണത്. വജ്രാസനത്തിൽ ഇരുന്ന് ഉപാസിക്കുമ്പോൾ മനസ്സ് വജ്രകഠോ രമാകുമെന്നാണുപറയുന്നത്; അതുകൊണ്ടാണ് ആ ഉപാസനാവഴിപോകു ന്നവരുടെ മനസ്സിന് നല്ല ഉറപ്പുകിട്ടുന്നത്. ഇങ്ങനെയാണ് വാമദേവമാർഗ്ഗികൾ പ്രാർത്ഥിക്കുന്നത് അല്ലെങ്കിൽ ഉപാസിക്കുന്നത്- ഏതെങ്കിലുമൊരു മന്ത്രത്തെ സ്വയം സ്വീകരിച്ച് പരമ്പരയാപോരുന്നതാണ് ഈ സമ്പ്രദായം.
ഒരു ആചാര്യനിൽനിന്നാണ് മന്ത്രം സ്വീകരിക്കുന്നതെങ്കിൽ ആ മന്ത്രത്തി ന് അനുഭാവപൂർവ്വമായൊരു മാഹാത്മ്യവും മനസ്സ് കല്പിച്ചുനൽകും; അങ്ങ നെ ആ മന്ത്രത്തെ നിത്യനിരന്തരമായി ഉപാസിച്ച് സാക്ഷാത്കാരത്തിലെത്തു ന്നു- ഇതാണ് പിപീലികാമാർഗ്ഗം അല്ലെങ്കിൽ വാമദേവമാർഗ്ഗം. ഇതേ സമ്പ്രദാ യത്തിൽതന്നെ അനേകം മാർഗ്ഗങ്ങളുമുണ്ട്; കൗളത്തിന്റെയും കാത്ത്യായന ത്തിന്റെയും ഗാണപത്യത്തിന്റെയും ശാക്തേയത്തിന്റെയും ശൈവത്തിന്റെയു മൊക്കെ തലങ്ങളിൽ ഈഷദ്ഭേദങ്ങളേറെയുണ്ട്. എന്നാൽ ഉപാസനയുടെ അംഗമെടുക്കുമ്പോൾ എല്ലാം ഏകവുമാണ്. പക്ഷെ സ്വീകരിക്കുന്ന മന്ത്രത്തി ന്റെ വ്യത്യാസമനുസരിച്ച്, ഏത് സങ്കല്പദേവതയെയാണോ ആരാധിക്കുന്ന ത്, അതിന്റെ അവസ്ഥയെയാണ് പൂജിക്കുന്നത് എന്നുമാത്രം. `അവസ്ഥാ പൂജ്യതേ രാമാ ശരീരോനതുപൂജ്യതേ തദാനിം ധാര കോസീത്വം ഇദാനീം രാജവല്ലഭ`- മഹർഷി ഭരദ്വാജനോട് ശ്രീരാമൻ ചോദിക്കുന്നതാണ്. നേരത്തെ നൽകിയിരുന്നതിൽനിന്ന് വ്യത്യസ്തമായാണ് ഭരദ്വാജൻ ഇപ്പോൾ രാമനെ സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ടാണ് രാമൻ ചോദിച്ചത്, `മഹർഷേ എന്താ ണിങ്ങനെ വ്യത്യസ്തമായി സ്വീകരിക്കുന്ന`തെന്ന്. ആദ്യം ഞാൻ ഭാര്യയോ ടും സഹോദരനോടുമൊപ്പം ഇതിലെ വന്നതാണ്; അന്ന് ഇങ്ങനെയായിരുന്നി ല്ല അങ്ങെന്നെ സ്വീകരിച്ചത്. ഇപ്പോൾ, രാവണവധംകഴിഞ്ഞ് വരുമ്പോൾ അങ്ങെന്നെ സകലസംഭാരങ്ങളോടുംകൂടി സ്വീകരിക്കുന്നു- എന്തുകൊണ്ടാ ണ് ഈ വ്യത്യാസം? അപ്പോൾ ഭരദ്വാജൻ നൽകിയ മറുപടി, `കുമാരാ അവ സ്ഥയെയാണ് പൂജിക്കുന്നത്; ശരീരത്തെ അല്ലെ`ന്നാണ്. അന്ന് നീ സീതയു ടെ ഭർത്താവായിരുന്നു; ഇന്ന് നീ രാജ്യത്തിന്റെ വല്ലഭനാണ്- ഇതാണ് വ്യത്യാ സം.
ഇതുപോലെയാണ് ഉപാസനയുടെ വ്യത്യാസവും. മന്ത്രോപാസനയിൽ കൃഷ്ണന്റെ ഏതുഭാവത്തെ ഉപാസിക്കുന്നു; രാമന്റെ ഏതുഭാവത്തെ ഉപാസി ക്കുന്നു, ആ അവസ്ഥയിൽ ഉപാസകൻ എത്തിച്ചേരും. അതുകൊണ്ട് ഈ ഉപാസനാരീതി ഇഷ്ടദേവതാമന്ത്രങ്ങളിൽ കുടികൊള്ളുന്ന ഉപാസനാരീതി യാകുന്നു- ലക്ഷ്യത്തിലെത്താൻ ഏറെക്കാലമെടുക്കുന്നതാണ് ഈ ഉപാസ നാരീതി; പക്ഷെ ഏറ്റവും സുരക്ഷിതമായിട്ടുള്ള മാർഗ്ഗവുമാണിത്. കാരണം ഇന്ദ്രിയങ്ങൾ ഇവിടെ പ്രചണ്ഡമാകുന്നില്ല. ഇന്ദ്രിയസുഖങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന വ്യക്തി ആ സുഖാനുഭവങ്ങളോടൊപ്പംതന്നെ, താനറിയാ തെ തന്റെ ഇന്ദ്രിയപരങ്ങളായ കാമനകളെ ത്യജിച്ചെത്തുന്ന ഒരു തലമാണി ത്- അതിനുപറ്റിയ ഒരു ദേവതാസങ്കല്പം ഉണ്ടായിരിക്കണമെന്നുമാത്രം; അതുള്ളവർക്കുമാത്രമേ ഈ ഉപാസനാമാർഗ്ഗം പ്രയോജനപ്പെടുകയുള്ളൂ; ഈ മാർഗ്ഗത്തിൽ ഇത് വളരെ നിർബ്ബന്ധവുമാണ്- അല്ലാതെ എന്തെങ്കിലുമൊ രു സങ്കല്പം നമ്മളുണ്ടാക്കിയെടുത്തിട്ട് യാതൊരു കാര്യവുമില്ല.
എന്റെ ഉപാസനയിൽ എനിക്കൊരു ദേവതയുണ്ട്; ആ ദേവതയാണ് എനി ക്കെല്ലാം; അതിനപ്പുറത്തായി എനിക്കൊന്നുമില്ല- അതുകൊണ്ട് എനിക്ക് വേ റെയൊരു ദേവതയേയും മനസ്സിൽ സങ്കല്പിക്കാനേ കഴിയില്ല. എപ്പോൾ, എവിടെ, ഏത് സ്ഥലത്തുവന്നാലും, എന്റെ ഇഷ്ടദേവതമാത്രമാണ് മനസ്സിൽ നിറയുക- ക്ഷേത്രമേതായാലും, ഞാനെന്റെ ഇഷ്ടദേവതയെ മാത്രമേ ആരാ ധിക്കുന്നുള്ളൂ; ഞാനങ്ങനെയാണ് ഈ ദേവതയെപോലും കാണുന്നത്. ഈ പ്രപഞ്ചത്തിലെ ആരെ ഞാൻ കാണുമ്പോഴും, അതിലൊക്കെയും ഞാനെന്റെ ഇഷ്ടദേവതയെ കാണുന്നു; ഏതൊരു വിഷയവസ്തുവുമായി ബന്ധപ്പെടു മ്പോഴും, ഞാനെന്റെ ഇഷ്ടദേവതയെകാണുന്നു- മനസ്സ് ഇത്തരമൊരു തല ത്തിലേക്ക് വളർന്നിട്ടുള്ളവർക്കാണ് ഈ ഉപാസനാരീതി യോജിക്കുന്നത്. ഈ ഇഷ്ടദേവതാ ഉപാസനയിൽ ഓരോ ദേവതയ്ക്കും ഓരോ ഗുണങ്ങളു ണ്ട്. ഗണപതി; സരസ്വതി ഇങ്ങനെ ഓരോന്നിനും ഓരോ പ്രയോജനതലമു ണ്ട്; അതാതിനെ ഉപാസിക്കുന്നവന്റെ ഉപാസനാതലം അതാതിനനുസരി ച്ച് കൈവരിക്കുകയും ചെയ്യും.
