A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

കുമ്പസാരം


റോമൻ കത്തോലിക്കാ സഭ, പൗരസ്ത്യ ഓർത്തഡോക്സ് സഭ, ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ തുടങ്ങിയ ക്രിസ്തീയവിഭാഗങ്ങളിൽ, വിശ്വാസികൾ പാപമോചനമാർഗ്ഗമായി കരുതി അനുഷ്ഠിക്കുന്ന ഒരു മതകർമ്മമാണ് കുമ്പസാരം. അധികാരമുള്ള പുരോഹിതനോടോ ആത്മീയഗുരുവിനോടോ പശ്ചാത്താപത്തോടെ പാപങ്ങൾ ഏറ്റുപറയുന്നതാണ് ഇതിൽ മുഖ്യമായുള്ളത്. കുറ്റവാളികൾ, നിയമപാലകരുടെ മുൻപിൽ നടത്തുന്ന കുറ്റസമ്മതവുമായി ഇതിന് സമാനതയുണ്ട്.പ്രത്യേകമായി നിർമ്മിച്ചിട്ടുള്ള കുമ്പസാരക്കൂട്ടിലാണ് മിക്കപ്പോഴും ഈ ചടങ്ങ് നിർവഹിക്കപ്പെടാറുള്ളത്. കുമ്പസാരത്തെ അനുസ്മരിപ്പിക്കുന്ന അനുഷ്ഠാനങ്ങളും സങ്കല്പങ്ങളും ഇതരക്രിസ്തീയവിഭാഗങ്ങളിലും ക്രൈസ്തവേതരമതപാരമ്പര്യങ്ങളിലും കണ്ടെത്താനാകും.
പോർത്തുഗീസുകാരുടെ വരവിനു മുൻപ് കേരളത്തിലെ ക്രൈസ്തവർ കുമ്പസാരം എന്നതിന് സമാനമായി ഉപയോഗിച്ചിരുന്നത് പിഴമൂളൽ എന്ന മലയാളം പദമായിരുന്നു. പാശ്ചാത്യ കത്തോലിക്കാ മാതൃകയിലുള്ള ചെവിക്കുമ്പസാരവും കുമ്പസാരമെന്ന വാക്കും കേരളത്തിൽ നടപ്പായത് പോർത്തുഗീസുകാരുടെ വരവോടെയാണ്. ഉദയമ്പേരൂർ സൂനഹദോസിന്റെ കാനോനകളിൽ കൊടുത്തിട്ടുള്ള കൂദാശകളുടെ പേരുകളിൽ, പോർത്തുഗീസ് ഭാഷയെ ആശ്രയിക്കുന്ന പേര് കുമ്പസാരം മാത്രമാണ്. കുംസാർ എന്ന കൊങ്കിണി വാക്കിനെപ്പോലെ, കുമ്പസാരം എന്ന മലയാളം പദവും ഉണ്ടായത് കൺഫെസ്സോർ എന്ന (Confessar) പോർത്തുഗീസ് പദത്തിൽ നിന്നാണ്.
ക്രിസ്തുമതത്തിന്റെ ആദിമനൂറ്റാണ്ടുകളിൽ കുമ്പസാരം, വിരളമായും അസാധാരണമായ സാഹചര്യങ്ങളിൽ മാത്രവും നിർവഹിക്കപ്പെടുന്ന ഒരനുഷ്ഠാനമായിരുന്നു. മതത്യാഗം അഥവാ വിഗ്രഹാരാധന, കൊലപാതകം, വ്യഭിചാരം എന്നിങ്ങനെ ഗുരുതരമായ മൂന്നിനം പാപങ്ങൾ മാത്രം ആവശ്യപ്പെടുന്ന ഒരു പരിഹാരക്രിയയായിരുന്നു അപ്പോൾ അത്. മറ്റു പാപങ്ങളുടെ പൊറുതിയ്ക്ക് പരസ്പരമുള്ള ഒരുമപ്പെടലും, പ്രാർത്ഥനയും, സ്വകാര്യപ്രായശ്ചിത്തവും, സൽപ്രവൃത്തികളും മതിയായിരുന്നു. എന്നാൽ മേല്പറഞ്ഞ മൂന്നിനം പാപങ്ങൾ പരസ്യമായി ചെയ്ത് സമൂഹത്തിന് ദുർമാതൃകയായവർ, മെത്രാന്റെ മുന്നിൽ കുറ്റം ഏറ്റുപറയാൻ ബാദ്ധ്യസ്ഥരായിരുന്നു. തുടർന്ന്, 'അനുതാപി'-യുടെ മുദ്ര നൽകി മാറ്റിനിർത്തപ്പെടുന്ന ഇവർ, പാപപ്പൊറുതി ലഭിക്കും വരെ പരസ്യമായ പ്രായശ്ചിത്തപ്രവർത്തികളിൽ മുഴുകിയും ദിവ്യകാരുണ്യം നിഷേധിക്കപ്പെട്ടും കഴിഞ്ഞു. പാപമോചനം, ആണ്ടിലൊരിക്കൽ മാത്രം, പെസഹാവ്യാഴാഴ്ച ദിവസം പരസ്യമായി നൽകപ്പെട്ടു. പാപമോചനത്തിനു ശേഷവും അനുതാപിക്ക് നിർദ്ദിഷ്ടമായ പ്രായശ്ചിത്തപ്രവർത്തികൾ പരസ്യമായി നിർവഹിക്കേണ്ടിയിരുന്നു. സാധാരണഗതിയിൽ, ജീവിതത്തിൽ ഒരിക്കൽ മാത്രം അനുവദിക്കപ്പെടുന്ന അനുഷ്ഠാനമായിരുന്നു ഈവിധമുള്ള കുമ്പസാരം. അതിനു ശേഷം വീണ്ടും പാപത്തിൽ വീഴുന്നവരുടെ പശ്ചാത്താപം ആത്മാർത്ഥതയില്ലാത്തതായി വിലയിരുത്തപ്പെട്ടു.
