റുമാനിയയിലെ കാർപ്പാത്തിയൻ മലനിരകളിലെ ഡ്രാക്കുള കോട്ടയുടെ പശ്ചാത്തലത്തിൽ ബ്രോം സ്‌റ്റോക്കർ എഴുതിയ ലോകപ്രശസ്തമായ ഭീകരനോവലാണ് 'ഡ്രാക്കുള'. ഡ്രാക്കുള എന്ന ചക്രവർത്തിയെക്കുറിച്ച് നോവലിൽ പറയുന്നുണ്ടെങ്കിലും ചരിത്രത്തിലെ രാജാവിനെ ആധാരമാക്കി രക്തദാഹിയായ സാങ്കൽപ്പിക കഥാപാത്രമായ ഡ്രാക്കുളയെക്കുറിച്ചാണ് ബ്രോം സ്‌റ്റോക്കർ പറഞ്ഞത്. ആരായിരുന്നു യഥാർത്ഥത്തിൽ ഡ്രാക്കുള?
റൊമാനിയയിലെ വലാക്കിയ പ്രദേശത്തിന്റെ ഭരണാധിപനായിരുന്നു വ്‌ളാദ് ഡ്രാക്കുൾ മൂന്നാമൻ (Vlad lll Dracul 1431-1476) എന്ന ഡ്രാക്കുള വ്‌ളാദ് ത് സീപിസ് അഥവാ വ്‌ളാദ് ദ ഇംപാലർ എന്നും അറിയപ്പെട്ടിരുന്ന ഡ്രാക്കുള റൊമാനിയയിലേയും
മൊൾഡോവിയയിലേയും നാടൻപാട്ടുകളിലും കഥകളിലും നായക പരിവേഷത്തോടെ നിറഞ്ഞു നിൽക്കുന്നു. തെക്കുകിഴക്കൻ യൂറോപ്പിലേക്കു വ്യാപിച്ച ഓട്ടോമൻ തുർക്കി സാമ്രാജ്യത്തിനും ഹംഗേറിയൻ സാമ്രാജ്യത്തിനുമിടക്ക് കിടന്ന ചെറിയ രാജ്യമായിരുന്നു വലാക്കിയ. പിൻതുടർച്ചാ അവകാശത്തിലായിരുന്നില്ല അവിടുത്തെ രാജവാഴ്‌ച. ശക്തരായ കുടുംബക്കാർ ഇടപ്രഭുക്കന്മാരുടെ പിൻതുണയോടെ അധികാരം നേടി. ഇത്തരം അധികാര തർക്കങ്ങളും തെക്കുകിഴക്കൻ യൂറോപ്പിൽ മേധാവിത്തമുറപ്പിക്കാൻ ഹംഗേറിയൻ, ഓട്ടോമൻ സാമ്രാജ്യങ്ങൾ നടത്തിയ ശ്രമങ്ങളും വലാക്കിയയെ എന്നും യുദ്ധക്കളമാക്കി.
