1815 ഏപ്രിലില്‍ ഇന്തോനീസ്യയിലെ സംബാവ ദ്വീപിലെ തംബോറ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു. തൊട്ടടുത്ത വര്‍ഷം യൂറോപ്പില്‍ ഉഷ്ണകാലമുണ്ടായിരുന്നില്ല. വസന്തവും വന്നില്ല. യൂറോപ്പും ചൈനയിലെ യൂനാന്‍ പ്രവിശ്യയും മരവിച്ചു കിടന്നു. പുറത്തിറങ്ങാനാവാത്ത തണുപ്പ്. ആര്‍ക്കും ഒന്നും ചെയ്യാനാവാത്ത കടുത്ത മഞ്ഞുകാലത്ത് ലോകത്ത് എന്താണ് സംഭവിക്കുക. 500 വര്‍ഷത്തിനിടയിലുണ്ടായ ഏറ്റവും വലിയ അഗ്്‌നിപര്‍വ്വത വിസ്‌ഫോടനമായിരുന്നു തംബോറയുടെത്. പാറക്കല്ലുകള്‍ 40 കിമോമീറ്റര്‍ ഉയരത്തിലേക്ക് ഉയര്‍ന്നു പൊങ്ങി. ലക്ഷക്കണക്കിന് ചതുരശ്രകിലോമീറ്റര്‍ ചുറ്റളവില്‍ പൊടിപടലങ്ങള്‍ പടര്‍ന്നു. കോടിക്കണക്കിന് ടണ്‍ ഗ്യാസ്, പാറക്കഷ്ണങ്ങള്‍, പൊടി തുടങ്ങിയവ ലാവയ്‌ക്കൊപ്പം പുറന്തള്ളപ്പെട്ടു. ഇവ തൊട്ടടുത്ത കടലിലേക്ക് പതിച്ചത് സുനാമിയുണ്ടാക്കാന്‍ മാത്രം ശക്തമായായിരുന്നു. 500 കിലോമീറ്റര്‍ അകലെ പടിഞ്ഞാറന്‍ ജാവാ തീരത്ത് പോലും തിരമാല ഉയര്‍ന്നടിച്ചു. വിസ്‌ഫോടനത്തിന്റെ ശബ്ദം 2,000 കിലോമീറ്റര്‍ അകലെ വരെ കേള്‍ക്കാമായിരുന്നു. കടലിലേക്ക് തെറിച്ചു വീണ അവശിഷ്ടങ്ങള്‍ വര്‍ഷങ്ങളോളം അവിടെ അടിഞ്ഞു കിടന്നു. വിസ്‌ഫോടനമുണ്ടാക്കിയ മരണസംഖ്യയുടെ കാര്യത്തിലും തംബോറ ഒന്നാമതായിരുന്നു. വിസ്‌ഫോടനത്തിലും സുനാമിയിലും തുടര്‍ന്നുണ്ടായ കടുത്ത പട്ടിണിയിലും 60,000ത്തിനും 120,000നും ഇടയില്‍ ആളുകള്‍ മരിച്ചു.