പൊതുവർഷം ആറാം നൂറ്റാണ്ടിന്റെ അവസാനത്തോടെ, പൗരസ്ത്യ-ഐറിഷ് സന്യാസപാരമ്പര്യങ്ങളുടെ സ്വാധീനത്തിൽ രഹസ്യപാപങ്ങൾ പോലും കുമ്പസാരിക്കുന്ന പതിവ് നിലവിൽ വന്നു. അത്തരം കുമ്പസാരങ്ങളിൽ പാപമോചനം സ്വകാര്യമായും അപ്പൊൾത്തന്നെയും ലഭിച്ചു. ഒരു നിശ്ചിതദിവസം എന്നതിനു പകരം ആണ്ടുവട്ടം മുഴുവൻ ഈവിധം കുമ്പസാരവും പാപമോചനവും നടപ്പിലായി. അതോടെ, ജീവിതകാലത്ത് ഒട്ടേറെത്തവണ സ്വീകരിക്കാവുന്ന കൂദാശയായി കുമ്പസാരം രൂപാന്തരപ്പെട്ടു.
കത്തോലിക്കാസഭയുടെ ഔദ്യോഗിക പ്രബോധനങ്ങളിൽ ഈ കൂദാശയെ പാപസങ്കീർത്തനം, പാപപ്രായശ്ചിത്തം, അനുരഞ്ജനം എന്നൊക്കയാണ് വിളിക്കാറെങ്കിലും കുമ്പസാരം എന്ന പേരിനാണ് സാധാരണവിശ്വാസികൾക്കിടയിൽ കൂടുതൽ പ്രചാരമുള്ളത്. സ്ത്രീപുരുഷന്മാർ ജ്ഞാനസ്നാനം സ്വീകരിച്ചതിനുശേഷം ചെയ്തുപോയ പാപങ്ങൾ ഏറ്റുപറയുമ്പോൾ പുരോഹിതൻ ദൈവത്തിന്റെ പ്രതിനിധിയായി നിന്ന് അവർക്ക് പാപമോചനം നൽകുന്നു.
പാപത്താൽ വ്രണിതമായ ആത്മാവിന് സൗഖ്യവും ദൈവവപ്രസാദവും തിരികെ കൊടുക്കുക്കുകയാണ് ഈ കൂദാശയുടെ ലക്ഷ്യം. ഭൂമിയിൽ പാപമോചനം നൽകാനുള്ള അധികാരം പുരോഹിതന്മാർക്ക് യേശു വഴി ദൈവം നൽകിയിട്ടുണ്ടെന്ന് പഠിപ്പിക്കുന്ന റോമൻ കത്തോലിക്കാ സഭ കുമ്പസാരത്തിൽ പാപമോചനം നൽകുന്നത് യേശുവിന്റെ നാമത്തിലാണ്. മനുഷ്യരുടെ പാപങ്ങൾ "ബന്ധിക്കാനും മോചിക്കാനുമുള്ള" അധികാരം ശിഷ്യന്മാർക്ക് യേശു നൽകുന്നതായി പറയുന്ന യോഹന്നാന്റെ സുവിശേഷത്തിലെ വാക്യങ്ങളാണ് (20:22-23) ഈ കൂദാശയെ പിന്തുണക്കുന്ന മുഖ്യ ബൈബിൾ വചനമായി, പ്രൊട്ടസ്റ്റന്റ് കലാപത്തെ പിന്തുടർന്ന് നടന്ന ത്രെന്തോസിലെ സൂനഹദോസിൽ കത്തോലിക്കാ സഭ മുന്നോട്ടുവച്ചത്. ഇതിനുപുറമേ, മത്തായിയുടെ സുവിശേഷത്തിലും (9:28; 16:17-20) പൗലോസ് അപ്പസ്തോലൻ കൊറീന്ത്യർക്കെഴുതിയ ആദ്യലേഖനത്തിലും (11:27) ഈ അനുഷ്ഠാനത്തെ പിന്തുണയ്ക്കുന്ന പ്രസ്താവങ്ങൾ ഉള്ളതായി വാദമുണ്ട്.
പുരോഹിതനു മാത്രം കേൾക്കേ പാപങ്ങൾ ഏറ്റുപറയുന്ന കുമ്പസാരമാണ് കത്തോലിക്കാസഭയിൽ നിലവിലുള്ളത്. ഇതിനെ ചെവിക്കുമ്പസാരം (Auricular Confession) എന്നു വിളിക്കാറുണ്ട്. ഒരുകാലത്ത് പരസ്യമായ പാപപ്രഘോഷണം കുമ്പസാരത്തിന്റെ ഭാഗമായിരുന്നെങ്കിലും കത്തോലിക്കാ സഭയിൽ ഇപ്പോൾ നിലവിലുള്ള ഈ ഗോപ്യകുമ്പസാരരീതിക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. സഭയിൽനിന്ന് കുമ്പസാരിക്കുന്നയാളുടെമേൽ അധികാരം കയ്യേൽക്കുന്ന പുരോഹിതൻ ക്രിസ്തുവിന്റെ പ്രതിനിധിയായി പ്രവർത്തിക്കുന്നുവെന്നാണ് കത്തോലിക്കാദൈവശാസ്ത്രത്തിന്റെ നിലപാട്.
