A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

അശോകമരം -സാറാക്കാ അശോക

നിങ്ങൾ, പൂത്തു നിൽക്കുന്ന അശോകമരം കണ്ടിട്ടുണ്ടോ?


ശ്രേഷ്ഠമായ, ഔഷധമൂല്യങ്ങളുള്ള ഈ ചെറുവൃക്ഷം കടുംചുവപ്പു പൂങ്കുലകളാൽ നിറയുന്നത് അതിന്റെ കടയ്ക്കൽ പ്രണയിനിയായ ഒരു കന്യകയുടെ പാദങ്ങൾ സ്പർശിക്കുമ്പോൾ ആണെന്നാണ് സങ്കൽപം.
ഇവിടെ, ആയുർവ്വേദമെന്ന, ഭാരതത്തിന്റെ അഭിമാനമായ ഔഷധ ശാസ്ത്രശാഖ, ശ്രീ ജോൺ വറുഗീസിന്റെ ഭാവനാപൂർണ്ണമായ മനോഹര പദങ്ങളുടെ പാദസ്പർശമേറ്റ് പൂത്തുലയുന്ന ഒരശോകമരമാകുന്ന കാഴ്ച്ചയിലേക്ക്
ഞാൻ, നിങ്ങളുടെ ശ്രദ്ധയേ ക്ഷണിക്കുകയാണ്.
"സറാക്ക അശോക "
സാഹിത്യ രംഗത്തു തന്നെ ആയുർവ്വേദം പശ്ചാത്തലമാക്കിയ കഥാരചനകൾ അത്യപൂർവ്വം എന്ന് തന്നെ പറയാം.
കരഗതമായ നൈപുണ്യങ്ങളേ നശീകരണ പ്രവർത്തനങ്ങൾക്കും ,സ്വാർത്ഥ താത്പര്യങ്ങൾക്കുമായി
വിനിയോഗിക്കുന്ന മനുഷ്യമുഖം വളരെ തന്മയത്വത്തോടെ എടുത്തു കാണിക്കുന്നതോടൊപ്പം, ആയുർവ്വേദ ഔഷധ ശാഖയുടെ, അക്ഷയപാത്രം പോലെ അനന്തമായ സാദ്ധ്യതകളേയും കഥാകാരൻ തന്റെ സ്വതസിദ്ധമായ മനോഹരശൈലിയിലൂടെ
വരച്ചുകാട്ടുന്നു.
പനവേലിമുട്ടം എന്ന തറവാടും അവിടത്തെ ഗൃഹനാഥനായ, നന്മ നിറഞ്ഞ അദ്ധ്യാപകനും ,
അതേ ഗ്രാമത്തിലെ, ലഹരിക്കടിമപ്പെട്ട് അധ:പതിച്ചു പോയ വിഖ്യാതനായൊരു വൈദ്യന്റെ മകൻ, നാരായണപ്പിഷാരടിയുമാണ് കഥയെ നയിക്കുന്ന രണ്ട് ശക്തരായ കഥാപാത്രങ്ങൾ.
കാലങ്ങൾക്ക് ശേഷം, പനവേലിമുട്ടം സാറിന്റെ കാരുണ്യം കൊണ്ട്, സമർത്ഥനായ നാരായണ പിഷാരടി ആയുർവേദം പഠിച്ച് പ്രസിദ്ധനായ വൈദ്യരായി തീരുന്നു.
എന്നാൽ സ്വാർത്ഥനായ പിഷാരടി പനവേലിമുട്ടം തറവാടിന് തിരികെ നൽകിയതൊക്കെയും തിക്താനുഭവങ്ങൾ മാത്രം!
പരിശുദ്ധമായ, ഭാരതത്തിന്റെ തനതായ ഔഷധ പാരമ്പര്യത്തിൽ വിഷം ചേർക്കുന്ന നാരായണ പിഷാരടി സ്വന്തം ജീവിതത്തോടും, ജീവിത മൂല്യങ്ങളോടും പോലും പ്രതിബദ്ധത ഇല്ലാത്ത വ്യക്തിത്വമാണ്.
അയാളുടെ സ്വാർത്ഥതാത്പര്യങ്ങളുടെ ബലിയാടുകളായ ജോസഫൈൻ, നവോമി എന്നീ സ്ത്രീ കഥാപാത്രങ്ങൾ തനതായ ശക്തിയോടെ ഉയിർത്തെണീക്കപ്പെടാത്തതിന്റെ കാരണം പിഷാരടിയുടെ കുടില തന്ത്രങ്ങൾ തന്നെ!