ദേവതോപാസനയിൽതന്നെ കുറേക്കൂടി ഉയർന്നൊരു തലമാണ് താന്ത്രി കതലം; തന്ത്രയോഗികളുടെ മാർഗ്ഗം. ആ മാർഗ്ഗം പ്രാണായാമത്തിന്റെ മാർഗ്ഗ മാണ്. പ്രാണായാമത്തിലൂടെ; മന്ത്രോപാസനയിലൂടെ മൂലാധാരത്തിൽനി ന്നും കുണ്ഡലിനീശക്തിയെ ഉയർത്തിക്കൊണ്ടുവരുന്നുവെന്ന സങ്കല്പമാ ണ് ഇവിടെ. കുണ്ഡലിനി ഏറ്റവും താഴെ, അടിത്തട്ടിൽ ഉറങ്ങുന്നുവെന്നാണ് സങ്കല്പം. അവിടെ, മൂലാധാരത്തിലെ ആ പത്മത്തിൽ അക്ഷരങ്ങളുണ്ട്. കാരണം സ്വരങ്ങളെ ആശ്രയിച്ചാണ് അതിന്റെ വളർച്ച. ആ പഞ്ചസ്വരങ്ങൾ, അവ ശംഖനാദംപോലെ നേർപ്പിച്ച് നാദത്തെ മൂലാധരത്തിൽനിന്ന് ഉയർത്തി ക്കൊണ്ടുവരികയാണ് ചെയ്യുന്നത്; അതിന് പര എന്നുപറയും. നാമിപ്പോൾ ഇവിടെ ഉപയോഗിക്കുന്നത്, വൈഖരിയാണ്. പര, പശ്യന്തി, മദ്ധ്യമ, വൈഖരി എന്നീ ക്രമത്തിലാണ് ശബ്ദമുണ്ടാകുന്നത്- ആ രൂപയായിരിക്കുന്ന ദേവി നമ്മുടെ മൂലാധാരത്തിൽ ഉറങ്ങുന്നുവെന്ന് തന്ത്രയോഗികൾ വിശ്വസിക്കുന്നു; താന്ത്രികസങ്കല്പങ്ങളിലൂടെയുള്ള ഈ ഉപാസനാമാർഗ്ഗവും പിപീലികമാർഗ്ഗ ത്തിന്റേതായുണ്ട്. തന്ത്രയോഗികളും മന്ത്രയോഗികളുമൊക്കെ തങ്ങളുടെ മാർഗ്ഗത്തിൽ അനിതരസാധാരണമായ ആനന്ദം അനുഭവിക്കുന്നവരാണ്.
താന്ത്രികോപാസനയിൽതന്നെ പിന്നെയും ഏറെ മാർഗ്ഗങ്ങളുണ്ട്- രൂപോ പാസന, നാദോപാസന, സ്പർശോപാസന(പ്രാണായാമം), പ്രണവോപാസ ന തുടങ്ങിയ മാർഗ്ഗങ്ങൾ. നാദോപാസന പ്രണവമന്ത്രധ്യാനത്തിലൂടെ നേടു ന്നതാണ്. പ്രണവമെന്നത് സർവ്വമന്ത്രസ്വരൂപമാണ്. അതുപോലെ ഒന്നാണ്, ഗായത്രി. ഇങ്ങനെയോരൊ ഉപാസനാമാർഗ്ഗത്തിലൂടെ സാധകൻ പൂർണ്ണത കൈവരിക്കുകയാണ് ചെയ്യുന്നത്- ഇങ്ങനെ ഓരോ മാർഗ്ഗത്തിലൂടെ സഞ്ചരി ക്കുന്നതിനുപകരം ഈ എല്ലാമാർഗ്ഗങ്ങളിലൂടെയും സഞ്ചരിച്ചിട്ടുള്ള എത്രയോ ആചാര്യന്മാരും ഉപാസകരും ഭാരതത്തിൽ ഉണ്ടായിട്ടുണ്ടെന്നും മറക്കരുത്. എന്നാൽ ഒട്ടേറെയുള്ള ഉപാസനാമാർഗ്ഗങ്ങളിൽ നമുക്ക് യോജിച്ച ഒരു മാർഗ്ഗ ത്തെ സ്വീകരിച്ച് ഏകാഗ്രമായി ഇരുന്ന് മുന്നോട്ടുപോകുന്നതാണ് ഉചിതം.