വലാക്കിയയുടെ സ്ഥാപകരായ ബസറബ് കുടുംബത്തിലെ അംഗമായിരുന്നു ഡ്രാക്കുളയുടെ പിതാവും രാജാവുമായ വ്‌ളാദ് രണ്ടാമൻ. റോമാസാമ്രാജ്യത്തിന്റെ ചക്രവർത്തികൂടിയായിരുന്ന ഹംഗേറിയൻ രാജാവ് സിജിസ്‌മൺഡിന്റെ സഹായത്തോടെയാണ് വ്‌ളാദ് രണ്ടാമൻ വലാക്കിയയുടെ രാജാവായത്. അതിന്റെ നന്ദിസൂചകമായി അദ്ദേഹം 'ഓർഡർ ഓഫ് ഡ്രാഗൺ' എന്ന സംഘടനയിൽ അംഗമായി. വിശുദ്ധ റോമാസാമ്രാജ്യത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ഇസ്ലാമിനെതിരെ കിഴക്കൻ യൂറോപ്പിനെ ഒരുമിപ്പിക്കാൻ വേണ്ടിയുള്ള ഓർഡർ ഓഫ് ഡ്രാഗണിൽ ഹംഗറി, സെർബിയ, നേപ്പിൾസ്, പോളണ്ട്, ലിത്വാനിയ, ഓസ്‌ട്രിയ, ഡെന്മാർക്ക് തുടങ്ങിയ രാജ്യങ്ങളിലെ രാജാക്കന്മാർ അംഗങ്ങളായിരുന്നു. ഡ്രാക്ക് അഥവാ ഡ്രാഗൺ (വ്യാളി) ആയിരുന്നു സംഘടനയുടെ ചിഹ്നം. ഓർഡർ ഓഫ് ഡ്രാഗണിലെ അംഗത്വം കാരണം വലാക്കിയക്കാർ വ്‌ളാദ് രണ്ടാമനെ ഡ്രാക്കുൾ എന്ന് വിളിച്ചു. പിന്നീട് വ്‌ളാദ് മൂന്നാമൻ തന്റെ സ്ഥാനപ്പേരായി 'ഡ്രാക്കുള' എന്ന നാമം സ്വീകരിച്ചു. തുർക്കികളുടെ ഏറ്റുമുട്ടൽ ആപത്‌കരമായതിനാൽ അതൊഴിവാക്കാൻ വ്‌ളാദ് രണ്ടാമൻ ശ്രമിച്ചത് ഹഗേറിയൻ സാമ്രാജ്യത്തിന്റെ എതിർപ്പിനിടയാക്കി. അവിശ്വസ്തത ആരോപിച്ച് 1442 ൽ അവർ വ്‌ളാദ് രണ്ടാമനെ സ്ഥാനഭ്രഷ്‌ടനാക്കി. എന്നാൽ തുർക്കിയുടെ സഹായത്തോടെ അടുത്തവർഷം വ്‌ളാദ് രണ്ടാമൻ അധികാരത്തിൽ തിരിച്ചെത്തിയെങ്കിലും 1447 ൽ വധിക്കപ്പെട്ടു. ഹംഗേറിയൻ റീജന്റായിരുന്ന ഹുണ്യാദിയുടെ ഉത്തരവനുസരിച്ചായിരുന്നു ഇത്.
തുർക്കികളുടെ സഹായം തേടിയകാലത്ത് അവരുടെ കടുത്ത സമ്മർദ്ദങ്ങൾക്ക് ഇരയായിരുന്നു വ്‌ളാദ് രണ്ടാമൻ. ഡ്രാക്കുള ഉൾപ്പെടെയുള്ള രണ്ടു മക്കളെ തുർക്കി സുൽത്താന്റെ ബന്ദികളാക്കി വിട്ടുകൊടുക്കേണ്ടി വന്നു അദ്ദേഹത്തിന്. തുർക്കിയുടെ താൽപര്യങ്ങൾ ഹനിച്ചാൽ മക്കളുടെ ജീവൻ നഷ്ടപ്പെടുമെന്നായിരുന്നു വ്യവസ്ഥ. തുർക്കിയിലെ ഇസ്താംബുള്ളിൽ (കോൺസ്‌റ്റാന്റിനോപ്പിൾ) ബന്ദിയായിക്കഴിഞ്ഞ ബാലനായ ഡ്രാക്കുള നിരവധി പീഡനങ്ങൾക്കിരയായി. ഒരു നിലവറയിലായിരുന്നു ഡ്രാക്കുളയേയും അനുജൻ റാഡുവിനേയും അടച്ചിരുന്നത്. പിന്നീട് റാഡു ഇസ്ലാം മതം സ്വീകരിച്ച് മോചിതനായി. തുർക്കിത്തടവറയിൽ ചാട്ടവാറടിയും പലതരം പീഡനങ്ങളും കണ്ടു കഴിഞ്ഞ ഡ്രാക്കുള പരുക്കനും പ്രതികാരദാഹിയുമായി മാറി. പിതാവിന്റെ മരണത്തോടെ ഡ്രാക്കുള മോചിതനായി. തുർക്കിയെ അനുകൂലിക്കാൻ ശീലിച്ചുകഴിഞ്ഞിരുന്ന ഡ്രാക്കുളയെ സുൽത്താൻ വലാക്കിയയുടെ ഭരണാധികാരിയാക്കി. പക്ഷേ ആ വാഴ്‌ചക്ക് ഹ്രസായുസ്സായിരുന്നു. ഹംഗേറിയൻ റീജന്റ് ഹുണ്യാദി വാലാക്കിയ ആക്രമിച്ച് തുർക്കികളെ പുറത്താക്കി. മൊൾഡോവിയയിലെ ബന്ധുവായ ബൊഗ്‌ദാൻ രണ്ടാമനടുത്തേക്ക് ഡ്രാക്കുള രക്ഷപ്പെട്ടു. പിന്നീട് ബൊഗ്‌ദാൻ വധിക്കപ്പെട്ടപ്പോൾ ഡ്രാക്കുള ഹുണ്യാദിയെത്തന്നെ അഭയം പ്രാപിച്ചു. വലാക്കിയയുടെ കിരീടാവകാശത്തിന് ഡ്രാക്കുള ഹംഗേറിയൻ സാമ്രാജ്യത്തിന്റെ പിൻതുണ നേടി.
തുർക്കികളെ പുറത്താക്കാനായി 1465 ൽ ഹംഗറി സെർബിയ അധിനിവേശിച്ചപ്പോൾ ഡ്രാക്കുള വലാക്കിയയിലേക്ക് നീങ്ങി അധികാരം പിടിച്ചെടുത്തു. ചോരയുടെ നീതിയായിരുന്നു പിന്നീടങ്ങോട്ട്. തർഗോവിസ്ത് തലസ്ഥാനമാക്കി ഭരിച്ച ഡ്രാക്കുള നിരവധി ദുർഗ്ഗങ്ങൾ നിർമ്മിച്ചു. കടുത്ത ശിക്ഷകളിലൂടെ തന്റെ ശത്രുക്കളെ ഒന്നൊന്നായി വകവരുത്തി. കുന്തത്തിൽ കോർക്കൽ പോലുള്ള അതിനിന്ദ്യമായ ശിക്ഷകൾ ഡ്രാക്കുളയ്ക്ക് ചുറ്റും ഭയത്തിന്റെ പരിവേഷം നിർമ്മിച്ചു. വലാക്കിയൻ ഭരണത്തിൽ നിർണ്ണായക സ്വാധീനമുള്ള ജന്മിമാരെയാണ് പ്രധാനമായും ഡ്രാക്കുള ക്രൂരമായി ഉന്മൂലനം ചെയ്തത്. പ്രഭുക്കന്മാർക്ക് പകരം സാധാരണ കർഷകരെ ഡ്രാക്കുള ഉന്നത പതവിയിലേക്കുയർത്തി. യുദ്ധങ്ങളും അരാജകത്വവും കൊണ്ട് തകർന്ന വലാക്കിയയിലെ സമ്പദ്‌വ്യവസ്ഥയും കാർഷികരംഗവും നേരെയാക്കാൻ ഡ്രാക്കുളക്ക് കഴിഞ്ഞു. ക്രിസ്തുമതത്തോടും സന്യാസി മഠങ്ങളോടും സന്യാസികളോടും ആദരവോടെ പെരുമാറുകയും ചെയ്തു.