തൊട്ടടുത്ത വര്‍ഷം ഇംഗ്ലണ്ട് വേനല്‍ക്കാലത്തും മഞ്ഞണിഞ്ഞു കിടന്നു. യൂറോപ്പില്‍ ടൈഫിസ് രോഗം പടര്‍ന്നു പിടിച്ചു. യൂനാന്‍ പ്രവിശ്യയില്‍ കടുത്ത പട്ടിണി രൂപം കൊണ്ടു. ബ്രിട്ടണിലേക്കുള്ള ധാന്യങ്ങളുടെ കയറ്റുമതി നിലച്ചു. 50 ടണ്ണിലധികം സള്‍ഫര്‍ഡയോക്‌സൈഡാണ് തംബോറ പുറന്തള്ളിയത്. മറ്റു പൊടിപടലങ്ങള്‍ അടങ്ങിയിട്ടും അത് മാസങ്ങളോളം നീങ്ങിപ്പോകാതെ കിടന്നു. ഇതു കാരണം ഭൂമിയിലേക്ക് സൂര്യപ്രകാശം പതിക്കുന്നുണ്ടായിരുന്നില്ല. ഇതു ഭൂമിയെ തണുപ്പിക്കാന്‍ മതിയായതായിരുന്നു. 1816 ല്‍ ഒരു ഡിഗ്രി സെല്‍ഷ്യസായിരുന്നു യൂറോപ്പിലെ ശരാശരി താപനില. തണുപ്പില്‍ ഭൂമി വരണ്ടുണങ്ങി. സൂര്യപ്രകാശമില്ലാത്തതിനാല്‍ ബാഷ്പീകരണമുണ്ടായില്ല. അതുകൊണ്ട് തന്നെ മഴയില്ലാതായി. 3.6 ശതമാനം മുതല്‍ 4 ശതമാനം വരെ മാത്രമായിരുന്നു അക്കാലത്ത് യൂറോപ്പില്‍ മഴലഭിച്ചത്. പുറന്തള്ളിയ ലാവയുടെയും മറ്റും കണക്ക് നോക്കുമ്പോള്‍ 1991ല്‍ ഫിലിപ്പീന്‍സിലെ പിനാട്യൂബോ കുന്നുകളിലുണ്ടായ അഗ്്‌നിപര്‍വ്വത സ്‌ഫോടനം തംബോറയെക്കാള്‍ ആറിരട്ടിയെങ്കിലും വലുതും പുറന്തള്ളിയ സള്‍ഫറിന്റെ അളവില്‍ ലോകത്ത് മൂന്നാമതുമായിരുന്നു. തൊട്ടടുത്ത വര്‍ഷം താപനില കുറഞ്ഞു. എന്നാല്‍ തമ്പോറയുണ്ടാക്കിയ പ്രതിസന്ധിയുടെ അത്രവലുതായിരുന്നില്ല അത്.
1816 ലെ ഉഷ്ണകാലത്തും യൂറോപ് ശീതീകരണിപോലെ കിടന്നു. വിള നശിച്ചു. സ്വിറ്റ്‌സര്‍ലണ്ടിലെ ആല്‍പ്‌സിനു ചുറ്റുമുള്ള സെയ്ന്റ് ഗാലനിലായിരുന്നു തണുപ്പ് ഏറ്റവും രൂക്ഷം. 1815 നും 1817 നും ഇടയില്‍ ധാന്യങ്ങളുടെ വില മൂന്നിരട്ടിയായി. പട്ടിണിയിലായ കുടിയേറ്റക്കാര്‍ തെരുവിലിറങ്ങി. പട്ടിണിയും രോഗവും കാരണമുള്ള മരണസംഖ്യ ഉയര്‍ന്നു. യൂനാന്‍ പ്രവിശ്യയും പട്ടിണിയിലായിരുന്നു. മഴയില്ലാത്തതിനാല്‍ ശുദ്ധജലയില്ലാതായി. ഇതു മൂലം തൊട്ടടുത്ത വര്‍ഷം ബംഗാള്‍ വരെ കോളറ പടര്‍ന്നു പിടിച്ചു. വസന്തകാലമെത്താത്തതിനാല്‍ അക്കാലത്ത് ആപ്പിള്‍മരങ്ങള്‍ പൂവിട്ടത് ജൂണ്‍ മധ്യത്തിലായിരുന്നു. യൂറോപ്പിന്റെ ദാരിദ്ര്യം കൊയ്ത്തായത് അമേരിക്കയ്ക്കാണ്. അതിശൈത്യം ബാധിക്കാത്ത ഒഹിയോ താഴ്‌വരയില്‍ വിളവെടുപ്പ് മെച്ചപ്പെട്ടതായിരുന്നു. മിസ്സിസ്സിപ്പിയില്‍ നിന്ന് യൂറോപിലേക്ക് ധാന്യങ്ങള്‍ കയറ്റിയയച്ച് വന്‍വിലക്ക് വിറ്റു. യൂറോപ്പ് പട്ടിണിക്കാലത്തെ അതിജീവിച്ചപ്പോഴെയ്ക്കും അമേരിക്ക സാമ്പത്തിക പരാധീനതകളില്‍ നിന്ന് കരയറയിരുന്നു. യുനാനിലെ കൃഷിക്കാന്‍ കറുപ്പ് കൃഷി തുടങ്ങിയതും ഇക്കാലത്താണ്. ഇത് 1839 മുതല്‍ 1842 വരെയും 1856-60 കളിലും ചൈനയെ പ്രശസ്തമായ കറുപ്പ് യുദ്ധത്തിലേക്ക് നയിച്ചു.