അലോപ്പതി ചിക്കിത്സാവിധികളെ ദുർവിനിയോഗം ചെയ്യുവാൻ ജോസഫൈൻ നിർബ്ബന്ധിതയായത് ,ഒരു വൻ ചതിയിലൂടെ അവളെ സ്വന്തമാക്കിയ പിഷാരടിയുടെ ഭർതൃസ്ഥാനം ദുരുപയോഗം ചെയ്യപ്പെട്ടത് മൂലമാണ്.
മാനസികമായും ശാരീരികമായും പീഢനങ്ങളേറ്റുവാങ്ങിപ്പൊലിഞ്ഞു തീരുന്ന ഈ കഥാപാത്രം വായനക്കാരുടെ ഹൃദയവേദനയാവുന്നു.
ഇവരേ കൂടാതെ, ഹരിപ്രസാദ്, മകൾ അപർണ, കപട സദാചാരത്തിന്റെ വിഷം തീണ്ടുന്ന പില്ലോണ,അവളേ പുത്രീ നിർവിശേഷം സ്നേഹിക്കുന്ന ഡിമിത്രി, തോമസ് ആന്റണി എന്ന കാട്ടുമാക്കാൻ അങ്ങനെ പോകുന്ന കഥാപാത്രങ്ങളിലൂടെ 'സറാക്കാ അശോക ' പുരോഗമിക്കുന്നു.
കാലം പകർന്നു നൽകിയ അനുഭവജ്ഞാനം വിഫലമാവുന്ന നാരയണ പിഷാരടിയുടെ ജീവിതദൃശ്യം,
സ്വാഭിവൃദ്ധി മാത്രം ലാക്കാക്കി അധാർമ്മികതയിലൂന്നി, കിതപ്പവഗണിച്ച് കുതിക്കുന്ന മാനവന്റെ ദയനീയ പരാജയത്തേ ഓർമ്മിപ്പിക്കുന്നു ..
ആത്മീയതയും ഭൗതീകതയും ഗൗരവപൂർവ്വം വീക്ഷിക്കപ്പെടുന്ന പ്രമേയം വിഷയമാക്കിയ ഈ കഥയിൽ, കേരളീയ പരമ്പരാഗത ഭക്ഷണത്തിന്റെ രുചി ശാസ്ത്രം,
മുച്ചൂടും നശിക്കപ്പെട്ടു പോവുന്ന ആവാസവ്യവസ്ഥ, തുടങ്ങി ജീവിതത്തിൽ അലസമിഴികളോടെ നമ്മൾ കണ്ട് നടന്നു പോകുന്ന ദൃശ്യങ്ങളിലെ, രക്തവും മാംസവും നിറഞ്ഞ അനേകം പ്രശ്നങ്ങളും ചേതോഹര പദപ്രയോഗങ്ങളാൽ കഥകാരൻ വിരചിച്ചിട്ടുണ്ട്.
ഭാഷാശുദ്ധി കൊണ്ടും ആഖ്യാനരീതിയിലെ വ്യത്യസ്ഥത കൊണ്ടും മികച്ച നിലവാരം പുലർത്തുന്ന, 'ഫിലോസഫിക്കൽ അപ്രോച്ചിൽ ' ഊന്നി രചിച്ച ഈ പുസ്തകം, ഇദ്ദേഹത്തിന്റെ തന്നെ
'പരിപൂർണ്ണൻ' എന്ന നോവലിനൊപ്പം തന്നെയാണ് പ്രകാശനം ചെയ്യപ്പെട്ടത്.
എന്നാൽ രണ്ടു നോവലുകളിലേയും ശൈലികളിലേ വൈവിധ്യം ,കഥാകൃത്തിലെ പരീക്ഷണകുതുകിയെ വെളിവാക്കുന്നു.
സമീപകാലത്ത് വായിച്ചതും ചർച്ചാ വിഷയവുമായ ഈ നോവൽ വായനക്കാർക്ക് പുതിയൊരനുഭവം സമ്മാനിക്കുന്നു.
പുസ്തക പ്രസിദ്ധീകരണ രംഗത്ത് പ്രഥമ സ്ഥാനാർഹരായ നാഷണൽ ബുക്ക്സ്റ്റാൾ ആണ് ഈ നോവൽ പുറത്തിറക്കിയത്.
With John Varugheese Sophy John B Sasikumar Positive Forefront Mini Rajeev Rajeev Pallikkonam ശ്രീകല രാജമ്മ ഭാസി .
courtesy Sreekala Rajamma Bhasy