അധികാരം കയ്യിൽ കിട്ടിയപ്പോൾ തുർക്കിയും ഹംഗറിയും തമ്മിലുള്ള ശത്രുതയിൽ ഹംഗറിയുടെ പക്ഷത്തേക്ക് ഡ്രാക്കുള മാറി. തുർക്കികൾക്ക് കപ്പം കൊടുക്കുന്നത് നിർത്തിയ ഡ്രാക്കുള 1461-62 ലെ മഞ്ഞുകാലത്ത് ഡാന്യൂബ് നദി കടന്ന് തുർക്കികളെ ആക്രമിച്ചു. സെർബിയക്കും കരിങ്കടലിനുമിടയിലുള്ള പ്രദേശത്ത് നടന്ന ഈ യുദ്ധത്തിൽ ഏകദേശം 20000 പേർ മരിച്ചെന്നാണ് കണക്ക്. ഇത് തുർക്കി സുൽത്താൻ മെഹ്‌മദ് രണ്ടാമനെ ക്രുദ്ധനാക്കി. 60000 പേർ അടങ്ങുന്ന സൈന്യവുമായി സുൽത്താൻ വലാക്കിയ ആക്രമിച്ചു. അതിന്റെ പാതിസൈന്യം മാത്രമുണ്ടായിരുന്ന ഡ്രാക്കുളക്ക് പിടിച്ചുനിൽക്കാനായില്ല. ഒളിപ്പോരിലേക്ക് തിരിഞ്ഞ ഡ്രാക്കുള ഒരു സംഘം അനുജരന്മാരോടൊപ്പം വേഷം മാറി സുൽത്താൻ മെഹ്‌മദിന്റെ കൂടാരത്തിൽ കയറി അദ്ദേഹത്തെ വധിക്കാൻ ശ്രമിച്ചു. ഇതോടെ ഡ്രാക്കുളയുടെ അനുജൻ റാഡുവിനെ രാജാവായി അവരോധിച്ച് തുർക്കി പിൻവാങ്ങി. റാഡു വളരെ വേഗം ഹംഗറിയുമായി സഖ്യത്തിലായി. ഇതോടെ ഡ്രാക്കുള ഹംഗറിയുടെ തടവറയിലായി. 1462 മുതൽ 1474 വരെ ഡ്രാക്കുള തടവിൽ കഴിഞ്ഞുവെന്ന് കരുതുന്നു. 1462 ൽ തുർക്കികളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാനായി ഡ്രാക്കുളയുടെ ആദ്യ ഭാര്യ ആർഗ്ഗസ് നദിയിൽ ചാടി മരിച്ചു. 'പ്രഭ്വിയുടെ പുഴ' എന്നാണ് ഇന്ന് ആർഗ്ഗസ് നദി വിളിക്കപ്പെടുന്നത്. പിന്നീട് ഡ്രാക്കുള ഹംഗേറിയൻ രാജകുടുംബാംഗമായ ഇലോന സിലാഗ്‌യിയെ വിവാഹം കഴിച്ചു. ഡ്രാക്കുള തടവിൽ നിന്ന് മോചിതനായപ്പോഴേക്കും റാഡു മരിച്ചിരുന്നു. 1475 ൽ ഡ്രാക്കുള വീണ്ടും വലാക്കിയ കീഴടക്കി. തുർക്കികളെ നേരിടാനുള്ള സൈനിക ബലം വലാക്കിയക്കില്ലായിരുന്നു. കൊടുംക്രൂരതകൾ കാരണം ഇടപ്രഭുക്കൾ ഡ്രാക്കുളയെ കൈയൊഴിഞ്ഞു. 1476 ൽ തുർക്കിയുമായുള്ള യുദ്ധത്തിനിടയിൽ ഡ്രാക്കുള കൊല്ലപ്പെട്ടു. എങ്ങനെയായിരുന്നു മരണം എന്നതിനെ പറ്റി വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ട്. തുർക്കികൾ കൊന്നുവെന്നും ഒരു ഇടപ്രഭു കൊന്നുവെന്നും സ്വന്തം സൈനികനുപറ്റിയ അബദ്ധത്തിൽ മരിച്ചുവെന്നുമൊക്കെ പാഠാന്തരങ്ങളുണ്ട്. തുർക്കികൾ ഡ്രാക്കുളയുടെ തലവെട്ടിയെടുത്ത് തേനിലിട്ട് ഇസ്‌താംബുള്ളിലേക്ക് കൊണ്ടുപോയി. ഡ്രാക്കുള മരിച്ചു എന്ന് സുൽത്താൻ മെഹ്‌മദിനെ ബോധ്യപ്പെടുത്താനായിരുന്നു ഇത്.