കുമ്പസാരിക്കുന്നയാൾ ദൈവസന്നിധിയിൽ പാപാവസ്ഥയെ ഏറ്റുപറയുന്നതിനൊപ്പം തനിക്കുവേണ്ടി പ്രാർത്ഥിക്കണമെന്ന് സകലവിശുദ്ധരോടും പുരോഹിതനോടും യാചിക്കുന്ന "കുമ്പസാരത്തിനുള്ള ജപത്തിന്റെ" ആരംഭഭാഗം ചൊല്ലുകയാണ് ആദ്യം ചെയ്യുന്നത്. ഈ ജപത്തിന്റെ പൂർണ്ണരൂപം ഈവിധമാണ്:-
"സർവശക്തനായ ദൈവത്തോടും, നിത്യകന്യകയായ പരിശുദ്ധ മറിയത്തോടും, പ്രധാന മാലാഖയായ വിശുദ്ധ മിഖായേലിനോടും, വിശുദ്ധ സ്നാപകയോഹന്നാനോടും, ശ്ലീഹന്മാരായ വിശുദ്ധ പത്രോസിനോടും, വിശുദ്ധ പൗലോസിനോടും വിശുദ്ധ തോമായോടും, സകല വിശുദ്ധരോടും, പിതാവേ അങ്ങയോടും ഞാൻ ഏറ്റുപറയുന്നു. വിചാരത്താലും വാക്കാലും പ്രവൃത്തിയാലും ഞാൻ വളരെ പാപം ചെയ്തുപോയി. എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ.
ആകയാൽ, നിത്യകന്യകയായ വിശുദ്ധ മറിയത്തോടും, പ്രധാന മാലാഖയായ വിശുദ്ധ മിഖായേലിനോടും, വിശുദ്ധ സ്നാപകയോഹന്നാനോടും, ശ്ലീഹന്മാരായ വിശുദ്ധ പത്രോസിനോടും, വിശുദ്ധ പൗലോസിനോടും വിശുദ്ധ തോമായോടും, സകല വിശുദ്ധരോടും, പിതാവേ അങ്ങയോടും നമ്മുടെ കർത്താവായ ദൈവത്തോട് എനിക്കു വേണ്ടി പ്രാർത്ഥിക്കണമേ എന്ന് ഞാൻ അപേക്ഷിക്കുന്നു. ആമ്മേൻ."
ഇതിൽ "എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ" എന്ന ഭാഗം ചൊല്ലുന്നതിനൊപ്പം മൂന്നു പ്രാവശ്യം മാറത്തിടിക്കുന്നു. തുടർന്ന് തന്റെ ഇതിനുമുൻപുള്ള കുമ്പസാരം കഴിഞ്ഞിട്ട് എത്രനാളായെന്ന് അയാൾ പുരോഹിതനെ അറിയിക്കുന്നു. അടുത്തതായി, ദൈവകൃപ തിരികെ കിട്ടുവാനും നരകവിധിയിൽ നിന്ന് മുക്തികിട്ടാനുമായി വിശ്വാസി, തന്റെ മാരകപാപങ്ങൾ (Mortal sins) എങ്കിലും പുരോഹിതനോട് ഏറ്റു പറയുന്നു. പൂർണ്ണമായ അറിവോടും സമ്മതത്തോടും കൂടെ, ദൈവപ്രമാണങ്ങളെയോ സഭയുടെ കല്പനകളേയോ ലംഘിക്കുന്നതാണ് മാരകപാപം. കൊലപാതകം, ദൈവദൂഷണം, വ്യഭിചാരം തുടങ്ങിയവ മാരകപാപങ്ങളാകാവുന്നതാണ്. അത്തരം പാപങ്ങളിൽ നിന്ന് നിന്ന് മുക്തിനേടാതെ മരിക്കുന്നയാൾക്ക് നിത്യകാലമുള്ള നരകശിക്ഷ ലഭിക്കുമെന്നാണ് വിശ്വാസം. കുമ്പസാരിക്കുന്നയാൾക്ക് അയാളുടെ ലഘുപാപങ്ങളും (venial sins) ഏറ്റുപറയാവുന്നതാണ്; മാരകപാപങ്ങളൊന്നും ചെയ്യാത്ത അവസ്ഥയിൽ കുമ്പസാരിക്കുമ്പോൾ പ്രത്യേകിച്ചും
പിന്നെ പുരോഹിതൻ വിശ്വാസിക്ക് ഭാവിയിൽ പാപമാർഗ്ഗത്തിൽ നിന്നകന്നുനിൽക്കാൻ സഹായകമായ ഉപദേശം നൽകുകയും, ചെയ്തുപോയ പാപങ്ങൾക്കു പരിഹാരമായി നിർവഹിക്കേണ്ട പ്രായശ്ചിത്തം നിർദ്ദേശിക്കുകയും ചെയ്യുന്നു.
