ഈ അടുത്തകാലത് മാധ്യമങ്ങളിലൂടെ ഏറ്റവും വിമർശിക്കപ്പെട്ട യുദ്ധവിമാനം ഏതാണ് എന്ന് ചോദിച്ചാൽ ഒരുത്തരമേയുളൂ .പറക്കുന്ന ശവപ്പെട്ടി (Flying Coffin ) മുതൽ വികൃത ജന്തു (Ugly Beast ) എന്ന് വരെയുള്ള വിശേഷണങ്ങൾ ഈ യുദ്ധവിമാനം കേട്ടിട്ടുണ്ട് .പക്ഷെ അമ്പതുകളിൽ നിർമിക്കപ്പെട്ട ഈ യുദ്ധവിമാനം അതിനുശേഷം നിർമിക്കപ്പെട്ട പല തരം യുദ്ധ വിമാനങ്ങളും തിരശീലക്കു പിന്നിൽ മറഞ്ഞിട്ടും പല വ്യോമസേനകളുടെയും നട്ടെല്ലായി നിലനിൽക്കുന്നു എന്നുള്ളത് ഒരു വസ്തുതയാണ് .സിറിയൻ വ്യോമസേന ഐ എസ് നെതിരായുള്ള യുദ്ധത്തിൽ ആശ്രയിക്കുന്നതും ഈ വൃദ്ധനെത്തന്നെ .
.
അമ്പതുകളിൽ ശബ്ദത്തിന്റെ രണ്ടുമടങ്ങു വേഗതയുളള ഒരു യുദ്ധവിമാനം നിര്മിക്കുന്നതിന്റെ ഭാഗമായുള്ള സോവിയറ്റു ശ്രമ ഫലമായാണ് മിഗ്-21 നിർമ്മിക്കപ്പെട്ടത് .ഒറ്റ എഞ്ചിൻ ,.വേഗത മാത്രം ലക്ഷ്യമാക്കിയുള്ള എയ്റോ ഡയനാമിക് ആകൃതി ..ചെറിയ ഡെൽറ്റ ആകൃതിയിൽ ഉള്ള ചിറകുകൾ ,ഒതുക്കവും വലിപ്പക്കുറവും -ഇവയായിരുന്നു മിഗ്-21 ന്റെ പ്രത്യേകതകൾ .1962 ൽ ചൈനയുമായുള്ള യുദ്ധത്തിന് ശേഷം അക്കാലത്തെ ഒരു മുൻനിര യുദ്ധവിമാനം ആവശ്യമായി വന്നപ്പോൾ മിഗ്-21നെ ഇന്ത്യയും സ്വന്തമാക്കി .തദ്ദേശീയമായി അവ നിർമ്മിക്കാനുള്ള ലൈസൻസും നമുക്ക് ലഭിച്ചു .തൊണ്ണൂറുകളിൽ നിർമാണം നിർത്തുന്നതുവരെ അറുനൂറിലധികം മിഗ്-21 കൾ നാം നിർമിച്ചു .ഇപ്പോഴും ഇരുനൂറിലധികം ഇത്തരം യുദ്ധവിമാനങ്ങൾ നമ്മുടെ വ്യോമസേനയിൽ ഉണ്ട് . നമ്മുടെ സൈന്യത്തിന്റെ ഭാഗമായതിനുശേഷമുള്ള എല്ലാ യുദ്ധങ്ങളിലും സ്‌തുത്യർഹമായ സേവനമാണ് മിഗ് -21 കാഴ്ചവച്ചത് ..കുറച്ചുകാലം മുൻപ് ഇടക്കിടക്ക് തകർന്നു വീണുകൊണ്ടിരുന്നു ഇവയുടെ തകർച്ചയും കഴിഞ്ഞ ഏതാനും കൊല്ലങ്ങളായി നിലച്ചിട്ടുണ്ട് . തെജസിന്റെ നിർമാണം വേഗത്തിലാകുമ്പോൾ മിഗ് -21 കൾ നമ്മുടെ വ്യോമസേനയിൽ നിന്നും പതിയെ പിൻവലിക്കപ്പെടും .എന്നാലും ലോകത്തിലെ അനേകം വ്യോമസേനകളിൽ മിഗ് -21 കൾ ദശാബ്ദങ്ങളോളം ഇനിയും നിലനിൽക്കും എന്നാണ് കരുതപ്പെടുന്നത്.
--
ചിത്രം :--കടപ്പാട് മിഗ് -21 വിക്കിമീഡിയ കോമൺസ്
This is an original post .No part of it is copied from elsewhere-RishiDas .S