സ്വിറ്റ്‌സര്‍ലണ്ടിലെ വില്ലയില്‍ താമസക്കാരായിരുന്നു അക്കാലത്ത് എഴുത്തുകാരി മേരി ഷെല്ലി, ഭര്‍ത്താവും കവിയുമായ പെര്‍സി ബൈഷെ ഷെല്ലി, കവി ജോര്‍ജ് ഗോര്‍ഡന്‍ ബൈറോണ്‍ എന്നിവര്‍. പുറത്തിറങ്ങാനാവാത്തതിനാല്‍ അവര്‍ വെറുതെ ഭീകരകഥകള്‍ എഴുതി പരസ്പരം രസിപ്പിച്ചു. മേരി ഷെല്ലിയുടെ ലോകക്ലാസിക്കായ ഫ്രാങ്കസ്‌റ്റൈന്‍ ജന്‍മം കൊള്ളുന്നത് അങ്ങനെയാണ്. രക്തദാഹിയായ ആത്മാക്കളുടെ കഥ ആദ്യമായി പറഞ്ഞ ജോണ്‍ പോളിഡോരിസിന്റെ വാംപയര്‍ കഥയും അവിടെ പിറന്നു. ഷെല്ലിയുടെയും ബൈറോണിന്റെയും വിഖ്യാത കവിതകളും ജെ.എം.ഡബ്ല്യൂ ടര്‍ണറുടെ ചിചസ്റ്റര്‍ കനാല്‍ സിറേഖ പോലുള്ള വിഖ്യാത പെയിന്റിങുകളും സൃഷ്ടിക്കപ്പെട്ടു. ഭൂകമ്പം, സുനാമി പോലെയുള്ള പ്രകൃതി ദുരന്തമല്ല അഗ്്‌നി പര്‍വ്വത സ്‌ഫോടനം. ആദ്യരണ്ടും മരണവും നാശവുമല്ലാതെ മറ്റൊന്നുമുണ്ടാക്കില്ല. അഗ്്‌നിപര്‍വ്വത സ്‌ഫോടനത്തിന് ഒരു താളവും സമയവുമുണ്ട്. അത് ആഴ്ചകളോളം മുന്നറിയിപ്പ് പുറന്തള്ളിക്കൊണ്ടിരിക്കും. മിക്ക അഗ്്‌നിപര്‍വ്വതങ്ങളും ഉള്ളത് ജനവാസ മേഖലവലളിലാണ്. 2010 ല്‍ ഇന്തോനീസ്യയിലെ മെറാപ്പി കുന്നുകളില്‍ വിസ്്‌ഫോടനമുണ്ടാകുന്നതിനു മുമ്പ് മൂന്നര ലക്ഷം പേരെയാണ് ഒഴിപ്പിക്കാനായത്. മരണ സംഖ്യ കുറവായിരുന്നു. പിനാട്യൂബോയിലും സ്ഥിതി സമാനമായിരുന്നു. തംബോറ മാതൃകയിലൊരു സ്‌ഫോടനം ലോകത്ത് എപ്പോഴുമുണ്ടാകാം. എന്നാല്‍ അത് ഒരിക്കല്‍ക്കൂടി ക്ലാസിക്കുകള്‍ക്ക് ജന്‍മം നല്‍കിക്കൊള്ളണം എന്നില്ല.
കടപ്പാട്