കുമ്പസാരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായ പാപമോചനാശീർവാദമാണ് തുടർന്ന്. റോമൻ കത്തോലിക്കാ സഭയിലെ പാശ്ചാത്യ ആരാധനാപാരമ്പര്യത്തിൽ പാപമോചനാശീർവാദം ഇങ്ങനെയാണ്:
“ കരുണയുടെ പിതാവായ ദൈവം, തന്റെ പുത്രന്റെ മരണവും പുനരുത്ഥാനവും വഴി ലോകത്തെ താനുമായി രമ്യതയിലാക്കുകയും പാപങ്ങളുടെ മോചനത്തിനായി പരിശുദ്ധാത്മാവിനെ നമുക്കായി അയക്കുകയും ചെയ്തു; സഭയുടെ പ്രവർത്തനത്തിലൂടെ ദൈവം നിനക്ക് പാപമോചനവും ശാന്തിയും നൽകട്ടെ. പിതാവിന്റേയും പുത്രന്റേയും പരിശുദ്ധാത്മാവിന്റേയും നാമത്തിൽ ഞാൻ നിന്നെ പാപവിമുക്തനാക്കുന്നു. ”
രണ്ടാം വത്തിക്കാൻ സൂനഹദോസിനെ തുടർന്ന് നാട്ടുഭാഷകൾ ആരാധനാമാധ്യമമായി അംഗീകരിക്കപ്പെടുന്നതിനുമുൻപ്, പാപമോചനാശീർവാദത്തിന്റെ ഭാഷ പാശ്ചാത്യസഭകളിൽ ലത്തീനും കേരളത്തിലെ പൗരസ്ത്യകത്തോലിക്കാസഭയിൽ സുറിയാനിയും ആയിരുന്നു.
പാപമോചനാശീർവാദത്തിനുശേഷം കുമ്പസാരിക്കുന്നയാൾ കുമ്പസാരത്തിനുള്ള ജപത്തിന്റെ ബാക്കിഭാഗവും തുടർന്ന് മനസ്താപപ്രകരണവും (Act of Contrition) ഉരുവിടുന്നു. ദൈവസന്നിധിയിൽ പാപങ്ങൾ ഏറ്റുപറയുന്ന പ്രാർത്ഥനയാണ് മനസ്താപപ്രകരണം. "എന്റെ ദൈവമേ, ഏറ്റവും നല്ലവനും എല്ലാറ്റിനും ഉപരിയായി സ്നേഹിക്കപ്പെടുവാൻ യോഗ്യനുമായ അങ്ങേക്കെതിരായി പാപം ചെയ്തുപോയതിനാൽ പൂർണ്ണഹൃദയത്തോടെ ഞാൻ മനസ്തപിക്കുകയും പാപങ്ങളെ വെറുക്കുകയും ചെയുന്നു" എന്നുപറഞ്ഞാണ് അത് തുടങ്ങുന്നത്. മാരകപാപാവസ്ഥയിലുള്ളവർക്ക് കുമ്പസാരത്തിലൂടെയുള്ള പാപമോചനം നേടിയല്ലാതെ വിശുദ്ധ കുർബാനയുടെ സ്വീകരണം നിഷിദ്ധമാണ്. എന്നു മാത്രമല്ല, മാരകപാപാവസ്ഥയിൽ കുർബാന സ്വീകരിക്കുന്നത് മറ്റൊരു മാരകപാപം ആകുമെന്നും സഭ പഠിപ്പിക്കുന്നു. ജ്ഞാനസ്നാനം സ്വീകരിച്ചതിനുശേഷം ചെയ്തിട്ടുള്ള പാപങ്ങളിൽ നിന്ന് മുക്തിനേടാനുള്ള ഒരേയൊരു സാധാരണമാർഗ്ഗം കുമ്പസാരമാണെന്നും റോമൻ കത്തോലിക്കാ സഭ പഠിപ്പിക്കുന്നുണ്ട്. 1215-ലെ ലാറ്ററൻ സൂനഹദോസിനെതുടർന്ന് കത്തോലിക്കാ കാനൻ നിയമത്തിൽ വരുത്തിയ മാറ്റം വർഷത്തിലൊരിക്കലുള്ള കുമ്പസാരം നിർബ്ബന്ധിതമാക്കി. അതിൽ കുറഞ്ഞ ഇടവേളവിട്ടുള്ള കുമ്പസാരം അഭിലഷണീയമാണെന്ന നിർദ്ദേശവും ഇതിനൊപ്പമുണ്ട്. കുമ്പസാരം സ്വീകരിക്കാൻ നിവൃത്തിയില്ലാത്ത അവസ്ഥയിൽ നരകഭയത്തിൽ നിന്നല്ലാതെ, നിസ്സ്വാർത്ഥമായ ദൈവസ്നേഹത്തിൽ നിന്നുരുവെടുക്കുന്ന ഉത്തമമനസസ്ഥാപവും മാരകപാപത്തിൽ നിന്നുള്ള വിമുക്തി നൽകും. എന്നാൽ ആ മനസ്താപത്തോടൊപ്പം സാധിക്കുന്നത്രവേഗത്തിൽ കുമ്പസാരത്തിൽ പാപങ്ങൾ ഏറ്റുപറയാനുള്ള തീരുമാനവും ഉണ്ടായിരിക്കണം.
ഓർത്തിരിക്കുന്ന മാരകപാപങ്ങൾ ഒരു പുരോഹിതനോട് ഏറ്റുപറയുന്നതുകൊണ്ടുമാത്രം കുമ്പസാരം സാധുവാവുകയില്ല. കുമ്പസാരിക്കുന്നയാൾ മാരകപാപങ്ങളിൽ ഓരോന്നിനെക്കുറിച്ചും ആത്മാർത്ഥമായി പശ്ചാത്തപിക്കുകയും, പിന്നെയും പാപം ചെയ്യാതിരിക്കാൻ ദൃഢനിശ്ചയം ചെയ്യുകയും, പുരോഹിതൻ നിർദ്ദേശിക്കുന്ന പ്രായശ്ചിത്തം നിറവേറ്റുകയും കൂടി വേണം. ചെയ്ത പാപങ്ങൾ ഇനം തിരിച്ചുപറയുന്നതിനുപുറമേ, അവ ഓരോന്നും എത്രവട്ടം ചെയ്തു എന്നു പറയുകയും വേണം.
