ഹരികൃഷ്ണൻസ് എന്ന സിനിമ കണ്ടിട്ടുള്ളവർ ഒരു പക്ഷെ ശ്രദ്ധിച്ചിട്ടുണ്ടാകുന്ന ഒരു കാര്യമുണ്ട് .മറ്റൊന്നുമല്ല ആ സിനിമയിൽ പല സീനുകളിലും പ്രത്യക്ഷപ്പെടുന്ന ഇന്നത്തെ ഇന്നോവയെ ഓർമിപ്പിക്കുന്ന ഒരു കാറാണത്.ഒരു പക്ഷെ ആരും അതിനു മുന്പോ പിൻപൊ കണ്ടിരിക്കാൻ ഇടയില്ലാത്ത ഒരു വാഹനമാണത്.കാരണം പ്രൊഡക്ഷൻ ആരംഭിച്ചതിനു ശേഷം വെറും ഏഴു വാഹനങ്ങൾ മാത്രമേ നിരത്തിലിറങ്ങിയിട്ടുള്ളൂ. കസ്‌വ എന്ന പേരില് ചാവക്കാട് ആസ്ഥാനമാക്കിയ രാജാ എന്ന വ്യവസായ ഗ്രൂപാണ് ഇന്ത്യയിലെ ആദ്യത്തെ "എം പി വി " എന്ന ഖ്യാതിയോടെ രണ്ടു ലിറ്റർ ഇസുസു എന്ജിനുമായി 1996 ൽ ആ വാഹനം നിരത്തിലിറക്കിയത്. കൊച്ചി താജിൽ വെച്ച് നടന്ന പുറത്തിറക്കൽ ചടങ്ങിനു ശേഷം അപര്യാപ്തമായ വില്പന- സേവന സൌകര്യങ്ങൾ മൂലം ഏഴു വാഹനങ്ങൾ നിർമ്മിച്ച് അത് അകാല ചരമടയുകയാണ് ഉണ്ടായത്.
അത് പോലെ 1994 ലാണ് ചാലക്കുടി ആസ്ഥാനമാക്കിയ "എഡി കറന്റ് കണ്ട്രോൾസ്" എന്ന സ്ഥാപനം ഇന്ത്യയിലെ ആദ്യത്തെ വൈദ്യുതി കാർ ആയ "ലവ് ബേർഡ് " പുറത്തിറക്കിയത് .അതിന്റെ വിധിയും മറ്റൊന്നായിരുന്നില്ല. ഇന്ന് ഇന്ത്യയിലെ ആദ്യ വൈദ്യുത കാർ എന്ന പദവി മികച്ച വില്പനനന്തര സൌകര്യങ്ങളുള്ള മഹിന്ദ്ര യുടെ റേവ യ്ക്കാണ്. വാഹന രംഗത്തെ അതികായര്ക്ക് മുന്നിൽ മുകളിൽ പറഞ്ഞ വാഹനങ്ങളൊക്കെ വിസ്മൃതിയിലായിപ്പോയി.
പറഞ്ഞു വന്നതിതാണ് പലകാര്യങ്ങളും പലരും തുടക്കമിടുന്നത് ഒരുപാട് പ്രതീക്ഷകളോടെയാകും പക്ഷെ അകാല ചരമമടഞ്ഞു വിസ്മൃതിയിൽ ആണ്ടു പോകാനാകും ബഹു ഭൂരിപക്ഷതിന്റെയും വിധി . വിജയിച്ചവർ എന്ന പേരിൽ നാം അറിയുന്നത് നൂറിൽ പത്തു മാത്രം . അവർ മാത്രമാകും ചരിത്രത്തിൽ ഇടം പിടിക്കുക.