ഉപാസനയുടെ ലോകത്തിൽ സഞ്ചരിക്കാൻ ആധുനികന് കഴിയാതെപോ കുന്നൊരു തലം വരാറുണ്ട്- ഉപാസനയുടെ ലോകത്തിലേക്ക് സാമ്പ്രദായിക മായി സഞ്ചരിക്കാനുള്ള പരിശീലനം കുട്ടിക്കാലംമുതൽ ആരംഭിക്കണം; അ ഞ്ചാംവയസ്സിലൊ, ആറാംവയസ്സിലൊ സാംസ്ക്കാരകർമ്മം കഴിഞ്ഞ്; വിശ്വാ സത്തിലൂടെപോയി; പതിനൊന്നാം വയസ്സിലൊ, പതിമൂന്നാംവയസ്സിലൊ, ഉപാസനയുടെ അനുഭൂതി നേടിക്കഴിഞ്ഞിരിക്കും. അത് നേടിക്കഴിഞ്ഞിട്ടാണ് അവൻ ശാസ്ത്രങ്ങളും ഭൗതികവിഷയങ്ങളുമൊക്കെ പഠിക്കാൻ തുടങ്ങുന്ന തുതന്നെ; അപ്പോൾ പഠിച്ചാൽമാത്രമേ അവൻ അറിവിന്റെ പൂർണ്ണത കൈവ രിക്കുകയുള്ളൂവെന്നാണ് ഭാരതീയ വിദ്യാഭ്യാസാനുഭവം. എന്നാൽ പ്രായമൊ ക്കെ ഏറെക്കഴിഞ്ഞാണ്; എത്രയോകാലം വിദ്യാഭ്യാസംചെയ്തുകഴിഞ്ഞാണ് ആധുനികൻ ഉപാസനയുടെ വഴിയിലേക്കിറങ്ങുന്നത്. അപ്പോൾ അവൻ ഏ തൊരു ഉപാസനാമാർഗ്ഗം തെരഞ്ഞെടുത്താലും ആ ഉപാസനയുടെ വിശ്വാസ ത്തെ ചോദ്യംചെയ്യുന്നൊരു അവൻ; അവന്റെയുള്ളിൽ എപ്പോഴുമുണ്ടാകും. അങ്ങനെ ചോദ്യംചെയ്യുന്ന `അവൻ` ഉപാസനാമാർഗ്ഗത്തിൽ വളരെ അപകട കാരിയാണ്; ഉപാസനചെയ്തുകൊണ്ടിരിക്കെ രൂപപ്പെട്ടുവരുന്ന വിശ്വാസത്തെ ആ അവൻ പിച്ചിച്ചീന്തിക്കളയും. ഈയൊരു പ്രക്രിയയിലുണ്ടാകുന്ന നഷ്ടം പുറത്താർക്കുമല്ല ഉണ്ടാകുന്നത്, അവനുമാത്രമാണ് സംഭവിക്കുന്നത്. അതു കൊണ്ട് ഒരിക്കലും ചോദ്യംചെയ്യപ്പെടാത്തൊരു വിശ്വാസത്തിന്റെ തലത്തിൽ മാത്രമേ ഉപാസനാമാർഗ്ഗം ഏതായാലും, അതിലൂടെ സഞ്ചരിക്കാവൂ- അതി ന്റെ അനുഭൂതി ലഭിക്കണമങ്കിൽ ആ ഉപാസനയിൽ അത്യഗാധമായ വിശ്വാസ മുണ്ടായിരിക്കണം; നിത്യനിരന്തരമായി ആ അനുഷ്ഠാനം മുന്നോട്ടുകൊണ്ടു പോകാൻ സാധിക്കണം; മാത്രവുമല്ല അത് ഗൂഢവുമായിരിക്കണം- ഉപാസന യുടെ ഏറ്റവും വലിയ തന്ത്രവും അതാണ്; തന്റെ ഉപാസന വേറൊരു ജീവി യും അറിയാൻ പാടില്ല; താനൊരു ഉപാസകനാണെന്ന് മറ്റൊരാളെ അറിയിക്ക രുത്. അതറിയിക്കുമ്പോൾ ഒരഹന്ത സംജാതമാകും- ഉപാസനാവേളയിൽ ഭാര്യയൊ, മകളൊ, മറ്റാരെങ്കിലുമോ തന്നെ ശ്രദ്ധിക്കുന്നുണ്ടെന്നുവന്നാൽ, ആ ശ്രദ്ധിക്കുന്നവരെ ശ്രദ്ധിക്കുന്നൊരു `ഞാൻ` എന്റെയുള്ളിൽ ഉണ്ടായിവ രും- അവനാണ് ഏറ്റവുംവലിയ അപകടകാരിയും. അവൻ നമ്മെ അപകട ത്തിലാക്കുകയും ചെയ്യും. അവൻ തന്റെ ഉപാസനയെക്കുറിച്ചും അതിന്റെ ഗുണത്തെക്കുറിച്ചും മുൻകൂട്ടി അറിഞ്ഞൊരു മനസ്സുണ്ടാക്കും; കാല്പനികമാ യൊരു സാങ്കല്പികലോകമുണ്ടാക്കും; അങ്ങനെയൊരു മനസ്സുണ്ടാക്കി ഓ രോ തീരുമാനമെടുപ്പിച്ചുകളയും- ഇത്ര മണിക്കൂർ ഇരുന്നുകഴിഞ്ഞാൽ ഇന്ന യിന്ന അനുഭവങ്ങളുണ്ടാകുമെന്നുവരെ പറയിപ്പിക്കും; മനസ്സ് ഓരോ സങ്കല്പ ലോകമുണ്ടാക്കി, അതിന്റെ അനുഭവങ്ങൾ ഉണ്ടാക്കും. എന്നാൽ, അത് തന്റെ സ്വാനുഭവമല്ലെന്നും അവയൊക്കെ തന്റെ അനുഭവവൈകല്യമാണെന്നും തി രിച്ചറിയാൻ കഴിയാത്തൊരു അപകടത്തിൽ പെടുകയാണ് അപ്പോൾ സാധ കൻ.