കുമ്പസാരത്തിനിടെ മനസ്താപക്കാരൻ പറയുന്നതെല്ലാം രഹസ്യമായി സൂക്ഷിക്കാൻ കത്തോലിക്കാപുരോഹിതന്മാർക്ക് വിട്ടുവീഴ്ചയില്ലാത്തെ ബാദ്ധ്യതയുണ്ട്. കർശനമായ ഈ രഹസ്യസ്വഭാവത്തിന് കുമ്പസാരത്തിന്റെ മുദ്ര (Seal of the Confessional) എന്നു പറയുന്നു. കത്തോലിക്കാ കാനൻ നിയമ വ്യസ്ഥ 983 §1 ഇതിനെക്കുറിച്ച് ഇങ്ങനെ പറയുന്നു "ഈ കൂദാശയുടെ മുദ്ര അലംഘനീയമാണ്; അതിനാൽ മനസ്താപക്കാരന്റെ വാക്കുകളെ പുരോഹിതൻ ഏതുകാരണത്താലായാലും ഏതെങ്കിലും രീതിയിൽ വെളിപ്പെടുത്തുന്നത് പൂർണ്ണമായും വിലക്കപ്പെട്ടിരിക്കുന്നു." കുമ്പസാരരഹസ്യങ്ങളുടെ സൂക്ഷിപ്പുകാരനായ പുരോഹിതന് അവയെ തന്റെതന്നെയോ, മറ്റൊരാളുടെയോ ജീവൻ രക്ഷിക്കാനോ, ഏതെങ്കിലും ദുരന്തം ഒഴിവാക്കാനോപോലും വെളിപ്പെടുത്താവുന്നതല്ല. കുമ്പസാരത്തിൽ കേട്ടത് വെളിപ്പെടുത്താൻ പുരോഹിതനെ നിർബ്ബന്ധിക്കാൻ ഒരു നിയമത്തിനും അവകാശമില്ല. കുമ്പസാരത്തിലെ രഹസ്യമുദ്രയുടെ അതിലംഘനം ദൈവനിന്ദയാകയാൽ കുറ്റക്കാരനായ പുരോഹിതൻ സഭാഭ്രഷ്ടനാക്കപ്പെടുന്നു. നിയമപരമായ മറ്റു പല രഹസ്യങ്ങളുടേയും അതിലംഘനം മറ്റൊരാളുടെ ജീവൻ രക്ഷിക്കേണ്ടതിനായാൽ സിവിൽ നിയമങ്ങൾ അനുവദിക്കുന്നു. എന്നാൽ കത്തോലിക്കാ കാനൻ നിയമവ്യവസ്ഥ 1388 §1 അനുസരിച്ച്, കുമ്പസാരരഹസ്യത്തിന്റെ ലംഘനം പുരോഹിതനെ അതോടെതന്നെ സഭാഭ്രഷ്ടിൽ എത്തിക്കും. അത് പിൻവലിക്കാനുള്ള അധികാരം മാർപ്പാപ്പയിൽ മാത്രം നിക്ഷിപ്തമാണ്. മനസ്താപി ചെയ്തിട്ടുള്ള ഏതെങ്കിലും കുറ്റകൃത്യത്തെക്കുറിച്ച് കുമ്പസാരത്തിൽ അറിവുകിട്ടിയാൽ, അധികാരികൾക്ക് കീഴടങ്ങാൻ പുരോഹിതന് അയാളെ ഉപദേശിക്കാനാകും. എന്നാൽ അവിടെ പുരോഹിതന്റെ ബാദ്ധ്യതയുടെ അതിരെത്തുന്നു; ആ രഹസ്യം സിവിൽ അധികാരികളോട് നേരിട്ടോ അല്ലാതെയോ പുരോഹിതന് വെളിപ്പെടുത്താവുന്നതല്ല. വിശ്വാസികൾ സ്വന്തം ഇടവകവികാരിയുടെ അടുത്തു തന്നെ കുമ്പസാരം നിർവഹിക്കണം എന്നു നിഷ്കർഷിച്ച പതിമൂന്നാം നൂറ്റാണ്ടിലെ നാലാം ലാറ്ററൻ സൂനഹദോസ്, കുമ്പസാരത്തിന്റെ രഹസ്യസ്വഭാവം കത്തുസൂക്ഷിക്കാൻ പുരോഹിതനേയും വിശ്വാസിയേയും ബാദ്ധ്യസ്ഥരാക്കി.
പരിമിതമായ ചില സാഹചര്യങ്ങളിൽ കുമ്പസാരത്തിന്റെ ഭാഗങ്ങൾ മറ്റുള്ളവർക്ക് വെളിപ്പെടുത്താവുന്നതാണ്. എന്നാൽ ഇത് മനസ്താപക്കാരന്റെ അനുമതിയോടെയും അയാൾ തിരിച്ചറിയപ്പെടാൻ ഇടവരാത്തവിധവും വേണം. മെത്രാന്റെയോ മാർപ്പാപ്പയുടെ തന്നെയോ അനുമതിയില്ലാതെ പാപമോചനം നൽകിക്കൂടാത്ത അസാധരണമാം വിധം ഗുരുതരമായ ചില കുറ്റങ്ങളുടെ കാര്യത്തിലാണ് ഇത് ബാധകമാവുന്നത്.
