ലോകരാജ്യങ്ങളില്‍ പലയിടത്തും വേശ്യാവൃത്തി ഒരു തൊഴിലായി ഇന്ന് അംഗീകരിക്കപ്പെട്ടിരിക്കുന്നു. പ്രത്യക്ഷത്തില്‍ നിരവധി നിയമങ്ങള്‍ കൊണ്ട് ഈ മാംസക്കച്ചവടത്തിന് തടയിടാന്‍ ഭരണാധികാരികള്‍ തയ്യാറായെങ്കിലും, ചില കര്‍ശന വ്യവസ്തകളിന്‍മേല്‍ വേശ്യാവൃത്തിക്ക് ലൈസന്‍സ് ഏര്‍പ്പെടുത്താനും ഇവര്‍ നിര്‍ബന്ധിതരായി. ലോകമെമ്പാടുമുള്ള വന്‍നഗരങ്ങളിലെ ചുവന്ന തെരുവുകള്‍ ഇത്തരം അംഗീകൃത മാംസക്കച്ചവട കേന്ദ്രങ്ങളാണെന്നത് വസ്തുതയാണ്. ഒരു രാജ്യമാകമാനം മാംസക്കച്ചവടത്തിലൂടെ വിദേശനാണ്യം നേടുന്നു എന്ന വാര്‍ത്ത ഇന്ന് പുതുമയല്ല. സെക്സ് ടൂറിസം എന്ന പേരില്‍ രാജ്യത്തിലെ വേശ്യാവൃത്തിയെ പരിപോഷിപ്പിക്കാന്‍ ചില രാജ്യങ്ങളിലെ ഭരണാധികാരികള്‍ക്ക് ഒരു കൂസലുമില്ല. ലോകത്തിലെ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രമാണ് തായ്‌ലാന്റ്. ഒരു രാജ്യം മുഴുവന്‍ അന്നന്നത്തെ അപ്പത്തിനു വേണ്ടി വിനോദ സഞ്ചാരികളെ കാത്തിരിക്കുന്ന അല്‍ഭുതകരമായ അവസ്ഥയാണ് തായ്‌ലാന്റ്റിനുള്ളത്. തായ്‌ലാന്റിലെ മൊത്തം ജനസംഖ്യയില്‍, പന്ത്രണ്ട് പേരില്‍ ഒരാള്‍ ലൈംഗികവൃത്തി കൊണ്ടാണ് ജീവിക്കുന്നതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഫിലിപ്പൈന്‍സ്, കമ്പോടിയ, നൈജീരിയ, നേപ്പാള്‍, ശ്രീലങ്ക തുടങ്ങിയ നിരവധി രാജ്യങ്ങള്‍ സെക്സ് ടൂറിസത്തിന്റെ പ്രണേതാക്കളായി മാറിക്കഴിഞ്ഞു. നമ്മുടെ രാജ്യവും ഒട്ടും പിന്നിലല്ല. ഗോവയും കോവളവും ലോക ടൂറിസ്റ്റ് ഭൂപടത്തില്‍ അറിയപ്പെടുന്ന സെക്സ് ടൂറിസ്റ്റ് സ്ഥലങ്ങളാണ്.
വേശ്യാവൃത്തി മാറിയ ജീവിത സാഹചര്യങ്ങളുടെ ഭാഗമായി പുതുതായി ഉടലെടുത്ത ഒരു തൊഴിലല്ല. ചരിത്രാതീതകാലം മുതല്‍ക്കെ ഇത് ഒരു അംഗീകൃത തൊഴിലായിരുന്നു എന്നതിന് നിരവധി തെളിവുകളുണ്ട്. ഇന്നത്തേതിനേക്കാള്‍ ഉപരി വേശ്യാവൃത്തിക്ക് മാന്യമായ ഒരു സ്ഥാനം ഇന്‍ഡ്യയില്‍ ഉണ്ടായിരുന്നു. പല ഇന്‍ഡ്യന്‍ രാജാക്കന്‍മാരും വേശ്യകളില്‍ നിന്ന് ഗണികാക്കരം പിരിച്ചിരുന്നു. അക്കാലത്തെ ചില കൃതികളില്‍ ഇത്തരം കച്ചവടത്തെക്കുറിച്ച് നിരവധി സൂചനകളുണ്ട്. രാജഭരണകാലത്ത് ഇന്നത്തേതിനേക്കാള്‍ രൂക്ഷമായിരുന്നു ഈ പ്രശ്നമെന്നത് നിസ്തര്‍ക്കമാണ്. മറ്റ് മാര്‍ഗ്ഗങ്ങളില്ലാതെ ഗണികാക്കരം ഏര്‍പ്പെടുത്തി ഖജനാവിലേക്കൊരു വരുമാന മാര്‍ഗ്ഗം കണ്ടെത്തുകയാണ് അന്നത്തെ ഭരണാധികാരികള്‍ ചെയ്തത്. ചാണക്യന്റെ അര്‍ത്ഥശാസ്ത്രത്തില്‍ ഇതെക്കുറിച്ച് വ്യക്തമായ വിവരണങ്ങളുണ്ട്. വേശ്യാസ്ത്രീ സമൂഹത്തിലെ മറ്റേതൊരു ഘടകം പോലെയും അന്ന് പ്രാധാന്യം നേടിയെടുത്തിരുന്നു. വേശ്യകളുടെ ആചാരമര്യാദകളെക്കുറിക്കുന്ന ഗ്രന്ഥങ്ങളും ഇക്കാലത്ത് രചിക്കപ്പെട്ടു എന്നത് അന്നത്തെ പൊതു സമൂഹം ഈ ഏര്‍പ്പാടിനെ പരോക്ഷമായെങ്കിലും അംഗീകരിച്ചിരുന്നു എന്നതിന് നിദാനമാണ്.