ധ്യാനമാർഗ്ഗങ്ങളെക്കുറിച്ച് യാതൊന്നും അറിയാത്ത; അതിനെക്കുറിച്ചുള്ള യാതൊരു പുസ്തകവും വായിച്ചിട്ടില്ലാത്ത; അതേക്കുറിച്ച് ഏതൊരാചാര്യ നോടും ചർച്ചചെയ്യാത്തൊരു വ്യക്തി- അയാൾ ഒരു ഉപാസനചെയ്യുമ്പോൾ, അയാളിൽ ആവിർഭവിക്കുന്ന ഓരോ മാറ്റങ്ങളെക്കുറിച്ചും ബോധവാനാകും. അപ്പോൾ അയാളൊരു ആചാര്യനെ കണ്ടെത്തും; അദ്ദേഹത്തോട് ചെന്നുചോ ദിക്കും, `ആചാര്യരെ വല്ലാത്ത ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നു; പ്രചണ്ഡങ്ങളാ യ ഒട്ടേറെ വൈകാരികഭാവങ്ങളുണ്ടാകുന്നു; സർവ്വത്ര താറുമാറാകുന്നതു പോലെ തോന്നുന്നു`വെന്ന്. അപ്പോൾ ആചാര്യൻപറയും, `ചെയ്യുന്ന ഈ മാർഗ്ഗത്തിലൂടെ പോകുമ്പോൾ ഇന്നയിന്ന അനുഭവങ്ങളൊക്കെ ഉണ്ടാകുന്നു വെന്ന് നീ പറയുന്നത് അതിന്റെ പ്രതിഫലനമാണ്; അങ്ങനെ സംഭവിക്കുന്ന ത് ശരിതന്നെയാണ്. അപ്പോൾ പുതിയതൊന്നും ആചാര്യൻ പറഞ്ഞുതരില്ല- ഉണ്ടായതിന്റെ അടുത്തപടിയിലേക്ക് പോകാനുള്ള മാർഗ്ഗംമാത്രമേ ആചാ ര്യൻ പറഞ്ഞുകൊടുക്കൂ. അതുകൊണ്ടാണ് പറയുന്നത്, കുട്ടിക്കാലത്തുത ന്നെ ഉപാസിക്കാൻ പഠിക്കണമെന്ന്; എന്നാൽമാത്രമേ ചെയ്യുന്നതിലെ നിഷ്ക ളങ്കതയുണ്ടാകുകയുള്ളു. യാതൊരു യുക്തിയും വികാരങ്ങളുമുണ്ടാകാത്ത ഒരു ദശയിൽ; യാതൊരു ആഗ്രഹവും ഉല്പന്നമാകാത്തൊരു ദശയിൽ; യാ തൊരുതരത്തിലുമുള്ള അംഗീകാരവും വേണമെന്ന് ആഗ്രഹിക്കാത്തൊരു ദശയിൽ- ആ ശൈശവദശയിൽതന്നെ ഏകാഗ്രമായി ഇരുന്ന് സാധനയെ അനുഷ്ഠിച്ചുപോരുമ്പോഴുണ്ടാകുന്ന ശാരീരികവും മാനസികവുമായ മാറ്റങ്ങ ൾ; പ്രചണ്ഡങ്ങളായ മാറ്റങ്ങളെ കണ്ടെറിഞ്ഞ് ഉയർത്തിക്കൊണ്ടുവരാൻ അപ്പോഴൊരു ആചാര്യനും ഉണ്ടാകും.