അമേരിക്കൻ ഐക്യനാടുകളിലേയും മറ്റും സിവിൽ അധികാരികൾ കുമ്പസാരത്തിന്റെ രഹസ്യസ്വഭാവത്തെ സാധാരണഗതിയിൽ മാനിക്കുന്നു. എന്നാൽ ഏതാനും വർഷം മുൻപ് ഒറിഗൺ സംസ്ഥാനത്തെ പോർട്ട്‌ലാൻഡിലെ ഒരു വക്കീൽ, പുരോഹിതന്റേയോ മനസ്താപിയുടെയോ അറിവില്ലാതെ ഒരു കുമ്പസാരം രേഖപ്പെടുത്തുകയുണ്ടായി. സ്ഥലത്തെ മെത്രോപ്പോലീത്തയുടേയും വത്തിക്കാന്റെ തന്നെയും പ്രതിഷേധത്തിന് ഇതു കാരണമായി. ആ രേഖ വെളിപ്പെടുത്താൻ കോടതി അനുവദിച്ചില്ലെ. ആ കുമ്പസാരം രേഖപ്പെടുത്തിയത് അമേരിക്കൻ ഭരണഘടനയുടെ നാലാം ഭേദഗതിയുടെ ലംഘനമായിരുന്നെന്ന് വിധിച്ച ഫെഡറൽ കോടതി ഭാവിയിൽ കുമ്പസാരം രേഖപ്പെടുത്തുന്നത് വിലക്കുകയും ചെയ്തു.
മദ്ധ്യയുഗങ്ങളിൽ "കുമ്പസാരസഹായികൾ" എന്നൊരു സാഹിത്യശാഖ തന്നെ ഉണ്ടായിരുന്നു. ഈ കൂദാശ പരമാവധി ഫലപ്രദമായി എങ്ങനെ സ്വീകരിക്കാമെന്നതിന്റെ വഴികാട്ടികളായിരുന്നു ഈ ഗ്രന്ഥങ്ങൾ. രണ്ടുതരം കുമ്പസാരസഹായികൾ ഉണ്ടായിരുന്നു: നല്ല കുമ്പസാരത്തിന് വിശ്വാസികളെ പ്രാപ്തരാക്കാൻ ഉദ്ദേശിച്ചുള്ളവയും, വിശ്വാസികളെ സഹായിക്കാൻ പുരോഹിതന്മാരെ പരിശീലിപ്പിക്കുന്നവയും. പാപങ്ങളൊന്നും പറയാതെ വിട്ടുപോകാതിരിക്കാനും കുമ്പസാരം സമ്പൂർണ്ണമായിരിക്കാനും വിശ്വാസിയെ സഹായിക്കേണ്ടത് പുരോഹിതന്റെ കടമയാണെന്ന് ഈ ഗ്രന്ഥങ്ങൾ പഠിപ്പിച്ചു. അതിലേക്കായി പുരോഹിതന് മനസ്താപക്കാരനോട് ചോദ്യങ്ങൾ ചോദിക്കാവുന്നതാണ്. എന്നാൽ മനസ്താപി ചിന്തിക്കുകപോലും ചെയ്തിട്ടില്ലാത്തവ അയാളുടെ പാപങ്ങളായി അങ്ങോട്ട് നിർദ്ദേശിക്കാതിരിക്കാനും അയാളുടെ മനസ്സിൽ ചെയ്യാത്ത പാപങ്ങൾ ചെയ്തെന്ന തോന്നൽ ഉണ്ടാക്കാതിരിക്കാനും പുരോഹിതൻ ശ്രദ്ധിക്കണമെന്നും ഈ ഗ്രന്ഥങ്ങൾ അനുശാസിച്ചു. ലത്തീനിലും നാട്ടുഭാഷയിലും എഴുതപ്പെട്ട സഹായികൾ ഉണ്ടായിരുന്നു. മധ്യകാലത്തെ സ്പെയിനിലും മറ്റും പലതരം സഹായികൾ പ്രചാരത്തിലുണ്ടായിരുന്നു. പൗരസ്ത്യസഭകളിലും ഇത്തരം സഹായികൾ പ്രചരിച്ചിരുന്നു.
കുമ്പസാരത്തിന് സമാനമായ ആശയങ്ങളും അനുഷ്ഠാനങ്ങളും ക്രൈസ്തവേതരമതങ്ങളിലുമുണ്ട്. ജൂതമതത്തിൽ ദൈവത്തോടും സഹജീവികളോടും ചെയ്യുന്ന പാപങ്ങളിൽ നിന്നുള്ള മോചനത്തിന്റെ ഒരു പ്രധാന ആവശ്യമാണ് ഏറ്റുപറയൽ. പാപത്തിലൂടെ ഉപദ്രവിച്ച സഹജീവിയോട് മാപ്പുപറയുന്നതൊഴിച്ചാൽ, ഇവിടെ ഏറ്റുപറയൽ ദൈവത്തോടാണ് മനുഷ്യരോടല്ല. സമൂഹം ചേർന്ന് ബഹുവചനശബ്ദങ്ങൾ ഉപയോഗിച്ചുള്ള ഏറ്റുപറയലും ജൂതമത്തിലുണ്ട്. ക്രിസ്ത്യാനികളെപ്പോലെ "ഞാൻ തെറ്റുചെയ്തുപോയി" എന്നല്ല, "ഞങ്ങൾ തെറ്റുചെയ്തുപോയി" എന്നാണ് അപ്പോൾ ഏറ്റുപറയുന്നത്.