ക്രിസ്തുമതത്തിന്റേയും സന്യാസി മഠങ്ങളുടെയും സംരക്ഷകൻ കൂടിയായിരുന്ന ഡ്രാക്കുള നടത്തിയ ചെറുത്തുനിൽപ്പാണ് പടിഞ്ഞാറൻ യൂറോപ്പിലേക്ക് തുർക്കിയുടെ മുന്നേറ്റം തടഞ്ഞത്. കടുത്ത ദേശീയതയും ജന്മിത്ത വിരുദ്ധതയും ക്രൈസ്തവതയുമായിരുന്നു ഡ്രാക്കുളയുടെ സവിശേഷതകൾ. എന്നാൽ തുർക്കിയിലെ ബന്ദിജീവിതം ഡ്രാക്കുളയെ ഒരു കൊടുംക്രൂരനാക്കി മാറ്റി. സ്ത്രീകളും കുട്ടികളും വിദേശികളും പ്രഭുക്കളും കർഷകർ പോലും ആ ക്രൂരതക്ക് ഇരയായി. സിബീയ്യ എന്ന ട്രാൻസിൽവാനിയൻ പട്ടണത്തിൽ 1460 ൽ പതിനായിരക്കണക്കിനാളുകളെ ഡ്രാക്കുള കൊന്നൊടുക്കി. 1459 ൽ ബ്രസോവിൽ മുപ്പതിനായിരം കച്ചവടക്കാരേയും കൊന്നു. മുസ്ലീങ്ങൾക്കെതിരെ ആയിരുന്നു ഡ്രാക്കുളയുടെ പൈശാചികത ഏറ്റവുമധികം അരങ്ങേറിയത്. തടവുകാരായി പിടിച്ച ഇരുപതിനായിരത്തോളം തുർക്കി സൈനികരെ കുന്തത്തിൽ കോർത്തുനിർത്തിയ കാഴ്‌ചയിൽ സംഭീതനായിട്ടാണ് 1462 ൽ അതിശക്തനായ തുർക്കി സുൽത്താൻ മെഹ്‌മദ് പിൻവാങ്ങിയത്. മരണശേഷം റോമാ സാമ്രാജ്യം പ്രാസിദ്ധപ്പെടുത്തിയ ലഘുലേഖകൾ, റഷ്യൻ പുരാവൃത്തങ്ങൾ, ജർമ്മൻ ലഘുലേഖകൾ തുടങ്ങിയവയിൽ നിന്നാണ് ഡ്രാക്കുളയുടെ ഇരുണ്ട ചിത്രം പുറം ലോകത്തെക്ക് കടന്നത്. ജർമ്മൻ രചനകളിൽ ഡ്രാക്കുള ഒരു അമാനുഷ ഭീകരജീവിയായി ചിത്രീകരിക്കപ്പെട്ടു. റഷ്യൻ രചനകളിൽ ക്രൂരനെങ്കിലും സ്വന്തം ജനതയുടെ നന്മയെ ലക്ഷ്യമാക്കിയ പ്രഭുവായാണ് ഡ്രാക്കുളയെ അവതരിപ്പിച്ചത്. റൊമാനിയൻ ഗ്രാമീണർക്കിടയിൽ ഇന്നും നിലവിലുള്ള നാടൻ പാട്ടുകളിൽ ഡ്രാക്കുള വിദേശിയരായ അധിനിവേശ ശക്തികൾക്കെതിരെ പൊരുതിയ ദേശീയ നായകനാണ്. ജർമ്മൻ കച്ചവടക്കാരും തുർക്കികളുമാണ് ആ അധിനിവേശക്കാർ.
എന്തൊക്കെയായാലും ഇന്നും വായനക്കാരുടെ ഇഷ്ടകഥാപാത്രമാണ് ഡ്രാക്കുള.
#CHURULAZHIYAATHARAHASYANGAL # SECREAT