ആരുടെ നിയന്ത്രണത്തിലാണോ സാധനചെയ്യുന്നത്, ആ ആചാര്യനോടാ ണ് സാധകൻ തന്റെ മാറ്റങ്ങൾ അറിയിക്കുന്നത്; ചെയ്തുവരുമ്പോൾ ഇന്ന യിന്ന മാറ്റങ്ങൾ ഉണ്ടാകുന്നുവെന്ന് അറിയിക്കുമ്പോൾ ആചാര്യൻ അടുത്തപ ടിയായി ഇന്നയിന്നത് ചെയ്യണമെന്ന് ഉപദേശിക്കും-സാധകന് ചിലപ്പോൾ മാനസികമായ വിഭ്രാന്തികൾവരെ ഉണ്ടാകാം. ധന്വന്തരി തന്റെ ശിഷ്യന്മാരെ ഉപാസനപഠിപ്പിക്കുമ്പോൾ അത്തരം വിഭ്രാന്തികൾ ഉണ്ടായി; ശിഷ്യരുടെ വിഭ്രാന്തിയകറ്റാനാണ് ധന്വന്തരിയാൽ പ്രോക്തമായിട്ടുള്ള സാരസ്വതാ ദി അരിഷ്ടങ്ങളൊക്കെ. സാധനയ്ക്കിടയിൽ ചിലപ്പോൾ സ്മരണയുടെ അപ ഭംഗംവരെ വരാം- അപസ്മരണം; അപസ്മാരം എന്നാണ് അത് അറിയപ്പെടു ന്നത്. ഈ സമയത്ത് പലതരം വിഭൂതികൾ ഞരമ്പുകളിലുണ്ടാകും; അയാളു ടെ ഉദാനനിലും വ്യാനനിലുമൊക്കെ; പ്രത്യേകിച്ചും ഉദാനനിൽ മാറ്റം സംഭവി ക്കും. നട്ടെല്ലിന്റെ ഇരുപാർശ്വങ്ങളിലുമുള്ള ഇഡ, പിംഗള എന്നീ നാഡികളി ലൂടെ കടന്നുവരുന്നതും നമ്മളെ ഉദ്ഗമിപ്പിക്കുന്നതിന് പര്യാപ്തമായിട്ടുള്ള തും ഉദ്ഗീതത്തിന് സഹായിക്കുന്നതുമായ ഈ ഉദാനൻ, അനന്തങ്ങളായ വിഭൂതികളെ കൈക്കൊള്ളും; അപ്പോൾ ചില പ്രത്യേകതകളൊക്ക അനുഭവ പ്പെടും- ഒരിടത്ത് ഇരുന്നുകൊണ്ട് മറ്റൊരിടത്തിരിക്കുന്ന പദാർത്ഥത്തെ അ ത്ഭുതകരമായി എടുക്കുവാൻ കഴിയും; ഒരിടത്ത് ഇരുന്നുകൊണ്ട് ദൂരെയുള്ള വരുടെ മനസ്സിലുള്ളത് വായിച്ചെടുക്കാനുമൊക്കെ അപ്പോൾ കഴിയും.
സാധകനുണ്ടാകുന്ന ഇത്തരം അനന്തഭാവങ്ങളെ നിയന്ത്രിക്കുന്നതിന് മ ണിമന്ത്രൗഷധങ്ങളെയാണ് ആചാര്യന്മാർ അന്ന് സ്വീകരിച്ചിരുന്നത്. അതു കൊണ്ടാണ് ഒരാചാര്യന്റെ ഉപദേശനിർദ്ദേശാനുസരണം ഉപാസനയെ ചെയ്യ ണമെന്ന് പറയുന്നത്- അങ്ങനെ ഉപാസനയെ പൂർണ്ണതയിലെത്തിച്ച്, ഉപാസ കനെ ആത്മസാക്ഷാത്കാരത്തിന്റെ അത്യുന്നതതലങ്ങളിലേക്ക് ആചാര്യൻ എത്തിക്കുന്നു; അതിന് സാധകന് ആചാര്യനിൽ ചോദ്യംചെയ്യപ്പെടാനാകാ ത്ത അചഞ്ചലവിശ്വാസമാണ് ഉണ്ടാകേണ്ടത്; അതുകൊണ്ട് ഉപാസനയുടെ ആ ലോകം നമുക്ക് അനഭിഗമ്യമാണ്- ആചാര്യന്റെ മനസ്സും സാധകന്റെ മ നസ്സും തമ്മിലൊരു പാരസ്പര്യമുണ്ടാകണം; അത് യുക്തികൊണ്ടൊന്നും ചെയ്യാനാകാത്തൊരു ലോകമാണ്. അതുകൊണ്ടാണ് അവരാദ്യം പ്രാർത്ഥി ച്ചത്- `ഓം സഹനാവവതു സഹനൗഭുനക്തു സഹവീര്യം കരവാവാഹൈ തേജസ്വീനാവധീതമസ്തു മാ വിദ്വിഷാവഹൈ ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ`- പരബ്രഹ്മസ്വരൂപിയായ ഭഗവാൻ ഞങ്ങളെ രണ്ടുപേരെയും ഒരുമിച്ചു പരിപാ ലിക്കട്ടെ; ഒരുമിച്ചു സ്വരൂപത്തോടു പിടിച്ചടുപ്പിക്കട്ടെ; ഒരുമിച്ച് ബ്രഹ്മസാക്ഷാ ത്കാരത്തിനുള്ള വീര്യം ഞങ്ങൾ വിദ്യയിലൂടെ നേടുമാറാകട്ടെ; ഞങ്ങൾക്ക് ഉപനിഷത്തുപഠിച്ചു സിദ്ധിച്ച ബ്രഹ്മം തോജോരൂപമായി പ്രകാശിക്കാൻ ഇടവ രട്ടെ; ഞങ്ങൾ രണ്ടുപേരും ഒരിക്കലും പരസ്പരം വിദ്വേഷിക്കാൻ ഇടവരാതി രി ക്കട്ടെ; ആദ്ധ്യാത്മികവും ആധിദൈവികവും ആധിഭൗതികവുമായ മൂന്നുവി ധ ദുഃഖങ്ങളും ശമിക്കുമാറാകട്ടെ- കാരണം ഇതിന് വിദ്വേഷമുണ്ടാകത്തൊരു തലമുണ്ടാകണം; അവിടെ യാതൊരുവിധ ചോദ്യംചെയ്യലുമില്ല. ചോദ്യംചെ യ്യലുണ്ടായാൽ, എല്ലാം അവിടെവെച്ചുതന്നെ തീർന്നുവെന്നാണ് അർത്ഥം. കാരണം ആചാര്യന്റെ ജാഗ്രത്സ്വപ്നസുഷുപ്തികൾ സാധാരണക്കാരന്റെ ജാഗ്രത്സ്വപ്നസുഷുപ്തികളെപ്പോലെയല്ല- അദ്ദേഹത്തിന് ജാഗ്രത്തുമില്ല; സ്വപ്നവുമില്ല; സുഷുപ്തിയുമില്ല. സർവ്വത്ര തുര്യഗയിൽനിൽക്കുന്ന ആചാ ര്യന്റെ ഇംഗിതം, അതനുസരിച്ച് നീങ്ങുക; ആ ഇംഗിതമനുസരിച്ചുനീങ്ങു ന്നവനാണ് താനെന്ന് ബോദ്ധ്യപ്പെട്ടുപോകുന്നതാണ് ബ്രഹ്മവിദ്യയുടെ സമ്പ്ര ദായം. അതുകൊണ്ടാണ് ശൈശവകാലത്തുതന്നെ ആചാര്യന്റെയടുക്കൽ ചെന്നിരുന്ന് അത് പഠിക്കുന്നത്- ശൈശവദശകഴിഞ്ഞുപോയാൽ ലോകപരി ചയമുണ്ടാകും. ലോകപരിചയങ്ങളാൽ ബഹുശ്രുതനായിട്ടാണ് ഇന്നത്തെ വിദ്യാർത്ഥി ആചാര്യന്റെയടുക്കലെത്തുന്നത്. അപ്പോൾ ആചാര്യന്റെ വാക്കു കളിൽ ഓരോന്നിനെയും തന്റെ ലോകയുക്തികൊണ്ട് അളക്കാൻ ശ്രമിച്ചു കൊണ്ടേയിരിക്കും; ആചാര്യന്റെ ഓരോ അംഗചലനംപോലും അപ്പോൾ അള ക്കാൻ ശ്രമിക്കും; അങ്ങനെ വിദ്യാർത്ഥി, ആചാര്യനെ കീഴ്പ്പെടുത്തിയെ ടുക്കാൻ ശ്രമിക്കും; ആചാര്യനെ കീഴ്പ്പെടുത്തിയെടുത്ത് തന്റെ ലൗകി കങ്ങളായ ഇച്ഛകൾക്കനുഗുണമായി മാറ്റിയെടുക്കാനുള്ള വഴികൾ തേടു കയുംചെയ്യും- അങ്ങനെയവൻ പാപപങ്കിലമായൊരു ജീവിതത്തിലേക്ക് പതി ക്കുകയും ചെയ്യും; ഒപ്പം ആചാര്യനും പതിക്കും.
ലൗകികമായ നേട്ടങ്ങളുടെ വഴിയിൽ ആചാര്യൻ പതിച്ചാൽ, അത്തരം ആചാര്യന്മാർ ജനകനെപോലുള്ള വിദ്യാർത്ഥികളാൽ ചോദ്യംചെയ്യപ്പെടും- ജനകൻ മഹാരാജാവാണ്. അങ്ങനെയുള്ള ജനകൻ യാജ്ഞവൽക്യനോട് പറഞ്ഞു, ` ആചാര്യരെ എനിക്കിനി ഒന്നും വേണ്ട; അങ്ങയുടെ അടുക്കൽ നിന്ന് ഒന്നും കിട്ടാനല്ല ഞാൻ വന്നത്. ഇന്നുള്ള ഈ ലൗകികലോകത്തിനപ്പു റം, യാതൊരു ലൗകികമായ ഉയർച്ചയും എനിക്കുവേണ്ട; അതൊക്കെ ക്ഷണി കമാണെന്ന് ഞാനറിഞ്ഞു. എനിക്ക് ഇതുവരേയായും ലഭിക്കാത്തത്; എന്റെ ഈതലത്തിൽ എനിക്ക് ലഭിക്കാത്തത്; ഇങ്ങനെയിരുന്നാൽ ഞാനെത്തി ച്ചേരാത്തത്- ആ ഒന്ന്, അങ്ങേയ്ക്കുണ്ട്. ഞാൻവന്നത് അതിനായാണ്; എനി ക്കതുമാത്രമാണ് വേണ്ടത്`- ഒരു പക്ഷെ ജനകനെപോലൊരു രാജാവിനുമാ ത്രം ചോദിക്കാവുന്ന ഗംഭീരചോദ്യംചെയ്യലാണിത്. ജനകൻ ആചാര്യനെ തേടിയെത്തിയത്, ആ ഒന്നിനുവേണ്ടി മാത്രമാണ്. അങ്ങുപറയുന്ന ലൗകിക കഥകൾ എനിക്കുകേൾക്കേണ്ട; ഇതിനേക്കാൾ എത്രയോവലിയ കഥകൾ എനിക്കുതന്നെ പറയാനുണ്ട്. ആ ലൗകികതയിൽനിന്ന് എന്റെ മനസ്സിനെ എനിക്ക് തിരിച്ചുകിട്ടണം; എന്റെ വാസനകളെയും സംസ്ക്കാരങ്ങളെയും ഉച്ചാടനംചെയ്ത് ആത്മാനുഭൂതിയിൽ എന്നെ എത്തിക്കണം. എന്നെ ആത്മാനുഭൂതിയിലെത്തിച്ച്, ഇപ്പോൾ എനിക്കുള്ളതിന്റെ തലത്തിൽതന്നെ, ആ ഉള്ളതിനെമുഴുവൻ സമീചീനമായി അനുഭവിക്കുവാനും ഈ വിശ്വത്തെ ജയിക്കാനുമുള്ള പൂർണ്ണവിദ്യയാണ് അങ്ങെനിക്ക് തരേണ്ടത്- ആ പൂർ ണ്ണവിദ്യ തന്ത്രയോഗികൾ അന്ന് അനുഭവിച്ചിരുന്നു; അതിനവർ സ്വപ്നങ്ങളെ അത്യുജ്ജ്വലങ്ങളായ ഉപാസനകൾകൊണ്ട് നിയന്ത്രിച്ചിരുന്നു- ഇത് ഉപാസന യുടെ വളരെവിപുലമായൊരു മാർഗ്ഗമാണ്.
തന്ത്രമാർഗ്ഗത്തിൽതന്നെ കൗളം, കാത്ത്യായനം എന്നൊക്കെയുള്ള, വ്യ ത്യസ്ത ഉപാസനാമൂർത്തികളോടുബന്ധപ്പെട്ട ഏറെ മാർഗ്ഗങ്ങളുണ്ട്- അതി ൽ പഞ്ചമകാരപൂജയൊക്കെവരും; അതിൽ രാജസം, താമസം, സാത്വികം എന്നൊക്കെയുണ്ട്. ഇത്തരം മാർഗ്ഗങ്ങളിൽ സഞ്ചരിച്ച് അത്യുജ്ജ്വലങ്ങളായ അനുഭൂതിയിൽ കഴിഞ്ഞുവരുന്നവർ ഇന്നും ലോകത്തിന്റെ പലഭാഗങ്ങളിലു മുണ്ട്- അവരൊക്കെ ഓരോ താന്ത്രികപാരമ്പര്യങ്ങളിൽപ്പെട്ടവരാണ്. ഇ ത്തരം ഓരോ ആചാര്യന്റെയും അടുക്കൽ ഓരോരുത്തരും എത്തിപ്പെടുന്നത്, അവരവരുടെ വാസനയ്ക്കനുസരിച്ചാണ്; ആ വാസനയ്ക്കനുസരിച്ചുള്ള വരുമായിട്ടേ കൂട്ടുകെട്ടുണ്ടാകുകയുള്ളു. അതുകൊണ്ടാണ് ഇത് ഒരു പൂർവ്വ നിശ്ചിതമായ വഴിത്താരയാണെന്ന് പ്രാചീനർ പറയുന്നത്; തന്ത്രമാർഗ്ഗ ത്തിലെ ക്രിയായോഗത്തിന്റെയൊക്കെ മാർഗ്ഗം വളരെ ഫലപ്രദമാണെന്നാണ് പറയുന്നത്- സ്വാമി യോഗാനന്ദപരമഹംസരുടെ മാർഗ്ഗമാണ്. അതുപോലെ ഗോരഖ്നാഥ് സമ്പ്രദായവുമുണ്ട്- വിദ്യാ ഉപാസനയിലൂടെ ഗോരഖ്നാഥ് ഇ ന്നും ജീവിച്ചിരിക്കുന്നുവെന്നാണ് ആ മാർഗ്ഗത്തിൽ സഞ്ചരിക്കുന്നവർ വിശ്വ സിക്കുന്നത്. അതുകൊണ്ട് ഈ സമ്പ്രദായങ്ങളെല്ലാം വളരെ ഫലപ്രദമായ ഉപാസനകളാണെന്ന് കരുതണം. പൗരാണികകാലം മുതലുള്ള ധ്യാനത്തി ന്റെ ഈ സാമ്പ്രദായിക വഴിയാണ് പിപീലികമാർഗ്ഗം അല്ലെങ്കിൽ വാമദേവ മാർഗ്ഗം.
#കടപ്പാട്