ഇസ്ലാമിലെ പഞ്ചസ്തംഭങ്ങളിൽ ഒന്നായ സാധാരണ ഏറ്റുപറയൽ വിശ്വാസപ്രഖ്യാപനമാണ്. ദൈവത്തിൽ നിന്ന് മാപ്പുചോദിക്കുന്നതിന് ഇസ്തിഗ്ഫാർ എന്നു പറയുന്നു. ഇസ്ലാമിലും, പാപം മൂലം ഉപദ്രവിച്ച സഹജീവിയോട് മാപ്പുചോദിക്കുമ്പോഴല്ലാത്താപ്പോൾ, ഏറ്റുപറയൽ ദൈവത്തോടാണ്.
മുതിർന്ന ഒരാളോട് പാപങ്ങൾ ഏറ്റുപറയുന്ന പതിവ് ബുദ്ധമതത്തിലും ഉണ്ട്. ബുദ്ധന്റെ അനുയായികൾ അദ്ദേഹത്തോട് തെറ്റുകൾ ഏറ്റുപറയുന്നതായി പല ബുദ്ധമതസൂത്രങ്ങളിലും കാണാം.
കുമ്പസാരം എന്ന അനുഷ്ഠാനം, പ്രത്യേകിച്ച് വിശ്വാസി പുരോഹിതന് മനസ്സിന്റെ ഉള്ളറകൾ തുറക്കുന്ന 'ചെവിക്കുമ്പസാരം' (Auricular Confession) തുടക്കംമുതലേ കൗതുകമുണർത്തുകയും പലതരത്തിലുള്ള പ്രതികരണങ്ങൾക്കും കാരണമാവുകയും ചെയ്തിട്ടുണ്ട്. പാപത്തിന്റെ രഹസ്യഭാരത്തിൽ നിന്ന് വിശ്വാസികളുടെ മനസ്സിനെ മോചിപ്പിച്ച് അവരെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിൽ നിലനിൽക്കാൻ സഹായിക്കുന്ന അനുഷ്ഠാനമെന്ന് അത് വിശേഷിക്കപ്പെട്ടിട്ടുണ്ട്. പാപിയെ അത് നവീകരണത്തിന്റെ പ്രതീക്ഷനൽകി ആശ്വസിപ്പിക്കുന്നു. പ്രഖ്യാതതത്ത്വചിന്തകൻ ലീബ്നിറ്റ്സ് അതിനെ അത്ഭുതകരമായ അനുഷ്ഠാനം ("this wondrous institution) എന്നു പുകഴ്ത്തി. പ്രൊട്ടസ്റ്റന്റ് വിപ്ലവത്തെതുടർന്ന് കത്തോലിക്കാ സഭയിൽ നിന്ന് വിട്ടുപോയ സമൂഹങ്ങളിൽ ചെവിക്കുമ്പസാരം അപ്രത്യക്ഷമായതിനെച്ചോല്ലി ജർമ്മൻ കവി ഗൈഥേ വിലപിച്ചിട്ടുണ്ട്. "മനുഷ്യരാശിയിൽ നിന്ന് 'ചെവിക്കുമ്പസാരം' ഒരിക്കലും എടുത്തുമാറ്റരുതായിരുന്നു" എന്ന് അദ്ദേഹം എഴുതി.
ഇരുപതാം നൂറ്റാണ്ടിലെ മനോവിജ്ഞാനി യുങ്ങും(C.G.Jung) കത്തോലിക്കാസഭയിലെ ചെവിക്കുമ്പസാരത്തിന്റെ നന്മകളെ പുകഴ്ത്തിയിട്ടുണ്ട്. "മനോരോഗചികിത്സകനോ പുരോഹിതനോ?" എന്ന പ്രബന്ധത്തിൽ യുങ്ങ് ഇങ്ങനെ നിരീക്ഷിക്കുന്നു:
“ കഴിഞ്ഞ മുപ്പത്തിയഞ്ചു വർഷമായി ലോകത്തിലെ മിക്ക പരിഷ്കൃതരാഷ്ട്രങ്ങളിൽ നിന്നുമുള്ള ആളുകൾ എന്റെ ഉപദേശം തേടി വന്നിട്ടുണ്ട്. നൂറുകണക്കിനു രോഗികളെ ഞാൻ ചികിത്സിച്ചിട്ടുണ്ട്. അവരിൽ ഏറിയപങ്കും പ്രൊട്ടസ്റ്റന്റുകളും, കുറേപ്പേർ യഹൂദരും അഞ്ചോ-ആറോ പേർ മാത്രം വിശ്വസിക്കുന്ന കത്തോലിക്കരും ആയിരുന്നു. ”
കത്തോലിക്കായാഥാസ്ഥിതികതയുടെ കടുത്തവിമർശകനായിരുന്ന വോൾട്ടയറുടെ നിരീക്ഷണം രസകരമാണ്. ചെയ്യുന്ന കുറ്റങ്ങൾ മറ്റൊരാളെ പറഞ്ഞറിയിക്കേണ്ടി വരുമെന്നതിനാൽ ചെവിക്കുമ്പസാരം കുറ്റകൃത്യങ്ങൾക്ക് വിലക്കായി പ്രവർത്തിച്ചേക്കാമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
വിമർശനം.