വേശ്യാവൃത്തിയെയും, ആ തൊഴിലിന്റെ വിജയരഹസ്യങ്ങളെപ്പറ്റിയും സംസ്കൃതത്തില്‍ രചിക്കപ്പെട്ട ശാസ്ത്രീയ ഗ്രന്ഥമാണ് ‘കുട്ടനീമതം‘. ലോകസാഹിത്യത്തില്‍ തന്നെ ഏറ്റവും പഴക്കം ചെന്ന വൈശികതന്ത്ര ഗ്രന്ഥമെന്ന നിലയില്‍ കുട്ടനീമതം ഏറെ പ്രസിദ്ധമാണ്. ഇന്‍ഡ്യയില്‍ ഇതിനെക്കാള്‍ പഴക്കമുള്ള മറ്റൊരു വൈശിക ഗ്രന്ഥം കണ്ടെത്തിയിട്ടില്ല. പിന്നീട് ഇതിന്റെ ചുവട്പറ്റി സംസ്കൃതത്തിലും ചില പ്രാദേശിക ഭാഷകളിലും നിരവധി കൃതികള്‍ രചിക്കപ്പെട്ടു. അംബോപദേശം, വൈശികതന്ത്രം എന്നിവ പില്‍ക്കാലത്ത് ഉണ്ടായവയാണ്. എന്നാല്‍ ലക്ഷണമൊത്ത വൈശികഗ്രന്ഥമെന്ന നിലയില്‍ കുട്ടനീമതം പരക്കെ അംഗീകരിക്കപ്പെട്ടു.
കാശ്മീര്‍ രാജാവായിരുന്ന ജയാപീഢന്റെ (751-782 AD) മന്ത്രിമാരില്‍ ഒരാളായ ദാമോദരഗുപ്തനാണ് കുട്ടനീമതത്തിന്റെ കര്‍ത്താവ്. കല്‍ഹണന്റെ, രാജതരംഗിണിയില്‍ ജയാപീഢന്റെയും അദ്ദേഹത്തിന്റെ സദസ്യരെയും പറ്റി നിരവധി വിവരങ്ങളുണ്ട്. നിരവധി കവികളെയും കാവ്യങ്ങളെയും കൊണ്ട് ഒട്ടനവധി സംഭാവനകള്‍ സംസ്കൃത ഭാഷക്ക് ജയപീഢന്റെ ഭരണകാലം നല്‍കിയിട്ടുണ്ട്. അക്കൂട്ടത്തില്‍ കാലത്തെ അതിജീവിച്ച ഒരു കൃതിയാണ് കുട്ടനീമതം എന്ന വേശ്യകളുടെ വിശുദ്ധഗ്രന്ഥം. എ ഡി 755-786 കാലഘട്ടത്തിലാണ് ഈ കൃതി രചിക്കപ്പെട്ടത് എന്നു കരുതുന്നു. ഒരു മന്ത്രിയെന്ന നിലയിലുള്ള ദാമോദരഗുപ്തന്റെ അനുഭവസമ്പത്ത് പൂര്‍ണ്ണമായും സ്വാംശീകരിക്കാന്‍ ഈ കൃതിക്ക് കഴിഞ്ഞിട്ടുണ്ട്. കാമശാസ്ത്രം, അര്‍ത്ഥശാസ്ത്രം, നാട്യകല, ധനുര്‍വ്വേദം, ആയുര്‍വ്വേദം, വ്യാകരണം, സംഗീതം, അശ്വശാസ്ത്രം, യോഗാദിദര്‍ശനങ്ങള്‍, ബുദ്ധമതസാരം എന്നിവയില്‍ അഗാധ പണ്ഡിതനായിരുന്നു ദാമോദരഗുപ്തന്‍. ഈ അറിവുകള്‍ പൂര്‍ണ്ണമായും ക്രോഡീകരിച്ച്, ലക്ഷണമൊത്ത ഒരു ആധികാരിക ഗ്രന്ഥമെന്ന നിലയ്ക്കാണ് കുട്ടനീമതത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ശൃംഗാരവും കരുണയും കൂട്ടിക്കലര്‍ത്തി രചിക്കപ്പെട്ട ഈ ശാസ്ത്രഗ്രന്ഥത്തെപ്പറ്റി മറിച്ചൊരു അഭിപ്രായം ഉണ്ടായിട്ടില്ല. ഒരു ശാസ്ത്ര ഗ്രന്ഥത്തിന്റെ ഗഹനതയും ഒരു കാവ്യത്തിന്റെ ആസ്വാദന മാഹാത്മ്യവും കുട്ടനീമതത്തിനുണ്ടെന്ന് പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെടുന്നു.
കുട്ടനീമതം എന്നതിനു പുറമെ ശാഭളീമതം എന്നും ഈ കൃതി അറിയപ്പെടുന്നു. കുട്ടനി എന്നാല്‍ സ്ത്രീപുരുഷ സമാഗമത്തിനുള്ള ഇടനിലക്കാരി-കൂട്ടിക്കൊടുപ്പുകാരി- എന്നര്‍ത്ഥം. മാലതി എന്നൊരു വേശ്യക്ക് വികരാള എന്നൊരു കുട്ടനി നല്‍കുന്ന ഉപദേശങ്ങളാണ് കുട്ടനീമതത്തിന്റെ ഉള്ളടക്കം. വേശ്യാവൃത്തിയില്‍ എങ്ങനെ അഗ്രഗണ്യയാവാം എന്നത് നിരവധി അനുബന്ധകഥകളിലൂടെയാണ് വികരാള, മാലതിയെ പഠിപ്പിക്കുന്നത്. 1089 പദ്യങ്ങളുള്ള ഈ കൃതിയിലങ്ങോളമിങ്ങോളം സൂചിപ്പിക്കുന്ന നഗരം കാശിയാണ്. പ്രധാന കഥാപാത്രമായ മാലതി എന്ന വേശ്യ കാശിദേശവാസിയത്രെ. യുവതിയും സുന്ദരിയും നര്‍ത്തകിയുമായ മാലതി ഇരകളെ വലവീശിപ്പിടിക്കുന്നതില്‍ പരാജയപ്പെടുന്നു. കുലധര്‍മ്മവും കര്‍മ്മവും അനുഷ്ടിക്കാന്‍ അവള്‍ക്ക് പുരുഷന്‍മാരെ ആകര്‍ഷിക്കാന്‍ കഴിയുന്നില്ല. കൂട്ടത്തില്‍ ഒറ്റപ്പെട്ട് അപഹാസ്യയാകുമെന്ന ഭയം നിമിത്തം അവള്‍ വികരാള എന്ന കുട്ടനിയുടെ മുന്നിലെത്തി ശിഷ്യത്വം സ്വീകരിക്കുന്നു. വികരാള, മാലതിക്ക് ഉപദേശങ്ങള്‍ നല്‍കി തുടങ്ങുന്നു.
ഒരു വേശ്യ, പുരുഷനെ ആകര്‍ഷിക്കാന്‍ ഒരു ദൂതിയെ അയാളുടെ അടുത്തേക്ക് അയക്കണം. ദൂതി, നായക സമക്ഷം നായികയുടെ സൌന്ദര്യത്തെയും സ്നേഹത്തെയും പറ്റി പറഞ്ഞ് മനസ്സിളക്കി അയാളെ കാമുകിയുടെ അടുക്കലെത്തിക്കണം. തന്റെ അടുത്തെത്തിയ ഇരയെ, വേശ്യ സ്നേഹലാളനാലിംഗനങ്ങള്‍ കൊണ്ട് തന്നിലേക്ക് വശീകരിച്ച് നിര്‍ത്തണം. ഒരു വേശ്യ ആരെയും സ്ഥിരമായി സ്നേഹിക്കുകയോ, ആരുടെയെങ്കിലും അധീനതയിലാവുകയോ ചെയ്യരുത്. ഓരോ പുരുഷനുമായി ബന്ധപ്പെടുമ്പോഴും അയാളാണ് കാമദേവന്‍ എന്ന നിലയിലവണം പെരുമാറ്റം. ധനവും പദവിയുമല്ല, പ്രണയം മാത്രമാണ് താന്‍ കൊതിക്കുന്നതെന്ന് കാമുകനെ ബോധ്യപ്പെടുത്തണം. അയാളെ ആകുന്നത്ര സ്നേഹം കൊണ്ട് വീര്‍പ്പുമുട്ടിച്ച്, അയാളില്‍ നിന്നും സമ്പത്ത് മുഴുവന്‍ കവര്‍ന്നെടുത്തു കഴിഞ്ഞാല്‍ ഉപേക്ഷിക്കണം. പിന്നീട് മറ്റൊരു പുരുഷനെ സ്വീകരിക്കണം. ഇങ്ങനെയൊക്കെയാണ് കുട്ടനിയുടെ വേശ്യാ ഉപദേശങ്ങള്‍.
കുട്ടനീമതത്തിന്റെ ചുവട്പറ്റി കേരളത്തില്‍ എഴുതപ്പെട്ട കൃതിയാണ് ‘അംബോപദേശം‘. 1844-1901 കാലഘട്ടത്തില്‍ ജീവിച്ചിരുന്ന വെണ്‍മണി മഹന്‍ നമ്പൂതിരിയാണ് ഇതിന്റെ കര്‍ത്താവ്. കുട്ടനീമതത്തില്‍ നിന്നും അംബോപദേശത്തിനുള്ള വ്യത്യാസമായി കാണാവുന്നത് സ്ഥലകാലങ്ങളുടെ മാറ്റമാണ്. എന്നാല്‍ കഥാംശത്തിനും കഥാപാത്രങ്ങള്‍ക്കും സാരമായ മാറ്റമൊന്നുമില്ല. നൂറ് ശ്ലോകങ്ങളുള്ള അംബോപദേശത്തില്‍ കുട്ടനി എന്ന കൂട്ടിക്കൊടുപ്പുകാരിയുടെ ഭാഗം നിര്‍വ്വഹിക്കുന്നത് ഒരു മുത്തശ്ശിയാണ്. “അന്യന്‍ നശിക്കണമതീത്തറവാട്ടില്‍ നന്നായ് വന്നീടണം”, സമ്പന്നനും രസികനും ഒന്നിച്ചുവന്നാല്‍ സമ്പന്നനില്‍ കൌതുകമേറെ നടിച്ചീടണം”, പണമതിന്‍ മുകളില്‍ പരുന്തും പറക്കില്ലെന്നും” തുടങ്ങി പോകുന്നു മുത്തശ്ശിയുടെ വേശ്യാ ഉപദേശങ്ങള്‍.
ഒരു രാജാവിന്റെ മന്ത്രി തന്നെ എട്ടാം നൂറ്റാണ്ടിലെ പ്രധാന ഭാഷയായ സംസ്കൃതത്തില്‍ കുട്ടനീമതമെന്ന വേശ്യാശാസ്ത്രമെഴുതിയത് അല്‍ഭുതത്തിന് ഇടവരുത്തുന്നുണ്ട്. തന്നെയുമല്ല ഈ കൃതി ഒരു മഹാകാവ്യത്തിന്റെ സ്ഥാനത്തെത്തുകയും ചെയ്തുവെന്നത് അല്‍ഭുതത്തെ ഇരട്ടിപ്പിക്കുന്നു. പക്ഷെ ഗ്രന്ഥകാരന്‍ ഈ കൃതികൊണ്ട് അത്യന്തകമായി എന്താണ് വിവക്ഷിക്കുന്നതെന്ന് അവസാനഭാഗത്ത് വ്യക്തമാക്കുന്നുണ്ട്. വിടന്‍, വേശ്യ, ധൂര്‍ത്തന്‍, കുട്ടനി എന്നിവരുടെ വലയില്‍ വീഴാതെ വായനക്കാരെ സംരക്ഷിക്കുന്നതിനാണ് കുട്ടനീമതം എഴുതപ്പെട്ടത്. ഇത് വായിച്ച് നേടുന്ന അനുഭജ്ഞാനം ഒരാള്‍ക്ക് സ്വയം രക്ഷിക്കാനും, വേശ്യയുടെയും കുട്ടനിയുടെയും തന്ത്രങ്ങളെ തിരിച്ചറിയാനും സഹായിക്കുമെന്നാണ് ഗ്രന്ഥകാരന്‍ അഭിപ്രായപ്പെടുന്നത്. തന്റെ രാജ്യത്തെ വേശ്യകളുടെ കുതന്ത്രങ്ങളെക്കുറിച്ച് ബോധ്യമുണ്ടായിരുന്ന ദാമോദരഗുപ്തന് രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കേണ്ട ബാധ്യതയുണ്ട്. അതിനാലാണ് ദാമോദരഗുപ്തന്‍ ഒരു വേശ്യയെപ്പറ്റിയും ഒരു കൂട്ടിക്കൊടുപ്പുകാരിയെപ്പറ്റിയും കാവ്യമെഴുതി ഇവരുടെ കുത്സിതങ്ങളില്‍ നിന്നും രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കാന്‍ ശ്രമിച്ചത്.
#കടപ്പാട്