അതേസമയം, വിശ്വാസികളുടെ മന:സാക്ഷിയുടെമേൽ പിടിമുറുക്കാനുള്ള പൗരോഹിത്യത്തിന്റെ തന്ത്രമാണ് ചെവിക്കുമ്പസാരം എന്ന വാദവും പ്രബലമാണ്. റോമാസാമ്രാജ്യത്തിന്റെ ക്ഷതി-പതനങ്ങളുടെ ചരിത്രമെഴുതിയ എഡ്‌വേർഡ് ഗിബ്ബണെപ്പോലുള്ളവർ ചെവിക്കുമ്പസാരത്തെ നിശിതമായി വിമർശിച്ചു. പതിനാറാം നൂറ്റാണ്ടിൽ കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളെ പാശ്ചാത്യസഭാമേൽക്കോയ്മയിലേക്ക് കൊണ്ടുവന്ന ഉദയമ്പേരൂർ സൂനഹദോസിൽ മുഖ്യപങ്കുവഹിച്ച മെനസിസ് മെത്രാപ്പോലീത്തയെക്കുറിച്ച് ഗിബ്ബൺ ഇങ്ങനെ എഴുതി:
“ അദ്ദേഹത്തിന്റെ അധ്യക്ഷതയിൽ നടന്ന ഉദയമ്പേരൂർ സൂനഹദോസ്, ലയനത്തിന്റെ പുണ്യപ്പെട്ട ജോലി പൂർത്തിയാക്കുകയും റോമൻസഭയുടെ വിശ്വാസങ്ങളും രീതികളും കണിശമായി നടപ്പാക്കുകയും ചെയ്തു. പുരോഹിതന്മാരുടെ ഏറ്റവും ശക്തമായ പീഡനസാമിഗ്രിയായ ചെവിക്കുമ്പസാരത്തിന്റെ കാര്യം അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു.
പാപത്തെക്കുറിച്ചുള്ള മനസ്സിന്റെ നൊമ്പരത്തിൽ ഊന്നിയുള്ള കേരളക്രൈസ്തവരുടെ പിഴമൂളലിനെ അനുഷ്ടാനത്തിന്റെ കർക്കശമായ ചിട്ടകളും യാന്ത്രികമായ നൈയ്യാമികതയും ചേർന്ന ചെവിക്കുമ്പസാരമാക്കി മാറ്റി അധികാരത്തിന്റെ പേശികൾ പുഷ്ടിപ്പെടുത്തിയത് മതകൊളോനിയലിസം കടന്നുകയറിയപ്പോഴാണെന്ന് സ്കറിയ സക്കറിയ നിരീക്ഷിച്ചിട്ടുണ്ട്.
രാഷ്ട്രീയലക്‌ഷ്യങ്ങളുടെ ഉപകരണമായി കുമ്പസാരം തരംതാഴുന്നതിന് ഉദാഹരണങ്ങളുണ്ട്. ചക്രവർത്തിമാരും മാർപ്പാപ്പമാരുമായുള്ള കലഹത്തിൽ ചക്രവർത്തിയുടെ പക്ഷത്തുള്ളവർക്ക് പുരോഹിതന്മാർ പാപവിമോചനം നിഷേധിച്ച അവസരങ്ങളുണ്ട്. മതദ്രോഹവിചാരണകളിലും(Inquisition) കുമ്പസാരം ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. മിലാനിലെ മെത്രാപ്പോലീത്തയായിരുന്ന ചാൾസ് ബൊറെമിയോ പുണ്യവാളൻ(1538-84), മതദ്രോഹികളുടെ പേരുകൾ വെളിപ്പെടുത്താതെ കുമ്പസാരിക്കുന്നവർക്ക് പാപവിമോചനം നൽകരുതെന്ന് പുരോഹിതന്മാരോട് നിർദ്ദേശിച്ചത് ഇതിന് ഉദാഹരണമാണ്. റഷ്യയിലെ പീറ്റർ ചക്രവർത്തി 1722-ൽ ഇറക്കിയ ഒരുത്തരവ്, ഭരണകൂടത്തിനെതിരെയുള്ള ഗൂഢാലോചനകളേയോ ചക്രവർത്തിയെ അപമാനിക്കുന്നതരം സംഭാഷണങ്ങളേയോ സംബന്ധിച്ചു കുമ്പസാരത്തിലൂടെ ലഭിക്കുന്ന അറിവ്, അധികാരികളെ അറിയിക്കാൻ പുരോഹിതന്മാരെ ബാദ്ധ്യസ്ഥരാക്കി. ഉത്തരവിന്റെ അവഗണനയ്ക്കു കഠിനശിക്ഷ നൽകാനും വ്യവസ്ഥയുണ്ടായിരുന്നു
"കാമാർത്തരായ പുരോഹിതബ്രഹ്മചാരികൾ കുമ്പസാരക്കൂട്ടിൽ ഭാര്യമാരുടേയും പെണ്മക്കളുടേയും മാനം കവർന്നേക്കുമെന്ന ഭീതി മദ്ധ്യയുഗം മുതൽ കത്തോലിക്കാ പുരുഷന്മാരെ അലട്ടിയിരുന്നതായി" ഡയർമെയ്ഡ് മക്കല്ലക് പറയുന്നു. പുരോഹിതർക്ക് വിവാഹം അനുവദിക്കപ്പെട്ടിട്ടുള്ള ചില പൗരസ്ത്യസഭകളിൽ, സ്ത്രീകൾ വിവാഹിതരായ പുരോഹിതന്മാരുടെ അടുത്തു മാത്രമേ കുമ്പസാരിക്കാവൂ എന്ന നിഷ്കർഷയുണ്ടെന്ന് ഡി. ബാബു പോൾ പറയുന്നു
Courtesy wiki